Thursday, September 8, 2022

മരണത്തില്‍ ജീവിതവും, ജീവിതത്തില്‍ മരണവും ഉണ്ട്

ജീവിതത്തിന്‌ വലിയ അര്‍ത്ഥമുള്ളത് കൊണ്ടല്ല ജീവിക്കുന്നത്. 

പകരം ജീവിതത്തിന്‌ വലിയ അര്‍ത്ഥമൊന്നും ഇല്ലെന്ന് ആവുന്നത്ര പറയാനും പറഞ്ഞു കൊടുക്കാനും ജീവിക്കുന്നു.

ഒപ്പം നാം ഉണ്ടാക്കുന്ന അര്‍ത്ഥമൊന്നും കാര്യമായ അര്‍ത്ഥമല്ലെന്നും പറയാൻ.... 

*****

എന്തിന്‌ ജീവിക്കുന്നു?

ഒരു സംശയവും വേണ്ട.

ജീവിക്കാൻ വേണ്ടി ജീവിക്കുന്നു. ബാക്കിയെല്ലാം വെറും വെറുതേ...

ജീവിക്കാൻ വേണ്ടി ജീവിക്കുന്ന ഉദ്ദേശരാഹിത്യം എന്ന ഉദ്ദേശം മാത്രം നിലനില്‍ക്കും 

*****

ചുരുങ്ങിയത് മരിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞുകൂടേ? .

പറയാം, പ്രത്യക്ഷത്തില്‍ അത് ഒരളവോളം ശരിയുമാവാം....

എന്തുകൊണ്ടെന്നാല്‍........,

ജീവിതം മരണത്തെയും, മരണം ജീവിതത്തെയും ഗർഭം ധരിക്കുന്നു എന്നതിനാല്‍.

ജീവിതവും മരണവും പരസ്പരം ഗർഭം ധരിച്ച് വളര്‍ത്തുന്നു എന്നതിനാല്‍. 

മരണത്തില്‍ ജീവിതവും, ജീവിതത്തില്‍ മരണവും ഉണ്ട് എന്നതിനാല്‍. 

മരണവും ജീവിതവും ഫലത്തില്‍ ഒന്ന് തന്നെ എന്നതിനാല്‍. 

നാം ഉണ്ടെന്ന് വിചാരിക്കുന്ന നമ്മുടെ ജീവിതം ഇല്ലാത്തതാണ് എന്നതിനാല്‍.

ജീവിതത്തിന്റെ ജീവിതം മാത്രമേ ഉള്ളൂ എന്നതിനാല്‍. 

അഥവാ മരണത്തിന്റെ ജീവിതം മാത്രമേ ഉള്ളൂ എന്നതിനാല്‍.

*******

എന്നിരുന്നാലും, ജീവിക്കുന്ന മഹാഭൂരിപക്ഷവും നാം ഇന്ന്‌ മനസിലാക്കുന്നത് പോലുള്ള സാധാരണ മരണത്തെ ഭയക്കുന്നു,

അവർ ആവുന്നത്ര മരണത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 'അവർ' ഉണ്ടെന്നും നിലനില്‍ക്കണമെന്നും ശഠിക്കുന്നു. 

ആ നിലക്ക് അവർ മരിക്കാൻ വേണ്ടി ജീവിക്കുന്നു എന്നതിനെ പരമാവധി നിഷേധിക്കുന്നു.

അവരാരും മരിക്കാൻ വേണ്ടി ജീവിക്കുന്നില്ല.

അവരെല്ലാവരും ജീവിക്കാൻ വേണ്ടി മാത്രം തന്നെ ജീവിക്കുന്നു. 

അവരുടെ ഓരോ അതിജീവന ശ്രമവും മരണം ഒഴിവാക്കാനുള്ള ശ്രമവും കൂടിയാണ്‌, മാത്രമാണ്.

അവരുടെ ജീവിതം മരണം ഒഴിവാക്കാനുള്ള ജീവിതം കൂടിയാണ്‌.

അവരുടെ ജീവിതം ജീവിക്കാൻ വേണ്ടിയുള്ള ജീവിതം മാത്രമാണ്.

അവർ നടത്തുന്ന വിദ്യാഭ്യാസവും ചികില്‍സയും അധ്വാനവും എല്ലാം അതിലേക്ക് മാത്രം സൂചിപ്പിക്കുന്നു.

******

മരിക്കാൻ വേണ്ടി കൂടി ഓരോരുത്തരും അവരറിയാതെ ജീവിക്കുന്നു എന്നതൊരു വാസ്തവം തന്നെയാണ്. അവർ മരണത്തെ അവരുടെ ആവശ്യമാക്കി വെക്കുന്നില്ല, എങ്കിലും..... 

മരണം ആ നിലക്ക് ആരും അറിയാതെ, തേടാതെ അവരെ തേടിയെത്തുന്ന വാസ്തവം.

മരണം 'അവർ' (അഥവാ 'നമ്മൾ' ഞാനും നീയും) ഇല്ലാത്തതും നിലനില്‍ക്കാത്താതും എന്ന് വിളിച്ചോതുന്നത്. 

ജീവിക്കുന്നവരുടെ ഉദ്ദേശത്തില്‍ മരിക്കാൻ വേണ്ടി എന്നതില്ല, എങ്കിലും......

മരിക്കാന്‍ വേണ്ടി ജീവിക്കുന്നു എന്നതില്ല, എങ്കിലും......

അതിനാല്‍ തന്നെ, പകരമായി അവരുടെ ഓരോ ജീവിത നിമിഷവും ശ്രമവും മരണം ഒഴിവാക്കിയുള്ളതും മരണത്തെ ഒഴിവാക്കാനുള്ളതുമാണ്.

അവർ നടത്തുന്ന ഓരോ ശ്വാസോച്ഛ്വാസവും അത്തരമൊരു മരണത്തെ ഒഴിവാക്കാനുള്ള ശ്രമമാണ്. 

ഓരോ നിമിഷവും മരിച്ചു കൊണ്ടാണ് ഓരോരുത്തരും അടുത്ത നിമിഷത്തിലേക്ക് എത്തുന്നത്...

എന്ന വസ്തുത  മരണത്തിന്റെ തുടര്‍ച്ചയും ആകെത്തുകയുമാണ് ജീവിതം എന്ന് വരുത്തുന്ന വസ്തുത മാത്രം. 

മനുഷ്യന്‍ ഉണ്ടാക്കിയെടുത്ത മുഴുവന്‍ പുരോഗതിയും വളര്‍ച്ചയും തന്നെയും ആ മരണഭയം വെച്ചുള്ള പ്രതിരോധം മാത്രം. മരണത്തെ പ്രതിരോധിച്ച ശ്രമം മാത്രം.

മരണത്തെ പ്രതിരോധിക്കാന്‍ മരിച്ചു കൊണ്ട്‌ ജീവിക്കുന്ന പ്രതിരോധ ശ്രമം മനുഷ്യന്റേത്.

*****

കടമയും ധര്‍മ്മവും നിര്‍വ്വഹിക്കാന്‍ ജീവിക്കുന്നു എന്ന് പറഞ്ഞുകൂടേ?

പറയാൻ എന്തും പറയാം.

വെറുതെ പറയാം.

വഴിയില്‍ വെച്ച് വീണുകിട്ടുന്നത് യാത്ര തുടങ്ങുമ്പോള്‍ തന്നെ ഉണ്ടായിരുന്നുവെന്ന് വെറും കളവ് പറയും പോലെയും പറയാം. 

യഥാര്‍ത്ഥത്തില്‍ കടമയും ധര്‍മ്മവും ഒക്കെ നമ്മൾ അറിയാതെ പറയാതെ സംഭവിക്കുന്നത്‌...

കടമയും ധര്‍മ്മവും നിര്‍വ്വഹിക്കാന്‍ എന്ന് പറയുമ്പോൾ, നമ്മളത് കൃത്രിമമായി പറയുന്നതും പറഞ്ഞ്‌ പോകുന്നതും.... വഴിയില്‍ നിന്ന് വീണുകിട്ടി പറയുന്നത്. 

അല്ലെങ്കിൽ ഒരു കുഞ്ഞ്കുട്ടി വരെ അങ്ങനെ പറയണമല്ലോ, സഹജീവികളോടും പ്രകൃതിയോടും ഉള്ള കടമ നിഷ്കാമമായി നിറവേറ്റാൻ ജീവിക്കുന്നുവെന്ന്.

കുഞ്ഞുകുട്ടിയായി ജനിക്കുമ്പോള്‍ തന്നെ അങ്ങനെയൊരു തോന്നലുമായി ജനിക്കണമല്ലോ?

ബോധപൂര്‍വ്വം ചെയ്യുന്ന കടമയും ധര്‍മ്മവും ആണെങ്കിൽ എല്ലാവർക്കും ഒരുപോലെ തോന്നാണമല്ലോ?

കാരണം, ശരിയും സത്യവും എല്ലാവർക്കും ഒരുപോലെ ബാധകമാകണമല്ലോ? പ്രത്യേകിച്ചും എല്ലാവരുടേയും അതൊരു ജീവിതലക്ഷ്യം എന്നൊക്കെ പറയുമ്പോള്‍.

*****

നമുക്ക് തേൻ തരുന്ന ധര്‍മ്മവും കടമയും തേനീച്ചയുടെ ഉദ്ദേശത്തിലില്ല.

അങ്ങനെയൊരു ധര്‍മ്മവും കടമയും നിര്‍വ്വഹിക്കുന്ന കാര്യം തേനീച്ച അറിയുന്നുമില്ല.

ധര്‍മ്മവും കടമയും ആരുടെയും ഉദ്ദേശമല്ല, ഉദ്ദേശം ആവണ്ടതില്ല. അറിയേണ്ടതില്ല. ജീവിക്കുക മാത്രം ഉദ്ദേശം. 

ഇത് പോലെ തന്നെയാണ് മാവും പ്ലാവും ഒക്കെ.

നമുക്ക് ചക്കയും മാങ്ങയും തരുന്ന ധര്‍മ്മവും കടമയും അവയുടെ ഉദ്ദേശത്തിലില്ല.

അങ്ങനെയൊരു ധര്‍മ്മവും കടമയും നിര്‍വ്വഹിക്കുന്ന കാര്യം മാവും പ്ലാവും അറിയുന്നുമില്ല.

നാം അറിയാതെയും അവകാശപ്പെടാതേയും തന്നെ നാം ചെയ്യേണ്ടത് നാം ചെയ്തിരിക്കും, നമ്മില്‍ നിന്നും സംഭവിച്ചിരിക്കും. ജീവിച്ചു കൊണ്ടിരിക്കെ, ജീവിക്കാൻ വേണ്ടി. എല്ലാം സംഭവിക്കും, സംഭവിച്ചു പോകും. 

അതിനാല്‍ ജീവിക്കാൻ വേണ്ടി ജീവിക്കുക.

അങ്ങനെ ജീവിക്കാൻ വേണ്ടി ജീവിക്കുന്നത് മാത്രമേ ഉള്ളൂ.

അങ്ങനെ ജീവിക്കാൻ വേണ്ടി ജീവിച്ചാല്‍ മാത്രം മതി. ബാക്കിയെല്ലാം സംഭവിക്കും. ബാക്കിയെല്ലാം ജീവിതം സംഭവിപ്പിക്കും. ജീവിതത്തിന്‌ വേണ്ടി സംഭവിക്കും സംഭവിപ്പിക്കും. ഓരോ പ്രതിപ്രവര്‍ത്തനവും ഉപോത്പന്നവും പോലെ.

******

പൂര്‍വ്വജന്മത്തിന്റെ കടം തീർക്കാൻ ഈ ജന്മത്തില്‍ ജീവിക്കുന്നു എന്ന് പറഞ്ഞ്‌ കൂടേ? 

അങ്ങനെ പൂര്‍വ്വജന്മവും പുനര്‍ജന്മവും പറയാൻ മാത്രം, അത്രത്തോളം 'ഞാന്‍' 'നീ'യെന്നതിന് സ്ഥിരതയും തുടര്‍ച്ചയും ഉണ്ടോ? അത്രയ്ക്ക് സ്ഥിരത ഉള്ളതാണോ 'ഞാന്‍' 'നീ' എന്നത്?

അങ്ങനെ ബോധപൂര്‍വ്വമായി ആരെങ്കിലും യാഥാര്‍ത്ഥത്തില്‍ ജനിക്കുന്നുണ്ടോ ജീവിക്കുന്നുണ്ടോ?

അങ്ങനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ കടമയും ധര്‍മ്മവും തീർക്കാൻ ഉത്തരവാദിത്തത്തോടെ ജീവിക്കുന്നവർ ഒരു കുറേ പേരുണ്ടോ?

ഇല്ലെങ്കില്‍ ഇല്ലാത്തത് വെച്ച് പറയേണ്ടല്ലോ?

കാരണം, ശരിയും സത്യവും എല്ലാവർക്കും ഒരുപോലെ ബാധകമാകണമല്ലോ? പ്രത്യേകിച്ചും എല്ലാവരുടേയും അതൊരു ജീവിതലക്ഷ്യം അങ്ങനെ എന്നൊക്കെ പറയുമ്പോള്‍.

******

അഹങ്കരിക്കാന്‍ വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞു കൂടേ? 

പറയാം. 

അഹങ്കാരമൊക്കെയും ജീവിക്കാൻ വേണ്ടി നടത്തുന്ന ജീവിക്കുന്നതിനിടയിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍, വികാരങ്ങള്‍. 

ജീവിക്കുമ്പോള്‍, ഓരോരുത്തരും തന്നെ ബാഹ്യമായ പലതുമായി ബന്ധപ്പെടുത്തി, ഉപജീവനത്തിന് വേണ്ടി താന്‍ ചെയ്യേണ്ടി വരുന്ന ജോലിയുമായി വരെ ബന്ധപ്പെടുത്തി താന്‍ അതാണ്, ഇതാണ് എന്നൊക്കെ ധരിച്ച്, ധരിപ്പിച്ച്, നടത്തുന്ന കാര്യം, വികാരം. 

അഹങ്കാരം തലച്ചോറുണ്ടാക്കുന്ന അതിജീവന ബോധത്തിന്റെ, അതിജീവന ബോധത്തിന് വേണ്ട ആത്മധൈര്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം.

No comments: