Monday, October 10, 2022

ഓരോ തലച്ചോറും ഓരോ ചിലന്തി. തലച്ചോറിനെ തിരുത്താൻ സാധിക്കാതെ തന്നെ

എല്ലാവരിൽ നിന്നും സ്വയം തിരിഞ്ഞിരിക്കുക. 

എന്നിട്ടോ? 

എല്ലാവരും തനിക്കെതിരെ തിരിഞ്ഞിരുന്നു എന്ന് കരുതുക, ആരോപിക്കുക. 

പനിയുണ്ടെന്ന് അംഗീകരിക്കാതെ അന്തരീക്ഷം മൊത്തം കുളിരാണെന്ന് കരുതുക, പറയുക. 

എന്താ ചെയ്യുക? 

ബോധ്യപ്പെടുത്തിയാലും ബോധ്യപ്പെടില്ലെങ്കിൽ മാറ്റാൻ സാധിക്കില്ല. 

സ്വയം എല്ലാവരിൽ നിന്നും അകന്ന്, എല്ലാവരും തന്നെ അകറ്റിയെന്നും പറഞ്ഞേക്കും.

*****

എത്ര ലളിതമായി ജീവിക്കാനാവുന്ന ജീവിതമാണ് (വേണ്ടാതെ) ഊഹിച്ചും ചിന്തിച്ചും പ്രതിരോധിച്ചും ചിലർ സങ്കീർണമാക്കുന്നത്???!!! 

വേണ്ടാതെ എന്ന് അപ്പോൾ തോന്നാതെ. ഏറ്റവും വേണ്ടതെന്ന് അപ്പപ്പോൾ തോന്നിക്കൊണ്ട്.

അന്നവും വസ്ത്രവും പാർപ്പിടവും കിട്ടാത്തതല്ല പ്രശ്നം. ശാരീരിക രോഗവുമല്ല പ്രശ്നം.

എല്ലാവരും ജീവിക്കുന്നത് പോലെ വളരേ ലളിതമായെടുത്ത് ലളിതമായി ജീവിക്കാൻ സാധിക്കാതെ അവർ.

ചിലരുടെ തലച്ചോറ് എന്തോ സാഹസം ചെയ്ത് എളുപ്പം തേടുന്നത് പോലെ ആ ചിലരെ വലിയ കുഴിയിൽ ചാടിക്കുന്നു.

എന്ത്കൊണ്ടോ ഓരോരുത്തരും അവനവൻ്റെ തലച്ചോറിൻ്റെ തടവറയിൽ തന്നെ. 

എന്ത് ചെയ്യാം...?

തലച്ചോറിനെ, അതിൻ്റെ പ്രവർത്തനത്തെ ആർക്കും തിരുത്താൻ സാധിക്കാതെ തന്നെ...

*****

ഓരോ തലച്ചോറും ഓരോ ചിലന്തി. 

സ്വയം വലനെയ്ത് അതിൽ തന്നെ സുഷുപ്തി കൊള്ളുന്ന ചിലന്തി. 

ആ വല കൊണ്ട് തന്നെ ഇരയും തേടി, നേടിക്കൊണ്ട്. 

പലപ്പോഴും ആ വല താൻ സ്വയം നെയ്തതാണെന്ന് മനസ്സിലാക്കാതെ, മറ്റുള്ളവർ നെയ്ത് തന്നെയതിൽ കെണിച്ചതാണെന്ന ആരോപണവുമായി.

*****

നിൻ്റെ പ്രശ്നം നീ കാരണം മാത്രം, നിന്നിൽ നിന്ന് മാത്രം തുടങ്ങുന്നു എന്നത് നീ മനസ്സിലാക്കാത്തിടത്താണ് യഥാർത്ഥത്തിൽ നിൻ്റെ പ്രശ്നം തുടങ്ങുന്നത്.

*****

പോട്ടൻമാരായി ജീവിക്കുന്നത് തന്നെയാണ് നല്ലത്. 

ആർക്കും പ്രതീക്ഷ കൊടുക്കാതെ, ആരുടെയും പ്രതീക്ഷകൾക്ക് നിന്ന് കൊടുക്കാതെ. 

എങ്ങിനെയോ അങ്ങനെ.

No comments: