ഒരു ചോദ്യം.
"എന്താണ് ഭാരതീയദർശനം?
ലളിതമായ ഒരുത്തരം വേണം."
ചോദിച്ചത് സൗഹൃദവും സൗമനസ്യവും സൂക്ഷിക്കുന്ന ഒരു നല്ല സുഹൃത്ത് ( Abu Hassan ). ഈയുള്ളവൻ്റെ എഫ്ബി പോസ്റ്റിന് കീഴെ.
ചോദ്യം വളരേ ചെറുത്.
എന്നുവെച്ച് ആ ചെറിയ ചോദ്യത്തിന് ചെറിയ ഉത്തരം നൽകാൻ സാധിക്കില്ല.
പല സഹസ്രാബ്ദങ്ങളായി ഉരുത്തിരിഞ്ഞു വന്ന ഭാരതീയദർശനങ്ങൾ മുഴുവൻ ഒരുമിച്ച് ഒരു കമെൻ്റ് കോളത്തിലും പോസ്റ്റിലും ചുരുക്കിപ്പറയാവുന്ന ഒരു സംഗതിയുമല്ല.
ഏല്ലാ ചെറിയ ചോദ്യങ്ങൾക്കും ഉത്തരം ചെറുതായിക്കൊള്ളണമെന്നില്ല.
പല വലിയ ചോദ്യങ്ങൾക്കും ഉത്തരം ചെറുതുമാവാം, വേണ്ടെന്ന് തന്നെയും വരാം.
ചെറിയ വിത്തിൽ വൻമരവും വന്മരത്തിൽ ചെറിയ വിത്തും ഉള്ളത് പോലെ. ചിലപ്പോൾ ഒരു വിത്തും ഉണ്ടാവാത്തതും പോലെ.
ഈയുള്ളവനാണെങ്കിൽ ഈയുള്ളവൻ്റെ എഫ്ബി പോസ്റ്റിൽ ഈയുള്ളവൻ പറയുന്ന കാര്യങ്ങൾ പറയുന്നതിനിടയിൽ ബന്ധപ്പെടുത്തി പരാമർശിച്ച ഒരുകാര്യം മാത്രമാണ് ഭാരതീയദർശനം.
എല്ലാം ഉൾക്കൊള്ളാനും എന്തിനെയും സ്വാംശീകരിക്കാനും പറ്റുന്ന, ഒരു കടുംപിടിത്തവും അവസാനവാക്കും പറയാത്ത ദർശനശാഖ ഭാരതീയദർശനം എന്നത് കൊണ്ട് മാത്രം.
അല്ലാതെ ഭാരതീയദർശനം തന്നെ പഠിക്കുകയും പഠിപ്പിക്കുകയും ഈയുള്ളവന് ആ പോസ്റ്റിലും ഒരു പോസ്റ്റിലും ലക്ഷ്യമല്ലായിരുന്നു.
ഈയുള്ളവനാണെങ്കിലോ, എന്തേതു കര്യങ്ങൾ പറഞ്ഞുവരുമ്പോഴും എല്ലാം ഏറെക്കുറെ ഭാരതീയദർശനമെന്ന കടലിൽ വന്ന്ചേരുന്നു എന്ന ബോധ്യത്തിൽ നിന്ന് കൊണ്ടാണ് ഭാരതീയദർശനത്തെ പരാമർശിച്ചത്, പരാമർശിക്കുന്നത്.
അതുകൊണ്ട് തന്നെ ഈയുള്ളവൻ്റെ എഫ്ബി പോസ്റ്റിൽ ആ സുഹൃത്ത് ചോദിച്ച ചോദ്യത്തിന് അതിൽ വരുന്ന കമെൻ്റ് ബോക്സിൽ കൊള്ളുന്ന പൂർണമായഒരുത്തരം നൽകാനില്ല. ഇനിയൊരു ഒരു വലിയ എഫ്ബി പോസ്റ്റായും ഉത്തരം നൽകാനില്ല, ഉദ്ദേശിക്കുന്നില്ല.
എന്തുത്തരം പറഞ്ഞാലും ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവന്നേക്കാവുന്ന കാര്യത്തിൽ ഒരുത്തരവും പൂർണ്ണമാവുകയുമില്ല.
അതുകൊണ്ട് തന്നെ ഒരുകാര്യം എല്ലാവരും പൊതുവെ മനസിലാക്കണം.
ചോദ്യം ചോദിക്കാൻ എളുപ്പമാണ്.
എന്തെന്നില്ലാത്ത, ഏതെന്നില്ലാത്ത ചോദ്യങ്ങൾ പ്രത്യേകിച്ചും.
കുട്ടികളെയും പെണ്ണുങ്ങളെയും കണ്ടുപഠിച്ചാൽ അത് എളുപ്പം മനസിലാവും.
അതേസമയം, ചോദ്യം ചോദിക്കുക എന്നത് ഏറ്റവും പ്രയാസമുള്ള കാര്യവുമാണ്.
സന്ദർഭത്തിൻ്റെ തേട്ടം മനസിലാക്കുന്ന ഒരാൾക്ക് പ്രത്യേകിച്ചും. നല്ല തികഞ്ഞ വിവരമുള്ളവനെ നല്ല കൃത്യമായ ചോദ്യം ചോദിക്കാൻ സാധിക്കൂ.
പ്രായപൂർത്തി എത്തിയ ആരോഗ്യമുള്ള കാമാസക്തി പോലെയാണ് നല്ല ചോദ്യവും അത്ത് ചോദിക്കലും. ഉത്തരമായ കുഞ്ഞിനെ ജനിപ്പിക്കാൻ കാരണമാകാൻ തന്നെ അതിന് സാധിക്കും.
പ്രത്യേകിച്ചും യഥാർഥത്തിൽ അവനവൻ തന്നെ അന്വേഷണം ഉദ്ദേശിക്കാതെ, അവനവൻ തന്നെ ചോദ്യം ഗർഭംധരിക്കാതെ ചോദ്യം ചോദിക്കൽ എളുപ്പമാണ്.
ഒരു നൂറ്റാണ്ടും ഒരു സഹസ്രാബ്ദവും ഒരു വരിയിലാക്കി ഉത്തരം പറയാനും ചോദ്യം ചോദിക്കാം.
അഞ്ചു പൈസക്ക് ആനയെ തരുമോ എന്നും ഒരാൾക്ക് ചോദിക്കാം.
യഥാർഥത്തിൽ അന്വേഷണം ഉദ്ദേശിക്കുന്ന, ഗർഭംധരിക്കുന്ന ചോദ്യത്തിന്, പ്രത്യേകിച്ചും മേൽചോദ്യം പോലെ ഒരു ചോദ്യത്തിന്, ഉത്തരം അവനവൻ തന്നെ വായിച്ച് മനസ്സിലാക്കേണ്ട സംഗതിയാണ്.
ഈയുള്ളവൻ തന്നെ ആ അവസരത്തിൽ ഉത്തരം നൽകി മനസ്സിലാക്കേണ്ട കാര്യല്ല ആർക്കും, അയാൾക്കും അത്.
ഘട്ടംഘട്ടമായി, പടിപടിയായി ഓരോരുത്തൻ്റെയും കരുത്തും വിതാനവും കഴിവും സമയവും പോലെ മനസ്സിലാക്കിയെടുക്കേണ്ട കാര്യം മാത്രമാണത്.
ചോദ്യം ഗർഭം ധരിക്കുന്നതാണെങ്കിൽ എങ്ങിനെയെങ്കിലും ഉത്തരം അയാൾ കണ്ടെത്തുകയും ചെയ്യും.
അങ്ങനെ ഗർഭംധരിച്ച് പ്രസവിച്ച് ഒരു കുഞ്ഞായ ഉത്തരം കിട്ടാൻ മാത്രമുള്ള പുസ്തകങ്ങളും വഴികളും ഇവിടെ ഏറെ ലഭ്യവുമാണ്.
പ്രത്യേകിച്ചും ഈ ഭാരതത്തിൽ ഭാരതീയദർശനങ്ങളെ കുറിച്ച് വഴികളും പുസ്തകങ്ങളും ഇല്ലാതെ വരില്ല.
അതൊന്നും തേടാതെ, നേടാതെ എഫ്ബിയിലൂടെ, അതിലെ ഒരു കമെൻ്റ് ബോക്സിൽ ചോദ്യമിട്ട്, കൈ നനയാതെ മീൻ പിടിക്കും പോലെ, ഉത്തരം കിട്ടി മാത്രം മനസിലാക്കേണ്ട, അത്രയ്ക്ക് ചെറിയ ഉത്തരം നൽകേണ്ട, അത്രയ്ക്ക് ചെറിയ ചോദ്യമല്ല മേൽചോദ്യം. ഭാരതീയദർശനം എന്ത് എന്ന ചോദ്യം.
******
എന്തായാലും മേൽ ചോദ്യത്തിന് കാരണമായ ഈയുള്ളവൻ്റെ എഫ്ബി പോസ്റ്റ് ഇവിടെ ഉദ്ധരിക്കാം.
"വിശ്വസിക്കാം, നിഷേധിക്കാം.
"സാധിക്കുമെങ്കിൽ ദൈവത്തോളം വികസിച്ച് വളരാം - അഹംബ്രഹ്മാസ്മി, തത്വമസി.
"വേണേൽ ദൈവം നിങ്ങളോളം ചുരുങ്ങുകയും ചെയ്യും - ബിംബങ്ങളായും സങ്കല്പവ്യത്യാസങ്ങളായും.
"ഭാരതീയദർശനവും ഹൈന്ദവതയും നൽകുന്ന സ്വാതന്ത്ര്യം.
"ദൈവവും സത്യവും ഒരോരുവവൻ്റെയും വിതാനം പോലെ."
സ്വയം വിശദീകരിക്കുന്ന ഒരു പോസ്റ്റ് മാത്രമായിരുന്നു അത്.
*****
ഭാരതത്തിൽ നിന്നു കൊണ്ടും ഭാരതീയനായും ഒരാൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ വല്ലാത്ത ആശ്ചര്യം തോന്നുന്നുണ്ട്..
മാത്രമല്ല ഇങ്ങനെയൊരു ചോദ്യം ഭാരതത്തിൽ നിന്നുകൊണ്ടും ഭാരതീയനായും ഒരാൾ ചോദിക്കുമ്പോൾ അതിൽ വ്യംഗ്യമായ കൃത്യമായ ഒരർത്ഥവുമുണ്ട്. ഒരുപക്ഷെ അയാൾ പോലും അറിയാത്ത ഒരു പരിഹാസവും ഉണ്ട്.
ആ അർത്ഥവും പരിഹാസവും ഇങ്ങനെയാണ്: ഭാരതത്തിലൊക്കെ എന്ത് ദർശനങ്ങൾ ഉണ്ടാവാൻ???
ദർശനം എന്നതൊക്കെ അങ്ങ് അറേബ്യയിലും യൂറോപ്പിലും ഒക്കേയല്ലെ ഉളളൂ, ഉണ്ടാവുകയുള്ളൂ.
ദർശനം എന്നതൊക്കെ ഭാരതത്തിനും ഭാരതീയനും പറഞ്ഞതല്ലല്ലോ?
ഭാരതത്തിലൊന്നും ഒരു ദർശനവും ദാർശനികനും ഇല്ല, ഉണ്ടായിട്ടില്ലല്ലോ?
അതിന് മാത്രം ഈ ഭാരതമില്ല.
അതിനാൽ ഭാരതീയദർശനം എന്നതൊന്നും ഇല്ല.
*****
ഉപനിഷത്തുകളും വേദങ്ങളും പുരാണങ്ങളും അർത്ഥശാസ്ത്രവും ഒക്കെ മറക്കട്ടെ.
കാളിദാസനെയും കബീർദാസിനെയും തുക്കാറാമിനെയും പരമഹംസനെയും മറക്കട്ടെ.
ബുദ്ധനെയും ജൈനനെയും ശങ്കരനെനെയും രമണനെയും നാരായണ ഗുരുവിനെയും വിവേകാനന്ദനെയും ഇങ്ങ് ജിദ്ദുവിനെയും ഓഷോയെയും ഒക്കെ മറക്കട്ടെ.
ചുരുങ്ങിയത് ഭഗവത്ഗീതയെങ്കിലും വായിച്ച ഒരാൾക്ക്, ഭഗവത്ഗീതയെ കുറിച്ചെങ്കിലും കേട്ട ഒരാൾക്ക്, ഇങ്ങനെ ചോദിക്കാൻ തോന്നില്ല, ചോദിക്കേണ്ടി വരില്ല എന്നത് മാത്രം ഇത്തരുണത്തിൽ ആദ്യമായി പറയട്ടെ.
****
ഇനി ഈയുള്ളവൻ ആ സുഹൃത്തിൻ്റെ മേൽചോദ്യത്തിന് എഫ്ബി കമെൻ്റ് ബോക്സിൽ കൊടുത്ത, എന്നാൽ അയാളെ ഒട്ടും തൃപ്തിപ്പെടുത്താത്തതെന്ന് അദ്ദേഹം സൂചിപ്പിച്ച, ഉത്തരം താഴെ കൊടുക്കാം.
"Hahahahaha...
ലളിതമായല്ലാതെ ഇവിടെ ഒന്നും പറയാറില്ല.
വിഷയത്തിൽ താൽപര്യം ഇല്ലാത്തവന്, അല്ലെങ്കിൽ വിഷയം അറിയാത്തവന് അങ്ങനെയുള്ള ചിലത് ലളിതമല്ലെന്ന് തോന്നിയേക്കാമെന്ന് മാത്രം.
അങ്ങനെ തോന്നുന്നത് ആരുടെയും കുറ്റമല്ല താനും.
അറിയാത്തവൻ അറിയുന്നവൻ്റെ കുറ്റമായി അറിയുന്നവൻ പറയുന്നതിനെ കണക്കാക്കാതിരുന്നാൽ നന്ന്.
ഇനി ഭാരതീയ ദർശനം എന്തെന്ന ചോദ്യം.
അറേബ്യയിൽ ഉണ്ടായ പല ദർശനശാഖകളിൽ ഒരു ദർശനശാഖ മാത്രമാണ് ഇസ്‌ലാം.
ശേഷം രാഷ്ട്രീയമായി കൈകടത്തൽ വന്നപ്പോൾ അത് മതമായി, അവസാനത്തെ മതമെന്ന അവകാശവാദമായി എന്ന് മാത്രം.
അതുപോലെ തന്നെ കൃസ്തുമതവും. ശേഷം മതമായി.
ഇന്ത്യയിലും ഒരുപടി ദർശനശാഖകൾ ഉണ്ട്.
കാമശാസ്ത്രവും ചോരശാസ്ത്രവും വരെ വികസിച്ച് വളർന്ന നാടുമാണ് ഇന്ത്യ.
അതൊക്കെയും ഭാരതീയ ദാർശനികതയുടെ ഭാഗവുമാണ്.
അവയൊന്നും രാഷ്ട്രീയ മായ ഇടപെടലുകൾ കാര്യമായി നടക്കാത്തത് കൊണ്ട് അവസാനത്തെ മതം എന്നായി മാറിയില്ല. കുറച്ചൊക്കെ ബുദ്ധമതം മാത്രമല്ലാതെ
പക്ഷേ, ആൻ ദർശനങ്ങൾഎല്ലാം ഇവിടെ ഈ കമൻ്റ് കോളത്തിൽ പറയാൻ സാധിക്കില്ല.
പ്രത്യേകിച്ചും ഇത് മാത്രം, ഇങ്ങനെ മാത്രം എന്ന് പറയുന്നത് പോലുള്ള ഒരു ഭാരതീയദർശനം ഇല്ല. ബുദ്ധവും ജൈനവും സിഖും ആണെങ്കിൽ പോലും.
സെമിറ്റിക് മതങ്ങൾ അവതരിപ്പിക്കും പോലെ ഒരെണ്ണം മാത്രമായി, ആ ഒരെണ്ണം അവസാനത്തേതായി ഭാരതം ഒന്നിനെയും അവതരിപ്പിക്കുന്നില്ല.
അതാണ് ഇവിടെ കിട്ടുന്ന ഭാരതത്തിൻ്റെ തുറന്ന ആകാശവും വായുവും വിശ്വാസസ്വാതന്ത്ര്യവും.
രണ്ടുണ്ടെന്ന് പറയുന്ന സാംഖ്യം മുതൽ രണ്ടില്ല ഒന്നേയുള്ളൂ എന്ന് പറയുന്ന അദ്വൈതവേദാന്തം വരെയുണ്ട്.
പൂർണനിഷേധവും പൂർണവിശ്വാസവും ബുദ്ധവും ജൈനവും സിഖും എല്ലാം അതിൽ വരും.
അതുകൊണ്ട് തന്നെ എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് ഭാരതീയദർശനം എന്ന് ഇവിടെ വിശദീകരിച്ച് പറയാൻ സാധിക്കില്ല.
അഥവാ അങ്ങനെ വിശദീകരിച്ച് പറയാൻ ശ്രമിച്ചാൽ, വീണ്ടും താങ്കൾ തന്നെ പറയും നീണ്ടുപോയി, ലളിതമല്ലാതെ പോയി എന്നൊക്കെയുള്ള കണ്ണടച്ച ആരോപണം.
അതേസമയം ഭാരതീയദർശനം എന്തെന്ന് അറിയാനുള്ള ഗ്രന്ഥങ്ങളും വഴികളും ഇവിടെത്തന്നെ ഒരേറെയുണ്ട്. അത് താങ്കൾക്കും ഈയുള്ളവനും ഒരുപോലെ ലഭ്യവുമാണ്, തുറന്നുമാണ്.
ഇവിടെയുള്ള വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും ഒക്കെ പറഞ്ഞതും പറയാൻ ശ്രമിച്ചതും ഒക്കെ തന്നെ ഭാരതീയദർശനം തന്നെ.
ഒരേയൊരു പ്രത്യേകതയോടെ.
ഇത് മാത്രം, ഇത് അവസാനത്തേത് എന്ന ഭീഷണിയും അവകാശവാദവും ഇല്ലാതെ.
അതൊക്കെയും അറിയാൻ ശ്രമിക്കാതെ നമ്മൾ ഏതോ ഒരു വിശ്വാസത്തിന്, ജനിച്ചത് മുതലേ അടിപ്പെട്ട് ഭാരതീയമായ ഒരു ദർശനവും ഇല്ലെന്ന് ധരിച്ചുവശാകുന്നതാണ്, അങ്ങനെ ഭാരതത്തിന് ഒരുപടി ദർശനശാഖകൾ ഇല്ലെന്ന് വരുത്തുന്നതാണ് പ്രശ്നം.
ശരിയാണ്, ഭാരതീയദർശനനം ഇന്നതെന്ന് മാത്രം തിട്ടപ്പെടുത്തി പറയാവുന്ന അവസാനവാക്കല്ല.
ഭാരതീയ ദർശനത്തിൽ ആ നിലക്ക് ഒരു അവസാനപുരുഷനും അവസാനഗ്രന്ഥവും അവസാനവാക്കും ഇല്ല.
സത്യവും ദൈവവും എവിടെയെങ്കിലും മാത്രം, എതെങ്കിലും കാലത്തിലും ഗ്രന്ഥത്തിലും മാത്രം, ഏതോ വ്യക്തിയുടെ ഭാവനയിൽ തെളിഞ്ഞത് പോലെ (ദിവ്യാബോധനം എന്നും മറ്റുമൊക്കെ പേരിട്ട്) മാത്രം തളച്ചിടപ്പെടുന്നതല്ല ഭാരതീയദർശനത്തിൽ.
താങ്കൾക്ക് പറയാനുള്ളത് കൂടി, അത് മാത്രം എന്ന് താങ്കൾ പറഞ്ഞവസാനിപ്പിക്കാത്തിടത്തോളം, ഭാരതീയദർശനം തന്നെ.
നിഷേധവും വിശ്വാസവും ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും ഓരുപോലെ ഭാരതീയദർശനം തന്നെ.
ഭാരതീയദർശനം എന്തെന്ന് എത്ര പറഞ്ഞാലും വീണ്ടും വീണ്ടും എന്തെന്ന് ചോദിക്കും താങ്കൾ.
ഭാരതത്തിന് വേദങ്ങളും ഉപനിഷത്തുകളും ദർശനങ്ങളും ഇല്ലെന്ന മട്ടിൽ.
ഒന്ന് മാത്രമുള്ളവർ (സെമിറ്റിക് മതങ്ങൾ) അവർക്ക് മാത്രം എന്തോ ഉള്ളത് പോലെ പെരുമാറുന്നത് കണ്ടിട്ട്.
അൽപന് അർത്ഥം കിട്ടിയത് പോലെ തന്നെ ഭാരതീയമല്ലാത്ത ദർശന ശാഖകളുടെ കഥ.
പ്രത്യേകിച്ചും സെമിറ്റിക് ദർശനങ്ങളുടെത്.....
No comments:
Post a Comment