Tuesday, September 20, 2022

ചൂഷണത്തില്‍ ആരും പിറകിലല്ലെന്ന് സാരം.

ചൂഷണത്തില്‍ ആരും പിറകിലല്ലെന്ന് സാരം.

സ്വദേശി, വിദേശി എന്ന പേര്‌ വ്യത്യാസം മാത്രം.

പെട്രോളിന് നമ്മുടേതെന്ന് പറയുന്ന സർക്കാർ ചുമത്തുന്നതിന്റെ പത്തിലൊന്ന് പോലും ബ്രിട്ടീഷുകാർ എന്ന് പേരുള്ള വിദേശികള്‍ ചുമത്തിയിട്ടില്ല. പേര്‌ മാത്രം വ്യത്യാസം. ജനാധിപത്യം, സ്വാതന്ത്ര്യം. 

റബര്‍ സ്റ്റാമ്പുകള്‍ മാത്രമായ ഭരണകൂടവും യാഥാര്‍ത്ഥത്തില്‍ ഭരിക്കുന്ന ഉദ്യോഗസ്ഥപ്രഭുത്വവും ചെയ്യുന്നത് ഒന്ന് തന്നെ. ജനങ്ങളുടെ ചിലവില്‍ അവരുടെ ആര്‍ഭാടവും വന്‍ ആനുകൂല്യങ്ങളും നടത്തുക. ഭരണവും സേവനവും പറഞ്ഞ്‌ നാട്ടുകാരെ പിഴീയുക. തലമുറകള്‍ക്കുള്ളത്‌ രാജ്യത്തിന്റെ മറവില്‍ സമ്പാദിക്കുക. 

വിദേശി ആവുമ്പോള്‍ നമുക്ക് നിസ്സഹകരണ സമരവും ഉപ്പു സത്യാഗ്രഹവും ഒക്കെ ആവാം. ഇതിപ്പോൾ അതും പറ്റില്ല. മതവും വര്‍ഗീയത യും പറഞ്ഞ്‌ വിശപ്പടക്കാം. 

സ്വദേശി ആയാലും വിദേശി ആയാലും ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദകളായും ഭീകരവാദികളായും ചിത്രീകരിക്കും, അടിച്ചമര്‍ത്തും. ആടിനെ പട്ടിയാക്കി കൊല്ലും.

ഭരണകൂടം ചെയ്യുന്നതും പറയുന്നതും മാത്രം രാജ്യസ്നേഹം എന്ന് വരും, വരുത്തും.

*****

ജനാധിപത്യമല്ലേ എന്ന് പറയും. ഇതിനൊക്കെയുള്ള പരിഹാരവും ജനാധിപത്യപരമായി തന്നെ സംഭവിക്കേണ്ടത് എന്നും നാം എളുപ്പം പറയും. അങ്ങിനെ, നമ്മുടെ നിസ്സഹായത വെച്ച് വിഷയത്തില്‍ നിന്നും രക്ഷപ്പെടും. 

പക്ഷെ, ഈ ജനാധിപത്യം നമ്മൾ പറയും പോലെ, പേരിനല്ലാതെ നടക്കുന്നുണ്ടെങ്കിലല്ലേ നമ്മൾ പറയുന്നത് ശരിയാവുക. 

ജനാധിപത്യത്തിന് വേണ്ടി ഈ സമൂഹം വളര്‍ന്നിട്ടുണ്ടെങ്കിലുമല്ലേ നമ്മൾ പറയുന്നത് ശരിയാവുക.

വോട്ട് ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടും ആ നിലക്ക് ആരൊക്കെയോ തെരഞ്ഞെടുക്കപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ടും ജനാധിപത്യം പൂർണ്ണമാകുമോ എന്നത് മാത്രം സംശയം.

പ്രത്യേകിച്ചും ഈ ഇന്ത്യയില്‍ ഇപ്പോഴത്തെയും എപ്പോഴത്തേയും ഇതുവരെയുള്ള അവസ്ഥയില്‍....

No comments: