Sunday, October 16, 2022

നിഷേധവും വിശ്വാസവും വിശ്വാസം തന്നെ.

എല്ലാം വിശ്വാസം തന്നെ. 

നിഷേധവും വിശ്വാസവും വിശ്വാസം തന്നെ.

വിശ്വാസി തൻ്റെ വിശ്വാസമല്ലാത്തതിനെയെല്ലാം നിഷേധിക്കുന്നു.

നിഷേധി എല്ലാം നിഷേധിച്ച് തൻ്റെ നിഷേധത്തിൽ വിശ്വസിക്കുന്നു. വിശ്വാസത്തെ നിഷേധിച്ച് നിഷേധത്തെ വിശ്വസിക്കുന്നു.

****

യഥാർഥത്തിൽ ദൈവം ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്? 

രണ്ടായാലും ഉള്ളതുണ്ട്, ഇല്ലാത്തതില്ല.

രണ്ടായാലും നടക്കുന്നത് നടക്കും, നടക്കാത്തത് നടക്കില്ല.

*****

യഥാർഥത്തിൽ മതമാണ് പ്രശ്നം. 

മതമാണ് നിഷേധിക്കപ്പെടേണ്ടത്.

അതും ദൈവത്തിൻ്റെ പേരിൽ ഉണ്ടെന്ന് പറയുന്ന മതമാണ്, അത്തരം മതങ്ങൾ മാത്രമാണ് നിഷേധിക്കപ്പെടേണ്ടത്. 

മതമുള്ള ദൈവമാണ് , മതം പരിചയപ്പെടുത്തുന്ന ദൈവമാണ് അപകടകാരി, പിശാച്. 

*****

ദൈവമില്ലെന്ന് വിശ്വസിക്കുന്നതും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെ വിശ്വാസം. 

രണ്ടും നിസ്സഹായത കൊണ്ടുണ്ടാവുന്നത്.


നിസ്സഹായത കൊണ്ട് വിശ്വസിക്കുന്നു. 

നിസ്സഹായത കൊണ്ട് തന്നെ നിഷേധിക്കുന്നു. 


രണ്ടായാലും ഉള്ളതിന് കൊടുക്കുന്ന പേര്. 

ഉടമസ്ഥൻ ഇല്ല എന്നും ഉണ്ട് എന്നും പേര് വീഴുന്ന ഉണ്മ.

****

വിശ്വാസി അറിവുകേടിനെ അറിവുകേട് തന്നെയായി പരിഗണിച്ച് വിശ്വസിക്കുന്നു.

നിഷേധി അറിവുകേടിനെ അറിവായി പരിഗണിച്ച് വിശ്വസിക്കുന്നു.

രണ്ടാളും തങ്ങളുടെ മാനങ്ങൾ നൽകിയ തടവറയും പരിമിതികളും ഒരുപോലെ തിരിച്ചറിയാതെ.

****

തനിക്ക് താൻ പോര, താനും തൻ്റേതും തൻ്റേതല്ല, തന്നെക്കൊണ്ടല്ല എന്നറിയുന്നവൻ വിശ്വാസിയാവുന്നു. 

എന്നാൽ, താനും തൻ്റേതും തൻ്റേത് മാത്രം, തൻ്റെ തന്നെ സംവിധാനത്തിലും തീരുമാനത്തിലും  നിയന്ത്രണത്തിലുമെന്ന് കരുതാൻ അവിശ്വാസിക്കാവുന്നുമില്ല. 

എങ്കിൽ???

*****

മുൻപോസ്റ്റിൽ  ആര് കൂടുതൽ അക്രമം ചെയ്യും എന്നതിന് അവിശ്വാസിയായിരിക്കുംമെന്ന വ്യാവഹാരികമായി പറഞ്ഞു.

കാരണമായി പറഞ്ഞത്, അവിശ്വാസിക്ക് ശരിയും തെറ്റുമില്ല, ആരേയും ഒന്നിനെയും പേടിക്കാനില്ല, ഒന്നുകൊണ്ടും കുറ്റബോധപ്പെടാനില്ല എന്നത്. 

വിശ്വാസിക്ക് ശരിയും തെറ്റുമുണ്ട്, ദൈവത്തെയെങ്കിലും പേടിക്കാനുണ്ട്, കുറ്റബോധപ്പെടാനുണ്ട് എന്ന് പറഞ്ഞു. 

ഉണ്ടെങ്കിൽ ഉള്ള, അല്ലെങ്കിൽ വിശ്വാസി ഉണ്ടെന്ന് കരുതുന്ന ദൈവം കാണുന്നു, കേൾക്കുന്നു എന്നത് കൊണ്ട് തന്നെ ഫലത്തിൽ വിശ്വാസിക്ക് ദൈവം അവൻ്റെ മനസ്സാക്ഷി തന്നെയായി മാറുന്നു. 

ആ ദൈവം പറയുന്നു എന്ന് അവൻ കരുതുന്നതും പറയുന്നതുമെന്തും ചെയ്യുമെങ്കിലും, ആരെങ്കിലും, അവൻ്റെ മനസ്സാക്ഷിയെങ്കിലും പറയുന്നതേ അത്തരം വിശ്വാസി ചെയ്യൂ. 

പക്ഷേ, അവിശ്വാസി ആരും പറയാത്തതും ചെയ്യും എന്നും പറഞ്ഞു. 

അവിശ്വാസി വേണമെങ്കിൽ മനസാക്ഷിയെ പോലും നിഷേധിച്ചേക്കും. 

കാരണം അവനുപരിയായ ഒരുവനും ഒരു മാനദണ്ഡവും ശരി തെറ്റുകൾ നിശ്ചയിക്കാൻ സങ്കല്പത്തിൽ പോലും അവനില്ല.

******

എന്നാൽ ....,

വിശ്വാസിയെന്ന് പറയുമ്പോൾ ദൈവവിശ്വാസിയെന്ന് മാത്രം ഉദ്ദേശിക്കണം.

മതവിശ്വാസിയെന്ന് ഉദ്ദേശിച്ചിക്കരുത്.

മതവിശ്വാസി ദൈവനിഷേധിയാണ്. 

മതവിശ്വാസി, ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ തടവ്പുള്ളിയാക്കിയവനാണ്. 

മതവിശ്വാസി സ്വയം കുടുങ്ങിയവനാണ്. 

മതവിശ്വാസി ദൈവത്തിന് വിപരീതം ഉണ്ടാക്കിയവനാണ്.

മതവിശ്വാസി കാഴ്ച നഷ്ടപ്പെട്ടവനാണ്. 

അവൻ്റെ കാഴ്ച്ച നഷ്ടപ്പെടുത്തുന്നതിനെയാണ് അവൻ മതം എന്ന് പറയുന്നത്. 

അവന് ദൈവം തുടർച്ചയല്ല. പകരം അവന് ഏതോ കാലത്തിലും ഗ്രന്ഥത്തിലും വ്യക്തിയിലും മാത്രമായി വിരാമം വീണ, വിരാമമിടുന്ന സംഗതിയാണ്.


*****

ദൈവവിശ്വാസിയെന്ന് പറയുമ്പോൾ ഉണ്മയും ഇല്ലായ്മയുമായ ദൈവത്തിൽ വിശ്വസിക്കുന്നവൻ എന്ന് മാത്രം അർത്ഥം.

താനും തൻ്റേതും തൻ്റേതല്ല, തന്നെക്കൊണ്ടല്ല എന്നറിയുന്നത് കൊണ്ടുള്ള ദൈവവിശ്വാസി.

തനിക്കപ്പുറത്തേക്ക് ലോകത്തെ കാണുന്ന നിസ്സഹായനായ ദൈവവിശ്വാസി. 

അറിവുകേട് സമ്മതിച്ച് അറിവ് തേടുന്ന വിശ്വാസി.

തൻ്റെ നിസ്സഹായതയും നിസ്സാരതയും വിളിച്ചോതുന്ന സൂചന മാത്രം ദൈവം എന്ന് കരുതുന്നവൻ.

അവസാനവാക്ക് നൽകാത്ത തുടർച്ച മാത്രം  ദൈവമെന്ന് കരുതുന്നവൻ.

ആർക്കെങ്കിലും വേണ്ടി ഏതെങ്കിലും കാലം മാത്രം പ്രത്യക്ഷപ്പെടാത്ത, ഏതെങ്കിലും വ്യക്തിക്ക് വേണ്ടി മാത്രം ഇടപെടാത്ത ദൈവം എന്ന് കരുതുന്നവൻ ദൈവവിശ്വാസി. 

പകരം എല്ലാവരിലും എല്ലാവരുമായി എപ്പോഴും ഇടപെടുന്നവൻ ദൈവവിശ്വാസിക്ക് ദൈവം. 

മനസ്സാക്ഷി തന്നെയായ ദൈവം, തൻ്റെ കോശങ്ങളും തലച്ചോറും കൂടിയായ ദൈവം, തൻ്റെ പറച്ചിലും പ്രവർത്തിയും കൂടിയായ ദൈവം എന്ന് കരുതുന്നവൻ ദൈവവിശ്വാസി.

താൻ ചെയ്യുന്നതും പറയുന്നതും തന്നെ ദൈവിക പ്രവർത്തനം എന്ന് അറിയുന്ന, പറയുന്ന ദൈവവിശ്വാസി.

തൻ്റെ മനസ്സാക്ഷി പോലൊരു പ്രാപഞ്ചികമനസ്സാക്ഷി ദൈവം എന്നറിയുന്ന ദൈവവിശ്വാസി.

ദൈവവിശ്വാസിക്ക് ദൈവം കണ്ണ് തുറക്കാൻ മാത്രം. 

ആകാശമായ അതിർവരമ്പുള്ള ആകാശം ഇല്ലെന്നറിയിച്ച് ദൂരേക്ക് പറക്കാൻ അനുവദിക്കുന്ന ദൈവം ദൈവവിശ്വാസിയുടെ ദൈവം.

No comments: