Sunday, September 18, 2022

ബിംബം ഇല്ലാതെ ആരാധിക്കുന്നവർ ഇല്ല തന്നെ. ദൈവം എന്ന പേര്‌ പോലും ബിംബം.

"ഗുരോ, ബിംബാരാധനയുടെ തുടക്കവും ഒടുക്കവും എങ്ങിനെ?"

"ബിംബം ഇല്ലാതെ ആരാധിക്കുന്നവർ ഇല്ല തന്നെ. ദൈവം എന്ന പേര്പോലും ബിംബം ആണ്. ഭാഷയിലെ ബിംബം. നിലക്ക് എല്ലാവരും ബിംബാരാധകർ. ഗുണങ്ങളെ ധ്വനിപ്പിക്കാൻ തന്നെ ഭാഷയിലെ പേരും കല്ലിലെ രൂപവും നിറത്തിലെ ചിത്രവും. എല്ലാം ബിംബങ്ങൾ.

"പക്ഷേ യാഥാര്‍ത്ഥ ബിംബാരാധന തുടങ്ങുന്നത് ദൈവത്തെയോ മറ്റാരെയോ ബിംബമാക്കി, ബിംബം വെച്ച് ആരാധിച്ചു കൊണ്ടല്ല.

"പകരം ബിംബാരാധന തുടങ്ങുന്നതും ഒടുങ്ങുന്നതും തന്നെ താന്‍ ബിംബം ആക്കിയും ആരാധിച്ചും തന്നെ." 

"ഗുരോ, എന്നുവെച്ചാല്‍?"

"ഓരോരുവനും, അവനറിയാതെയും അറിഞ്ഞും അവനെ തന്നെ ബിംബവും പ്രതിഷ്ഠയും ആക്കും. അവനവന്‍ തന്നെയായ ബിംബത്തെയും പ്രതിഷ്ഠയെയും ആരാധിക്കും, പൂജിക്കും, വണങും." 

"ഗുരോ, അതെങ്ങിനെ

"തന്നെ ജനങ്ങൾ സംശയിക്കുന്നു എന്ന് ഓരോരുവന്നും തോന്നും.

അങ്ങിനെ തോന്നുന്നവര്‍ എല്ലാവരെയും തിരിച്ചും സംശയിക്കും.

"അതിനാലവർ അഭിനയിച്ച് മാത്രം ജീവിക്കും. സംശയിക്കാതിരിക്കപ്പെടാനുള്ള ശ്രമമായി, ശ്രമത്തിന്റെ ഭാഗമായി

"അഭിനയിച്ച്, ശ്രമിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രം ജീവിക്കുന്ന അവർക്ക് പിന്നെ ഒന്നും ബോധ്യപ്പെടില്ല. ജനങ്ങളുടെതിന് എതിരായിവരുന്ന മറ്റു ബോധ്യതകളെ അവർ ഭയക്കും, വെറുക്കും.

"അക്കാര്യത്തില്‍ സ്വയം ബോധ്യത അവർക്ക് വിഷയമല്ല, വിഷയമാവില്ല. അവർക്ക് വിഷയം അവരെ കുറിച്ചുള്ള ജനങ്ങളുടെ ധാരണ. ജനങ്ങളുടെ ധാരണയില്‍ തങ്ങൾ സുരക്ഷിതരായിരിക്കുക എന്നത് അവര്‍ക്ക് വലിയ ബാധ്യത. അവര്‍ നെഞ്ചിലേറ്റുന്ന ബാധ്യത.

"അതിനാല്‍ അവര്‍ എപ്പോഴും അധികാരപക്ഷത്തിരിക്കും. അധികാരത്തോടൊപ്പം അധികാരത്തിന്റെ അംഗീകാരത്തിന് വേണ്ടി അതിന്റെ തണലിലും സൗകര്യത്തിലും ഇരിക്കും

"അതിനാല്‍, അവരുടെ കോവിലും അമ്പലവും പള്ളിയും ജനങ്ങളാവും. ജനങ്ങളായ അധികാരം

" ജനങ്ങളെ, അധികാരത്തെ, തൃപ്തിപ്പെടുത്തല്‍ പിന്നെ അവരുടെ ആരാധനയും അനുഷ്ഠാനവും.

"അതിനു വേണ്ടി മാത്രം തന്നെയാവും അവരുടെ ജീവിതം

"ജനങ്ങൾ തന്നെയായ, അധികാരം തന്നെയായ, കോവിലിലെയും അമ്പലത്തിലെയും പള്ളിയിലെയും അവര്‍ക്ക് വേണ്ട ബിംബവും പ്രതിഷ്ഠയും അവർ തന്നെയാവും. അവരെ കുറിച്ചുള്ള നല്ല വിശ്വാസവും സങ്കല്‍പവും. അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും വീട് വൃത്തിയാക്കുന്നതും വരെ അങ്ങനെയുള്ള വിശ്വാസവും സങ്കല്‍പവും അംഗീകാരവും കൈവരാൻ ആയിരിക്കും

"അവരെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും ധാരണയും വിശ്വാസവും സങ്കല്‍പവും തന്നെയാവും അവരുടെ ബിംബവും പ്രതിഷ്ഠയും

"അതിനാല്‍ അവർ ധാരണയും അഭിപ്രായവും അതിലൂടെയുള്ള മാന്യതയും സൂക്ഷിക്കാന്‍ ജനങ്ങളെന്ന, അധികാരമെന്ന കോവിലിനെയും അമ്പലത്തെയും പള്ളിയെയും ചുറ്റിപ്പറ്റി മാത്രം ജീവിക്കും.

" ജനങ്ങളും അധികാരവുമായ കോവിലിനെയും അമ്പലത്തെയും പള്ളിയെയും അവർ എത്ര വേണമെങ്കിലും അലങ്കരിച്ചും സംരക്ഷിച്ചും നിലനിര്‍ത്തും

"അഭിനയിച്ച്, കപടരായി, ജനങ്ങളെയും അധികാരത്തെയും ഭയന്നും പ്രീതിപ്പെടുത്തിയും ജീവിക്കുന്ന, ബിംബാരാധന തന്നെയായ, ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും ഇങ്ങനെ

"എല്ലാവരും അങ്ങിനെ പേടിച്ച് അഭിനയിക്കുകയും പ്രീതിപ്പെടുത്തിയും പൂജിക്കുകയും ആരാധിക്കുകയും തന്നെയാണെന്ന് അവരങ്ങ് ഉറപ്പിക്കും

"അതിന്നു വേണ്ടിയും അല്ലാതെയും അവർ എല്ലാവരേയും സംശയിക്കും."


"സംശയിക്കുകയും (മുൻ)വിധി എഴുതുകയും തന്നെ സ്വയം സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്ന അവരുടെ വിധി.”

No comments: