Tuesday, October 18, 2022

ഉടമയെന്ന ബോധം പേറിനടക്കുന്നവനല്ല ദൈവം.

അടിമ ഉടമ ബോധമൊന്നും ദൈവത്തിന് ബാധകമല്ല. 

നമ്മുടെ മാനം തരുന്ന പരിമിതി വെച്ച് നമുക്ക് നാം അടിമകളായി തോന്നാം. 

എന്നാലും ദൈവം ഉടമയല്ല. 

ഉടമയെന്ന ബോധം പേറിനടക്കുന്നവനല്ല ദൈവം. 

ഉടമയെന്ന ബോധം പേറിനടക്കുന്നവൻ ദൈവവുമല്ല.

*****

മനുഷ്യൻ്റെ മേൽ ഉടമയായ മനുഷ്യൻ, അടിമയായ മനുഷ്യന് ദൈവമായ കഥ. 

അത് ശരിയാണ്. 

അങ്ങനെയുള്ള ദൈവം ഉടമ തന്നെയാണ്. മനുഷ്യൻ അടിമയും.

ബാക്കിയുളളവരെ അടിമയാക്കിയാൽ മാത്രം ആകാവുന്ന ഉടമയായ ദൈവം. 

ആപേക്ഷിക മാനത്തിൽ മാത്രം വിരാജിക്കുന്ന ദൈവം, ദൈവസങ്കല്പം. 

എന്നതിനാൽ അത്തരം ഉടമയായ ദൈവത്തിന്, അടിമയെ അടിമ തന്നെയായി നിലനിർത്തൽ നിർബന്ധവുമാണ്. 

കാരണം, അടിമ ഉണ്ടെങ്കിൽ മാത്രം യജമാനനായി ദൈവമാകാൻ അപ്പോഴേ സാധിക്കൂ. 

അടിമയുമയി ബന്ധപ്പെട്ട് തുലനങ്ങളുടെ ലോകത്ത്, ആപേക്ഷികനായി മാത്രം, വിരുദ്ധ, വിപരീത സ്വഭാവത്തിൽ ദൈവമാകുന്നവൻ. 

പക്ഷെ ആത്യന്തികനായ സർവ്വലോകങ്ങൾക്കും മനസ്സാക്ഷിയും രൂപവും ഭാവവും ആയ ദൈവത്തിന് പ്രത്യേകിച്ച് ഉടമയാവേണ്ടതില്ല. 

അത്തരം ആത്യന്തിക ഭാവത്തിന് തുലനങ്ങൾ ഇല്ല. വിപരീതനാവേണ്ടതില്ല.

എന്ന് മാത്രമല്ല, ആപേക്ഷിക മാനത്തിൽ നമ്മുടെ അവസ്ഥയും പരിമിതിയും തലച്ചോറും വെച്ച് നമുക്ക് തോന്നുന്ന അടിമ ഉടമ ബോധം തന്നെയില്ല. ആത്യന്തികനായ ദൈവത്തിന് അതൊന്നും ബാധകവുമല്ല.

*****

ആപേക്ഷിക ലോകത്ത്, 

ആപേക്ഷികമെന്ന് തന്നെ 

നാമറിഞ്ഞ്, പറഞ്ഞ്, മനസ്സിലാക്കി, 

ക്രമപ്രവൃദ്ധമായി വളർന്ന്, 

ഭൂതത്തെ വേരാക്കി 

അപ്പപ്പോൾ എന്ന വർത്തമാനത്തിൽ ഉള്ള, 

അപ്പപ്പോൾ  ഉണ്ടാക്കുന്ന 

നിയമവും വ്യവസ്ഥിതിയും മാത്രം. 

അതുണ്ടാക്കുന്ന ശരിയും തെറ്റും മാത്രം. 

അതുവെച്ച് മാത്രം മുന്നോട്ട് പോകുക. 

ആത്യന്തികതയിൽ ശരിയും തെറ്റും പിശാചും ഇല്ല തന്നെ.


No comments: