Saturday, October 8, 2022

ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആളല്ല.

ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആളല്ല.

ഉണ്ടെന്നോ ഇല്ലെന്നോ എന്തിന് പറയണം?

ഉണ്ടെന്നോ ഇല്ലെന്നോ എങ്ങിനെ തോന്നുന്നുവോ അങ്ങനെ എടുക്കുക.

ഉണ്ടെന്ന് പറയാൻ എടുക്കുന്ന അധ്വാനവും ചിന്തയും തന്നെ ഇല്ലെന്ന് പറയാനും.

അതിനാൽ തന്നെ ഉണ്ടെന്നാലും ഇല്ലെന്നാലും ഒന്ന് എന്ന് കരുതുന്നവന് എളുപ്പം.

എങ്ങിനെയെടുത്താലും സ്വാതന്ത്ര്യം ബാക്കിയാവണം. ഉള്ളതെന്തോ അത് ബാക്കിയാവണം. 

ദൈവം ഉണ്ടെന്നതും ഇല്ലെന്നതും നിങ്ങളുടെ തെളിച്ചവും വെളിച്ചവും ആവണം.

അഥവാ ആരുടെയും തെളിച്ചവും തിരിച്ചറിവും വെളിച്ചവും ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആരേയും പ്രാപ്തനാക്കില്ല.

ആരുടെയും തെളിച്ചവും തിരിച്ചറിവും വെളിച്ചവും ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആരേയും പ്രാപ്തനാക്കേണ്ടതുമില്ല.

ദൈവം ഉണ്ടെന്നതും ഇല്ലെന്നതും നിങ്ങളുടെ തെളിച്ചവും വെളിച്ചവും  ആണെങ്കിൽ അത് നിങ്ങളുടെ സ്വാതന്ത്ര്യം കൂടിയായിരിക്കും.

കാരണം, ദൈവം ഉണ്ടെന്നാലും ഇല്ലെന്നാലും ഒന്ന്. അത് നിങ്ങളെ ബാധിക്കുന്ന, ബാധിക്കേണ്ട പ്രശ്നമേ അല്ല.

"യസ്അലൂനക്ക അനിർറൂഹ്. ഖുലിർറൂഹ് മിൻ അംരി റബ്ബി."

"അവർ നിങ്ങളോട് ദൈവത്തെ (ആത്മാവിനെ) കുറിച്ച് ചോദിക്കുന്നു. നീ പറയുക ദൈവം (ആത്മാവ്) എൻ്റെ ദൈവത്തിൻ്റെ (രക്ഷിതാവിൻ്റെ) തന്നെ കാര്യത്തിൽ പെട്ടതാണ്".

ദൈവം ഉണ്ടെന്നതും ഇല്ലെന്നതും നിങ്ങളെ നിങ്ങളുടെ സ്വാതന്ത്ര്യം തന്നെയായല്ലാതെ ബാധിക്കാനില്ല, ബാധിക്കേണ്ടതില്ല.

അല്ലാതെ ദൈവം ഉണ്ടെന്നതും ഇല്ലെന്നതും എങ്ങിനെ നിങ്ങളെ ബാധിക്കണം?

ദൈവം ഉണ്ടെങ്കിൽ ഉണ്ട്.

ഉള്ള ദൈവത്തിന് ആരുടെയും പിന്തുണ ആവശ്യമില്ല.

എങ്കിൽ ആ ദൈവം ദൈവത്തിൻ്റെ പണിയെടുത്തുകൊള്ളും.

ദൈവം ഉണ്ടെങ്കിൽ എല്ലാം ദൈവം ഉദ്ദേശിച്ചത് പോലെ തന്നെ, അങ്ങനെ മാത്രം നടക്കുന്നു.

അങ്ങനെയുള്ള ദൈവം ഉണ്ടെങ്കിലും, നന്മയും തിന്മയും എന്നതില്ല. 

കാരണം, എല്ലാം ദൈവം ഉദ്ദേശിച്ച സംഗതികൾ മാത്രം. 

നന്മയും തിന്മയും എന്ന് നമ്മുക്ക് തോന്നുന്നത് വരെ ദൈവം ഉദ്ദേശിച്ച സംഗതികൾ മാത്രം. 

അഥവാ ആപേക്ഷികമായി നമുക്കുണ്ടെന്ന് തോന്നുന്ന നന്മയും തിന്മയും നമ്മുടെ ആപേക്ഷികതയിൽ തന്നെ തീരും. 

നമ്മുടെ ആവശ്യവും അനാവശ്യവും പോലെ. ജീവിതം പോലെ.

ദൈവത്തിന് മുന്നിൽ, ദൈവത്തിന്  ബാധകമായ നന്മ തിന്മ, ആവശ്യം അനാവശ്യശ്യം എന്നതില്ല. 

കാരണം, ദൈവമുണ്ടെങ്കിൽ ദൈവമല്ലാത്ത, ദൈവത്തിൻ്റെതല്ലാത്ത ഒന്നുമില്ല, ഒന്നുമുണ്ടാവില്ല. 

അതുകൊണ്ട് തന്നെ ദൈവം ഉണ്ടായാലും നാം എന്തിന് അസ്വസ്ഥപ്പെടണം? 

ദൈവമുണ്ടെങ്കിലും എല്ലാറ്റിനും എല്ലാവർക്കും മുഴുസ്വാതന്ത്ര്യം. 

എല്ലാം അതാതിൻ്റെ മാനത്തിനുള്ളിൽ നിന്ന് കൊണ്ടുള്ള മുഴുസ്വാതന്ത്ര്യത്തിൽ മാത്രം.


*****

ഇനി ദൈവം ഇല്ലെങ്കിലും അത് തന്നെ അവസ്ഥ. 

മുഴുസ്വാതന്ത്ര്യം. 

നന്മ തിന്മ എന്നതില്ല. 

ആവശ്യവും അനാവശ്യവും മാത്രം.

നമ്മുടെ ആപേക്ഷികമായ അവസ്ഥയിൽ നമുക്കുണ്ടെന്ന്  തോന്നുന്ന നന്മയും തിന്മയും, ആവശ്യവും അനാവശ്യവും നമ്മുടെ ആപേക്ഷികതയിൽ തന്നെ തീരും. നമ്മുടെ മാത്രം ആവശ്യവും അനാവശ്യവും പോലെ മാത്രം.

ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫലത്തിൽ ഉള്ളതെന്തോ അതുണ്ട്, എന്തില്ലയോ അതില്ല. 

ഉള്ളതിനെ നിങ്ങൾ എന്ത് വിളിക്കുന്നു അത് പോലെ. 

ഇല്ലാത്തതിനെയും നിങൾ എന്ത് വിളിക്കുന്നുവോ അത് പോലെ. 

ദൈവമെന്ന് വിളിച്ചാലും പദാർത്ഥമെന്ന് വിളിച്ചാലും ആത്മാവെന്ന് വിളിച്ചാലും ഊർജ്ജമെന്ന് വിളിച്ചാലും ബോധമെന്ന് വിളിച്ചാലും വ്യത്യാസം വിളിക്കുന്ന പേരിൽ മാത്രം. 

ഫലത്തിൽ ഒന്ന് തന്നെ. 

ഉള്ളത്തെന്തോ അത് മാത്രം. 


ഉള്ളതെന്തോ അതുണ്ട്. 

ഇല്ലാത്തതെന്തോ അതില്ല. 


ഇല്ലാത്തതും ഉള്ളതും സ്വയംപര്യാപ്തമായിക്കൊണ്ട്. 

ഇല്ലാത്തതും ഉള്ളതും നമ്മളും നമ്മളും ആയിക്കൊണ്ട്.

No comments: