Tuesday, October 18, 2022

മരിച്ചവർ, അവർ പോലുമറിയാതെ തുല്യരായി. പഞ്ചഭൂതങ്ങളായി.

ചിലരുണ്ട്. 

കമഴ്ത്തി വെച്ച കലം പോലെ. 

അവരിലേക്ക് ഒഴിച്ച വെള്ളത്തിൻ്റെ (അറിവിൻ്റെ) അളവ് വെച്ച് നിലവാരം അളന്നിട്ട് കാര്യമില്ല. 

ഒരു തുള്ളിയും കമഴ്ന്നു കിടക്കുന്ന പാത്രത്തിൽ കയറില്ല. 

നൂറായിരം കൊല്ലം പ്രാർത്ഥിച്ചാലും എത്ര ഗ്രന്ഥങ്ങൾ വായിച്ചാലും തുടങ്ങിയ അതേ അവസ്ഥയിൽ തന്നെ ഉണ്ടാവും അവർ. 

യഥാ സ്ഥിതിയിൽ.

*****

മരിച്ചവർക്കിടയിൽ എന്ത് വ്യത്യാസം?  

ജീവിച്ചിരിക്കുന്നവർ കാണിക്കുന്ന വിവേചനമല്ലാതെ?  

മരിച്ചവർ അറിയാത്ത, 

മരിച്ചവർക്ക് ബാധകമല്ലാത്ത 

വിവേചനവും അതിലെ ഉയർച്ചതാഴ്ചകളും 

ജീവിച്ചിരിക്കുന്നവർ മരിച്ചവർക്കിടയിൽ 

കാണുന്നു, ആരോപിക്കുന്നു. 

മരിച്ചവർ, അവർ പോലുമറിയാതെ തുല്യരായി. 

പഞ്ചഭൂതങ്ങളായി. 

പ്രാപഞ്ചികത തന്നെയാവാൻ അവർ പ്രാപഞ്ചികതയിലേക്ക് തന്നെ മടങ്ങി.

*****

മരിച്ചതിന് ശേഷം വേറെ എവിടെയോ വെച്ച് കിട്ടേണ്ട മോക്ഷം ഇല്ല...

ജീവിക്കുമ്പോൾ തന്നെ ഒന്നും ഒന്നുമല്ല എന്നറിയുന്നത് കൊണ്ട് കിട്ടുന്ന, 

പിന്നെ ഏറിയാൽ മരണത്തോടെ തീർന്ന് എല്ലാവർക്കും അവരല്ലാതായി നിർബന്ധമായും കിട്ടുന്ന 

മോക്ഷം മാത്രം.

****

മരിച്ചവൻ ഒരു നിലക്കും ബാക്കിയില്ല, 

അവനെ പൂർണമായും പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചയക്കുന്നു, 

പഞ്ചഭൂതങ്ങളാക്കി മാറ്റുന്നു, 

എന്നത് ജീവിക്കുന്ന ബാക്കിയുള്ളവരെ കൃത്യമായും വ്യക്തമായും ബോധ്യപ്പെടുത്തുക എന്നത് മാത്രം

മരണാനന്തര ചടങ്ങുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.


അതിൽ അവനായ ഊർജ്ജം പലതായി മാറും... അതിൽ കാക്കയും പൂച്ചയും പുല്ലും പൂവും ഉറുമ്പും പാറ്റയും ഒക്കെ ആവുമെന്ന്

*****

No comments: