Saturday, October 29, 2022

ശ്രമം ഏറെക്കുറെ പ്രകൃതിവിരുദ്ധമാണ്.

ശ്രമം ഏറെക്കുറെ പ്രകൃതിവിരുദ്ധമാണ്. 

ശ്രമം സ്വാഭാവികം അല്ലാത്തത്. 

ശ്രമം തീർത്തും അസ്വാഭാവികം ആയത്.

ശ്രമം ഏറക്കുറെ മനുഷ്യനുമായി ബന്ധപ്പെട്ടത്. 

ശ്രമം വെറും അതിജീവനത്തിനപ്പുറവും കൊണ്ടുനടക്കുന്നത് മനുഷ്യൻ മാത്രം.

അതിജീവനത്തിനപ്പുറവും വേണ്ട ശ്രമം മനുഷ്യ മനസ്സ് മാത്രം ഉണ്ടാക്കുന്നത്. 

എന്ന് വെച്ചാൽ ശ്രമം എന്നത് മനുഷ്യൻ്റെ തലച്ചോറും അതിൻ്റെ ഭീതിയും മാത്രം ഉണ്ടാക്കുന്നത്.

ശ്രമം തലച്ചോറിൻ്റെ പാഴ്ശ്രമം കൂടിയാണ്. 

ഒരോ ശ്രമവും നീയും ഞാനും എന്തോ ആണെന്നും എന്തിനോ ആണെന്നും വരുത്തിത്തീർക്കാനുള്ള തലച്ചോറിൻ്റെ പാഴ്ശ്രമം കൂടിയാണ്.

****

മടിയാണ് പ്രകൃതി. മടിയാണ് യഥാർത്ഥ പ്രകൃതവും.

മടിയാണ് പ്രകൃതിയും കൊതിക്കുന്നത്. അഥവാ എളുപ്പം. 

പ്രയാസം കൊതിക്കാതെയിരിക്കുക യഥാർത്ഥ പ്രകൃതി, പ്രകൃതം.

പ്രകൃതിയിൽ പ്രകൃതിവിരുദ്ധമെന്നത് യഥാർഥത്തിൽ ഇല്ലെങ്കിലും, നമ്മുടെ ആപേക്ഷിക സ്വാഭാവികതക്ക് വിരുദ്ധമാണ് എന്നതിനാൽ ശ്രമം പ്രകൃതിവിരുദ്ധമാണ്. 

മടിയാണ് നമ്മുടെ പ്രകൃതിയും പ്രകൃതവും ആവശ്യപ്പെടുന്നത്.

അസ്വാഭാവികത ഉണ്ടാക്കുന്നത് മാത്രം ശ്രമം.

അസ്വാഭാവികത ആവശ്യമാക്കുന്നത് മാത്രം ശ്രമം.

അസ്വാഭാവികതയെ തിരുത്താൻ കൂടി ഉണ്ടാകുന്നത് ശ്രമം.

താൽകാലികമായി ഉയരാനുള്ളതാണ് ശ്രമം.  

പിടിച്ചുനിൽക്കാനുള്ളതാണ് ശ്രമം. 

പോരാ എന്ന് തോന്നുമ്പോഴാണ് ശ്രമം.

പോരാ എന്ന് തോന്നുന്നതിനാലാണ് ശ്രമം. 

പോരാ എന്ന് തോന്നുന്നവൻ ആരായാലും ദരിദ്രൻ. 

അവൻ ഉള്ളിൽ ഏതോ നിലക്ക് പോരാ എന്ന ശൂന്യത അനുഭവിക്കുന്നവൻ. തൊട്ടറിയുന്നവൻ. അതുകൊണ്ട് ശ്രമിക്കുന്നവൻ.

അവൻ അറിഞ്ഞും അറിയാതെയും ശ്രമിച്ചു പോവും. അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും. 

അവന് അവനെ സ്ഥാപിക്കാനും തെളിയിക്കാനും വരേ ശ്രമം വേണം

അങനെ തൻ്റെ ശ്രമത്തിൽ അവൻ അവനെ നിഴലിട്ട് പ്രതിബിബിച്ച് കാണും. അർത്ഥവും വ്യക്തിത്വവുംരൂപപ്പെടുത്തും.

മതി എന്ന് തോന്നിയവൻ സമ്പന്നൻ. 

മതി എന്ന് തോന്നിയവൻ മരിച്ചവനെ പോലെ മടിയനാവും. അവൻ ശ്രമിക്കില്ല. 

പകരം മതി എന്ന് തോന്നിയവൻ ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും. നിസ്സംഗത കൈമുതലാക്കി. വെറും സാക്ഷിയെ പോലെ നിന്ന്.

ശ്രമം ഏറെക്കുറേ സ്വാഭാവികതക്കെതിരെയുള്ള പ്രതിരോധത്തിൻ്റെത്. 

ശ്രമം മരണത്തെ പ്രതിരോധിക്കുന്ന ജീവിതത്തിൻ്റെത്. 

ശ്രമം മരണം തന്നെയായ , മരണം കൂടിയായ ജീവിതത്തിൻ്റെത്.

ശ്രമം വിട്ടാൽ വീഴ്ച എന്നതിനാൽ ശ്രമം. 

ശ്രമം വിട്ടാൽ നഷ്ടപ്പെടും, അഥവാ വീഴും എന്നതിനാൽ ശ്രമം.

അങ്ങിനെ ശ്രമിക്കാത്ത പ്രകൃതിയാണ് താഴോട്ട് മാത്രം ഒഴുകുന്ന വെള്ളം നിനക്ക് കാണിച്ചുതരുന്നത്. എങ്ങിനെ ആവുന്നോ അങ്ങനെ ആവുന്ന പ്രകൃതി.

മടിയിലെയും മരണത്തിലെയും ജീവിതനൃത്തം വെള്ളത്തിൻ്റെ താഴോട്ട് മാത്രമുള്ള ഒഴുക്ക്.

പ്രകൃതി വിശ്രമത്തിൻ്റേതാണ്. എളുപ്പത്തിൻ്റേത്. അഥവാ മടിയുടെത്. മരണത്തിൻ്റേത്. 

പ്രകൃതിയിൽ എല്ലാം അതിൻ്റെ സ്വാഭാവികതയിൽ എളുപ്പവും മടിയും മാത്രം തേടുന്നു, നേടുന്നു.

അതുകൊണ്ട് തന്നെ ശ്രമം അസ്വാഭാവികതയുടെതാണ്.

പ്രകൃതി, ശ്രമം ഇല്ലായ്മ, എന്നത് മരണത്തിലും ജീവിതം ഉണ്ട് എന്നതിൻ്റെതാണ്. 

രോഗവും ആരോഗ്യവും മരണവും ജീവിതവും അവിടെ (പ്രകൃതിയിൽ) ഒരുപൊലെ.

ശ്രമം അതുകൊണ്ട് തന്നെ ജീവൻ്റെയും ജീവിതത്തിൻ്റെയും ജീവിക്കാനുള്ള ശ്രമത്തിൻ്റേതുമാണ്. 

ശ്രമിക്കാതിരിക്കുന്ന ഏത് വേളയും വിശ്രമത്തിൻ്റെതാണ്. ഒരുതരം മരണത്തിൻ്റേത്. മടിയുടെത്. ഒന്നും ആവശ്യമില്ലാത്തതിനാൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.

മടിയിൽ മരണവും മരണത്തിൽ മടിയും ഒളിഞ്ഞിരിപ്പുണ്ട്.

അനുകൂലമോ പ്രതികൂലമോ ആയ ഒരെറെ പ്രത്യാഘാതങ്ങൾ ഓരോ ശ്രമവും ഉണ്ടാക്കുന്നുണ്ട്. ശ്രമിക്കുന്നവൻ അതറിഞ്ഞാലും ഇല്ലേലും. 

ശ്രമം ആ നിലക്കും ഒരു കുറേ ശ്രമങ്ങളെ ആവശ്യമാക്കുന്നു. പിന്നീട് ആ ശ്രമംകാരണം കാണുന്ന, രൂപപ്പെടുന്ന  പ്രത്യാഘാതങ്ങൾ തിരുത്താനുള്ള ശ്രമങ്ങൾ.

ഏത് ശ്രമവും വെള്ളത്തിൽ കല്ലിടുന്നത് പോലെ. അനുകൂലമോ പ്രതികൂലമോ ആയ ഓളങ്ങൾ അതുണ്ടാക്കിയിരിക്കും. മാങ്ങയും തേനും നല്ലതും മോശവും പോലെ. ഓളം. ഏത് കോണിൽ നിന്ന് കാണുന്നുവോ അത് പോലെ നന്മയും തിന്മയും മാങ്ങയും തേനും. ഓളം.

ശ്രമം ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ആവശ്യങ്ങൾ കുറയുന്നതിനനുസരിച്ച് ശ്രമം കുറയും. അത്യാവശ്യം അല്ലാത്ത ആവശ്യങ്ങൾ ഏറെയും സ്വാധീനിക്കപ്പെട്ടു മാത്രം ഉണ്ടാവുന്നത്. തലച്ചോറ് കാരണം മാത്രമായി.

ആവശ്യങ്ങൾ, ഉള്ളി പൊളിക്കും പോലെ പൊളിച്ച് പൊളിച്ച് കുറച്ചാൽ ശ്രമവും കുറയും. ശ്രമം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കുറയും.

ആവശ്യങ്ങൾ കുറയുന്നതിനനുസരിച്ച് ശ്രമം കുറഞ്ഞ് കുറഞ്ഞ് മടിയനായി മടിയനായി തീരും. ഏറെക്കുറേ കാഴ്ചക്കാർക്ക് മരിച്ചവനെ പോലെയാകും.

No comments: