Tuesday, October 18, 2022

ആരെങ്കിലും എന്തെങ്കിലും വിശ്വസിക്കുന്നതല്ല തെറ്റ്.

ആരെങ്കിലും എന്തെങ്കിലും വിശ്വസിക്കുന്നതല്ല തെറ്റ്. 

എല്ലാവരും എന്തെങ്കിലും വിശ്വസിച്ച് പോകും. പിന്നെന്താണ് തെറ്റ്? 

ആ വീണുകിട്ടിയ വിശ്വാസം വെച്ച് ബാക്കിയെല്ലാ സാധ്യതകളെയും അന്വേഷണങ്ങളെയും നിഷേധിക്കുന്നത് മാത്രമാണ് തെറ്റ്.

*****

ആപേക്ഷിക ലോകത്ത്, ആപേക്ഷികമെന്ന് തന്നെ നാമറിഞ്ഞ്, പറഞ്ഞ്, മനസ്സിലാക്കി, ക്രമപ്രവൃദ്ധമായി വളർന്ന്, ഭൂതത്തെ വേരാക്കി അപ്പപ്പോൾ എന്ന വർത്തമാനത്തിൽ ഉള്ള, ഉണ്ടാക്കുന്ന നിയമവും വ്യവസ്ഥിതിയും മാത്രം. അതുണ്ടാക്കുന്ന ശരിയും തെറ്റും മാത്രം. 

അതുവെച്ച് മാത്രം മുന്നോട്ട് പോകുക. 

ആത്യന്തികതയിൽ ശരിയും തെറ്റും പിശാചും ഇല്ല തന്നെ.

*****

അർത്ഥവ്യത്യാസവും അതിലെ ആഴവും അറിയാത്തവർക്ക് എല്ലാം ആവർത്തനം. 

അവർക്ക് ഒന്നും വേറേ വേറേ അല്ല. 

അവർക്ക് എല്ലാം ഒന്ന് തന്നെയായ ആവർത്തനം.

*****

ചിലരുണ്ട്. 

കമഴ്ത്തി വെച്ച കലം പോലെ. 

അവരിലേക്ക് ഒഴിച്ച വെള്ളത്തിൻ്റെ (അറിവിൻ്റെ) അളവ് വെച്ച് നിലവാരം അളന്നിട്ട് കാര്യമില്ല. 

ഒരു തുള്ളിയും കമഴ്ന്നു കിടക്കുന്ന പാത്രത്തിൽ കയറില്ല. 

നൂറായിരം കൊല്ലം പ്രാർത്ഥിച്ചാലും എത്ര ഗ്രന്ഥങ്ങൾ വായിച്ചാലും തുടങ്ങിയ അതേ അവസ്ഥയിൽ തന്നെ ഉണ്ടാവും അവർ. 

യഥാ സ്ഥിതിയിൽ.

No comments: