Saturday, May 7, 2022

നിങൾ ശരിക്കും സ്ത്രീസംരക്ഷണം ഉദ്ദേശിക്കുന്നുവെങ്കിൽ....,

 നിങൾ ശരിക്കും സ്ത്രീസംരക്ഷണം ഉദ്ദേശിക്കുന്നുവെങ്കിൽ...., 


നിങൾ ശരിക്കും സ്ത്രീപീഡനം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ...., 


നിങ്ങൾക്ക് യഥാർഥത്തിൽ സ്ത്രീയോട് നീതി ചെയ്യണമെന്നുണ്ടെങ്കിൽ...., 


ഒരേയൊരു കാര്യം ചെയ്ത് തുടങ്ങുക. (ഇത് യഥാർത്ഥ ഫെമിനിസ്റ്റുകൾ അടക്കം ചിന്തിക്കേണ്ട, ചെയ്യേണ്ട കാര്യം)


വിവാഹത്തോടെ പെൺകുട്ടിയെ അവളുടെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്താക്കാതിരിക്കുക. 


വിവാഹത്തോടെ പെൺകുട്ടിയെ ദൂരെ ഏതോ നാട്ടിലേക്കും വീട്ടിലേക്കും പറഞ്ഞു വിടാതിരിക്കുക. 


വിവാഹത്തോടെ അവൾക്ക് ഒരു പരിചയവും ഇല്ലാത്ത, കുശുകുശുക്കാൻ അവളുടെ കൂട്ടുകാരികളില്ലാത്ത, തീർത്തും  പുതിയ കുറേ ആളുകളുടെ ഇടയിലേക്കും നാട്ടിലേക്കും വീട്ടിലേക്കും ഒരൊറ്റ ദിവസം കൊണ്ട് അവളെ പറഞ്ഞു വിടാതിരിക്കുക. 


വിവാഹത്തോടെ പെൺകുട്ടി ഏതോ പുരുഷൻ്റെ ഏതോ വീട്ടിലേക്ക് പോകണം എന്നതും, ആ നിലക്ക് പെൺകുട്ടിയെ വേറെ ഏതോ നാട്ടിലേക്കും വീട്ടിലേക്കും നിർബന്ധപൂർവം പറിച്ചു നടണം എന്നതും നിർത്തലാക്കുക. 


പകരം വിവാഹത്തോടെ ഭർത്താവ് അവളുടെ വീട്ടിലേക്ക് വരട്ടെ. 


പകരം വിവാഹത്തോടെ അവളുടെ വീട് തന്നെ ഭർത്താവിൻ്റെ വീടാവട്ടെ.


ഭർത്താവ് എന്ന പുരുഷൻ അല്ലെങ്കിലും നാട് തെണ്ടുന്നവനും വീട് വിടുന്നവനും ആണ്. ജോലിക്കും കച്ചവടത്തിനും ഒക്കെയായി. 


പുരുഷന് പൊതുവെ നാടും വീടും വിടുന്നത് പുത്തരിയല്ല. അവൻ വീട്ടുകാര്യങ്ങൾ ചെയ്ത് വീട്ടിനുള്ളിൽ തന്നെ ജീവിക്കുന്നവനുമല്ല.


അങ്ങനെയുള്ള അയാൾ എന്ന പുരുഷൻ, വിവാഹം ചെയ്യുന്ന ഭർത്താവ്, ചലനം എളുപ്പമായവൻ അവളുടെ വീട്ടിലേക്ക് ഇങ്ങോട്ട് വരട്ടെ. 


ജീവിതവും സംസ്കാരവും അവളെ ചുറ്റിപ്പറ്റി അവളുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും സംരക്ഷണത്തിലും ഉടലെടുക്കട്ടെ, വളരട്ടെ. 


അവളെന്ന വെളിച്ചമുള്ളിടത്ത് വരുന്ന ഇയ്യാംപാറ്റ മാത്രമാവട്ടെ പുരുഷൻ. അവളെന്ന പൂവുളളിടത്ത് വരുന്ന പൂമ്പാറ്റയാവട്ടെ പുരുഷൻ.


വിവാഹത്തോടെ പെൺകുട്ടിക്ക് സ്വന്തം വീട് നഷ്ടപ്പെടുന്നില്ല, സ്വന്തം മാതാപിതാക്കളുടെ വീട് നഷ്ടപ്പെടുന്നില്ല എന്നും അതവളുടെ വീട് തന്നെയാണെന്നും വരട്ടെ. 


പെണ്ണുള്ളിടം ആവട്ടെ പുരുഷൻ്റെ വീട്. പുരുഷൻ ആ നിലക്ക് കെട്ടിനിർത്തപ്പെടട്ടെ. ഉത്തരവാദിത്തം പേറുന്നവൻ ആവട്ടെ.


പുരുഷനുള്ളിടം സ്ത്രീയുടെ വീട് എന്നതാവാതിരിക്കട്ടെ.  സ്ത്രീയുള്ളിടം പുരുഷൻ്റെ വീട് എന്ന് മാത്രം വരട്ടെ.


വിവാഹത്തോടെ അവൾ സ്വന്തം വീടില്ലാത്തവൾ എന്ന് വരാതിരിക്കട്ടെ. 


വിവാഹത്തോടെ സ്വന്തം വീടില്ലാതാവുന്ന അവൾ, ഭർത്താവിൻ്റെ വീട്ടിൽ പേടിച്ച്, ഓച്ചാനിച്ച് നിൽക്കേണ്ടവളാണ് എന്നത് തിരുത്തപ്പെടട്ടെ. 


അങ്ങനെ അവൾ ഭർത്താവിൻ്റെ വീട്ടിൽ പേടിച്ച്, ഓച്ചാനിച്ച് നിന്നില്ലെങ്കിൽ നടുറോഡിൽ വലിച്ചെറിയപ്പെടും എന്ന പേടിയും ഭീഷണിയും നടക്കാതിരിക്കട്ടെ.


മറുഭാഗത്ത്, അവൾ വീടിൽ നിന്നും പോകുന്നതോടെ, അവളുടെ വീടായ, അവളുടെ സ്വന്തം മാതാപിതാക്കളുടെ വീട് ആൺകുട്ടികൾ (അവരുടെ ഭാര്യമാരും) സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. എന്ന പേടിയും യാഥാർത്ഥ്യവും അവളെ ഒന്നുകൂടി പേടിപ്പിക്കും, അരക്ഷിതയാക്കും. 


വീട് സ്വന്തമായി ഉള്ളവൻ പുരുഷൻ എന്ന് വരരുത്. വീട് സ്വന്തമായി ഉള്ളവൻ പുരുഷൻ മാത്രമെന്ന് വരരുത്. 


വീട് സ്വന്തമായി ഉള്ളവൻ പുരുഷൻ മാത്രമെന്നത് തീർത്തും പേടിപ്പിക്കുന്ന അരക്ഷിതത്വമായ് അവളെ ഉടനീളം വേട്ടയാടും.


അതിനാൽ മാതാപിതാക്കളുടെ വീട് പെൺകുട്ടികൾക്കുള്ളതല്ല, പകരം  ആണുങ്ങൾക്കാണ് എന്ന് വരാതിരിക്കട്ടെ. 


പെൺകുട്ടികൾ വിവാഹം ചെയ്യുന്ന ഒരൊറ്റ ദിവസം കൊണ്ട് സ്വന്തം വീടില്ലാത്തവളായി അരക്ഷിതയാവാതിരിക്കട്ടെ.

No comments: