ബിജെപിക്ക് രാഷ്ട്രീയം കുട്ടിക്കളിയല്ല.
ബിജെപിക്ക് രാഷ്ട്രീയം വോട്ട് പിടിക്കലും തെരഞ്ഞെടുപ്പ് ജയിക്കലും മാത്രമല്ല.
രാഷ്ട്രീയം ഗൗരവത്തോടെ, ലക്ഷ്യബോധത്തോടെ കളിക്കുന്നതാണ് ബിജെപി.
വേരുകൾ താഴേക്ക് പണിപ്പെട്ട് താഴ്ത്തി മാത്രം മുകളിലോട്ട് കൊമ്പുകൾ ഉയർത്തുകയാണ് ബിജെപി ചെയ്ത, ചെയ്യുന്ന രാഷ്ട്രീയം.
കാരണം ബിജെപിക്ക് വേണ്ടി പ്ലാനും പദ്ധതിയും തയാറാക്കുന്ന, ഉറുമ്പിനെ പോലെ ഇരുപത്തിനാല് മണിക്കൂറും ഉറങ്ങാതെ പഠിച്ച് പണിയെടുക്കുന്ന ഒരു വലിയ വിഭാഗം കീഴേ വേരുകൾ ആഴ്ത്തി മുകളിലേക്ക് അവരെ വളർത്തുന്നതായി ഉണ്ട്.
രാഷ്ട്രീയം ദീർഘകാലത്തേക്ക്, കൃത്യമായ ദീർഘകാല ലക്ഷ്യങ്ങൾ വെച്ച് കളിക്കുന്നു ബിജെപി. ഈ ലക്ഷ്യബോധം ബിജെപി അണികൾക്കും ഉണ്ട്.
തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ എല്ലാ പാർട്ടികളെയും അതാത് കാലത്തും സ്ഥലത്തും പറ്റിയത് പോലെ ഉപയോഗിച്ചു ബിജെപി. 1975 ലും 1989ലും കമ്യുണിസ്റ്റ് പാർട്ടികളെ അടക്കം.
എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും , തങ്ങളുടെ താൽകാലിക അധികാര, സാമ്പത്തിക മോഹം വെച്ച് എപ്പോഴെങ്കിലുമൊക്കെ ബിജെപി വിരിച്ച വലയിൽ വീണു.
പാർട്ടിയെന്ന നിലക്കല്ലെങ്കിലും കോൺഗ്രസും കോൺഗ്രസിൻ്റെ നേതാക്കളും ബിജെപിക്ക് എപ്പൊൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന അസംസ്കൃത വസ്തുക്കൾ മാത്രം. ആ വഴിയിൽ കോൺഗ്രസിൻ്റെ അണികളും. പഴകിപ്പോളിഞ്ഞ വീട്ടിലെ പഴയ മരങ്ങളും ഉപകരണങ്ങളും കിട്ടാൻ വേണ്ടി മാത്രം ഇതുവരെയും ബിജെപി കോൺഗ്രസിനെ ഉപയോഗിച്ചു, ഇനിയങ്ങോട്ടും ഉപയോഗിക്കും.
വെറും അധികാരമോഹം വെച്ച്, പ്രത്യേകിച്ചൊരു ലക്ഷ്യവും ഇല്ലാതെ, വോട്ടിന് വേണ്ടി മാത്രം കപടമതേതരത്വം പറഞ്ഞ്, കുട്ടിക്കളി കളിക്കുന്ന കുട്ടിക്കുരങ്ങൻമാർ മാത്രമായിരുന്നു എല്ലാ പ്രതിപക്ഷ പാർട്ടികളും നേതാക്കളും എപ്പോഴും ബിജെപിയുടെ മുന്നിൽ.
ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ പാർട്ടിക്കും ബിജെപി ഉയർത്തുന്ന യഥാർത്ഥ വെല്ലുവിളിക്കെതിരെയും വികാരങ്ങൾക്കെതിരെയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് അതിനാൽ തന്നെ വന്നിരിക്കുന്നു.
പറയാനുള്ളത് ജനങ്ങളിൽ നേരിട്ടെത്തിക്കാനുള്ള വഴിയും വിദ്യയും കഴിവും വഴിയും ബിജെപിക്കറിയാം. അവരത് അങ്ങിനെ എത്തിക്കുന്നുമുണ്ട്. മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രിയടക്കം.
അങ്ങനെ ജനങ്ങളിൽ നേരിട്ട് തങ്ങൾക്ക് പറയാനുള്ള വിവരം എത്തിക്കുന്നതിൻ്റെ ധൈര്യവും ബിജെപിക്കുണ്ട്.
അതിനാൽ തന്നെയാണ് എല്ലാവിധ ഭരണവിരുദ്ധ വികാരവും ജനങ്ങൾ സ്വയം തന്നെ തങ്ങൾക്ക് വേണ്ടി പ്രതിരോധിച്ച് തടുക്കും എന്ന ധൈര്യം ബിജെപിക്കുണ്ടാവുന്നത്.
എല്ലാം രാജ്യരക്ഷക്കും രാജ്യപുരോഗതിക്കും വേണ്ടിയാണ് എന്ന തോന്നൽ ഒരുറപ്പാക്കി ജനങ്ങളിൽ നേരിട്ട് ബോധ്യപ്പെടുത്തി കുത്തിവെക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്, കഴിയുന്നുണ്ട്..
അതുകൊണ്ട് തന്നെ എന്തെല്ലാം വിലവർധനവും ക്ലേശവും നേരിടേണ്ടി വന്നാലും ജനങ്ങൾ വീണ്ടും വീണ്ടും ബിജെപിയെ തെരഞ്ഞെടുക്കും. ചുരുങ്ങിയത് 2050 വരെയെങ്കിലും ബിജെപിക്ക് പകരം ഇല്ലാതാവുന്നത്ര.
*****
തൊട്ടുകൂടായ്മ പറഞ്ഞ കാലം മുതൽ ഇതുവരെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബിജെപിയുടെ കൂടെ അധികാരത്തിന് വേണ്ടി കൂടിയവരാണ് ഇന്ത്യയിലെ ചെറുതും വലുതുമായ, പ്രാദേശികവും അല്ലാത്തതുമായ എല്ലാ പാർട്ടികളും നേതാക്കളും.
അവരൊക്കെയും ഫലത്തിൽ ബിജെപിയുടെ മുൻപിൽ പാമ്പ് പോയ ഉറ പോലെയുമായി. സ്വയം ഇല്ലാതായി.
പാമ്പായ ജനങ്ങൾ ബിജെപിയിലേക്ക് പോയി. ഉറ മാത്രമായി, വെറും പാർട്ടികളായി അവർ അവശേഷിക്കും വിധം. പാർട്ടി എന്ന നിലക്ക് കൂടെ കൂടാത്ത കോൺഗ്രസ് വരെ.
******
ഒരു ഘട്ടം വരെ അത്തരം ചെറുതും വലുതുമായ കുറേ പ്രാദേശികവും അല്ലാത്തതുമായ പാർട്ടികളെ കൂടെ നിർത്തി. എന്നിട്ടോ, ബിജെപി അതിൻ്റെ വൈകാരികമായ ആശയക്കരുത്ത് കൊണ്ട്, ഏറെക്കുറെ അവയിലെ അണികളെ കയ്യിലെടുത്ത് തങ്ങളുടെ കൂട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ആ വഴിയിൽ സ്നേഹിക്കുന്നുവെന്ന് വരുത്തിത്തന്നെ ചെറുതും വലുതുമായ പ്രാദേശിക പാർട്ടികളെയും നേതാക്കളെയും ബിജെപി നക്കിക്കൊന്നു.
പ്രത്യക്ഷത്തിൽ മനസിലാവും വിധം ആരെയും ബിജെപി ഞെക്കിക്കൊന്നില്ല. ഒരർത്ഥത്തിൽ ഖാൻഷിറാം സിദ്ധാന്തവൽക്കരിച്ചത് ബിജെപി നടപ്പാക്കി.
തങ്ങളുടെ ആത്യന്തികമായ നന്മക്കും ലക്ഷ്യത്തിനും വേണ്ടി എല്ലാവരെയും ഉപയോഗിക്കുക. എല്ലാവരെയും ഉപയോഗിച്ച് കൊല്ലുക. ധർമ്മയുദ്ധത്തിൽ ധർമ്മയുദ്ധം മാത്രം ലക്ഷ്യം. അതിനിടയിൽ മറ്റ് ധർമ്മങ്ങളെ കുറിച്ചും നീതിയെ കുറിച്ചും നന്മതിന്മകളെ കുറിച്ചും ചിന്തിക്കാതിരിക്കുക.
അങ്ങനെ അത്തരം ചെറിയ പ്രാദേശിക പാർട്ടികളിലെ അണികൾ ഫലത്തിൽ ബിജെപിക്കാരായി.
മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം കാക്കരാജാക്കന്മാരെ പോലെ മാത്രമായി. അഹങ്കരിച്ചു. പക്ഷെ, അവരറിയാതെ ബിജെപി നൽകുന്ന വികാരത്തിൽ കൂടെയുണ്ടായിരുന്ന അണികൾ ബിജെപിയിലേക്ക് മാറിപ്പോയി. പാർട്ടിയും പേരും മാത്രം അവർക്ക് സ്വന്തം. ഇപ്പൊൾ രാജ്യവും രാജ്യനിവാസികളും ബിജെപിക്കും.
കാരണം മറ്റൊന്നുമല്ല, ബിജെപി ഒരു മതം പോലെയാണ് വളർന്നത്, വളരുന്നത്. താഴേക്ക് വേരുകളോടെ, മുകളിലേക്കും ചുറ്റുപാടിലേക്കും പടർന്ന് പന്തലിച്ച്.
രാജ്യസ്നേഹത്തിൻ്റെയും രാജ്യസുരക്ഷയുടെയും മതവികാരമായി, പ്രതീക്ഷയായി ബിജെപി മാറി.
കൂടെ കൂടുന്ന ചെറുതും വലുതുമായ പാർട്ടികൾക്ക് അധികാരവും സമ്പത്തുമല്ലാത്ത വേറൊന്നും ലക്ഷ്യമില്ലെന്നും വേണ്ടെന്നും കാലേക്കൂട്ടി ബിജെപിക്കറിയാം.
താൽകാലിക നേട്ടമായ അധികാരവും സമ്പത്തും മാത്രം ലക്ഷ്യമുള്ള പ്രാദേശികവും അല്ലാത്തതുമായ പാർട്ടികൾക്കും നേതാക്കൾക്കും ദീർഘമായ മറ്റ് ലക്ഷ്യങ്ങൾ ഇല്ല.
മതേതരത്വവും ജനാധിപത്യവും പോലും അങ്ങാടിയിൽ ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറക്കേണ്ട വെറും കച്ചവടച്ചരക്ക് മാത്രം അത്തരം പാർട്ടികൾക്കും നേതാക്കൾക്കും.
അങ്ങനെ അത്തരം മിക്കവാറും പാർട്ടികളും നേതാക്കളും കുറച്ച് കാലത്തേക്ക് ബിജെപിയുടെ കൂടെ കൂടി, അധികാരം നേടി,അഴിമതി നടത്തി, സമ്പത്ത് നേടി. ഫലത്തിൽ അവർ അവരുടെ അണികളെ ബിജെപിക്ക് തളികയിൽ എന്നപോലെ വെച്ചുകൊടുക്കുകയും ചെയ്തു. ക്രമേണ ഉറകൾ മാത്രമായ വെറും കുറേ പാർട്ടികളുമായി അവർ. ബിഎസ്പിയെ പോലെ. ത്രിപുരയിലെയും ബംഗാളിലെയും കമ്യുണിസ്റ്റ് പാർട്ടിയെ പോലെ. കോൺഗ്രസ് പോലെ.
*****"
ഈ നേതാക്കൾ മുഴുവൻ, കോൺഗ്രസിലേയും മാർക്സിസ്റ്റ് പാർട്ടിയിലെയും അടക്കം, വ്യക്തിപരമായി തന്നെ അഴിമതി നടത്തിയവരും നടത്തുന്നവരും ആകയാൽ ബിജെപിക്ക് കാര്യങ്ങൾ ഒന്ന്കൂടി എളുപ്പമായി.
അധികാരത്തിലിരിക്കുമ്പോൾ അവർ നടത്തിയ പാപങ്ങൾ അവർക്കെതിരെ ഏത് സമയത്തും പ്രയോഗിക്കാം എന്നായി ബിജെപിക്ക്. അതിപ്പോഴും ബിജെപി വേണ്ടവിധം അതാതിടത്ത് അതാത് രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
അങ്ങനെ അവർക്കെതിരെ അവരുടെ പ്രവർത്തികൾ പ്രയോഗിക്കുമെന്ന് സൂചിപ്പിച്ച്, പേടിപ്പിച്ച് ബിജെപിക്ക് അത്തരം നേതാക്കളെ ഒന്നും ചെയ്യാത്തവരായി നിർത്താമെന്നുമായി.
കളത്തിൽ ബിജെപിക്കെതിരെ ആത്മാർത്ഥമായി കളിക്കാൻ ബിഎസ്പി യും കോൺഗ്രസും അടക്കം, ആരുമില്ലെന്നും, കളിക്കളം ആ നിലക്ക് കാലിയെന്നും ബിജെപി ഉറപ്പ് വരുത്തി. അങ്ങനെ വർത്തമാനകാലത്ത് ഏറക്കുറെ ആളില്ലാ പോസ്റ്റിൽ ഗോളടിക്കുന്ന പരുവത്തിൽ ഇന്ത്യ ബിജെപിക്ക് തളികയിൽ വെച്ചുകിട്ടി
ബിഎസ്പിയും മായാവതിയും ആർഎൽഡിയും അജയ് സിങ്ങും എൽജെഡിയും പാസ്വാനും എസ്ജേഡിയും കുമാരസ്വാമിയും അതിനുള്ള വലിയ തെളിവുകൾ.
കോൺഗ്രസ്സ് തന്നെയും ഉപ്പ് വെച്ച കലം പോലെ ആയത് അങ്ങനെ. കുറേ വ്യക്തിപരമായ അഴിമതികൾ ചെയ്ത നേതാക്കളുടെ പേടിയും പിടിപ്പുകേടും കാരണം.
പാപം ചെയ്തവർക്ക് കല്ലെറിയാൻ പറ്റില്ല എന്ന നിലയിൽ വ്യക്തിപരമായി അഴിമതികൾ കുറേ ചെയ്ത നേതാക്കളെ ബിജെപി നിഷ്ചേഷ്ടരാക്കി, നിസ്സംഗരാക്കി, നിഷ്ക്രിയരാക്കി. അവരെല്ലാം ഇന്ന് വെറും കാഴ്ചക്കാർ മാത്രം. കണ്ടില്ലേ, ബിഎസ്പിയും മായാവതിയും ഉത്തർ പ്രദേശിൽ എങ്ങിനെ ഇങ്ങനെയായി എന്ന്? ഒന്നും ചെയ്യാൻ ധൈര്യമില്ലാതെ.
******
കോൺഗ്രസ്സിന് ഇന്ത്യയും ഭരണവും വീണ് കിട്ടിയത് മാത്രമായിരുന്നു. പാർട്ടി എന്ന നിലക്ക് ജീവനും ആരോഗ്യവും നിലിർത്താനുള്ള ഒന്നും കോൺഗ്രസിനുള്ളിൽ ഇല്ല. കാതൽ ഇല്ലാത്ത മരം ചിതലരിക്കാൻ കാത്തിരിക്കുന്നത് പോലെ മാത്രമാത്രമായിരുന്നു കോൺഗ്രസ് എന്ന് തോന്നിപ്പോകും വിധം.
കോൺഗ്രസ് ഒരിക്കലും ഇന്ത്യക്ക് ഒരു പ്രതീക്ഷയും വികാരവും ആയിരുന്നില്ല. കോൺഗ്രസ് ഒരിക്കലും ദീർഘകാല ലക്ഷ്യം വെച്ച് ഒരു പ്രതീക്ഷയും വികാരവും ആദർശവും ആരിലും ഉണ്ടാക്കിയിരുന്നില്ല, ആർക്കും നൽകിയിരുന്നില്ല.
അധികാരക്കൊതി മൂത്ത കുറച്ച് പേർക്കപ്പുറം ആരും ഇന്ത്യയിൽ കാര്യമായി ഇല്ലാതിരുന്നതിനാൽ കോൺഗ്രസ് നിലനിന്നു പോന്നു.
തങ്ങളുടെ അധികാരമോഹത്തിന് അക്കാലത്ത് പറ്റിയത് കോൺഗ്രസ് എന്നത് കൊണ്ട് മാത്രം അവർ കോൺഗ്രസിലായി.
പിൽക്കാലത്ത് അത് പല പാർട്ടികളും ഇപ്പൊൾ ബിജെപിയും ആയപ്പോൾ അവരൊക്കെയും അത്തരം പാർട്ടികളിലും പിന്നെ ബിജെപിയിലും ആയി.
പക്ഷെ ലക്ഷ്യവും ലക്ഷ്യബോധവും ഉള്ള ബിജെപിയിൽ ആയതോടെ പിന്നെ അവരും ലക്ഷ്യബോധം ഉള്ളവരായി.
ബിജെപിയിൽ കളി വേറെയാണെന്നും, അത് ഗൗരവത്തോടെ ആണെന്നും, അവിടെ കളി കാര്യമാണെന്നും, ബിജെപിക്ക് അതിന് പറ്റിയ പഠിച്ചു വളർന്നുവന്ന അണികളും ആഴവും ഉണ്ടെന്നും അത്തരം രാഷ്ട്രീയ നേതൃത്വം ഇപ്പൊൾ തിരിച്ചറിയുന്നു.
ഇപ്പൊൾ തെറ്റായാലും ശരിയായാലും സംഗതി മാറി. ബിജെപി വന്നു.
തെറ്റായാലും ശരിയായാലും ശക്തിയും വികാരവും നിറച്ച തങ്ങളുടെ ദീർഘകാലലക്ഷ്യം നടപ്പാക്കുമ്പോൾ കോൺഗ്രസ് വെറും ഉപ്പ് വെച്ച കലം മാത്രമായി.
*****
അങ്ങനെ ബിജെപി ഇന്ത്യയിൽ മുഴുക്കെ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ, സ്വയം ഒരുമതം പോലെയായി. ജനങ്ങളുടെ വിശ്വാസം തന്നെയായ മതം. വേരും തലയും ഉള്ള വൻവൃക്ഷം
എന്തെല്ലാം തെറ്റുകുറ്റങ്ങൾ നിങൾ ആ ബിജെപി മതത്തിൽ കണ്ടാലും പറഞ്ഞാലും ജനങ്ങൾ ആ മതത്തിൽ തന്നെ ഉറച്ച് നിൽക്കും. കാരണം അവർ അവിടെ തണൽ കാണുന്നു. കൂട് കാണുന്നു.
ബിജെപി മതം എന്ന നിലക്ക് നൽകുന്ന വിശ്വാസധാർഢ്യതയും വികാരവും സുരക്ഷാബോധവും അത്രയ്ക്ക് കരുത്തുള്ളതാണ്. അത് ഇന്ത്യയും രാജ്യസ്നേഹവും രാജ്യസുരക്ഷയും പറഞ്ഞുള്ളതാണ്. അപ്പുറത്ത് ശത്രുവിനെ നിലനിർത്തിയും കാണിച്ചുമുള്ളതാണ്. അത് ജനങ്ങളുമായി നേരിട്ട് സംവദിച്ചും ജനങ്ങളെ നേരിട്ടറിയിച്ചുമുള്ളതാണ്. ഉറുമ്പിനെ പോലെ ഇരുപത്തിനാല് മണിക്കൂറും പണിയെടുത്ത് കൊണ്ടുള്ളതാണ്.
*****
ബിജെപി ദേശീയ വികാരത്തിൻ്റെയും ദേശസ്നേഹത്തിൻ്റെയും ഒരു മതം തന്നെ ആവുകയാണ്.
അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരവും വിലക്കയറ്റവും തൊഴിലില്ലായ്മയും ഒന്നും ബിജെപി വീണ്ടും അധികാരത്തിൽ വരുന്നതിൽ നിന്നും തടയാത്തത്. അതൊന്നും ബിജെപിയെ പിന്തുണക്കുന്നവരുടെ മുൻപിൽ വലിയൊരു വിഷയം ആക്കാൻ സാധിക്കാത്തത്.
*****
ഒരു മതം പോലെ തന്നെ ആഴത്തിൽ വേരുള്ള ഒരു പാർട്ടി ആകയാൽ നിങ്ങൾക്ക് ഒരു കാര്യം ബിജെപിയിൽ കാണാം. നേതൃത്വപരമായ പ്രശ്നങ്ങൾ ഇല്ല. ഗ്രൂപ്പിസം ഇല്ല.
ഒരു രാഷ്ടീയപാർട്ടി മതം പോലെ ആവുമ്പോൾ അങ്ങനെയാണ്. വിശ്വാസവും വികാരവുമാണ് പ്രധാനം. നേതൃത്വമല്ല. വ്യക്തികൾ അല്ല.
അതുകൊണ്ടാണ് അദ്വാനി അടക്കമുള്ള ഒരുപടി നേതാക്കൾ ഒരുമിച്ച് പിന്നോട്ട് പോയപ്പോഴും പാർട്ടി വളർന്നതും ഗ്രൂപ്പിസം തലപോക്കാതെയായതും.
*****
ഇതിനെയെല്ലാം അവഗണിച്ച് നാം വെറുതെ നമ്മുടെ നിസ്സഹായത കൊണ്ട് ആരോപിക്കും. ബിജെപി ജയിക്കുന്നത് വെറും കോർപറേറ്റ് പിന്തുണ കൊണ്ടാണ് എന്ന്. തെറ്റാണ്.
കോർപറേറ്റ് പിന്തുണ മാത്രമല്ല ഇപ്പൊൾ ബിജെപിക്കുള്ളത്. അവർക്ക് ആഴത്തിലുള്ള വേരുകളുമുണ്ട്.
കോർപ്പറേറ്റ് പിന്തുണ മാത്രം കൊണ്ട് ഇത്രയധികം ജനങ്ങുടെ വോട്ട് കിട്ടില്ല.
ബിജെപി ക്ക് രണ്ടും ഉണ്ട്. കോർപ്പറേറ്റ് പിന്തുണയും ജനങ്ങളുടെ പിന്തുണയും ഉണ്ട്.
ജനങ്ങളുടെ പിന്തുണ ഉള്ളവരെ കോർപ്പറേറ്റ്കൾ സ്വാഭാവികമായും പിന്തുണക്കുന്നു. കാരണം, കോർപ്പറേറ്റ്കൾക്കറിയാം അതുകൊണ്ട് മാത്രമേ കാര്യമുള്ളൂ, നേട്ടമുള്ളൂ എന്ന്.
No comments:
Post a Comment