Wednesday, September 21, 2022

അമ്മയും കുട്ടിയും പോലെയോ ദൈവവും നമ്മളും?

അമ്മയും കുട്ടിയും പോലെയോ ദൈവവും നമ്മളും? 

കുട്ടിക്ക് അമ്മയുമായുള്ള ബന്ധവും സ്ഥാനവുമോ ദൈവവുമായി?

അറിയണം. 

അമ്മയും കുട്ടിയും ജീവിക്കുന്നത് ഒരുപോലെ ആപേക്ഷിക ലോകത്ത്, ആപേക്ഷിക മാനത്തിൽ, ആ മാനം നൽകുന്ന വികാരവിചാരങ്ങളോടെ, അത് നൽകുന്ന ആവശ്യങ്ങളും പേടിയും ഒക്കെയായി. 

എല്ലാമായി സ്വയം നിറഞ്ഞു നിൽക്കുന്നവന് എന്താപേക്ഷികം എന്താത്യന്തികം? എന്ത് വികാരവിചാരങ്ങൾ? എന്താവശ്യം, എന്ത് പേടി?

അമ്മയും കുട്ടിയും ഭാവിയും ഭൂതവും ഉളളവർ. 

ഭാവിയും ഭൂതവും വർത്തമാനവും ഒന്നായൊരുമിക്കുന്ന ദൈവത്തിന് എന്ത്, എങ്ങിനെ വേറെതന്നെ ഭാവിയും ഭൂതവും?

അമ്മയും കുട്ടിയും സ്വയം അറിയാത്തവർ, അറിവ് ആവശ്യമുളളവർ. 

സ്വയം അറിവ് തന്നെയായ, പുറമേ വേറൊന്ന് ഇല്ലാത്ത ദൈവത്തിന് എന്തറിവ്, എന്തിന്, എങ്ങിനെ പുറമേ നിന്നുള്ള അറിവിൻ്റെ ആവശ്യം?

അമ്മയും കുട്ടിയും ഒരുപോലെ ഒന്നിലും ഒരു നിശ്ചയവും നിയന്ത്രണവും ഇല്ലാത്തവർ. സ്വയം നിശ്ചയവും നിയന്ത്രണവും തന്നെയല്ലേ ദൈവം.

ആപേക്ഷികമായവർ ആയത് കൊണ്ട് തന്നെ അവർ പരസ്പരം ചില്ലറ വ്യത്യാസങ്ങളോടെ എന്ന് മാത്രം. 

എല്ലാ മാനങ്ങൾക്കും അപ്പുറത്തെ ആത്യന്തികനായ ദൈവത്തിന് എന്ത് മാനം, എന്ത് മാനദണ്ഡം? 

ആത്യന്തികനായ ദൈവത്തിന് എന്ത് വിചാരവികാരങ്ങൾ? എന്ത് പേടി? 

ആത്യന്തികനായ ദൈവത്തിന് എന്താവശ്യങ്ങൾ? എന്ത് ഭാവി? എന്ത് ഭൂതം?

*****

ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുകയോ? 

ദൈവത്തെ ഒന്നെന്നും ഒന്നല്ലെന്നും വിശേഷിപ്പിക്കുകയോ?

ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ, നമ്മുടെ പേശികളും തലച്ചോറും ഇന്ദ്രിയങ്ങളും മാനദണ്ഡങ്ങളും വെച്ച്  നമുക്കാവശ്യമാകുന്ന, നമുക്ക് തോന്നുന്നു കര്യങ്ങൾ, ഗുണങ്ങൾ. 

നമ്മുടെ മാനത്തിനപ്പുറം അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നമുക്കറിയില്ല. 

എന്നിട്ടാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ കാരൃം?


No comments: