Sunday, September 18, 2022

ദൈവം ശരീരത്തിന് അകത്താണെന്ന് പലരും പറയുന്നു - പുറത്തു പിന്നെ എന്താണ് ഉള്ളത്?

ദൈവം ശരീരത്തിന് അകത്താണെന്ന് പലരും പറയുന്നു - പുറത്തു പിന്നെ എന്താണ് ഉള്ളത്?

ഉത്തരം : നല്ല ചോദ്യം.

അതുപോലെ തന്നെ പറയുന്നു. മരിച്ചാല്‍ ദൈവത്തിലേക്ക് പോയെന്ന്.

അപ്പോൾ നമ്മൾ ജീവിക്കുമ്പോള്‍ ഈ ദൈവം എവിടെയാണ്?

ഈ ജീവിക്കുന്ന നമ്മൾ (ശരീരം) ദൈവത്തിന് പുറത്താണോ?

അതല്ലേല്‍ നമ്മൾ ജീവിക്കുമ്പോള്‍ ദൈവം പുറത്താണോ?

ചോദ്യം : വ്യക്തമാക്കി പറയുക. ചോദിച്ചയാളോട് ഇങ്ങോട്ട് ചോദിക്കുകയാണോ? ദൈവം പുറമെയുള്ള ശരീരത്തിന്റെ അകത്തോ? 

ഉത്തരം : താങ്കളുടെ ചോദ്യത്തെ തന്നെ ഉത്തരമായി പറയാം. ആ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. 

ശരീരത്തിന് അകത്തും പുറത്തും ദൈവം തന്നെ.

ഉണ്ടെങ്കില്‍ ഉള്ള ദൈവം തന്നെ എല്ലാം, എല്ലായിടത്തും.

ഇല്ലെങ്കില്‍ ഇല്ലാത്ത ദൈവം എവിടേയും ഇല്ല. 

താങ്കള്‍ ചോദിച്ച ചോദ്യത്തിലും ഇത് തന്നെ ഉത്തരമായുണ്ട്. താങ്കള്‍ക്കത് മനസിലായാലും ഇല്ലെങ്കിലും. താങ്കളത് അര്‍ത്ഥമാക്കിയാലും ഇല്ലെങ്കിലും.

ചില കാര്യങ്ങള്‍ക്ക് പറയുന്നവന്‍ (അല്ലെങ്കില്‍ ചോദിക്കുന്നവന്‍) ഉദ്ദേശിച്ചതിനേക്കാള്‍ അര്‍ത്ഥമുണ്ട്‌. കേള്‍ക്കുന്നവനും ഉത്തരം പറയുന്നവനും ചിലപ്പോൾ അത് മനസിലാക്കുകയും ഉണ്ടാക്കുകയും ചെയ്യും. ചില ചരിത്രപുരുഷന്‍മാരെ ഇപ്പോൾ വ്യാഖ്യാനിക്കുമ്പോഴും വിശദീകരിക്കുമ്പോഴും വിശ്വാസികളില്‍ സ്ഥിരം സംഭവിക്കുന്നത് പോലെ. 

അറിയാമല്ലോ, ദൈവത്തിന് (അല്ലാഹുവിന്) പ്രത്യക്ഷന്‍ എന്നും (ളാഹിര്‍) പരോക്ഷന്‍ (ബാത്വിന്‍) എന്നും രണ്ട് പേരുകള്‍ വേറെയും ഉണ്ട്. എല്ലാ മതവിശ്വാസങ്ങളിലും പ്രമാണങ്ങളും അങ്ങനെയുണ്ട്. 

എന്ന് വെച്ചാല്‍ എന്താണര്‍ത്ഥം?

ഉള്ളിലും പുറത്തും ദൈവം ഉണ്ടെന്നര്‍ത്ഥം.

ഉള്ളും പുറവും ദൈവം തന്നെ, ദൈവം മാത്രം തന്നെ എന്നര്‍ത്ഥം. 

എന്ന് വെച്ചാല്‍....?

മരിക്കുമ്പോള്‍ മാത്രമല്ല നമ്മൾ ദൈവത്തിന്റെ കൂടെ എന്നര്‍ത്ഥം.

ജീവിക്കുമ്പോഴും മരിക്കുമ്പോഴും എപ്പോഴും ദൈവത്തിന്റെ കൂടെ തന്നെയെന്നര്‍ത്ഥം. 

"വസിഅ കുര്‍സിയുഹുസ്സമാവാത്തി വല്‍ അര്‍ദി" (ആയത്തുല്‍ കുര്‍സിയിലെ ഒരു കഷണം). 

"ആകാശ ഭൂമികളില്‍ അവന്റെ സിംഹാസനം നിറഞ്ഞിരിക്കുന്നു (വ്യാപിച്ചുകിടക്കുന്നു)" എന്നര്‍ത്ഥം.

എന്ന് പറഞ്ഞാലും എന്താണ്‌?

ഈയുള്ളവന്‍ എങ്ങിനെ മേല്‍പറഞ്ഞുവോ അങ്ങനെ തന്നെയെന്ന്.

എല്ലായിടത്തും അവനുണ്ട്.

എല്ലായിടത്തും അവന്‍ തന്നെ.

അവന്‍ ഇല്ലാതെ ഒന്നും ഒരിടവും ഇല്ല.

അങ്ങനെയുള്ള അവനെ നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും ഇല്ലെങ്കിലും സംഗതി ഒന്ന്, അവന്‍ മാത്രം.

പദാര്‍ത്ഥമെന്ന് വിളിച്ചാലും ദൈവമെന്ന് വിളിച്ചാലും ഒന്ന്.

ബോധമെന്ന് വിളിച്ചാലും ഊര്‍ജമെന്ന് വിളിച്ചാലും ഒന്ന്.

ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒന്ന്.

ഉള്ളതെന്തോ അത്.

നടക്കുന്നതെന്തോ അത്. 

താങ്കളുടെ ചോദ്യത്തെ തന്നെ മറ്റൊരര്‍ത്ഥത്തില്‍ ഈയുള്ളവന്‍ ഉത്തരമാക്കി. 

ഈയുള്ളവന്റെ മറുചോദ്യത്തെയും ഈയുള്ളവന്‍ ഉത്തരമാക്കി.

മനസിലാക്കുമെങ്കിൽ താങ്കള്‍ക്കങ്ങനെ മനസിലാക്കാമായിരുന്നു. 

എല്ലാ ചോദ്യങ്ങളും എപ്പോഴും വെറും ചോദ്യങ്ങളല്ല.

ഇംഗ്ലീഷ് ഭാഷയില്‍ question ടാഗ് അങ്ങനെയാണ്.

ചോദ്യം ഉത്തരത്തെ, അതിന്റെ സ്വഭാവം വെച്ച്, ഗർഭം ധരിക്കും.

എന്ന് വെച്ചാല്‍, ചില ചോദ്യങ്ങള്‍ ഉത്തരവും ഉത്തരം ഗർഭംധരിക്കുന്നതുമാണ്.

വിത്ത് മരത്തെ എന്ന പോലെ.

******

ചോദ്യം :  ദൈവം എന്നർത്ഥം വരുന്ന അല്ലാഹുവിന്റെ വിശേഷണം ഏതാണ് ?

ഉത്തരം :

ദൈവത്തിന് എല്ലാ പേരുകളും എല്ലാ വിശേഷണങ്ങളും ചേരും.

എന്നാല്‍ ഒന്നും, ഒരു വിശേഷണവും ഒരു പേരും, മാത്രമെന്ന് വരരുത്.

കാരണം എല്ലാം ദൈവം മാത്രമായിടത്ത് എല്ലാം ദൈവം തന്നെയല്ലേ? എല്ലാം ദൈവത്തിന്റെ വിശേഷണം തന്നെയല്ലേ?

മണ്ണും വായുവും വെള്ളവും എല്ലാ പഴത്തിലും ഉണ്ട്. മണ്ണും വായുവും വെള്ളവും ഏതെങ്കിലും ഒരു പഴം മാത്രമെന്ന് വരരുത്, വരുത്തരുത്.

******

അറിയാമല്ലോ, ദൈവം എന്ന വാക്ക് വ്യാവഹാരികമായി, ഇവിടെ പ്രയോഗത്തില്‍ ഉള്ളത് വെച്ച്, സാധാരണക്കാര്‍ മനസ്സിലാക്കാൻ പറയുന്നതാണ്.

തന്ന ശീലയും ഉള്ള അളവും ആവശ്യക്കാരന്റെ ആവശ്യവും വെച്ച്  തുന്നുന്നതാണ്. അല്ലാതെ ആവുന്നതും സാധിക്കുന്നതും മുഴുവന്‍ വെച്ചല്ല. 

അല്ലാതെ, മാനത്തിന്റെ തടവറയില്‍ നിന്നു കൊണ്ട്‌, മാനത്തിനുള്ളിൽ നിന്ന് കൊണ്ട്‌, മാനത്തിനുള്ളിലെ മാനദണ്ഡം ഉപയോഗിച്ച് ദൈവത്തെ എന്ത് ഉപമിച്ച്, ഏത് വിശേഷണം വെച്ച് പറയാനാണ്?

തർക്കം തര്‍ക്കത്തിന് വേണ്ടി നടക്കും എന്നല്ലാതെ.

വാക്കര്‍ത്ഥങ്ങളില്‍ കുടുങ്ങിക്കൊണ്ട് അടിപിടി കൂടും എന്നല്ലാതെ.

"വലം യക്കുന്‍ ലഹു കുഫുവന്‍ അഹദ്" 

"അവന് തുല്യമായി ഒന്നും ആരുമില്ല". (സൂറ അല്‍ ഇഖ്ലാസ്.) 

"യസ്അലൂനക്ക അനിര്‍റൂഹി ഖുലിര്‍റൂഹ മിന്‍ അംരി റബ്ബീ." 

"അവർ നിന്നോട് ആത്മാവിനെ (ദൈവത്തെ) കുറിച്ച് ചോദിക്കുന്നു. നീ പറയുക: അത് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാണ്. (ഖുര്‍ആന്‍)

(ചോദ്യങ്ങള്‍ ചോദിച്ചത്‌ Rafi Bekal Fort )

No comments: