Tuesday, September 13, 2022

ഭാഷയില്‍ അര്‍ത്ഥം അറിഞ്ഞാല്‍ പാട്ട് മടുക്കും.

പാട്ട് കേള്‍ക്കുക.

കഴിയുമെങ്കില്‍ അടുത്തിരിക്കാതെ അതിലെ സംഗീതം മാത്രം.

വരികള്‍ അന്വേഷിക്കേണ്ട. കവിതയുടെ അർത്ഥം ചോദിച്ചറിഞ്ഞ് മടുപ്പുണ്ടാക്കേണ്ട.

അകലെ നിന്നുള്ള സംഗീതം മാത്രമാണെങ്കിൽ മടുക്കില്ല. 

അടുത്തിരുന്നറിഞ്ഞാല്‍ എന്തും ആരെയും മടുക്കും.

ഭാഷയില്‍ അര്‍ത്ഥം അറിഞ്ഞാല്‍ പാട്ട് മടുക്കും.

വരികള്‍ മടുക്കും. ശരീരം മടുക്കുന്നത് പോലെ. 

അറിഞ്ഞ അര്‍ത്ഥത്തിന്റെ ആവര്‍ത്തനം വല്ലാതെ തോന്നും.

പാട്ട് മടുക്കുന്നുവെങ്കിൽ, അതിൽ കൂടുതലും വരികളുടെ അര്‍ത്ഥം മടുക്കുന്നതാണ്. 

കൂടുതൽ പരിചയം പുച്ഛം സൃഷ്ടിക്കും എന്നത്‌ പോലെ. 

ആരും, എന്തും, ഏതും അങ്ങനെ തന്നെ.

മഹാത്മാഗാന്ധിയും ബുദ്ധനും തന്നെയും ദിവസം പല പ്രാവശ്യം നിങ്ങളുടെ വീട്ടില്‍ വന്നിരുന്നാല്‍, എല്ലാ ദിവസവും തുടര്‍ന്നാല്‍ അയാൾ നിങ്ങൾ ദൂരത്ത് നിന്ന് മനസിലാക്കുന്ന, ബഹുമാനിക്കുന്ന മഹാത്മാഗാന്ധിയും ബുദ്ധനും അല്ലാതാവും. 

കൂടുതല്‍ പരിചയത്തിലും അടുപ്പത്തിലും ആര്‍ക്കും മഹത്വമില്ല. ഉപചാരപൂര്‍വ്വമായ ബഹുമാനമില്ല. അവിടെ ആര് എന്ത് എന്ന് ചിന്തിക്കാത്ത അടുപ്പവും പരിചയവും മാത്രം. ഒരുപക്ഷേ മടുപ്പ് മാത്രം. 'ഓനെന്താപ്പാ നമ്മടെ ആൾ'. 'ഓനോട് എന്ത് പറയാനാ? ' എന്ന തോന്നല്‍ മാത്രം. 

*****

മാങ്ങയെ നിറത്തിലും രൂപത്തിലും ഗുണത്തിലും മാങ്ങയായി മാത്രം കാണുക, ആസ്വദിക്കുക.

കൂടുതൽ അറിഞ്ഞ് വിശദീകരിച്ചു രാസപദാര്‍ത്ഥങ്ങളായി കണ്ടാല്‍ മാങ്ങ മാങ്ങയല്ലാതായിപ്പോകും.

സൂക്ഷ്മദര്‍ശിനി വെച്ച് നോക്കിയാല്‍ സുന്ദരിയായ നിന്റെ കാമുകിയും അവൾ ചൂടുന്ന പൂവും വെറും കുറേ അണുക്കള്‍ മാത്രം, തന്മാത്രകള്‍ മാത്രം. 

ആ വഴിയില്‍ സൗന്ദര്യവും രുചിയും ആസ്വാദനവും നഷ്ടമാകും.

No comments: