Friday, September 23, 2022

എന്തിനാണ് ഈ കപടനാടകം? കുട്ടികളാണെങ്കിൽ എന്തും നൽകി പറ്റിക്കാമെന്നാണോ?

എന്തിനാണ് ഈ കപടനാടകം? 

കുട്ടികളാണെങ്കിൽ എന്തും ചെയ്ത്, എന്തും നൽകി പറ്റിക്കാമെന്നാണോ?

അങ്ങനെ ചിലവ് എഴുതിത്തള്ളി അതിലൂടെയും ചില്ലറ അഴിമതി നടത്തി നേട്ടങ്ങൾ ഉണ്ടാക്കാമെന്നാണോ?

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഴുവൻ എപ്ലസ് കിട്ടിയ കുട്ടികൾക്ക് നൽകിയ മൊമെൻ്റോയുടെ (momento) (താഴെ) ചിത്രം നോക്കുക.

ഒന്നുകിൽ, മൊമെൻ്റോ ഏത് കുട്ടിക്ക് നൽകുന്നുവോ ആ കുട്ടിയുടെ പേര് ആ  മൊമെൻ്റോയിൽ വേണം.

അല്ലെങ്കിൽ, ആ കുട്ടിയുടെ ചിത്രം അതിൽ വേണം.

അതുമല്ലെങ്കിൽ ചുരുങ്ങിയത് കുട്ടി പഠിച്ച സ്കൂളിൻ്റെ പേരെങ്കിലും വേണം.

ഒന്നുമില്ല.

ആകയാലുളളത് മൊമെൻ്റോ നൽകുന്നവരുടെ പേരും അത് സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ ഒരു പരസ്യം കൊടുത്തു കൊണ്ടുള്ള പേരും. 

ഒരു കുട്ടിയെ പേരെടുത്ത് അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇക്കൂട്ടർക്ക് ഒരുനിലക്കും ഉദ്ദേശമല്ല എന്നർത്ഥം. കൊതുകിന് ചോര മാത്രം കൗതുകം എന്നർത്ഥം.

പിന്നെന്തിനാണാവോ കുട്ടിയുടെ ഒരു തെളിവും പേരും വിവരവും ഇല്ലാത്ത, മുപ്പത് രൂപ പോലും വില വരാത്ത ഈയൊരു മൊമെൻ്റോ നൽകുന്ന നാടകം നടത്തിയത്?

ആർക്ക് എപ്പോൾ കൊടുത്തു എന്നതിന് വേണ്ടിയാണ് ഇത് കൊടുത്തത്?

പേരും വിവരവും ഇല്ലാത്ത ഈ മൊമെൻ്റോ ഏത് കുട്ടിക്ക് വേണമെങ്കിലും കൊണ്ടുനടന്നുകൂടേ?

എന്നാലുമൊന്ന് പറയട്ടെ. ഈ ചടങ്ങ് കൊണ്ട് ഒരേയൊരു കാര്യം ഭംഗിയായി നടന്നിട്ടുണ്ടാവും. 

കുറേ ചിലവ് ഏഴുതിത്തള്ളുക എന്ന ചടങ്ങ്.

പിന്നെ വലിയ, നീണ്ട രാഷ്ടീയപ്രസംഗവും പ്രചാരണവും നടത്തി എന്ന ചടങ്ങും.

(സ്കൂളിൽ വെച്ച്, ക്ലാസ്സ് സമയത്ത് നടത്തിയ പരിപാടി ആയത് കൊണ്ട് മാത്രം, ഇതുവരെ

ഒരു ആദരിക്കൽ ചടങ്ങിനും പോയിട്ടില്ലാത്ത, ഫുൾ എപ്ലസ് എന്നത് തീർത്തും വഞ്ചനാപരമായ ഒരേർപ്പാട് മാത്രമാണെന്ന് മനസിലാക്കി അത് തുറന്ന് പറയുന്ന, അല്ലാതെ ഒരു വലിയ കാര്യമേയല്ല ഈ എപ്ലസ് എന്ന് മനസ്സിലാക്കിയ ഈയുള്ളവൻ്റെ മകനും ഈ കപടനാടകത്തിൽ പെട്ടു എന്നത് മാത്രം ഒരു വിഷമമായി തുടരുന്നു.)

(തനിക്ക് ഇഷ്ടപ്പെടുന്ന ഒന്നോ രണ്ടോ മൂന്നോ വിഷയങ്ങളിലല്ലാതെ മുഴുവൻ വിഷയങ്ങളിലും ആരും മുഴുവൻ മാർക്കോ എപ്ലസ്സോ വാങ്ങുന്നത് സുഖകരമായ ഒരേർപ്പാടല്ല എന്ന് ന്യായമായും തോന്നുന്നു. 

ഏത് വിഷയം താൻ യഥാർഥത്തിൽ ഇഷ്ടപ്പെടുന്നു, തെരഞ്ഞെടുക്കണം, എങ്ങിനെ താൻ പഠിച്ച് മുന്നോട്ട് പോകണം എന്ന് നിശ്ചയിക്കുന്നതിൽ ഒന്നോ രണ്ടോ മൂന്നോ വിഷയങ്ങളിൽ നന്നാവുക എന്നതാണ് വേണ്ടത്. 

അല്ലാതെ എല്ലാറ്റിലും തിളങ്ങി, ശരിക്കും തനിക്ക് പറ്റിയ രംഗം ഏതെന്നറിയാതെ വഞ്ചിക്കപ്പെടാതിരിക്കാൻ അതാണ് നല്ലതെന്ന് തോന്നുന്നതിനാൽ.)

No comments: