Sunday, October 16, 2022

ക്ഷമിക്കുക. എഴുത്തുകൾ പലപ്പോഴും നീണ്ടുപോകുന്നുണ്ട്.

ക്ഷമിക്കുക.

എഴുത്തുകൾ പലപ്പോഴും നീണ്ടുപോകുന്നുണ്ട്. 

നല്ല സുഹൃത്തുക്കളിൽ പലരും പലപ്പോഴായി അത് സൂചിപ്പിക്കുകയും ചെയ്തു. 

അവരിൽ ചിലർ ചുരുക്കി എഴുതാൻ സൗമനസ്യാ ഈയുള്ളവനോട് താല്പര്യപ്പെടുകയും ചെയ്തു.

അതിനാൽ എല്ലാവരോടും കൂടി ഒന്ന് പറയട്ടെ.

ശ്രമിച്ച് എഴുതാറില്ല.

എഴുതാൻ വേണ്ടി, എഴുതണം എന്ന് വിചാരിച്ച്, മുൻനിർവ്വചനങ്ങൾ വെച്ച്, ഇങ്ങനെയാവണം അങ്ങനെയാവണം എന്ന് മുൻകൂട്ടി കരുതി എഴുതാറില്ല. 

സ്വാഭാവികമായി പ്രതികരിക്കുന്നത് പോലെ, കൊതുക് കടിച്ചാൽ ചൊറിയുന്നത് പോലെ, കൊതുകുകടി വീഴുമ്പോൾ അപ്പപ്പോൾ കൊതുകിനെ കൊന്നുപോകുന്നത് പോലെ, ശ്വാസോച്ഛ്വാസം പോലെ, എഴുതുന്നത് എഴുത്താവുന്നതാണ് 

നീട്ടി എഴുതുന്നതല്ല.

ചുരുക്കി എഴുതിത്തന്നെ നീണ്ടു പോകുന്നതാണ്...

വിഷയം സമഗ്രമായി പ്രതിപാദിക്കുന്നത് കൊണ്ട് മാത്രം...

വ്യാവഹാരിക, വ്യക്തിപര വിഷയങ്ങൾ പറഞ്ഞ്, വിഷയത്തിൽ നിന്നും പുറത്ത് പോയി, കാടും പടലവും പറഞ്ഞ്, അതും ഇതും പറഞ്ഞ് നീളുന്നതല്ല എന്ന് തന്നെ കരുതുന്നു.

സോറി...

ശരിക്കും ക്ഷമിക്കുക...

*****

സ്വാഭാവികതയിൽ അങ്ങനെയാണ്. 

ഒരു ബിന്ദു വികസിച്ച് വലുതായി പൊട്ടിയും ചിതറിയും വലിയ പ്രപഞ്ചവിസ്മയമാവും. 

അത് പോലെയാണ് ഒരു ചെറിയ ബിന്ദുവിൽ നിന്ന് തുടങ്ങി വലുതായി വികസിച്ച് വലിയ എഴുത്തുകളും ഗ്രന്ഥങ്ങളും ഉണ്ടാകുന്നത്. 

മുൻനിശ്ചയങ്ങൾ ഇല്ലാതെ. 

മുൻനിശ്ചയിച്ചത് പോലെയല്ലാതെ.

******

എഴുത്ത് ചെറുതും വലുതും ആവുന്നതാണ്. ആക്കുന്നതല്ല. 

വിഷയവും സന്ദർഭവും  ആവശ്യപ്പെടുന്നത് പോലെ. 

സ്വാഭാവികമായി വളരുക മാത്രം. 

ഒരു വൻവൃക്ഷത്തിന് വൻവൃക്ഷം തന്നെയല്ലാതെ വെറും ബോൺസായ്യോ പുല്ലോ ആവാൻ തരമില്ലല്ലോ? 

എപ്പോഴും ചെറുതായിത്തന്നെയിരിക്കാൻ തരമില്ലല്ലോ?

****

എഴുതുന്ന ആൾ പ്രത്യേകമായ ഒരു വിഭാഗത്തെയും ഉദ്ദേശിക്കില്ല. 

വായിക്കുന്ന ആളുടെ കഴിവും അഭിരുചിയും സാഹചര്യവും സന്ദർഭവും പോലെ നല്ലതെന്നും നല്ലതല്ലെന്നും തോന്നും. 

എല്ലാ പഴങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടില്ല. 

പക്ഷെ പഴം നൽകുന്ന സസ്യം അല്ലെങ്കിൽ വൃക്ഷം ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ച് അവർക്ക് പറ്റിയത് മാത്രം കായപ്പിച്ചു, വളർത്തി എന്ന് പറയാൻ പറ്റില്ലല്ലോ? 

പുളിയുള്ള മാങ്ങ ഇഷ്ടപ്പെടുന്ന കുട്ടികളുണ്ട്. 

മുതിർന്നവർ പ്രായം കൂടുന്നതിനനുസരിച്ച് പുളിയുള്ള മാങ്ങയോട് ഇഷ്ടക്കേട് കാണിക്കുന്നു. പലപ്പോഴും അവരുടെ തന്നെ അസിഡിറ്റി പോലുള്ള അവസ്ഥ കാരണം. 

ഇത് മാവ് കരുതിക്കൂട്ടി ചെയ്യുന്നതല്ലല്ലോ? 

ഇങ്ങനെ സ്വാഭാവികമായി അവരവരുടെ പരിമിതികളിൽ നിന്ന് തന്നെയാണ് എല്ലാം ഉണ്ടാവുന്നതും ആസ്വദിക്കുന്നതും. 

ആരുടെയും കുറ്റമായി പറയാൻ സാധിക്കാതെ.

No comments: