ഇസ്ലാമിന് മുൻപുള്ള കാലത്തെ, പ്രത്യേകിച്ചും അന്നത്തെ അറബികളുടെ അവസ്ഥയെ, ജാഹിലിയ്യാ കാലം (അജ്ഞതയുടെ കാലം) എന്ന് പേര് വിളിക്കുന്നത് കൃത്യമായ ഒരു പദ്ധതിയോടെ.
വില്ലനെ ആദ്യം ഉണ്ടാക്കി ഹീറോയെ ഉണ്ടാക്കാൻ, അവതരിപ്പിക്കാൻ.
സംഭവാനന്തരം, വളരേ ദൂരേ നിന്ന് മാത്രം എഴുതപ്പെട്ട ചരിത്രവും ചരിത്രപുരുഷന്മാരും ഏറെക്കുറെ ഇങ്ങനെ തന്നെ.
ഇസ്ലാമിനെയും മുഹമ്മദിനെയും വലിയ രക്ഷകനായി അവതരിപ്പിക്കാൻ മാത്രം.
അല്ലാതെ, അക്കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉള്ള പല ജനതകളെയും പോലെയല്ലാതെ പ്രത്യേകിച്ച് ഒറ്റതിരിഞ്ഞ് നിൽക്കുന്ന, ഒന്നുമറിയാത്ത ഒരു സമൂഹമായിരുന്നില്ല അന്നത്തെ അറബികൾ. അങ്ങനെ ആവാൻ തരവുമില്ല.
ഒരുപക്ഷേ അന്നത്തെ അറബികളുടെ ജീവിത സാഹചര്യവുമായി മാത്രം ബന്ധപ്പെട്ട മറ്റുപല കാരണങ്ങൾ കൊണ്ടും അന്നത്തെ അറബികളുടെ നിലവാരം ലോകത്തെ മറ്റു ദേശങ്ങളിലുള്ളവരെ അപേക്ഷിച്ച് ഉയർന്ന് നിൽക്കാനേ തരമുള്ളൂ.
ഇസ്ലാം സ്വയം വെളുപ്പാണെന്ന് സമർത്ഥിക്കാനും, അങ്ങനെ ഇസ്ലാം എന്ന വെളുപ്പിനെ സൃഷ്ടിച്ചെടുക്കാനും രാഷ്ട്രീയമായി പിന്നീട് ഉണ്ടാക്കിയ (സംഭവാനന്തര) ചരിത്രസൃഷ്ടിയാണ് ജാഹിലിയ്യ എന്ന കറുപ്പ്. ജാഹിലിയ്യ എന്ന പ്രത്യേക പേരും വിശേഷണവും.
നമുക്ക് മുൻപിൽ ഇല്ലാത്തവരെ കുറിച്ച്, ചോദ്യംചെയ്യാൻ അവർ വരില്ല എന്നതിനാൽ, നമ്മുടെ സൗകര്യത്തിനനുസരിച്ച് എന്തും പറയാമല്ലോ?
******
കറുപ്പിൻ്റെ പശ്ചാത്തലത്തിൽ വെളുപ്പ് കൂടുതൽ തെളിഞ്ഞ് കാണും, കാണണം.
അതിനാൽ പശ്ചാത്തലത്തിൽ, പശ്ചാത്തലത്തിന് വേണ്ടി കറുപ്പ് വേണം, ഉണ്ടാക്കണം. ജാഹിലിയ്യയുടെ കറുപ്പ്.
ചുരുങ്ങിയത് വെളുപ്പല്ലാത്ത കടുംനിറം ഏതെങ്കിലും ഒന്ന് പശ്ചാത്തലത്തിൽ ഉണ്ടാവണം. അപ്പോഴേ വെളുപ്പ് തെളിഞ്ഞ് വരൂ, കാണൂ.
ഇസ്‌ലാമും ഇസ്ലാം ഉണ്ടാക്കിയതും, അവർ സ്വയം അവതരിപ്പിക്കും പോലെ, എന്നത്തേക്കും വേണ്ട അത്രയ്ക്ക് നല്ല വെളുപ്പ് തന്നെയാണോ എന്നത് വീണ്ടും അപഗ്രഥിച്ച് ഉറപ്പിക്കേണ്ട വിഷയം മാത്രം.
എന്നാലും...
എന്തായാലും നാം കേൾക്കുന്ന, വായിക്കുന്ന ഇസ്‌ലാമും മുഹമ്മദും വന്ന പശ്ചാത്തലം കറുകറുത്ത് തന്നെയായി അവതരിപ്പിക്കപ്പെട്ടു. ജാഹിലിയ തന്നെയായി. അജ്ഞതയുടെ കാലം എന്ന് തന്നെയുള്ള വിശേഷണത്തോടെ.
അങ്ങനെ നമ്മുടെ ആൾ മഹാനാണെന്നും, ഇസ്‌ലാം മഹത്തരമായതെന്നും വരാൻ, വരുത്താൻ.
*****
അങ്ങനെ ജാഹിലിയ്യ എന്ന് ഏകപക്ഷീയമായി അവതരിപ്പിക്കുമ്പോഴുള്ള വൈരുദ്ധ്യം ഓരേറെ.
ഒരു ഭാഗത്ത് അന്നത്തെ അറബികൾ തീരേ വിവരം കുറഞ്ഞവരായിരുന്നു എന്ന് പറയും.
അതേ സമയം തന്നെ ഖുർആനിൻ്റെ വലുപ്പവും സാഹിത്യ മേന്മയും അവതരിപ്പിക്കാൻ അക്കാലത്തെ സാഹിത്യവളർച്ചയെ വലുതാക്കിപ്പറയും. ഖസീദ എന്ന അക്കാലത്തെ ഖണ്ഡകാവ്യത്തെ കുറിച്ച് വലുതാക്കിപ്പറയും.
******
ഒരു ഭാഗത്ത് അറബികൾ ഒരുതരം പുറംലോകം ബന്ധവും ഇല്ലാത്തത്ര ഒറ്റതിരിഞ്ഞ് നിൽക്കുന്ന വെറും കാട്ടറബികൾ എന്ന് വരുത്തും.
എന്നാലോ മറുഭാഗത്ത് മുഹമ്മദ് നബിയടക്കം കച്ചവടാവശ്യാർത്ഥം വളരേ ചെറുപ്പം മുതലേ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുമായിരുന്നു എന്നത് കൃത്യമായ ചരിത്രവിവരമായി പറയും.
പോരാത്തതിന് ഈത്തപ്പഴം അല്ലാത്ത ഒന്നും കാര്യമായി കൃഷി ചെയ്യാത്ത അറബികൾക്ക് അന്നവും വസ്ത്രവും നേടാൻ തന്നെയും യാത്ര നിർബന്ധമായിരുന്നു. സൂറ അൽ ഖുറൈശി വ്യക്തമാക്കുന്നത് പോലെ.
കാഫിലകളായി അന്നവും വസ്ത്രവും തേടി പോകുകയാണ് അറബികളുടെ പതിവ്. നിരന്തരമായ ഇത്തരം യാത്രകൾ ഉണ്ടാക്കുന്ന സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ച എത്ര വലുതായിരിക്കും?
ഒരുപക്ഷേ, മുഹമ്മദ് നബിയെ പോലും ആകെമൊത്തം മാറ്റിമറിച്ചത് ഇത്തരം യാത്രകൾ തന്നെയായിരിക്കും
കടലിൽ നിന്നും മീൻപിടുത്തവും മുത്തും പവിഴവും എടുക്കലും മാത്രം പ്രധാന ജോലി അന്നത്തെ അറബികൾക്ക്. ഒപ്പം ഈത്തപ്പഴ കൃഷിയും.
അത് പല നാടുകളിലും കാഫിലകളായി ചെന്ന് കൊണ്ടുപോയി വിൽക്കുകയും പകരം വേണ്ട അന്നവും വസ്ത്രവും കൊണ്ടു വരികയാണ് അറബികളുടെ പതിവ്. ഇങ്ങനെയൊക്കെയും നിർബന്ധമായും നിരന്തരം യാത്ര ചെയ്യുന്ന സമൂഹം ഒരിനിലക്കും ഒറ്റതിരിഞ്ഞ, ഇരുളടഞ്ഞ, ഒരു ബോധവും ഇല്ലാത്ത സമൂഹം ആവാൻ സാധ്യമല്ല.
*****
ഒരു ഭാഗത്ത് പെണ്ണുങ്ങളെ അപമാനമായി കണ്ടിരുന്ന സമൂഹമായിരുന്നു അന്നത്തെ അറബി സാമൂഹം എന്ന് പറയും.
അതുകൊണ്ട് തന്നെ ജനിച്ചത് പെൺകുട്ടിയാണ് എന്നറിഞ്ഞാൽ മുഖം ദേഷ്യത്താൽ ചുകന്നുവരുമെന്നും ജനിച്ചുവീണ പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു എന്നും വാദം പറയും. ഖുർആൻ പോലും ഇതെടുത്ത് പറയുകയും ചെയ്യുന്നു.
എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിൽ പെണ്ണുങ്ങളുടെ എണ്ണം അവിടെ കുറയേണ്ടെ?
കുറഞ്ഞതായി എവിടെയും കാണുന്നില്ല.
എന്ന് മാത്രമല്ല, ഒരാൾക്ക് മൂന്നും നാലും പത്തും കഴിക്കാൻ മാത്രം ഉണ്ടായിരുന്നു.
ഇവർ തന്നെ ബഹുഭാര്യത്വത്തിന് ന്യായമായി പറയുകയും ചെയ്യുന്നു പെണ്ണുങ്ങൾ അവിടെ കൂടുതലായത് കൊണ്ടാണ് ബഹുഭാര്യത്വം അനുവദിച്ചത് എന്ന്.
*****
ഒരു ഭാഗത്ത് സ്ത്രീ തീർത്തും അവഗണിക്കപ്പെട്ട കാലം എന്ന തീർപ്പ് പറയും.
എന്നാൽ മറുഭാഗത്ത് ഹിന്ദിനെ പോലുള്ള ശക്തരായ സ്ത്രീകൾ ബദർ യുദ്ധക്കളം വരെ അടക്കിഭരിച്ച് യുദ്ധം നിയന്ത്രിച്ച് ഹംസയുടെ കരൾ അടിമയായ വഹ്ഷിയെ കൊണ്ട് ചവച്ചുതുപ്പിച്ചു എന്നും പറയും.
പോരാത്തതിന് ഖദീജയെ പോലുള്ള സ്ത്രീരത്നങ്ങൾ അന്നവിടെ ഉണ്ടായിരുന്നു. വലിയ കച്ചവടക്കാരിയും നാട്ടുപ്രമാണിയും ഒക്കെയായിരുന്നു ഖദീജ എന്ന് പറയുന്നു. മുഹമ്മദിനെ സംരക്ഷിച്ചതും ഈ ഖദീജ ഒറ്റക്കാണെന്ന് മനസിലാക്കണം. ഈ രണ്ട് വാദങ്ങളും പിന്നെങ്ങിനെ ഒരുമിച്ച് പോകും?
*****
ഒരു ഭാഗത്ത് സ്ത്രീ അക്കാലത്ത് അടിച്ചമർത്തപ്പെട്ടിരുന്നു എന്ന് പറയും.
മറുഭാഗത്ത് പ്രവാചകനെ കാര്യമായും ശല്യപ്പെടുത്തിയത് അബൂലഹബിൻ്റെ അതിശക്തമായ ഭാര്യയായിരുന്നു എന്നും പറയും.
എല്ലാം കടകവിരുദ്ധമായത് മാത്രം.
അവർ പറയുന്ന ഒരു വാദം, അവർ തന്നെ പറയുന്ന മറ്റൊരു വാദവുമായി ഒത്തുപോകാതെ.
No comments:
Post a Comment