Wednesday, October 5, 2022

ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് വലിയ കുട, വലിയ പ്ലാറ്റ്ഫോം

ഹൈന്ദവതയിലും ഭാരതീയതയിലും, പഴയ കാലങ്ങളിൽ നടപ്പാക്കിയ രീതികളിൽ, പ്രത്യേകിച്ചും ജാതീയമായ കാര്യങ്ങളിൽ, ചില വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. 

പ്രത്യേകിച്ചും ജാതി വെറും ജന്മം കൊണ്ടാണ് എന്ന് വന്നതിൽ.

അത് സംഭവിച്ചത് ആ കാലഘട്ടത്തിൻ്റെ സ്വഭാവം പോലെ മാത്രം. 

ആ കാലഘട്ടത്തിൽ ലോകമാസകലം സംഭവിച്ച പലതിൻ്റെയും വേറൊരു കോലം പോലെ മാത്രം.

ആരും അത് പാളിച്ചകൾ ആയിരുന്നുവെന്ന് സമ്മതിക്കാതിരിക്കുന്നില്ല. 

ആരും അത് പാളിച്ചകൾ ആയിരുന്നില്ലെന്ന് പറയുന്നുമില്ല. 

പ്രത്യേകിച്ചും ഇന്നിൻ്റെ പരിപ്രേക്ഷ്യത്തിൽ നിന്നു കൊണ്ട്, ഇന്നിൻ്റെ അളവുകോലുകൾ വെച്ച് നോക്കുമ്പോൾ.

ഇന്ന് കൊണ്ട് ഇന്നലെയേ നോക്കുമ്പോൾ എല്ലാ ഇന്നലെകളും അങ്ങനെയാണ്. 

ചിലപ്പോൾ തീർത്തും വികൃതം, മറ്റുചിലപ്പോൾ തീർത്തും സുന്ദരം. 

ദൂരം നമുക്ക് മനസിലാവാത്ത വൈകൃതവും സൗന്ദര്യവും സൃഷ്ടിക്കുന്നു

ഇന്നിൻ്റെ പരിപ്രേക്ഷ്യത്തിൽ നിന്നു കൊണ്ട് ഇന്നിൻ്റെ അളവുകോലുകൾ വെച്ച് നോക്കുമ്പോൾ എല്ലായിടത്തും ഉണ്ടായ എല്ലാ പഴയതുകളും, ഇസ്ലാമും ക്രിസ്തുമതവും മാർക്സിസവുമടക്കം എല്ലാം (നടപ്പായ, നടപ്പാക്കിയ രീതികൾ വെച്ച് നോക്കിയാൽ) പാളിച്ചകൾ തന്നെയാണ് എന്ന് വരും.

പക്ഷേ, ഹൈന്ദവതയുടെയും ഭാരതീയതയുടേയും കാര്യത്തിൽ ആ പഴയ പാളിച്ചകൾ തന്നെ എന്നെന്നേക്കുമായി ഒരു പ്രത്യേശാസ്ത്രം പോലെ ഇന്നും കൊണ്ടുനടക്കണമെന്ന് ആരും വാശിപിടിക്കുന്നില്ല. ആരൊക്കെയോ ചിലർ ആരോപിക്കുന്നതല്ലാതെ.

ആ പഴയകാല പാളിച്ചകൾ അപ്പടിയേ തന്നെ അനുകരിച്ച് പിന്തുടരുക പുണ്യമാണെന്നും സ്വർഗത്തിലേക്ക് പോകാനുള്ള വഴിയാണെന്നും ഒരു ഭാരതീയനും ഹൈന്ദവനും കരുതുന്നുമില്ല.

അതുകൊണ്ട് തന്നെ മാറി മാറി വന്നതാണ് ഹൈന്ദവത, ഭാരതീയത. 

മാറ്റത്തിന് തയാറുള്ളതാണ് ഹൈന്ദവത, ഭാരതീയത.

ദൈവത്തെയും സത്യത്തെയും പ്രാപിക്കുന്ന കാര്യത്തിൽ എല്ലാറ്റിലും ശരി കാണുന്ന സനാതനധർമ്മം ആ ഹൈന്ദവതക്കും ഭാരതീയതക്കും ആധാരം.

എല്ലാം ഉൾകൊള്ളുന്ന സനാതന ധർമ്മം തന്നെയായ വലിയ കുടയിൽ ഉറച്ചു നിൽക്കുന്ന ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാവരേയും, വൈവിധ്യമാർന്ന അർത്ഥത്തിൽ, എല്ലാ വൈവിധ്യങ്ങളും ഉൾക്കൊണ്ട്, ഉൾകൊള്ളാൻ പറ്റിയ ഒരു വലിയ പ്ലാറ്റ്ഫോം. 

ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാവർക്കും ചേക്കേറാൻ പറ്റിയ വലിയ പ്ലാറ്റ്ഫോം.

ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാ വ്യത്യാസങ്ങളും ഒരുമിച്ച് നിൽക്കാൻ പറ്റിയ വലിയ പ്ലാറ്റ്ഫോമും.

ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാ ദിശകളിലേക്കും, വ്യത്യസ്തമെന്ന് തോന്നുന്ന (എന്നാൽ ഒന്ന് തന്നെയായ) എല്ലാ ലക്ഷ്യങ്ങളിലേക്കുമുള്ള വണ്ടികൾ എത്തുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമും.

******

രാജ്യം എന്നത് ഒരു അനിഷേധ്യമായ വസ്തുതയും മൂർത്തമായ യാഥാർത്ഥ്യവുമായിരിക്കെ, രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടിയല്ലേ നോക്കേണ്ടത്? അതിന് ആ രാജ്യത്തിൻ്റെതായ സാംസ്കാരിക ദാർശനിക പാരമ്പര്യം ഉതകുമെങ്കിൽ അതല്ലേ ഉപയോഗിക്കേണ്ടത്? പ്രത്യേകിച്ചും ആ പാരമ്പര്യം എല്ലാ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉൾകൊള്ളാൻ സന്നദ്ധവുമാണെങ്കിൽ...

*****

എങ്കിൽ, ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കാരെ ഒരുമിച്ച് നിർത്തുവാനുള്ള ഇന്ത്യൻ സാധ്യതയും വഴിയുമല്ലെ കാണേണ്ടതും പറയേണ്ടതും? 

അതിന് വിദേശത്ത് പോകേണമോ? 

അതിന് വിദേശീയമായ സങ്കല്പവും വിശ്വാസവും വേണോ? 

പ്രത്യേകിച്ചും ഹൈന്ദവം, ഭാരതീയം എന്നതിൽ എല്ലാ വിശ്വാസവ്യത്യാസങ്ങളും ഉൾചേർന്ന് ഒരുമിച്ച് നൽകുമെങ്കിൽ. 

ഇന്ത്യയിലെ എല്ലാ മനുഷ്യരും, വിശ്വാസവ്യത്യാസം പ്രശ്നവും മാനദണ്ഡവും തടസവും ആവാതെ ഒരുമിക്കുന്നതിന് ഹൈന്ദവമെന്നും ഭാരതീയമെന്നും പേര് വന്നാൽ എന്താണ് കുഴപ്പം? 

ഇന്ത്യക്കാരൻ എന്ന് മാത്രം അർത്ഥം വരുന്ന എല്ലാ വിശ്വാസവ്യത്യാസങ്ങളും ഒരുമിച്ച് ഓരുപോലെ നിൽക്കുന്ന, എല്ലാം ശരിയെന്ന് വരുന്ന ഹൈന്ദവത, ഭാരതീയത.

No comments: