Friday, September 16, 2022

കളിയും ചിരിയും പോലെ. കളിയും കാര്യവും ഒന്നായി.

ഈയുള്ളവന് സഹൃദയാ ഒരു നല്ല നിർദേശം) തന്നു. ഒരു നല്ല സുഹൃത്ത്. Babu Prakash :

നിർദേശം ഇങ്ങനെ :

"അങ്ങ് വളരെ വേഗം എഴുതുന്നു. വായിച്ചു തീരുന്നതിനു മുന്നേ. ഒരു ദിവസം അനവധി. മനസ്സൊരു യന്ത്രമോ? സർഗ്ഗാത്മകത വേഗതയോ? വേഗത കുറച്ച് എഴുതൂ. സ്വയം നോക്കൂ. തിരിച്ചറിഞ്ഞിട്ട് എഴുതൂ. സാവധാനം തുടരൂ...🙏

ഈയുള്ളവൻ നൽകിയ മറുപടി:

"ശരിക്കും ചിരിച്ചു.
ഗൗരവം ഉൾകൊണ്ട് കൊണ്ട് തന്നെ.

താങ്കൾക്ക് ശരിക്കും അങ്ങനെ തോന്നിയോ?

Sorry...
ക്ഷമിക്കുക...

താങ്കൾക്ക് തോന്നുന്നത് തന്നെയാണ് താങ്കൾക്ക് ശരിയായി ഭവിക്കേണ്ടത്.

ആ നിലക്ക് താങ്കളുടെ നിരീക്ഷണവും ശരിയാണ്. അതിനെതിരെ മറ്റൊന്ന് തർക്കിച്ച് സമർഥിക്കാനുമില്ല.

ഈയുള്ളവൻ തോന്നുമ്പോൾ തോന്നിയത് പോലെ, തോന്നുന്നത് പോലെ എഴുതുന്നത് മാത്രം.

ശരി തെറ്റുകളുടെ വകതിരിവുകൾ നഷ്ടപ്പെട്ടവൻ്റെ കുറിപ്പുകളുടെ സ്വഭാവം വെച്ച് മാത്രം എഴുതുന്നത്.

എഴുതുക എന്ന പ്രക്രിയയൊന്നുമല്ലാതെ എഴുതുന്നത്.

സ്വാഭാവികമായ, പ്രതികരണപരമായ ഒരു തള്ളിച്ച മാത്രം.

പ്രതികരിച്ച് മാത്രം, ആയിരിക്കുന്ന അവസ്ഥക്കും സ്വസ്ഥതക്കും അൽപസമയം ഭംഗം വരുത്തിക്കൊണ്ട്.

ശരിയാണ്...

ഈയുള്ളവൻ എഴുത്തിൻ്റെ നിർവ്വചനങ്ങൾ അറിഞ്ഞും സൂക്ഷിച്ചും എഴുതുന്നതുമല്ല.

അങ്ങനെ ഏറെയൊന്നും എഴുതി പോസ്റ്റ് ചെയ്യാറുമില്ല (താങ്കൾക്ക് മറിച്ച് തോന്നിയെങ്കിലും....).

ദിവസം ഒന്നാണ് കണക്കാക്കാറ്.
എറിയാൽ രണ്ടെണ്ണം.
അധികവും കുറിയ പോസ്റ്റുകൾ.
എഴുതിവരുമ്പോൾ നീണ്ടുപോകുന്നുമുണ്ടാവാം....

എന്തായാലും താങ്കളുടെ നിരീക്ഷണം ശരിവെക്കുന്നു, ഉൾകൊള്ളുന്നു.

താങ്കളുടെ എളിയ നിർദേശം പോലെ എന്ത് ചെയ്യാമെന്നും ശ്രദ്ധിക്കാം.

എന്തായാലും ക്ഷമിക്കുക.

******

വീണ്ടും അദ്ദേഹം ചിലത് പറഞ്ഞു. വളരേ സഹൃദയത്വവും സ്നേഹവും തുളുമ്പുന്ന ഭാഷയിൽ.

പറഞ്ഞത് ഇങ്ങനെ:

"എങ്ങനെ ഇത്ര വേഗത്തിൽ എഴുതുന്നു എന്നു കരുതി..ഉള്ളടക്കത്തിന്റെ യോജിപ്പും വിയോജിപ്പുമല്ല."

മറുപടി: അറിയാം..

അല്ലെങ്കിലും താങ്കളെ പോലുള്ള ഒരാൾ പറയുമ്പോൾ മനസിലാവും, മനസിലാക്കും.

താങ്കൾ വെറുതെ പറയില്ലെന്ന് ഈയുള്ളവന് നൂറ് ശതമാനം ഉറപ്പുണ്ട്.

ഒരുപക്ഷെ ഈയുള്ളവൻ താങ്കൾ വിവക്ഷിക്കും പോലെ (നിർവചനങ്ങൾ ഉണ്ടെങ്കിൽ അതുപോലെ) എഴുതാത്തത് കൊണ്ടാവാം അങ്ങനെ സഭവിക്കുന്നത്. അതുകൊണ്ടാവാം കുറേ എഴുതിപ്പോകുന്നത്.

ശ്വാസനിശ്വാസം പോലെ മാത്രം.

ആവശ്യം പോലെ മാത്രം.

അപ്പപ്പോൾ പ്രതിബിംബബിച്ച് എഴുതുന്നത് കൊണ്ടുമാവാം.

കണ്ണാടിയിൽ തെളിയുന്നത് തെളിയിക്കാൻ കണ്ണാടിക്ക് ഭാരമോ പ്രയാസമോ തോന്നില്ലല്ലോ? സമയം വേണ്ടല്ലോ?

അപ്പപ്പോൾ അതത് പോലെ സംഭവിക്കുക മാത്രം. വിഘ്നം കൂടാതെ.

ആവുന്നതും ആക്കുന്നതും തമ്മിലെ വ്യത്യാസമാണത്.

അറിയില്ലേ, എത്ര വേഗമാണ് ഹൃദയം മിടിക്കുന്നത്?

അറിയില്ലേ ഒരു നിമിഷത്തിനുള്ളിൽ എത്ര പ്രാവശ്യമാണ് കൊതുകിൻ്റെ ചിറകുകൾ അടിക്കുന്നത്?

ഒട്ടും ക്ഷീണിക്കാതെ.

പുറമേ നിന്ന് നോക്കി വിലയിരുത്തിയാൽ അൽഭുതം തോന്നും, മനസിലാവില്ല.

നമുക്കാർക്കും കൃത്രിമമായി ശ്രമിച്ചാൽ സാധിക്കാത്തതാണ്, സങ്കല്പിക്കാൻ കഴിയാത്തതാണ് സവാഭാവികത.

സ്വാഭാവികതയുടെ തലം അങ്ങനെയാണ്.
നിർവ്വചനങ്ങളിൽ വരാതെ.
നിർവചിക്കാൻ സാധിക്കാതെ.
നിർവചിക്കാൻ ശ്രമിച്ചാൽ നഷ്ടപ്പെടും വിധം.

കാറ്റും മഴയും വെയിലും പോലെ.
കളിയും ചിരിയും പോലെ.
ഗൗരവപ്പെടാനില്ലാതെ.
എന്നാലോ, ഏറെ ഗൗരവത്തിൽ.
കളിയും കാര്യവും ഒന്നായി.

No comments: