Sunday, October 23, 2022

മരണവും ജീവിതവും തിരിച്ചും മറിച്ചും

മരണവും ജീവിതവും തിരിച്ചും മറിച്ചും പരസ്പരം അടിസ്ഥാനം. അങ്ങിനെ ആകുന്നതിൻ്റെ ന്യായം വെറും സാമാന്യയുക്തി.

ജീവിതത്തെ ആപേക്ഷികമായി മനസ്സിലാക്കുന്നിടത്ത് മരണവും ജനനവും ഉണ്ട്. അപ്പോഴേ മരണവും ജനനവും ഞാനും നീയും ഒക്കെ ഉളളൂ.

ആത്യന്തികമായി ജീവിതത്തെ കണ്ടാൽ മരണവും ജനനവും ഇല്ല, ഞാനും നീയും ഇല്ല. ഉള്ള ജീവിതം തന്നെ എല്ലാമായി തീരുന്നത്.  ഉള്ള ജീവിതം തന്നെ ഒന്നുമല്ലാതായി മാറുന്നതും.

ആപേക്ഷിക ലോകത്ത്, മരണം സ്വയം ഒന്നും ആവശ്യമുള്ള ഒന്നല്ല. 

എന്നാൽ അവിടെ ജീവിതം കുറേകാര്യങൾ ആവശ്യമുള്ള, കുറേ കാര്യങ്ങൾ ഒത്തുചേർന്ന് വന്നാൽ മാത്രം ഉണ്ടാവുന്ന ഒന്നും.  

ഒന്നും ആവശ്യമില്ലാത്ത, എല്ലാം ഒത്തുചേരുന്നത് ഇല്ലാതായാൽ, ഒന്നും വേണ്ടാതായാൽ ഉണ്ടാവുന്ന ഒന്ന് മരണം. 

ഒന്നും ആവശ്യമില്ലാതാവുമ്പോൾ, ഒന്നും ഒത്തുചേരാതെ വരുമ്പോൾ ഉണ്ടാകുന്ന ഒന്ന് മരണം. 

ഒരാവശ്യവും നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥ മരണം. 

പക്ഷേ ഇതെല്ലാം വെറും ആപേക്ഷികമായ സാധ്യതകളുടെ ലോകത്ത്. നാം സൂര്യോദയവും അസ്തമയവും കാണുന്നത് പോലെ. നമുക്ക് മാത്രം തോന്നുന്നത്, നമുക്ക്മാത്രം ബാധകമായത്.

അവിടെ തന്നെ ഒന്ന് മറിച്ച് നോക്കുക.

മരണത്തെയും അതുണ്ടാക്കുന്ന ജീർണ്ണതയേയും നോക്കുക. 

ആ ജീർണതയാണ് സ്വയം തന്നെ പലതരം ജീവിതമായി മാറുന്നത്. പലതരം ജീവിതത്തിന് ആധാരമാകുന്നത്.

മരണം തന്നെയാണ് അവിടെ സ്വയം ജീവിതമാകുന്നത്. 

അവിടെ മരണത്തെയാണ് ജീവിതം വളമാക്കി ഉപയോഗിച്ച് ജീവിതമാക്കുന്നത്. 

നമ്മുടെ ആഹാരരീതിയും, ദഹനരീതിയും ഒക്കെ നോക്കുക. മരണത്തെ ജീവിതമാക്കി മാറ്റുന്ന പ്രക്രിയയാണ്. അറുക്കുന്നതും  മുറിക്കുന്നതും പാചകംചെയ്യുന്നതും ഒക്കെ .

ആ നിലക്ക് മരണം തന്നെയാണ് ജീവിതമായിത്തീരുന്നത്. 

ഓരോ കോശത്തിൻ്റെയും മരണം ജീവിതത്തിൻ്റെയും വളർച്ചയുടെയും വഴി. മരിച്ചുകൊണ്ടെ ജീവിക്കുന്നു, മരിച്ചുകൊണ്ടെ വളരുന്നു. 

അത് ജീവിതത്തിൻ്റെ വഴി. ജീവിച്ചു കൊണ്ട് മരിക്കുക, മരിച്ചു കൊണ്ട് ജീവിക്കുക എന്നത്. മരിച്ചത് ഭൂതം. അത് കാലക്രമത്തിൽ ഒരു കാലം. ജനിക്കാത്തത് വരാനുള്ളത്. അത് ഭാവി. അതും കാലക്രമത്തിൽ ഒരു കാലം.

അവിടെയാണ് മരണത്തിൽ ജീവിതം സ്വയം കൃഷിയാവുന്നത്, വേരിറക്കുന്നത്, കൃഷിയിറക്കുന്നത്. 

അതുകൊണ്ട് തന്നെ മരണത്തിന് ജീവിതവും ജീവിതത്തിന് മരണവും പരസ്പരം മെത്ത, കൃഷിയിടം.

No comments: