ദൈവത്തെ രക്ഷിക്കാൻ നമുക്ക് ഭ്രാന്തന്‍മാരാവാം........
ഭ്രാന്തന്‍മാരായി നമുക്ക് തമ്മില്‍ തല്ലാം...
അല്ലെങ്കിലും,
ഒരു നിലക്കും ചോദ്യം ചെയ്യപ്പെടാതെ, ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ, എന്തും തോന്നിയത് പോലെ ചെയ്യുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ ഭ്രാന്തന്‍? അഥവാ ദൈവം തന്നെയല്ലേ യാഥാര്‍ത്ഥ ഭ്രാന്തന്‍???
ആ ഭ്രാന്തിന്റെ ഫലമല്ലേ ഈ ഒന്നിനും കൊള്ളാത്ത, പ്രത്യേകിച്ച് ഒരര്‍ത്ഥവും പറഞ്ഞു തരാനില്ലാത്ത ജീവിതം?
ആ ഭ്രാന്തിന്റെ ഫലമല്ലേ അദ്ധ്വാനവും കഷ്ടപ്പാടും രോഗവും കൊണ്ട് ഉഴലുന്ന മഹാഭൂരിപക്ഷത്തിന്റെ ജീവിതം....???
ശരിക്ക് പറഞ്ഞാല്‍, നരകം പറഞ്ഞ് പേടിപ്പിക്കുന്ന, സ്വര്‍ഗം പറഞ്ഞ് മാര്‍ക്കറ്റ് ചെയത് കൊതിപ്പിക്കുന്ന ദൈവം ഭ്രാന്തനാണ്. ആ ദൈവത്തെ ആദ്യം ഭ്രാന്താലയത്തില്‍ കൊണ്ടുപോയിടണം.
അങ്ങനെയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ട, പരിചയപ്പെടുത്തപ്പെടുന്ന, മതങ്ങൾ പറഞ്ഞ് നടക്കുന്ന ദൈവം എന്നതിനാല്‍.
വളരേ വ്യക്തിപരനായി വികാരവും വിചാരവും പ്രതിഷേധവും വിഷമവും പ്രതികാരവും പ്രതീക്ഷയും വെച്ച് നടക്കുന്ന കുറേ ആവശ്യങ്ങള്‍ ഉള്ള, അത് നടത്താൻ വേവലാതിപ്പെട്ടു പറഞ്ഞു നടക്കുന്ന ദൈവം.
*****
ശരിയാണ്. ഇത് കേള്‍ക്കുമ്പോള്‍ പലർക്കും വലിയ ചൊറിച്ചിലായി തോന്നും.
അവിടെ തന്നെയാണ് അതിന്റെ പ്രശ്നം.
'അച്ഛൻ പത്തായത്തില്‍ ഇല്ലെ'ന്ന് പറയും പോലെ അവർ വേഗം ഇസ്ലാമിനെയും ഖുര്‍ആനിനെയും ബൈബിളിനെയും കര്‍ത്താവിനെയും കൊണ്ടുവരും.
അത് തന്നെയാണ് മേല്‍ പറഞ്ഞത് പറയാനുള്ള ന്യായം.
ദൈവത്തിന്റെയും പാരകത്രികയുടെയും മൊത്തം കുത്തക ആരൊക്കെയോ ഏറ്റെടുക്കുന്നത് പോലെ....
*******
ശരിയാണ്.
നമുക്ക് നമ്മളെ കുറ്റപ്പെടുത്തി ആശ്വസിക്കാം.
അങ്ങനെയെങ്കിലും രാജാവ് (ദൈവം) നഗ്നനല്ലാതെ തന്നെ കിടക്കട്ടെ.
രാജാവ് നഗ്നനല്ലെന്ന് തന്നെ വരട്ടെ...
രാജാവിനെ (ദൈവത്തെ) രക്ഷിക്കാന്‍ നമുക്ക് ഭ്രാന്തന്‍മാരാവാം.
******
ശരിയാണ്, ഭ്രാന്ത് നമുക്കാണ്.
പക്ഷെ, നമ്മളെ ഭ്രാന്തന്‍മാരാക്കിയതും ആക്കുന്നതും ആരാണ്?
അപ്പോഴും ഉത്തരം വരും. ദൈവമെന്ന്.
അല്ലെങ്കിൽ പിന്നെ മേല്‍പറഞ്ഞ കുറ്റബോധം വെച്ച്, രാജാവിനെ രക്ഷിച്ച്, നമ്മൾ തന്നെ നമ്മെ ഭ്രാന്തന്‍മാരാക്കുന്നു എന്ന് എളുപ്പം പറയാം.
നമ്മെ നമ്മളല്ല ദൈവമാണ് ഭ്രാന്തരാക്കിയതെങ്കിൽ....???
എല്ലാം ദൈവികമായ ഇച്ഛ പോലെയെങ്കിൽ??
എങ്കിൽ ആ ദൈവം???
വലിയ ഭ്രാന്തന്‍?
********
ഒരു നിലക്കും ചോദ്യം ചെയ്യപ്പെടാതെ, ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ എന്തും തോന്നിയത് പോലെ ചെയ്യുന്നവന്‍ ഭ്രാന്തന്‍. ദൈവം.
നമുക്ക് ബോധ്യതയില്ലാത്ത, നമ്മൾ ആവശ്യപ്പെടാതെ, എന്തിനോ വേണ്ടി നമ്മെ സൃഷ്ടിച്ച് നമ്മെ ഭ്രാന്തന്‍മാരാക്കിയ വലിയ ഭ്രാന്തനോ ആ ദൈവം???
എല്ലാവിധ സ്വാതന്ത്ര്യവും ഉള്ള ഭ്രാന്തന്‍????
******
ശരിയാണ്, ഭ്രാന്ത് നമുക്കാണ്. അല്ലെങ്കിൽ ആ ദൈവത്തെ ഇങ്ങനെയൊക്കെ അല്പനായി, മതങ്ങൾ പറയും പോലെ, നമ്മൾ ചിത്രീകരിക്കുമോ?
******
ശരിയാണ്, ഭ്രാന്ത് നമുക്കാണ്. ഒന്നിനുമല്ലാത്ത ജീവിതത്തെ അടിച്ചേല്പിച്ചിട്ടും നാം ആ ദൈവത്തെ കുറ്റം പറയുന്നില്ല. പകരം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ആ ദൈവത്തിന്റെ പേരില്‍ മതം പറഞ്ഞ് നമ്മൾ പരസ്പരം തമ്മിലടിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു.
*****
ശരിയാണ്, ഭ്രാന്ത് നമുക്കാണ്. ദൈവത്തിന്റെ പേരില്‍ തിട്ടൂരങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്താനും കൊലവിളി നടത്താനും സാധിക്കുന്നത് അതുകൊണ്ടാണല്ലോ?
*****
ശരിയാണ്, ഭ്രാന്ത് നമുക്കാണ്. അതുകൊണ്ടാണല്ലോ ദൈവം മനസിലാക്കിയ, നമുക്ക് ബോധ്യമാവാത്ത ജീവിതത്തിന്റെ അര്‍ത്ഥത്തിനും ലക്ഷത്തിനും വേണ്ടി നമ്മൾ പ്രയാസപ്പെടേണ്ടി വരുന്നത്?
*****
ശരിയാണ്, ഭ്രാന്ത് നമുക്കാണ്. ദൈവം തന്ന ജീവിതത്തിന് വേണ്ട അന്നവും ആരോഗ്യവും പാര്‍പ്പിടവും ജീവിതം മുഴുക്കെ പഠിച്ച് അധ്വാനിച്ച് നേടുക നമ്മുടെ ഉത്തരവാദിത്തത്തില്‍ വരുന്നത് അതുകൊണ്ടാണല്ലോ?
*****
ദൈവത്തെ കുറിച്ച് എന്തും പറയാനുള്ള ധൈര്യം ഈയുള്ളവനുണ്ട്.
കാരണം, ദൈവം ഈ മതങ്ങൾ പറയും പോലെയല്ല, മതങ്ങൾ പറയും പോലെ മാത്രമല്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ട്.
കാരണം, പിശാചിനെയാണ്, പിശാചാവാന്‍ യോഗ്യതയുള്ളതിനെയാണ് ഇവർ ദൈവമെന്ന് വിശേഷിപ്പിക്കുന്നത്, വിളിക്കുന്നത്, ആരാധിക്കുന്നത് എന്നതിനാല്‍.
*****
ആപേക്ഷിക ലോകത്തെ ആപേക്ഷിക വ്യവസ്ഥ നടപ്പാക്കുന്ന ആപേക്ഷിക മനുഷ്യരുമായും അവർ നടത്തുന്ന പരീക്ഷകളുമായും ഫലങ്ങളുമായും ഇവർ ദൈവത്തെ തുലനം ചെയ്യും.
വല്ലാത്ത ഗതികേട്.
വല്ലാത്ത ഗതികെട്ട ദൈവം ഇവരുടേത്.
No comments:
Post a Comment