സ്ഥായിയായ നല്ലത്, മോശം എന്നതില്ല.
സ്ഥായിയായ രുചിയും അരുചിയും സൗന്ദര്യവും വൈകൃതവും ഇല്ലാത്തത് പോലെ.
നാക്കിലെ മുകുളങ്ങളും കണ്ണിൻ്റെയും തലച്ചോറിൻ്റെയും പ്രത്യേകതയും കാലവും പ്രായവും നിശ്ചയിക്കുന്നത് പോലെയല്ലാതെ.
സാമാന്യയുക്തി നിശ്ചയിക്കുന്ന ശരിയും തെറ്റും തന്നെയേ ഉള്ളൂ.
സാമാന്യയുക്തിയിൽ വരുന്നതും ബോധ്യപ്പെടുന്നതും തന്നെയേ സത്യവും ദൈവവും പോലും ആവൂ, ആവേണ്ടതുള്ളൂ.
ജീവിതം ജീവിതത്തിൻ്റെ മുന്നോട്ട് പോക്കിന് വേണ്ടി നിശ്ചയിക്കുന്ന ശരിയും തെറ്റും മാത്രമേയുള്ളൂ.
അവിടെ ആവശ്യം ശരി, അനാവശ്യം തെറ്റ്.
അത്രയേ ഉള്ളൂ.
ആവശ്യവും അനാവശ്യവും നിശ്ചയിക്കുന്ന ബോധം ഓരോരുത്തൻ്റെയും മാനവും വിതാനവും പോലെ മാത്രം. ജീവിതം ആവശ്യപ്പെടുന്നത് പോലെ മാത്രം.
ഉളളി തൊലിക്കും പോലെയായാൽ ആവശ്യങ്ങൾ പോലും തുലോം കുറവെന്നും തീരേ ഇല്ലെന്നും വന്നേക്കും.
ഉളളി തൊലിക്കും പോലെയായാൽ ഏറെയും അനാവശ്യങ്ങൾ എന്നും വന്നേക്കും.
അതിനാൽ തന്നെ ആ നിലക്ക് നല്ലതും മോശവും ചിന്തിച്ച് കുറ്റബോധപ്പെടെണ്ടതില്ല.
നിങ്ങൾക്ക് പോലും ഒരു നിയന്ത്രണവും ഇല്ലാതെയാണ് നിങ്ങളുടെ ആവശ്യങ്ങൾ.
നിങ്ങളുടെ ശരീരവും തലച്ചോറും പ്രവർത്തിക്കുന്നത് നിങ്ങളുടെ പോലും നിയന്ത്രണത്തിലല്ല.
നിങ്ങളുടെ ശരീരവും തലച്ചോറും ഉണ്ടാക്കുന്ന ആവശ്യങ്ങളും അതിനാൽ നിങ്ങളുടെ നിയന്ത്രണത്തിലല്ല..
കുടിക്കേണ്ടി വരുന്ന വെള്ളത്തിൻ്റെ കാര്യത്തിലായാലും, ശ്വസിക്കേണ്ടി വരുന്ന വായുവിൻ്റെ കാര്യത്തിലായാലും, കാമിച്ച് പോകുന്ന സ്ത്രീയുടെയും പുരുഷൻ്റെയും കാര്യത്തിലായാലും, ഭക്ഷിക്കേണ്ട ഭക്ഷണത്തിൻ്റെ കാര്യത്തിലായാലും, ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ല. അവയൊന്നും നിങ്ങളായി വിചാരിച്ച് വേണമെന്ന് വെച്ച് ഉണ്ടാക്കുന്നതല്ല
എല്ലാം ജീവിതം ജീവിതത്തിന് വേണ്ടി ഉണ്ടാക്കുന്നതാണ്.
എല്ലാം ജീവിതം ജീവിതത്തിന് വേണ്ടി നിങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ്. ജീവിതം മുന്നോട്ട് പോകാൻ മാത്രം.
അതിനാൽ, ജീവിതത്തിൻ്റെ ഓരോ സന്ദർഭവും സാഹചര്യവും നിശ്ചയിക്കുന്ന ശരിയും തെറ്റും മാത്രമേ ഉള്ളൂ.
ഓരോരുത്തനും ജീവിച്ച് കടന്നുപോകുന്ന വഴികൾ തീർത്തും വേറെ വേറെ ആകയാൽ അതും ആർക്കും മുൻകൂട്ടി നിശ്ചയിക്കുക അസാധ്യം. ഒന്നും അവനവൻ തന്നെ നിശ്ചയിക്കുന്ന കോലത്തിൽ പോലുമല്ല.
അതിനാൽ മുൻകൂട്ടി ആരും, ഏതെങ്കിലും കാലത്തിലും ഗ്രന്ഥത്തിലും മാത്രം നിശ്ചയിച്ച ശരിയും തെറ്റും ഇല്ല.
ആരുടെയോ മുൻപിൽ ഉത്തരം പറയേണ്ട കോലത്തിൽ ആരും നിശ്ചയിച്ച ഒരു ശരിയും തെറ്റും ഇല്ല.
ജീവിതം മുന്നോട്ട് പോകാൻ നാം ഉണ്ടാക്കുന്ന സാമൂഹ്യവ്യവസ്ഥയും അതിലൂടെയുള്ള സാമൂഹ്യ ജീവിതവും ഉണ്ടാക്കുന്ന, ജീവിതം നടന്നു പോകാൻ അപ്പപ്പോൾ നാം തന്നെ ഉണ്ടാക്കുന്ന ശരിയും തെറ്റും ഒഴികെ.
ആരും മുകളിൽ നിന്ന് നിശ്ചയിക്കാത്ത ശരിയും തെറ്റും മാത്രം.
അതിനാൽ, സമയത്ത്, സ്ഥാനത്ത് കൃത്യമായി വരുന്ന എന്തും ഏതും ശരി.
അവിടെ വിഷവും മരുന്ന്.
അസമയത്ത്, ആസ്ഥാനത്ത് വരുന്ന എന്തും ഏതും തെറ്റ്.
അവിടെ ഭക്ഷണവും മരുന്നും വരെ വിഷം.
*****
വായുവും വെള്ളവും പോലെ.
എല്ലാവർക്കും ഒരുപോലെ വിശദീകരണങ്ങൾ ആവശ്യമില്ലാതെ, കെട്ടിക്കുടിക്ക് അൽപവും ഇല്ലാതെ, എളുപ്പത്തിൽ ബാധകമാകുന്നതും, ബോധ്യമാകുന്നതും, പ്രാപ്യമാകുന്നതും മാത്രം ഉണ്ടെങ്കിൽ ഉള്ള ദൈവം, സത്യം, ശരി, തെറ്റ്.
*****
നമ്മുടെ മാനത്തിനുള്ളിലുള്ള, നമ്മുടെ വ്യവസ്ഥിതി നിലനില്‍ക്കാന്‍ വേണ്ട, നമ്മൾ നിശ്ചയിച്ച ശരിയും തെറ്റും മാത്രം. അത്ര മാത്രം. നീട്ടിവലിക്കാതെ.
No comments:
Post a Comment