Sunday, September 25, 2022

ഈയുള്ളവൻ നോക്കുമ്പോൾ നീ എവിടെയോ അല്ലല്ലോ?

നിത്യജീവിത്തിൻ്റെ സാക്ഷ്യം മാത്രം. 

കണ്ണാടിയിൽ തെളിയുന്നത് മാത്രം. 

കണ്ണാടിയുടെ മുന്നിൽ മറവീണ് കണ്ണാടിയുടെ കണ്ണാടിത്തം നഷ്ടപ്പെടാതിരുന്നാൽ മാത്രം മതി. 

ഉള്ളത് ഉളളത് പോലെ പറഞ്ഞുപോകും.

****

ദൈവമേ നീ എവിടെയോ ആണെന്ന്, എവിടെയോ മാത്രമാണെന്ന് എല്ലാവരും പറയുന്നു. 

ഈയുള്ളവൻ നോക്കുമ്പോൾ നീ എവിടെയോ അല്ലല്ലോ? 

 നീ എവിടേയോ മാത്രമല്ലല്ലോ? 

നീ നീ പോലുമല്ലല്ലോ?

ഈയുള്ളവൻ നോക്കുമ്പോൾ എല്ലായിടവും എല്ലാറ്റിലും നിറയെ നീയാണ്, നീ മാത്രം. 

കാണുന്നത് ഈയുള്ളവനാണല്ലോ? 

ഈയുള്ളവൻ പോലും നീ മാത്രമായി.

****

വിവേകമുള്ളവൻ അവിവേകിയുടെ സർവ്വവിധ വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും അസഹിഷ്ണുതയും ഉടനീളം സഹിക്കും, പൊറുക്കും. 

എന്നാലും അവസാനം അവിവേകി വെറും വെറുതെ പറയുന്ന വാക്കുണ്ട്. 

"ഞാൻ അവനെ സഹിക്കുകയാണെന്ന്". 

വെറും വെറുതെ എന്തെങ്കിലും പറയാൻ അവിവേകിക്ക് മാത്രമേ സാധിക്കൂ. 

പിന്നെ അവിവേകത്തെ മാത്രം കാലാകാലങ്ങളിൽ നേരിട്ട് താലോലിച്ച സമൂഹത്തിനും അത് സാധിക്കും.

****

ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുകയോ? 

ദൈവത്തെ ഒന്നെന്നും ഒന്നല്ലെന്നും വിശേഷിപ്പിക്കുകയോ?

ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ, നമ്മുടെ പേശികളും തലച്ചോറും ഇന്ദ്രിയങ്ങളും മാനദണ്ഡങ്ങളും വെച്ച്  നമുക്കാവശ്യമാകുന്ന, നമുക്ക് തോന്നുന്നു കര്യങ്ങൾ, ഗുണങ്ങൾ. 

നമ്മുടെ മാനത്തിനപ്പുറം അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നമുക്കറിയില്ല. 

എന്നിട്ടാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ കാരൃം?




No comments: