Monday, September 26, 2022

വെറുതേ എന്നതില്ല. ഉദ്ദേശമില്ലായ്മ തന്നെ ഉദ്ദേശം.

വെറുതേ എന്നതില്ല.

ഉദ്ദേശമില്ലായ്മ തന്നെ ഉദ്ദേശം.

വെറുതേ ആവുക തന്നെ കാര്യം. 

അഥവാ വെറുതെ എന്നതുണ്ടെങ്കിൽ എല്ലാം വെറും വെറുതേ മാത്രമാണ്.

ദൈവവും ഈ മഹാ പ്രാപഞ്ചികതയും വരെ വെറും വെറുതേയാണ്.

ഉണ്ടെങ്കിൽ ഉള്ള ദൈവം മാത്രമുള്ള ലോകത്ത് ദൈവവും വെറും വെറുതേ. 

ഒന്നും നേടാനും നഷ്ടപ്പെടാനും ഇല്ലാതെ ദൈവം, പ്രാപഞ്ചികത.

ലക്ഷ്യവും മാര്‍ഗവും ഇല്ലാതെ ദൈവം, പ്രാപഞ്ചികത.

അത് തന്നെ അതിന്‌ ലക്ഷ്യവും മാര്‍ഗവും.

ഉദ്ദേശമില്ലായ്മ തന്നെ ഉദ്ദേശം.

******

എന്തെങ്കിലുമെന്നതിനേക്കാള്‍, എന്തിനെങ്കിലും എന്നതിനേക്കാള്‍, അല്ലെങ്കില്‍ അത്രതന്നെ അര്‍ത്ഥമുള്ളതാണ് വെറും വെറുതേ. 

ഒന്നുമില്ല, ഒന്നുമല്ല ഒന്നിനുമല്ല എന്നത് പോലെ തന്നെ എന്തോ ഉണ്ട്, എന്തോ ആണ്, എന്തിനോ ആണ്‌ എന്നത്.

ഒന്നുമില്ല, ഒന്നുമല്ല ഒന്നിനുമല്ല എന്നത് പോലെ തന്നെ അര്‍ത്ഥവത്താണ്‌ എന്തോ ഉണ്ട്, എന്തോ ആണ്, എന്തിനോ ആണ്‌ എന്നത്.

*****

ഇനി മറിച്ചും മനസിലാക്കാം. 

ഒന്നുമല്ലാത്തതാണ് എന്തെങ്കിലും ആയതിനെ എന്തെങ്കിലും ആക്കുന്നതതും അതിന്‌ നമ്മൾ ഉണ്ടെന്ന് കരുതുന്ന അര്‍ത്ഥവും രൂപവും ഭാവവും നല്‍കുന്നതും.

ചിത്രത്തെ ചിത്രമാക്കുന്നത് ചിത്രമല്ലാത്ത, ആ ചിത്രത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വെറുതേ എന്ന് തോന്നുന്ന ഒഴിഞ്ഞിടങ്ങളാണ്.

അക്ഷരങ്ങളെയും വാക്കുകളെയും വാക്കുകളും അക്ഷരങ്ങളും ആക്കുന്നതും ആ വാക്കുകളെയും അക്ഷരങ്ങളെയും ചുറ്റിപ്പറ്റി നില്‍ക്കുന്ന വെറുതേ എന്ന് തോന്നുന്ന ഒഴിഞ്ഞിടങ്ങളാണ്.

No comments: