Sunday, September 18, 2022

കുറ്റം ചെയ്യുന്നത് കൊണ്ടല്ല ഒരാൾ കുറ്റവാളി ആവുന്നത്, അഥവാ ആവേണ്ടത്.

കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നത്, അഥവാ ആവേണ്ടത്.  

കുറ്റവാളിയുടെ മനസ്സ് ഉള്ളത്കൊണ്ട് കൂടിയായിരിക്കണം ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

യഥാർത്ഥ കുറ്റവാളി കുറ്റം മാത്രമല്ല ചെയ്യുന്നത്. 

അങ്ങനെ കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

പെട്ടന്നുള്ള പ്രകോപനത്താൽ, നിമിഷാർദ്ധം കൊണ്ട് എന്തെങ്കിലും പ്രതികരണപരമായി ചെയ്തു പോകുന്നവൻ അല്ല യഥാർത്ഥ കുറ്റവാളി. 

നാം അങ്ങനെ പെട്ടുംപോകുന്നവരെ മാത്രം പിടികൂടി കുറ്റവാളികളാക്കുന്നു. 

എന്നാലോ, യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്നവൻ രക്ഷപ്പെടുകയും ചെയ്യുന്നു. 

യഥാർത്ഥ കുറ്റവാളി, കാരണവും പശ്ചാത്തലവും ഉണ്ടാക്കി കുറ്റം ചെയ്യുന്നവനാണ്. 

അവൻ താൻ ചെയ്യേണ്ട കുറ്റത്തിന് പറ്റിയ സമയം വരാൻ കാത്തിരുന്നു പാത്തിരുന്നു ക്ഷമിച്ചു നിൽക്കുന്നു. 

അവൻ താൻ കുറ്റം ചെയ്യുന്നില്ലെന്നു വരുത്തും വിധം കുറ്റം ചെയ്യുന്നു. 

അവൻ തന്റെ കുറ്റത്തിന് വേണ്ട ന്യായീകരങ്ങളെയും ബലിയാടുകളെയും ആദ്യമേ ഉണ്ടാക്കി ഒരുക്കി കുറ്റം ചെയ്യുന്നു.  

അങ്ങനെ ന്യായീകരങ്ങളെയും ബലിയാടുകളെയും ഒരുക്കാൻ വേണ്ടി ഒട്ടനവധി കുറ്റങ്ങൾ ആദ്യമേയും ശേഷവും രഹസ്യമായി ചെയ്യുന്നു.  

യഥാർത്ഥ കുറ്റവാളി, തന്റെ കുറ്റം ചെയ്തു കിട്ടാൻ നിഷ്കളങ്കരായ പാവങ്ങളുടെ കൂടെ  നിൽക്കും, നില്കുന്നതായി തോന്നിപ്പിക്കും. 

അവരിൽ നിന്നും തനിക്കു താൻ ഉദ്ദേശിച്ച കുറ്റം ചെയ്യാൻ വേണ്ട വിവരങ്ങൾ ശേഖരിക്കും. 

സഹായിക്കുന്നത് പോലെ അവൻ ഇരയുടെ കൂടെ നടക്കും. 

എപ്പോഴെങ്കിലും തനിക്കെതിരെ ഇര എടുത്തേക്കാവുന്ന എല്ലാ നടപടികളെയും മനസ്സിലാക്കും. 

അതിനെതിരെ ചെയ്യേണ്ട നടപടികൾ ആദ്യമേ എടുക്കും.  

യഥാർത്ഥ കുറ്റവാളി തന്റെ ഇരയെ സുഹൃത്തായി നിലനിർത്തും പോലെ തന്നെ തോന്നിപ്പിക്കും. 

യഥാർത്ഥ കുറ്റവാളി കുറ്റം ചെയ്യുന്നത് ഇരയെ പ്രതിയാക്കി മാറ്റുന്ന കോലത്തിൽ. 

ഇര ചോദിച്ചു വന്നാൽ ഞാൻ നിന്നെ നിന്റെ കൂടെ നിന്ന് സഹായിക്കുകയായിരുന്നില്ലേ എന്ന ഒരുഗ്രൻ ചോദ്യമിട്ട് നിഷ്കളങ്കനായ ഇരയെ മുട്ട്കുത്തിക്കുകയും ചെയ്യും. 

ഇരക്ക് മറുപടിയായികണ്ണിൽ നോക്കി ഒന്നും പറയാനുണ്ടാവില്ല. 

ഉളുപ്പുള്ളവന് അല്ലെങ്കിലും എല്ലാം തോന്നിയത് പോലെ പറയാൻ പറ്റില്ലല്ലോ?

യഥാർത്ഥ കുറ്റവാളി ആദ്യമേ ഉണ്ടാക്കി ഒരുക്കിവെച്ച കാരണങ്ങളിലും ന്യായങ്ങളിലും പശ്ചാത്തലത്തിലും ബലിയാടുകളിലും തന്റെ കുറ്റം ആരോപിക്കും. 

ആ രീതിയിൽ മാത്രം അവൻ കുറ്റം ചെയ്യുന്നു. 

പിന്നീട് പുണ്യം ചെയ്തവനെ പോലെ ചമഞ്ഞു നടക്കുകയും ചെയ്യുന്നു.  

അങ്ങനെ പുണ്യവാനും നേതാവും തന്നെ ആയി യഥാർത്ഥ കുറ്റവാളി തുടരുകയും ചെയ്യും.

No comments: