Wednesday, September 28, 2022

പ്രതിയോഗികളിലും ബുദ്ധിമുട്ടിക്കുന്നവരിലും ഗുരുവിനെ കണ്ടെത്തുക.

നിൻ്റെ പ്രതിയോഗികളിലും നിന്നെ ബുദ്ധിമുട്ടിക്കുന്നവരിലും നീ ഗുരുവിനെ കണ്ടെത്തുക. 

നിനക്ക് തീർത്തും പ്രയാസകരമായ കണ്ടെത്തലാണ് അതെന്നറിയാം. 

എന്നാലും അറിയുക. 

നിൻെറ പ്രതിയോഗികളും നിന്നെ ബുദ്ധിമുട്ടിക്കുന്നവരുമാണ് യഥാർഥത്തിൽ നിനക്ക് പരിശീലനം തരുന്നവർ. അവരാണ് നിൻ്റെ മസിലുകൾക്ക് കരുത്ത് കൂട്ടുന്നവർ. അവരാണ് നിന്നെ വളർത്തുന്നവർ. 

അവർക്ക് വേണ്ടിയാണ്, അവരുണ്ട് എന്നത് കൊണ്ട് കൂടിയാണ് നീ വളരുന്നത്, വളരേണ്ടത്. 

അവർ പോലുമറിയാത്ത അവരുടെ ആവശ്യം നീ. നീ പോലുമറിയാത്ത നിൻ്റെ ആവശ്യം അവർ.

അവരുടെ ആവശ്യം നീയും നിൻ്റെ ആവശ്യം അവരും അറിയുന്നില്ല എന്നതിനാൽ തന്നെയാണ് നീ വളരുന്നത്, വളരേണ്ടത്. 

യഥാർത്ഥ രോഗി താൻ രോഗിയാണെന്നും തനിക്ക് വേണ്ട മരുന്ന് എന്താണെന്നും അറിയാതെ പോകുന്നത് പോലെ മാത്രം നിന്നെയും അവരറിയുന്നില്ല. 

ഒരുപക്ഷേ, രോഗിയുടെ ആ അറിവുകേട് കൊണ്ട് മാത്രം അവൻ തൻ്റെ മരുന്നിനെയും തന്നെ ചികിത്സിക്കാൻ വരുന്ന വൈദ്യനെയും വെറുക്കുന്നു.

ഒരു വിത്തും സ്വയം തകരാതെ മുളതേടില്ല, മുളനേടില്ല, സസ്യമായി വളരില്ല.

നീയാം വിത്തിനെ മുളക്കാൻ വേണ്ടി തകർത്തുതരുന്നവരാണ് നിൻ്റെ പ്രതിയോഗികൾ, നിന്നെ ബുദ്ധിമുട്ടിക്കുന്നവർ. 

അവരുണ്ടാക്കുന്ന പ്രതിരോധമാണ് നിന്നെ ശക്തിപ്പെടുത്തുന്നത്. 

അവർ നിന്നെ തീയിലിട്ടു കരിച്ചുകളയുന്നില്ലെങ്കിൽ നീ മുളക്കും. 

അവർ നിന്നെ അവർക്ക് വേണ്ടാത്തത് പോലെ മണ്ണിലേക്ക് വലിച്ചെറിയുന്നവരാണെങ്കിൽ നീ മുളക്കും. 

അവർ നിന്നെ ആരും കാണരുത് എന്ന് കരുതി മണ്ണിൽ ഒളിപ്പിച്ചു വെക്കുന്നതാണെങ്കിൽ നീ മുളക്കും.

സ്വയം കീറി നിന്ന വഴികളിലല്ല വേരിറങ്ങുന്നത്. 

പകരം വഴിമുട്ടി നിൽക്കുന്ന, പ്രതിരോധിക്കുന്ന വഴികളെ (മണ്ണിനെ) കീറി മുറിച്ചണ് വേരിറങ്ങുന്നത്, വഴികളുണ്ടാക്കുന്നത്. 

ആരുമറിയാത്ത ഇരുളടഞ്ഞ വഴികളിൽ, ആരുമറിയാത്ത വേളകളിൽ വേരുകൾ ഇറങ്ങുന്നത് കൊണ്ട് മാത്രമാണ് എല്ലാവരും അറിയുന്ന, എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ, ഉയരങ്ങളിൽ കൊമ്പുകൾ ഉയരുന്നത്. ഉയരങ്ങളിലെ വിജയം എന്ന് വിളംബരം ചെയ്യുന്ന ഇലയും പൂവും പഴവും നിറയുന്നത്.

നിൻെറ പ്രതിയോഗികളും നിന്നെ ബുദ്ധിമുട്ടിക്കുന്നവരുമാണ്  നീ യഥാർഥത്തിൽ ആവശ്യമാണ് എന്ന്  ചുറ്റുപാടിനെയും, നിന്നെത്തന്നെയും ബോധ്യപ്പെടുത്തിത്തരുന്നത്. നിൻ്റെ പ്രസക്തി വിളിച്ചറിയിക്കുന്നത് അവരാണ്.

അവർ അല്പമെങ്കിലും ബാക്കിയുള്ളിടത്തോളം നീ ആവശ്യമുണ്ടെന്ന വിവരം തരുന്നവർ. 

ഇരുട്ടുണ്ട്, അതിനാൽ വെളിച്ചം ആവശ്യമുണ്ടെന്നു മനസ്സിലാവുന്നതപ്പോഴാണ്.

No comments: