Saturday, October 1, 2022

ലോകം ഒരു വലിയ തടവറ.

ലോകം ഒരു വലിയ തടവറ.

തടവറയിലാവാന്‍ മാത്രമുള്ള ' ഞാനും ' ' നീയും ' ഇല്ലെങ്കിലും, ലോകം ഒരു തടവറ. 

ലോകമെന്നാല്‍ ഈ ഭൂമിയെയും ഉള്‍ക്കൊള്ളുന്ന ലോകം.

ഭൂമിക്കും അപ്പുറമുള്ള പ്രാപഞ്ചികത. ഒരു വലിയ തടവറ.

പിന്നെയും ഒരേറെ തടവറകള്‍. ചെറുതും വലുതുമായി. 

സൗരയുഥം, ഭൂമി, രാജ്യം, സമൂഹം, മതം.

അവസാനം നീ തന്നെയും സ്വയം ഒരു തടവറ.

ശരീരം എന്ന തടവറ ഉണ്ടാക്കിയത് തരുന്ന, പിന്നെ ഈ ലോകവും ഉണ്ടാക്കിത്തരുന്ന 'ഞാന്‍' 'നീ'  ബോധം തന്നെയേ എല്ലാവർക്കും ഉള്ളൂ. 

*******

നീയടങ്ങുന്ന, മുകളില്‍ കുറേ പാളികൾ ആയുള്ള എല്ലാ തടവറകള്‍ക്കും അവയുടേതായ മാനങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. അഥവാ ഭിത്തികള്‍ ഉണ്ട്. അവ അനുവദിക്കുന്ന അവയുടേതായ ജനാലകളുണ്ട്. 

തടവറയെ തടവറയാക്കുന്ന പരിമിതികളുടെ ഭിത്തികള്‍, ജനാലകള്‍. 

അതിനാല്‍ എല്ലാറ്റിനും എല്ലാവർക്കും അവരുടേതായ മാനവും മാനദണ്ഡങ്ങളും ഉണ്ട്. അഥവാ ഭിത്തികള്‍ ഉണ്ട്. പരിമിതികളുണ്ട്. പുറത്ത് നോക്കാൻ അനുവദിച്ച പരിമിതമായ രീതികളും വഴികളും ഉണ്ട്. 

നിന്റെ രുചിയും ആസ്വാദനവും അനുഭവവും നിന്റേത് മാത്രമായ തന്നെ മറ്റാരും അറിയാത്തത്ര ശക്തമായ പരിമിതിയുടെ ഭിത്തികള്‍. തടവറ ഒരുക്കുന്നത്. 

പിന്നെ ആ ഭിത്തികള്‍ തരുന്ന പരിമിതമായ ജനാലകള്‍ നിന്റെ കാര്യത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ പോലെ. സ്വാതന്ത്ര്യം എന്നൊക്കെ തോന്നും. നീ നീയല്ലാതാവുന്ന സ്വാതന്ത്ര്യം ഇല്ല.

നീ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചിന്തകളും നിന്നെ നീയാക്കിയ തടവറഭിത്തികള്‍ക്കുള്ളിൽ സാധ്യമായത് മാത്രം. നിനക്കത് കൃത്യമായി നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും.

ഞാന്‍ നീയെന്ന ബോധം പോലും തടവറക്കുള്ളിൽ രൂപപ്പെടുന്ന, തോന്നുന്ന ഒരു വികാരവും വിചാരവും മാത്രം. തടവറ ഇല്ലാതായാല്‍ ഇല്ലാതാവുന്നത്. 

നീ കൂടിയായ തടവറക്കുള്ളില്‍ വെച്ച്, അതിനുള്ളിലെ സാധ്യത പോലെ നീ പലതും ചെയ്യും, നിനക്ക് പലതും തോന്നും.

ഓടുന്ന വണ്ടിക്കുള്ളിൽ നിന്ന് ഒടിക്കളിക്കുന്നത് പോലെ. വണ്ടി പോകുന്ന ദിശക്കെതിരെ തിരിഞ്ഞിരിക്കുന്നത് പോലെ. വണ്ടിയുടെ ദിശയോ വേഗതയോ മാറ്റാൻ സാധിക്കാതെ.

ഓരോ കാര്യവും നിനക്ക് വേണ്ടി എന്ന് വിചാരിച്ചു നീ ചെയ്യും. തേനീച്ച തേൻ ശേഖരിക്കുന്നത് പോലെ. മാവ് മാങ്ങ ഉണ്ടാക്കുന്നത്‌ പോലെ.

പക്ഷേ അവ മുഴുവന്‍ നിന്നിലൂടെ എല്ലാറ്റിനും വേണ്ടി സംഭവിക്കുന്നു. തടവറക്ക് മൊത്തം വേണ്ടി സംഭവിക്കുന്നു. എല്ലാ തടവറകള്‍ക്കു വേണ്ടിയും മേല്‍ പാളികള്‍ക്കു വേണ്ടിയും സംഭവിക്കുന്നു.

ആ നിലക്ക് എല്ലാ സംഗതികളും എല്ലാവരും തടവ്പുള്ളികള്‍ തന്നെ.

എല്ലാം (എല്ലാവരും) മാനങ്ങളുടെയും അവയുണ്ടാക്കുന്ന മാനദണ്ഡങ്ങളുടെയും തടവ് പുള്ളികള്‍. അവരുണ്ടാക്കുന്ന തോന്നലുകള്‍. 

മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സാധ്യതകള്‍ മാത്രം.

ത്രിമാനലോകത്ത് ത്രിമാനസങ്കല്‍പങ്ങളും നിര്‍വ്വചനങ്ങളും വെച്ച്, അത് നല്‍കുന്ന അനുഭൂതിതലത്തില്‍ ജീവിക്കുക തടവറയില്‍ അനുവദിക്കപ്പെട്ടത്.

കണ്ണ് കൊണ്ട്‌ കാണുക മാത്രം ചെയ്തും കാത് കൊണ്ട്‌ കേള്‍ക്കുക മാത്രം ചെയ്തും ത്വക്കും നാക്കും മൂക്കും എല്ലാ ആ വിധം മാത്രം ഉപയോഗിച്ചും ജീവിക്കുക. ശ്വസിച്ചും കുടിച്ചും ഉറങ്ങിയും വിസര്‍ജ്ജനം നടത്തിയും ജീവിക്കുക. 

അത് മാത്രമേ അത്ര മാത്രമേ ഉള്ളൂ സാധിക്കുകയുള്ളൂ എന്ന് കരുതി നിര്‍ബന്ധമായും അതിൽ സംതൃപ്തി പൂകി ജീവിക്കുക.

വെറും തടവ് പുള്ളിയെ പോലെ.

കിട്ടിയത് വെച്ച് കിട്ടിയ ഇടത്ത് ജീവിക്കുക. 

അങ്ങനെ നിനക്ക് വേണ്ടി എന്ന് നിനക്ക് തോന്നുന്നതും നീ ചെയ്യുന്നതും, അങ്ങനെ തോന്നിപ്പിച്ച് നിന്നെ ക്കൊണ്ട് തോന്നിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും ഒരുതരം Higher management.

പ്രകൃതി എന്നോ ദൈവമെന്നോ നീ വിളിക്കുന്ന ശക്തി ചെയ്യുന്ന Higher management.

എല്ലാം എല്ലാറ്റിനും വേണ്ടി, എല്ലാവരും എല്ലാവർക്കും വേണ്ടി എന്ന് വരുന്ന, വരുത്തുന്ന Higher management.

******

ചെറിയ നിനക്ക് ഈ വലിയ ലോകം ഒരു തടവറ എന്ന് കണ്ട് ബോധ്യപ്പെടുന്നില്ല എന്ന് മാത്രം.

ഇതേ മനസ്സിലാകായ്ക നീയെന്ന നിന്റെ ശരീരത്തിന്റെ (ആ ലോകത്തിലെ) ഓരോ അണുവിനും കോശത്തിനും ഉണ്ട്‌.

അതുകൊണ്ട്‌ തന്നെ  ഈ ലോകം അനുവദിച്ച, ഈ ലോകത്തിനുള്ള അതിന്റെ മാനവും മാനദണ്ഡവും ആയ ഭിത്തികളും ജനവാതിലുകള്‍ തന്നെയേ നിനക്ക് ഉള്ളിലേക്ക് നോക്കാനും പുറത്ത് നോക്കാനും ഉള്ളൂ. 

******

ഈ തടവറക്കുള്ളില്‍ തലച്ചോറുണ്ടാക്കിയ ലോകമാണ് മനുഷ്യന്‍ ജീവിക്കുന്ന ലോകം.

പ്രകൃതിപരമെന്നും ദൈവികമെന്നും പറയാനില്ലാത്തത്.

വിവാഹമായാലും സമൂഹമായാലും വിടായാലും റോഡായാലും വാഹനമായാലും വസ്ത്രമായാലും ആശുപത്രിയായാലും മരുന്നായാലും എല്ലാം അങ്ങനെ തലച്ചോറുണ്ടാക്കിയ ലോകം. 

ഈ കാണുന്ന ലോകം ഉണ്ടാക്കിയ തലച്ചോറ് ഉണ്ടാക്കിയ ശാസ്ത്രവും വ്യവസ്ഥയും പഠിക്കാനും അത് തുടര്‍ത്തനും അത് വെച്ച് ജോലിയെയെടുത്ത് ജീവിക്കാനുമാണ് മനുഷ്യന്‍ ശ്രമിക്കുന്നതും.

അവന്റെ വിദ്യഭ്യാസ സമ്പ്രദായം മുഴുവന്‍ അവന്റെ തന്നെ തലച്ചോറ് ഉണ്ടാക്കിയ ലോകം നിലനിര്‍ത്താനും തുടര്‍ത്താനും വേണ്ട വിവരവും വിചാരവും മാത്രമാണ്.

*******

ഉദ്ദേശരാഹിത്യം നിലനില്‍ക്കുന്നു.

എല്ലാ ഉദ്ദേശങ്ങളും ഉദ്ദേശരാഹിത്യമായിത്തീരുന്നു.

നേടാനും നഷ്ടപ്പെടാനും ഇല്ലാത്ത ദൈവവും ഉദ്ദേശരഹിതന്‍.

വഴി എന്ന് വിചാരിച്ച്, അത് വേറെ എവിടെയോ എന്ന്‌ വിചാരിച്ച് അസ്വസ്ഥപ്പെടേണ്ട..

അങ്ങനെ ഒന്ന് വേറെ തന്നെ എവിടേയും ഇല്ല.

ജീവിതം തരുന്നതും ജീവിതത്തില്‍ ഉള്ളതും ജീവിതം ഉണ്ടാക്കുന്നതും തന്നെയല്ലാതെ.

******

ഒന്നുകില്‍ ഈ 'ഞാൻ' ഇല്ല, ഈ 'ഞാന്‍' ഇല്ലാത്തത്.

പിന്നെയോ? 

ഉള്ളത് സര്‍വ്വവും തന്നെയായ ഒരേയൊരു 'ഞാന്‍' മാത്രം.

പ്രകൃതി എന്നോ ഈശ്വരന്‍ എന്നോ നിങ്ങൾ അതിനെ വിളിച്ചുകൊള്ളുക.

******

അല്ലെങ്കില്‍ ഈ 'ഞാന്‍' ഉണ്ട്, ഈ 'ഞാന്‍' ഉള്ളത്.

എങ്കിലോ? 

ഈ 'ഞാന്‍' ആകയാലുള്ള ഒരേയൊരു 'ഞാന്‍', ആകയാലുള്ള ഒരേയൊരു 'ഞാനി'ന്റെ ഭാഗം.

അങ്ങനെ വന്നാല്‍....?

എല്ലാ 'ഞാനുകളും' ഫലത്തില്‍ ഒന്നേ ഒന്ന്..

*****

അല്ലാതൊരു ഞാന്‍ എന്ന ബോധവുമായി ആരും ജനിക്കുന്നില്ല.

അങ്ങനെയൊരു ഞാന്‍ എന്ന ബോധവും കൊണ്ട്‌ ആരും മരിക്കുന്നുമില്ല.

മാറ്റം ഇല്ലാത്ത സ്ഥായിയായ ഞാന്‍ ബോധവുമായി ആരും ജീവിക്കുന്നുമില്ല.

*****

തലച്ചോറ് ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്ന ഞാന്‍ മാത്രം.

തീർത്തും ശരീരം ഉണ്ടാക്കുന്ന ഞാന്‍ മാത്രം.

ശരീരത്തോടെ ഇല്ലാതാവുന്ന ഞാന്‍ മാത്രം.

തുടര്‍ച്ച ഇല്ലാത്ത ഞാന്‍ മാത്രം. 

ഒന്നും അറിയാത്ത കുഞ്ഞും ബാലനും യുവാവും മധ്യവയസ്കനും വൃദ്ധനും ഒക്കെയായി ഇല്ലാതാവുന്ന ഞാന്‍ മാത്രം.

*******

പ്രത്യക്ഷവും (ളാഹിര്‍) പരോക്ഷവും (ബാത്വിന്‍) ഒന്ന്.

പേരിൽ ബോധമായാലും ഊർജമായാലും ആത്മാവായാലും പദാർത്ഥമായാലും ഒന്ന്.

എന്തായാലും "ഞാനും" "എന്റേതും" ഇല്ല.ഞാന്‍ എന്ന ബോധവുമായി ആരും ജനിക്കുന്നില്ല.

1 comment:

palluruthij said...

WELL THOUGHT. COHERENTLY WRITTEN. GREAT MY FRIEND. IT IS CLEAR AS A WATER IN THE LAKE IN THE MOUNTAINS.