Saturday, May 7, 2022

പ്രധാനമന്ത്രി പറഞ്ഞു: 'അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിച്ച് രാജ്യം പിറകോട്ട് പോയി. കഴിഞ്ഞ 75 വർഷങ്ങൾ.

 പ്രധാനമന്ത്രി പറഞ്ഞു: 


'അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിച്ച് രാജ്യം പിറകോട്ട് പോയി. കഴിഞ്ഞ 75 വർഷങ്ങൾ.


അതിനാൽ ഇനി അവകാശങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും പറയുന്നതിനും പകരം നമ്മൾ ചെയ്യേണ്ട ബാധ്യതകളെ കുറിച്ച് മാത്രം ചിന്തിക്കുക, പറയുക.'


പ്രധാനമന്ത്രി ഈ പറഞ്ഞത് നിങ്ങളൊക്കെയും ശ്രദ്ധിച്ചുവോ, ഓർമിക്കുന്നുവോ എന്നറിയില്ല. 


അഥവാ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങളും പ്രധാനമന്ത്രി തന്നേയും യഥാർഥത്തിൽ ഗൗരവത്തിൽ എടുത്തുവോ എന്നുമറിയില്ല


പ്രധാനമന്ത്രി ഈ പറഞ്ഞതിന് വലിയ അർത്ഥ തലങ്ങളുണ്ട്. 


പ്രത്യേകിച്ചും അവകാശങ്ങൾ നൽകാനും സംരക്ഷിക്കാനും ആണ് രാജ്യവും ഭരണാധികാരിയും എന്നതിനാൽ. 


ഉള്ള അവകാശങ്ങളും എടുത്തുകളയാൻ അല്ല രാജ്യവും ഭരണാധികാരിയും എന്നതിനാൽ. 


എന്നിരിക്കേ, അവകാശങ്ങൾ നൽകാനും സംരക്ഷിക്കാനും കഴിയാത്ത, ഉദ്ദേശിക്കാത്ത ഭരണാധികാരിയാണ് ഇത് പറയുന്നതെങ്കിൽ. 


അങ്ങനെ അവകാശങ്ങൾ വേണ്ടവിധം നൽകാനും സംരക്ഷിക്കാനും സാധിക്കാത്ത ഭരണാധികാരി വേറെന്ത് ചെയ്യണം എന്നനിലക്ക് കുറ്റം ജനങ്ങളുടെ തലയിലിടുന്നതാണെങ്കിൽ.


അല്ലെങ്കിൽ, സ്വാതന്ത്ര്യാനന്തരം ജനങ്ങൾക്ക് എന്തോ ചില്ലറ അവകാശങ്ങൾ കൊടുത്തത് കൊണ്ട് രാജ്യം പിറകോട്ട് പോയി എന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിനർത്ഥം എന്താണ്? 


സ്വാതന്ത്ര്യാനന്തരം ജനങ്ങൾക്ക് എന്തോ ചില്ലറ അവകാശങ്ങൾ കൊടുത്തു തുടങ്ങുന്നതിന് മുൻപ് ഈ രാജ്യം (ഇപ്പൊൾ ഉള്ളതിനേക്കാളും ഇപ്പൊൾ നേടിയതിനേക്കാളും) വല്ലാതെ പുരോഗമിച്ചായിരുന്നുവെന്ന് പ്രധാനമന്ത്രി വളരേ തെറ്റായും വാസ്തവവിരുദ്ധവും വസ്തുതാ വിരുദ്ധവുമായും പറയാൻ ഉദ്ദേശിച്ചുവോ?


അതല്ലെങ്കിൽ പ്രധാനമന്ത്രി ഈ പറഞ്ഞതിൻ്റെ അർത്ഥതലങ്ങൾ വിരൽ ചൂണ്ടുന്നതും ചൂണ്ടേണ്ടതതും പാവം പൊതുജനങ്ങളിലേക്കാവരുത്.


നിത്യജീവിതത്തിൻ്റെ ബാധ്യതകളുടെ പൊരിവെയിലിൽ കരിഞ്ഞുണങ്ങുന്ന പൊതുജനങ്ങൾക്ക് ഇവിടെ യഥാർഥത്തിൽ എന്തവകാശം? വോട്ട് നൽകാൻ മാത്രമല്ലാതെ ഇവിടെ ആർക്കെന്തുണ്ട്? ഇവിടെ അവകാശങ്ങൾ മുഴുവൻ എളുപ്പത്തിൽ നേടിയെടുക്കുന്നത് അധികാരികളും ഉദ്യോഗസ്ഥരും മാത്രമല്ലേ?


പ്രധാനമന്ത്രി ഈ പറഞ്ഞതിൻ്റെ അർത്ഥതലങ്ങൾ വിരൽ ചൂണ്ടുന്നതും ചൂണ്ടേണ്ടതതും അധികാരികളിലേക്ക് തന്നെയല്ലേ?


പ്രധാനമന്ത്രി പറഞ്ഞത് വിരൽ ചൂണ്ടേണ്ടത് സുഖലോലുപരയി രാജ്യത്തിൻ്റെ ചിലവിൽ മാത്രം ജീവിക്കുന്ന ഭരണാധികാരികളിലേക്ക് തന്നെയാണ്. 


പ്രധാനമന്ത്രി ഇത് പറയേണ്ടത് നികുതിയും വോട്ടും മാത്രം നൽകാൻ അറിയുന്ന പാവം പൊതുജനങ്ങളോടല്ല. പകരം, രാജ്യത്തിൻ്റെ നഷ്ടവും ക്ഷാമവും സഹിക്കാത്ത, എല്ലാ അവസ്ഥയിലും സുരക്ഷിതരായി ഭുജിക്കുന്ന ഉദ്യോഗസ്ഥ വിഭാഗങ്ങളിലേക്ക് തന്നെയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് തന്നെയാണ്.


പ്രധാനമന്ത്രി ഈ പറഞ്ഞതിൻ്റെ അർത്ഥതലങ്ങൾ പോകേണ്ടത്  അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിച്ച് ബാധ്യതകൾ നിറവേറ്റാത്ത വലിയൊരു തൊഴിലാളിവർഗ്ഗ വിഭാഗത്തിലേക്കാണ്. അധികാര കൂട്ടിക്കൊടുപ്പുകാരായി മാത്രം വളരുന്ന തൊഴിലാളി സർവീസ് യൂണിയനുകളിലേക്ക് തന്നെയാണ്.


അവകാശബോധം മാത്രമുള്ള, ബാധ്യതാബോധം തീരേ ഇല്ലാതെ പോയ, അങ്ങനെ വേദനവും ആനുകൂല്യങ്ങളും കൂട്ടാൻ മാത്രം പറയുന്ന, രാജ്യസേവനം മനസ്സിൻ്റെ ഏഴയലത്ത് പോലും വെക്കാത്ത  സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അവരുടെ യൂണിയനുകളും.


പ്രധാനമന്ത്രി ഈ പറഞ്ഞത് വെച്ച് അദ്ദേഹം അദ്ദേഹത്തിലേക്ക് തന്നെ വിരൽ ചൂണ്ടണം ചൂണ്ടി ചോദിക്കണം. 


പ്രധാനമന്ത്രിക്ക് വേണ്ടി, പ്രധാനമന്ത്രിയുടെ ആർഭാടത്തിനും സുരക്ഷക്കും വേണ്ടി ചിലവഴിക്കുന്ന ആയിരക്കണക്കിന് കോടികൾ ജനങ്ങളുടെ ബാധ്യതയിലാണോ അവകാശത്തിലാണോ കൂട്ടേണ്ടത്?


ഈ രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥ പ്രഭുത്വവും എന്ത്കൊണ്ട് അവർക്ക് കിട്ടികൊണ്ടിരിക്കുന്ന വേദനവും ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും വേണ്ടെന്ന് വെക്കുന്നില്ല? 


അല്ലെങ്കിൽ എന്ത്കൊണ്ട് വേദനവും ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും ഇത്രയൊന്നും വേണ്ട,  കുറച്ച് മതി എന്ന് പ്രധാനമന്ത്രിയും പരിവാരങ്ങളും മന്ത്രിമാരും ഭരണനേതൃത്വവും പറയുന്നില്ല?


എന്ത്കൊണ്ട് നാട്ടുകാർ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ മാത്രം മതി തനിക്കും തൻ്റെ ഭരണനേതൃത്വത്തിനും എന്ന് പ്രധാനമന്ത്രി പറയുന്നില്ല?


എന്ത്കൊണ്ട്  പ്രധാനമന്ത്രിയും പരിവാരങ്ങളും മന്ത്രിമാരും ഭരണനേതൃത്വവും അവർക്കുള്ള ആനുകൂല്യങ്ങളും വേദനവും സുഖസൗകര്യങ്ങളും എപ്പോഴും കൂട്ടിക്കൊണ്ടെയിരിക്കുന്നു? അതും ബാധ്യത മാത്രം ഏറ്റെടുക്കേണ്ടി വരുന്ന ദരിദ്രരാജ്യത്തിൻ്റെയും, വോട്ട് ചെയ്യുകയല്ലാത്ത അവകാശങ്ങൾ ഒന്നുമില്ലാത്ത ആ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും ചിലവിൽ. 


എന്തുകൊണ്ട് അല്പവും ഒരിക്കലും നാടിൻ്റെ ഒരു വിഷമസന്ധിയിലും ഇതൊന്നും പ്രധാനമന്ത്രിയും പരിവാരങ്ങളും രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥപ്രഭുത്വവും കുറക്കുന്നില്ല?


എന്നിരിക്കേ എന്തുകൊണ്ട് പ്രധാനമന്ത്രി ബാധ്യത ഏറ്റെടുക്കാത്ത കുറ്റം പാവം വോട്ട് ചെയ്യാൻ മാത്രം വിധിയുള്ള ജനങ്ങളുടെ തലയിൽ ഇടുന്നു?


****


ഈ സമൂഹം ജനാധിപത്യത്തിന് വേണ്ടി പോലും, അതിലെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോലും വളർന്നിട്ടില്ല, അർഹതയുള്ളവർ ആവുന്നില്ല എന്ന ധൈര്യത്തിലാണോ പ്രധാനമന്ത്രി ഇങ്ങനെ പറയുന്നത്?


അങ്ങനെ വളർന്നിട്ടില്ലാത്ത, അർഹതയില്ലാത്ത ഒരു വലിയ സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്ന, ചൂഷണം ചെയ്യുന്ന പരിപാടിയുടെ പേര് മാത്രമാണ് പ്രധാനമന്ത്രിക്ക് ഇവിടെയുള്ള ജാനാധിപത്യം? അതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ചത്?


അങ്ങനെയുള്ള ജനതയെ പറ്റിക്കാൻ വേണ്ട പണി മാത്രം ചെയ്യുന്ന രാഷ്ട്രിയ ഭരണ നേതൃത്വം മാത്രമേ ഇവിടെ പ്രധാനമന്ത്രിയെ സംബന്ധിച്ചേടത്തോളം ഉള്ളു?


രാജാക്കന്മാരെ കുറ്റം പറഞ്ഞ് അവരേക്കാൾ സമ്പാദിക്കുന്നവരും വലിയ സുഖഭോഗങ്ങൾ അനുഭവിക്കുന്നവരും  സ്വന്തത്തിനും പാർട്ടിക്കും വേണ്ടി സമ്പത്ത് കുന്ന്കൂട്ടുന്നവരും മാത്രമാണോ ഇവിടത്തെ രാഷ്ട്രിയ നേതൃത്വവും ഭരണനേതൃത്വവും എന്നാൽ?


ഒരുനിലക്കും വളരാത്ത സമൂഹത്തിന് പറ്റിയ വളരാത്ത സ്വാർത്ഥ സങ്കുചിത നേത്രുത്വം.


******


സംഗതി മറിച്ചാണ് വേണ്ടത്. 


ഭരണാധികാരി ആവുന്നത്ര ചിന്തിക്കുകയും മുഴുകുകയും ചെയ്യേണ്ടത് പാവം ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകാനും സംരക്ഷിക്കാനും ആയിരിക്കണം. 


എന്നാൽ ജനങ്ങൾ മറ്റൊരു നിർവാഹവും ഇല്ലാതെ, ഏറെക്കുറെ നിസ്സഹായരായി തന്നെ ഏറിയ പങ്കും ചെയ്യുകയും മുഴുകുകയും ചെയ്യുക ബാധ്യതകൾ നിറവേറ്റുന്നതിലായിരിക്കും.

No comments: