കൊതിച്ചുപോകുന്ന രണ്ട് കാര്യങ്ങളെ നിങ്ങൾ പേടിക്കണം.
മറ്റുള്ളവരിൽ നിന്നുള്ള സൗജന്യത്തെയും ബഹുമാനത്തെയും.
അവ രണ്ടും ഫലത്തിൽ നിങ്ങളെ തടവിലിടും. നിങ്ങളുടേതായ പലതും നഷ്ടപ്പെടുത്തും.
സത്യം പറയുന്നതിൽ നിന്നും നിങ്ങളെ അശക്തനാക്കും.
ധൈര്യം കളഞ്ഞ് അവ നിങ്ങളുടെ വായ മൂടിക്കെട്ടും.
****
ബഹുമാനത്തെയാണ് കൂടുതൽ പേടിക്കേണ്ടത്.
ബഹുമാനിക്കപ്പെടുന്നവൻ, അറിഞ്ഞാലും ഇല്ലേലും, ബഹുമാനിക്കുന്നവൻ്റെ അടിമയാണ്.
ബഹുമാനിക്കുന്നവൻ വെക്കുന്ന അലിഖിതമായ നിർവ്വചനവും പ്രതീക്ഷകളും ദേമോക്ലെസിൻ്റെ വാൾ പോലെ ബഹുമാനിക്കപ്പെടുന്നവൻ്റെ മുകളിലുണ്ട്.
കിട്ടുന്ന ബഹുമാനം നിലനിർത്താൻ ബഹുമാനിക്കപ്പെടുന്നവൻ അഭിനയിക്കേണ്ടി വരും. വിധേയപ്പെടെണ്ടി വരും. കപടനാവേണ്ടി വരും.
വെറുതെയല്ല ദൈവം പോലും അറിയപ്പെടാതെ ഒരു പിടുത്തവും കൊടുക്കാതെ അപരിചിതനെ പോലെ ആയിരിക്കാൻ തെരഞ്ഞെടുത്തത്.
*****
അതാണ് നമ്മുടെ പ്രശ്നം.
നാം ഒരാളെ ബഹുമാനിക്കുന്നതോടെ അയാളിലെ പച്ചയായ മനുഷ്യനെയും പുരുഷനെയും സ്ത്രീയെയും കാണാതെ പോകും, നിഷേധിക്കും. അങ്ങനെ അയാളിലെ പച്ചയായ മനുഷ്യനെയും പുരുഷനെയും സ്ത്രീയെയും ജീവിക്കാൻ അനുവദിക്കാതിരിക്കും.
ഇത്തരം കണ്ണടച്ച ബഹുമാനങ്ങൾ ഉണ്ടാക്കുന്ന ശ്വാസംമുട്ടലും തടവറയും നീതിനിഷേധവും വല്ലാത്തതാണ്, പുറത്ത് പറയാൻ സാധിക്കാത്തതാണ്.
ഒരാളെ ഗുരു, ബുദ്ധിജീവി എന്നൊക്കെ കാണും, കണക്കാക്കും.
അതോടെ അദ്ദേഹത്തിലെ സാധാരണ പച്ചയായ പുരുഷനെ കാണാതെ പോകും. അദ്ദേഹത്തിലെ സാധാരണ പുരുഷനെ നിഷേധിക്കും.
സാധാരണ പുരുഷനിൽ കാണുന്ന എല്ലാ ആവശ്യങ്ങളും ചാപല്യങ്ങളും അയാൾക്കും ഉണ്ടെന്നും ഉണ്ടാവണമെന്നും അതൊക്കെയും അയാൾക്ക് അനുവദിച്ച് കൊടുക്കണമെന്നും മറന്ന് പോകും.
ബഹുമാനം നടത്തുന്ന ക്രൂരമായ നിഷേധം.
അമ്മയെ അമ്മയായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
പക്ഷേ അമ്മയിലെ പച്ചയായ സാധാരണ സ്ത്രീയെ സ്ത്രീയായി കാണാനും ജീവിക്കാനും അനുവദിക്കില്ല. ബഹുമാനം നടത്തുന്ന ക്രൂരമായ നിഷേധം.
അമ്മ എല്ലാവരെയും പോലെ വെറും സ്ത്രീ ആയിരുന്നത് കൊണ്ടാണ്, വെറും സ്ത്രീയായി ജീവിച്ചപ്പോഴും ജീവിക്കാൻ ശ്രമിച്ചപ്പോഴുമാണ് അമ്മയായത്, അമ്മയാകേണ്ടി വന്നത് എന്നത് പോലും മനസ്സിലാക്കില്ല.
അങ്ങനെയുള്ള പച്ചയായ സാധാരണ സ്ത്രീ എന്ന നിലക്കുള്ള ജീവിതം അമ്മക്ക് ഇനിയങ്ങോട്ടും (പ്രത്യേകിച്ചും വിധവയൊക്കെ ആകേണ്ടി വന്നാൽ) അനുവദിച്ച് കൊടുക്കേണ്ടതുണ്ട്, അനുവദിച്ച് കിട്ടേണ്ടതുണ്ട് എന്നും മനസിലാക്കാതെ പോകും.
ഓരോരുത്തനും നാം കാണുന്ന ഒരേയൊരു വ്യക്തിത്വമേ ഉളളൂ, പാടുള്ളൂ എന്ന് കരുതുന്നിടത്തും അങ്ങനെ ഒരാളെ ബഹുമാനിക്കുന്നിടത്തും തുടങ്ങുന്നു അയാൾ തടവിലാവാൻ.
No comments:
Post a Comment