Wednesday, October 5, 2022

രാജ്യം എന്നത് ഒരു അനിഷേധ്യമായ വസ്തുതയും മൂർത്തമായ യാഥാർത്ഥ്യവുമായിരിക്കെ...

മാനവികതയെ അംഗീകരിച്ച് തന്നെയാണ് പറയുന്നത്. 

മാനവികതയെ അംഗീകരിക്കുന്നത് കൊണ്ട് രാജ്യം എന്നത് ഇല്ലെന്ന് വരില്ലല്ലോ? 

രാജ്യം ഉണ്ടായിരിക്കെ തന്നെയാണ്, രാജ്യം സംരക്ഷിച്ച് കൊണ്ട് തന്നെയാണ് നിലവിൽ എല്ലാവരും എല്ലായിടത്തും മാനവികത സംസാരിക്കുന്നത്, സംസാരിക്കേണ്ടത്. 

എന്നാൽ രാജ്യമെന്ന ചെറിയ, സാധ്യമായ, നിലവിൽ ലോകത്തിൽ എല്ലായിടത്തും പ്രയോഗത്തിലുള്ള, സങ്കല്പം വെക്കുമ്പോഴും "വസുദൈവ കുടുംബംകം" (ലോകം മുഴുവൻ ഒരു രാജ്യവും കുടുംബവും) എന്ന സങ്കല്പവും , "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന വിചാരവും ഇവിടെ ഭാരതീയ ഹൈന്ദവ സങ്കല്പത്തിൽ തന്നെയുണ്ട്. 

അത് നടപ്പാക്കി എടുക്കാൻ നമുക്ക് ശ്രമിക്കുകയും ആവാം. 

പക്ഷേ, അത് സാധിക്കാത്ത കാലത്തോളം ഭാരതീയം, ഹൈന്ദവം എന്ന കുടക്കീഴിൽ മതപരവും വിശ്വാസപരവുമായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് നിൽക്കുകയല്ലെ നല്ലത്, വേണ്ടത്? 

അല്ലാതെ വെറും കാല്പനികത പറഞ്ഞുകൊണ്ട് പ്രായോഗിക യാഥാർത്ഥ്യത്തെ നിഷേധിക്കുകയല്ലല്ലോ വേണ്ടത്? 

വെറും കാല്പനികതക്ക് വേണ്ടി ഹൈന്ദവതയെയും ഭാരതീയതയേയും വെറുക്കേണ്ടതില്ലല്ലോ?

അല്ലെങ്കിൽ ഹൈന്ദവതയെയും ഭാരതീയതയേയും വെറുക്കാൻ വേണ്ടി മാത്രം കാല്പനികതയെ കൊണ്ടുവരാൻ പാടില്ലല്ലോ?

****

രാജ്യം എന്നത് ഒരു അനിഷേധ്യമായ വസ്തുതയും മൂർത്തമായ യാഥാർത്ഥ്യവുമായിരിക്കെ, രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടിയല്ലേ നോക്കേണ്ടത്? 

അതിന് ആ രാജ്യത്തിൻ്റെതായ സാംസ്കാരിക ദാർശനിക പാരമ്പര്യം ഉതകുമെങ്കിൽ അതല്ലേ ഉപയോഗിക്കേണ്ടത്? 

പ്രത്യേകിച്ചും ആ പാരമ്പര്യം എല്ലാ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉൾകൊള്ളാൻ സന്നദ്ധവുമാണെങ്കിൽ...

*****

എങ്കിൽ, ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കാരെ ഒരുമിച്ച് നിർത്തുവാനുള്ള ഇന്ത്യൻ സാധ്യതയും വഴിയുമല്ലെ കാണേണ്ടതും പറയേണ്ടതും? 

അതിന് വിദേശത്ത് പോകേണമോ? 

അതിന് വിദേശീയമായ സങ്കല്പവും വിശ്വാസവും വേണോ? 

വേദേശീയമായ സങ്കല്പം ആയാലെ നല്ലതും സ്വീകാര്യവും ആവൂ...?

പ്രത്യേകിച്ചും ഹൈന്ദവം, ഭാരതീയം എന്നതിൽ എല്ലാ വിശ്വാസവ്യത്യാസങ്ങളും ഉൾചേർന്ന് ഒരുമിച്ച് നൽകുമെങ്കിൽ പിന്നെന്തിന് നാം ഭയക്കണം?

ഇന്ത്യയിലെ എല്ലാ മനുഷ്യരും, വിശ്വാസവ്യത്യാസം പ്രശ്നവും മാനദണ്ഡവും തടസവും ആവാതെ, ഒരുമിക്കുന്നതിന് ഹൈന്ദവമെന്നും ഭാരതീയമെന്നും പേര് വന്നാൽ എന്താണ് കുഴപ്പം? 

ഇന്ത്യക്കാരൻ എന്ന് മാത്രം അർത്ഥം വരുന്ന എല്ലാ വിശ്വാസവ്യത്യാസങ്ങളും ഒരുമിച്ച് ഓരുപോലെ നിൽക്കുന്ന, എല്ലാം ശരിയെന്ന് വരുന്ന ഹൈന്ദവത, ഭാരതീയത.

No comments: