മരണം: പഴയത് ഇല്ലാതാവുന്ന ചുവട് മാറ്റം.
മരണം: പുതിയത് മാത്രം ഉണ്ടാവുന്ന, ഉണ്ടാക്കുന്ന ചുവട് മാറ്റം.
മരണം: ജീവിതനൃത്തം തേടുന്ന പുതിയ ചുവട്, പുതിയതിലേക്കുള്ള ചുവട്മാറ്റം.
മരണം: ഏതെങ്കിലും സ്റ്റേഷനിൽ 'ഞാൻ ' വന്നിറങ്ങുന്നതല്ല.
അങ്ങനെയൊരു സ്റ്റേഷനും ഇല്ല, തുടരുന്ന ഞാനും ഇല്ല.
മരണം: ഇനിയങ്ങോട്ട് 'ഞാനാ'യി തുടരാനുള്ള എൻ്റെ എവിടെയുമുള്ള ഇറക്കമല്ല.
മരണം എൻ്റെഉണർവ്വ് വിട്ടുള്ള ഒരുറക്കവുമല്ല.
'ഞാനു'ണ്ടെങ്കിലല്ലേ എനിക്കുറക്കം, എൻ്റെ ഉറക്കം?
പകരം, എന്നെയും ഒഴിവാക്കിയുള്ള ജീവിതത്തിൻ്റെ ഇറക്കം മാത്രം.
ജീവിതം ' ഞാൻ ' എന്ന വസ്ത്രം അഴിച്ചു മാറ്റുന്നത് മരണം.
അല്ലാതെ ഏതെങ്കിലും സ്റ്റേഷനിലുള്ള എന്തെങ്കിലും ഉദ്ദേശം വെച്ചുള്ള എൻ്റെ ഇറക്കമല്ല, എൻ്റെ യാത്രയുടെ തുടർച്ചയല്ല മരണം.
'ഞാനും' 'നീയും' ഇല്ലാത്ത ജീവിതത്തിൻ്റെ അത് തന്നെയായ ഏതെങ്കിലും സ്റ്റേഷനിലുള്ള അതിൻ്റെ ഇറക്കം മാത്രമാണ് മരണം.
'ഞാനും ' 'നീയും ' ഒഴിവാക്കുന്ന ഇറക്കമായ ജീവിതത്തിൻ്റെ മരണം.
ജീവിതം തന്നെയായ സ്റ്റേഷനിലുള്ള ജീവിതത്തിൻ്റെ ഇറക്കം.
ജീവിതം ജീവിതത്തെ തിരിച്ചെടുക്കുന്നത് എൻ്റെ മരണം. എൻ്റെ ജീവിതത്തിൻ്റെ മരണം.
ജീവിതം വേഷം മാറാൻ സ്വയം എടുക്കുന്ന ഇറക്കം മരണം.
ഈ 'ഞാൻ ' തോന്നലും ബോധവും ഇല്ലാത്ത ജീവിതത്തിൻ്റെ തുടർച്ച മരണം.
'ഞാനെ'ന്ന വേഷം ഒഴിവാക്കി പച്ചയായ മറ്റ് പല വേഷങ്ങളും എടുക്കാനുള്ള ജീവിതത്തിൻ്റെ മാത്രം ഇറക്കം മരണം.
*****
ജീവിതം യാത്രയെങ്കിൽ, മരണത്തോടെ എൻ്റെ സ്റ്റേഷനിൽ എത്തുക എന്നതില്ല.
ഇനി അടുത്തത് 'എൻ്റെ' സ്റ്റേഷൻ എന്നതില്ല. അതിനാൽ മരണം എന്നതും ഇല്ല.
മരണം ഒരു സ്റ്റേഷനിലും എന്നെ കൊണ്ടുചെന്നെത്തിക്കുന്നില്ല.
കാരണം സ്റ്റേഷനിൽ ഇറങ്ങിയാൽ തുടരുന്ന 'ഞാനും' 'എൻ്റേതും ' ഇല്ല .
അടുത്ത നിമിഷം, അടുത്ത സ്റ്റേഷൻ എന്നെയും എൻ്റെ ജീവിതത്തെയും അവസാനിപ്പിക്കുന്ന സ്റ്റേഷൻ. അത്രമാത്രം.
അതുവരെ ഉണ്ടായിരുന്ന ഞാനും എൻ്റേതും അതോടെ ഇല്ലാതാവുന്നു.
ഞാനും എൻ്റേതും അടുത്ത സ്റ്റേഷനോടെ, മരണത്തോടെ ഇല്ലാതാവുന്നു.
ഞാനും എൻ്റേതും ഇല്ലാതാക്കുന്ന, യാത്ര അവസാനിപ്പിക്കുന്ന, യാത്രയെ യാത്ര പോലും അല്ലാതാക്കുന്ന സ്റ്റേഷൻ, മരണം.
No comments:
Post a Comment