Saturday, September 17, 2022

കളി കളിയാണ്; കാര്യമല്ല. കളിയുടെ പേരും കളിയെന്നാണ്; കാര്യമെന്നല്ല.

കളി കളിയാണ്; കാര്യമല്ല. 
കളിയുടെ പേരും കളിയെന്നാണ്; കാര്യമെന്നല്ല. 

കാര്യത്തിനിടയിൽ ആശ്വാസമേകാനാണ് കളി. 
ഒന്ന് ഗൗരവം കുറച്ചു കുളിരേകാൻ. 
സംതുലനം വീണ്ടെടുക്കാൻ. 

വാഹനങ്ങൾക്കു  പെട്രോളിൽ തന്നെ ഇന്ധനം. 
പെട്രോൾ ആയ കാര്യത്തിൽ.

എന്നാലും, റേഡിയേറ്ററിൽ വെള്ളം നിറച്ചു ആശ്വാസം നൽകണം. 
എന്ജിന് കുളിരേകണം. 

എങ്കിലേ ദീർഘകാലം എൻജിൻ പണിയെടുക്കൂ. 

അതാണ് കാര്യത്തിനിടയിലെ കളി. 
എപ്പോഴും പണിയെടുക്കേണ്ട മെഷീനിൽ ഗ്രീസ് പുരട്ടുന്നത് പോലെ. 
ഉരഞ്ഞു ചൂടായി കത്തിപ്പോകാതിരിക്കാൻ. 

റേഡിയേറ്ററിൽ ഒഴിക്കുന്ന വെള്ളത്തിന്റെയും മെഷീനിൽ പുരട്ടുന്ന ഗ്രീസിന്റെയും സ്ഥാനവും ജോലിയും ആണ് ജീവിതത്തിൽ കളിക്കുള്ളത്, കളി കാണുന്നതിനുള്ളത്. 

കളിയെന്ന  നിലക്ക് നൃത്തമായാലും സിനിമയായാലും അപ്പടി.  

വാക്കുകൾക്കിടയിൽ വാക്കുകൾ ഉണ്ടാവാൻ കാരണമായ ഒഴിഞ്ഞ സ്ഥലം പോലെ ഇത്തരം കളികളും ലീലകളും. 

വെറുതെ എന്ന് തോന്നും. 

പക്ഷെ ആ ഒഴിഞ്ഞ സ്ഥലം  ഇല്ലെങ്കിൽ അക്ഷരങ്ങൾ വേർതിരിഞ്ഞു നിൽക്കില്ല, വ്യക്തമാവില്ല, അക്ഷരങ്ങൾ ആവില്ല. വാക്കുകൾ വാക്കുകൾ ആവില്ല. വാചകങ്ങളും ഖണ്ഡികകളും അദ്ധ്യായങ്ങളും അവയാവില്ല.  

അക്ഷരങ്ങൾക്കും വാക്കുകൾക്കും ഇടയിലെ വെറുതെ എന്ന് തോന്നുന്ന ഒഴിഞ്ഞ സ്ഥലമാണ് കാര്യമെന്ന് തോന്നുന്ന അക്ഷരങ്ങളേയും  വാക്കുകളെയും വ്യക്തിത്വം നൽകി കാര്യമായതാക്കുന്നത്, അവയാക്കുന്നത്. 

വെറുതെ എന്ന് തോന്നുന്ന കാര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടിയാണ് കാര്യമായതെന്നു തോന്നുന്ന എല്ലാ കാര്യങ്ങളൂം നാം ചെയ്യുന്നത്. 

ജീവിതം വെറുതെ എന്ന് തോന്നുന്ന കളികളായ കാര്യങ്ങളിൽ  ആണ് അതിന്റെ ആനന്ദവും സന്തോഷവും കണ്ടെത്തുന്നത്. 

വെറുതെ ആണ് ജീവിതം. 

വെറുതെ ജീവിക്കാനുള്ളതാണ് ജീവിതം. 

അങ്ങനെയുള്ള ജീവിതം ജീവിച്ചു തീർക്കാൻ തന്നെയാണ് എല്ലാവരും എത്ര അദ്ധ്വാനിച്ചും ശ്രമിക്കുന്നത്. 

ഒരർത്ഥവും പ്രത്യേകിച്ച് ജീവിതത്തിനു മഹാഭൂരിപക്ഷവും കണ്ടെത്തിയിട്ടില്ലെങ്കിലും. 

ജീവിതം ജീവിതത്തിനു വേണ്ടിയും അതിന്റെ തുടർച്ചക്കു വേണ്ടിയും ഉണ്ടാക്കുന്ന വികാരവും വിചാരവും ന്യായവും വെച്ച് ജീവിച്ചു പോകാൻ തന്നെയേ എല്ലാവർക്കും പറ്റൂ. 

കളി പോലെയാക്കാൻ പറ്റുമെങ്കിൽ അങ്ങിനെ തന്നെ ആക്കിയിട്ടു.

അദ്ധ്വാനിച്ചും പേടിച്ചും ക്ലേശിച്ചും വരുന്നവന് ആശ്വാസാവും ഇടവേളയും  നൽകുന്നതാണ് കളി.  

അങ്ങിനെ ആശ്വാസവും ഇടവേളയും നൽകുന്നതിന്റെ വിഹിതവും കൂലിയുമാണ് കളിക്കാരനും സിനിമാനടനും നർത്തകിക്കും കിട്ടുന്ന പ്രതിഫലം. 

കളിക്കാരനും നടനും വലുപ്പം കൂടുന്നതിനനുസരിച് കൂലി വർധിക്കുന്നത് അതിനാൽ. 

അവർ മൂലം ആശ്വാസം കൊള്ളുന്നവരുടെ നിരയും കൂടുതലാണ് എന്നതിനാൽ. 

അത് റൊണാൾഡോ ആയാലും, വിരാട് കോഹ്ലി ആയാലും മമ്മൂട്ടി ആയാലും  ഷാരുഖ് ഖാൻ ആയാലും. 

എന്നിരുന്നാലും, നമ്മുടെ കുട്ടികൾ അറിയേണം. 

കളി കാര്യമല്ല. 
കളി മുഖ്യഭക്ഷണം പോലെയല്ല. 

മുഖ്യഭക്ഷണത്തിനു ഓരത്തുണ്ടാവുന്ന അവിയലും പച്ചടിയും പുളിയിഞ്ചിയും അച്ചാറും പപ്പടവും മീൻ പൊരിച്ചതും പോലെയാണ് കളി. 

പലതുണ്ടാവും. 
അവ ഉണ്ടായാൽ നല്ലത്. 
ജീവിതം രുചികരമാവും. 

പക്ഷെ എല്ലാം ഒരുമിച്ചുണ്ടാവണം എന്ന് നിര്ബന്ധമില്ല. 

ഏതെങ്കിലും ഒന്ന് പോലും ഉണ്ടാവണം എന്നും  നിര്ബന്ധമില്ല. 

കാരണം അവ നിർബന്ധമല്ല. 


അവ ഇല്ലെങ്കിലും മുഖ്യഭക്ഷണം കഴിക്കാം, കഴിക്കണം. 
ജീവിച്ചു പോകാം. 

ജീവിതം മുഖ്യഭക്ഷണം ആണ്. 
ജീവിതം മുഖ്യഭക്ഷണം കൊണ്ടാണ്. 
വിദ്യാഭ്യാസം കൊണ്ടും കാര്യമായ തൊഴില് കൊണ്ടും. 
ജീവിതത്തിന്റെ വളർച്ചയും പുരോഗതിയും അത് കൊണ്ടാണ്. 

*************

കളിയെ കുറിച്ച് എഴുതുന്നത് ബോധപൂർവമാണ്. 

രണ്ട് മക്കളെയും അവരുടെ പ്രായത്തിൽ ഏതൊരു ഇന്ത്യയിലെ കുട്ടിയും കളിച്ചാൽ എത്താവുന്ന നിലവാരത്തിൽ കളിപ്പിച്ചതിനും പരിശീപിപ്പിച്ചതിനും ശേഷം അതിലെ ചതിക്കുഴികളും അപകടങ്ങളും മനസ്സിലാക്കി അത് പങ്കുവെക്കാൻ തന്നെ ഉദ്ദേശിച്ച് എഴുതുന്നതാണ്.

നല്ല കളിക്കാരൻ ആവാൻ നന്നായി അദ്ധ്വാനിക്കേണം. 

എന്തിന്റെയും ഉയരത്തിലെത്തുക എളുപ്പമല്ല. 

കരി രത്നമാകുന്ന അതെ പ്രക്രിയ നല്ല കളിക്കാരൻ ആവുന്നതിലും ഉണ്ട്. 

വിജയിച്ച ഓരോരുത്തന്റെ പിന്നിലും അങ്ങനെയൊരു പ്രയാസത്തിൻ്റെയും സമ്മർദ്ദത്തിൻ്റെയും കഥയുണ്ട്. 

എത്ര സമ്മർദ്ദം താങ്ങാനാവുന്നുവോ അത്രയ്ക്ക് തിളക്കമുള്ള രത്നങ്ങൾ ആവും. 

എത്രക്ക് തീയിലൂടെ പോകാൻ തയ്യാറാവുന്നുവോ അത്രക്ക് സ്വർണം ആഭരണാമായിത്തീരും. 

തീയിലൂടെ പോകാൻ തയ്യാറാവാത്ത സ്വർണം, എത്ര മേന്മയും വിലയും ഉള്ളതായാലും ആഭരണം ആയിത്തീരുകയും ഇല്ല. സ്വർണം ആയത് എത്ര വലിയ സിദ്ധി കൊണ്ടായിരുന്നാലും. അത്രയ്ക്ക് പ്രയാസം ഉണ്ട് ഏതു രംഗത്തും വിജയിച്ചവനാവാൻ. 

പക്ഷെ, എത്ര പ്രയാസപ്പെട്ടാലും നല്ല കഴിവുള്ളവനും എല്ലാ അർത്ഥത്തിലും നല്ല കളിക്കാരൻ ആയാലും വിജയിച്ച കളിക്കാരൻ ആയിക്കൊള്ളണം എന്നില്ല. 

എല്ലാ സാഹചര്യങ്ങളും മറ്റുള്ള നിലക്ക് ഒരുക്കി വെച്ചാലും. 

കാരണം, കളിയുടെ മുൻപിലും പിന്നിലും കളിക്കിടയിലും കളി തന്നെയാണ്. 

പ്രത്യേകിച്ചും ഗ്രൂപ്പ് ഗെയിം ആണ് കാളിയെങ്കിൽ. 

വ്യക്തിപരമായ കളികൾ അല്ലെങ്കിൽ. 

വ്യക്തിപരമായ കളികളിൽ ഒന്നും തളിയിക്കാനില്ല. 

ജയിച്ചു കാണിച്ചു കൊടുത്താൽ മതി. 

ആർക്കും നിങ്ങളെ പിന്നെ തഴയാൻ കഴിയില്ല. 

നിങ്ങളുടെ അനാരോഗ്യമോ മറ്റോ  താഴെയാണെങ്കിൽ അല്ലാതെ. 

ഗ്രൂപ്പ് ഗെയിമുകൾ അങ്ങനെയല്ല.  

ഗ്രൂപ് ഗെയിം എന്നാൽ ഫുടബോൾ, ക്രിക്കറ്റ് പോലുള്ള ഗെയിമുകൾ.

*********

കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നത്, അഥവാ ആവേണ്ടത്.  

കുറ്റവാളിയുടെ മനസ്സ് ഉള്ളത്കൊണ്ട് കൂടിയായിരിക്കണം ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

യഥാർത്ഥ കുറ്റവാളി കുറ്റം മാത്രമല്ല ചെയ്യുന്നത്. 

അങ്ങനെ കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

പെട്ടന്നുള്ള പ്രകോപനത്താൽ, നിമിഷാർദ്ധം കൊണ്ട് എന്തെങ്കിലും പ്രതികരണപരമായി ചെയ്തു പോകുന്നവൻ അല്ല യഥാർത്ഥ കുറ്റവാളി. 

നാം അങ്ങനെ പെട്ടുംപോകുന്നവരെ മാത്രം പിടികൂടി കുറ്റവാളികളാക്കുന്നു. 

എന്നാലോ, യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്നവൻ രക്ഷപ്പെടുകയും ചെയ്യുന്നു. 

യഥാർത്ഥ കുറ്റവാളി, കാരണവും പശ്ചാത്തലവും ഉണ്ടാക്കി കുറ്റം ചെയ്യുന്നവനാണ്. 

അവൻ താൻ ചെയ്യേണ്ട കുറ്റത്തിന് പറ്റിയ സമയം വരാൻ കാത്തിരുന്നു പാത്തിരുന്നു ക്ഷമിച്ചു നിൽക്കുന്നു. 

അവൻ താൻ കുറ്റം ചെയ്യുന്നില്ലെന്നു വരുത്തും വിധം കുറ്റം ചെയ്യുന്നു. 

അവൻ തന്റെ കുറ്റത്തിന് വേണ്ട ന്യായീകരങ്ങളെയും ബലിയാടുകളെയും ആദ്യമേ ഉണ്ടാക്കി ഒരുക്കി കുറ്റം ചെയ്യുന്നു.  

അങ്ങനെ ന്യായീകരങ്ങളെയും ബലിയാടുകളെയും ഒരുക്കാൻ വേണ്ടി ഒട്ടനവധി കുറ്റങ്ങൾ ആദ്യമേ രഹസ്യമായി ചെയ്യുന്നു.  

യഥാർത്ഥ കുറ്റവാളി, തന്റെ കുറ്റം ചെയ്തു കിട്ടാൻ നിഷ്കളങ്കരായ പാവങ്ങളുടെ കൂടെ  നിൽക്കും, നില്കുന്നതായി തോന്നിപ്പിക്കും. 

അവരിൽ നിന്നും തനിക്കു താൻ ഉദ്ദേശിച്ച കുറ്റം ചെയ്യാൻ വേണ്ട വിവരങ്ങൾ ശേഖരിക്കും. 

സഹായിക്കുന്നത് പോലെ അവൻ ഇരയുടെ കൂടെ നടക്കും. 

എപ്പോഴെങ്കിലും തനിക്കെതിരെ ഇര എടുത്തേക്കാവുന്ന എല്ലാ നടപടികളെയും മനസ്സിലാക്കും. 

അതിനെതിരെ ചെയ്യേണ്ട നടപടികൾ ആദ്യമേ എടുക്കും.  

യഥാർത്ഥ കുറ്റവാളി തെന്റെ ഇരയെ സുഹൃത്തായി നിലനിർത്തും പോലെ തന്നെ തോന്നിപ്പിക്കും. 

യഥാർത്ഥ കുറ്റവാളി കുറ്റം ചെയ്യുന്നത് ഇരയെ പ്രതിയാക്കി മാറ്റുന്ന കോലത്തിൽ. 

ഇര ചോദിച്ചു വന്നാൽ ഞാൻ നിന്നെ നിന്റെ കൂടെ നിന്ന് സഹായിക്കുകയായിരുന്നില്ലേ എന്ന ഒരുഗ്രൻ ചോദ്യം ഇട്ടു നിസ്‌ഷ്കളങ്കനായ ഇരയെ മുട്ട് കുത്തിക്കുകയും ചെയ്യും. 

ഇരക്ക് മറുപടിയായികണ്ണിൽ നോക്കി ഒന്നും പറയാനുണ്ടാവില്ല. 

ഉളുപ്പുള്ളവന് അല്ലെങ്കിലും എല്ലാം തോന്നിയത് പോലെ പറയാൻ പറ്റില്ലല്ലോ?

യഥാർത്ഥ കുറ്റവാളി ആദ്യമേ ഉണ്ടാക്കി ഒരുക്കിവെച്ച കാരണങ്ങളിലും ന്യായങ്ങളിലും പശ്ചാത്തലത്തിലും ബലിയാടുകളിലും തന്റെ കുറ്റം ആരോപിക്കും. 

ആ രീതിയിൽ മാത്രം അവൻ കുറ്റം ചെയ്യുന്നു. 

പിന്നീട് പുണ്യം ചെയ്തവനെ പോലെ ചമഞ്ഞു നടക്കുകയും ചെയ്യുന്നു.  

അങ്ങനെ പുണ്യവാനും നേതാവും തന്നെ ആയി യഥാർത്ഥ കുറ്റവാളി തുടരുകയും ചെയ്യും. 

********

No comments: