Friday, October 28, 2022

ആരാണ് ബുദ്ധിമാൻ ആരാണ് വിഡ്ഢി

ആരാണ് ബുദ്ധിമാൻ ആരാണ് വിഡ്ഢി എന്ന് വകതിരിച്ച് അവകാശപ്പെടാൻ വരട്ടെ. 

ജീവിക്കാൻ എളുപ്പം വിഡ്ഢിക്കാണ്.

എത്ര ശ്രദ്ധയോടെ ബുദ്ധിമാൻ എന്ന് കരുതപ്പെടുന്നവൻ ബുദ്ധിപരമായ കാര്യങ്ങൾ ചെയ്യുന്നുവോ, അത്ര തന്നെ ശ്രദ്ധയോടെയാണ് വിഡ്ഢി എന്ന് കരുതപ്പെടുന്നവനും വിഡ്ഢിത്തങ്ങൾ ചെയ്യുന്നതും.  

****

വിഡ്ഢിക്ക് അഭിനയിക്കാനില്ല. 

അതിനാൽ പേടിക്കാനുമില്ല. 

ബുദ്ധിമാന് പേടിക്കാനും അഭിനയിക്കാനും ഏറെ. 

ബുദ്ധിയെന്നാൽ ഏറെയും പേടിയും അഭിനയവും. 

മുഴുവനും തകർത്തെറിയുന്നത് വരേ. 

മുഴുവനും തകർത്തെറിഞ്ഞാൽ മേൽകൂരകൾ ഇല്ലാതായാൽ ബുദ്ധിമാനും ഒരു വിഡ്ഢിയായിത്തീരുന്നു.

*****

ജീവിതം ജീവിതത്തിൻ്റെ സ്വഭാവം കൊണ്ട് അനിശ്ചിതമാണ്. 

എന്നുവെച്ച് നമ്മളായി ജീവിതത്തെ ഒന്നുകൂടി അനിശ്ചിതമാക്കേണ്ടതില്ല. 

ഒരുപക്ഷേ വിഡ്ഢികൾ എന്ന് നാം കരുതുന്നവർ ചെയ്യുന്നത് അതാണ്. ബുദ്ധിമാൻ മാർ എന്ന് നാം കരുതുന്നവർ മറിച്ചും.

ജീവിതത്തെ അനിശ്ചിതമാക്കാതിരിക്കാനാണല്ലോ നാം നമ്മുടേതായ ശ്രദ്ധയും കരുതലും അധ്വാനവും നടത്തുന്നത്. 

പ്രയാസവും അപകടവും ആരും ആഗ്രഹിക്കുന്നില്ല.

*****

അറിയില്ലെന്നറിയലാണ് അറിവ്. 

അതാണ് ഏത് വിശ്വാസത്തിനും ആധാരം. 

ഒന്നുമറിയില്ല, അശക്തനാണ്, നിസ്സഹായനാണ് എന്നത് ഏതൊരുത്തനെയും വിശ്വാസിയാക്കും. 

അറിയാത്തത് കൊണ്ടും നിസ്സഹായനായത് കൊണ്ടുമാണ് നിൻ്റെ വിശ്വാസമെന്ന് നീ അറിയുന്നുവെങ്കിൽ, നീ സഹിഷ്ണുതയുള്ളവനാവും. 

എല്ലാ വിശ്വാസവും ഒരുപോലെ തെറ്റും ശരിയുമെന്ന് നീ അറിയും. വിഡ്ഢിത്തവും ബുദ്ധിയും ഒരുപോലെയാവും

കാരണം എല്ലാവരും വിശ്വസിക്കുന്നത് അറിയാത്തത് കൊണ്ട്, നിസ്സഹായനായത കൊണ്ട്. 

നിന്നെപ്പോലെ തന്നെ. 

വിഡ്ഢികൾ ആയിക്കൊണ്ട്.

No comments: