ചിലർ ചില കാര്യങ്ങൾ നടന്നുകിട്ടാൻ സ്വാതന്ത്ര്യം പറയും, ഉൽഘോഷിക്കും, ആവശ്യപ്പെടും.
എന്നുവെച്ച് അവർ സ്വതന്ത്രരോ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരോ അല്ല.
അവരും അവരുടെ ആവശ്യങ്ങളുടെ അടിമകളാണ്.
അടിമകളാവാനുള്ള സ്വാതന്ത്ര്യമാണ് അവരുടെ സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം ഉണ്ടാക്കുന്ന നിരാശ്രയത്വവും അരക്ഷിതത്വവും അപരിചിതത്വവും താങ്ങാൻ അവർക്ക് സാധിക്കില്ല.
*****
ഒരാർത്ഥവും ഇല്ല ഒന്നിനും എന്ന് തോന്നുന്നത് മാത്രമാണ് യഥാർഥത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന തിരിച്ചറിവും ബോധോദയവും.
പിന്നെ നിസ്സഹായത കൊണ്ടോ നിർബന്ധിതമായോ അതുമായി പൊരുത്തപ്പെട്ട് പോകുന്നതും...
*****
പ്രയാസത്തിൽ അവസരങ്ങൾ കാണുന്നവരുണ്ട്.
അവർ ഓരോ പ്രയാസവും തന്നെ വളർത്തുന്ന, തനിക്ക് പരിശീലനം തരുന്ന അവസരങ്ങൾ എന്ന് മനസ്സിലാക്കുന്നു.
അതേ സമയം അവസരങ്ങളിൽ പ്രയാസം കണ്ടെത്തുന്നവരും ഉണ്ട്.
ഏറെക്കുറെ ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുന്നവർ.
*****
സ്വസ്ഥതയുണ്ട്.
ഇരിക്കുന്നിടത്ത് എത്രയും ഇരിക്കാനുള്ള, ആയിരിക്കുന്ന അവസ്ഥിൽ ആയിരിക്കാനുള്ള സ്വസ്ഥത.
അന്നവും പാർപ്പിടവും ആരോഗ്യവുമുള്ളിടത്തോളം.
പിന്നെന്തിന് സ്വസ്ഥതയുണ്ടെന്ന് അവകാശപ്പെടുന്നു എന്നായിരിക്കും ചോദ്യം.
പറഞ്ഞുകേൾക്കുന്നത് പോലൊരു ഗുരു ഇല്ലാതെ, ശിഷ്യനാവാതെ, യോഗയോ ധ്യാനമോ കൂടാതെ, മതമോ സംഘടനകളോ പ്രാർത്ഥനകളോ ഇല്ലാതെ ഈ സ്വസ്ഥത എന്നതിനാൽ.
No comments:
Post a Comment