Friday, May 13, 2022

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും. (തുടരുന്നു.....)

 ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും.

(തുടരുന്നു.....)


രണ്ട് പാർട്ടികൾ. 


തീർത്തും വ്യത്യസ്തമായ ദിശകളിൽ നിന്നുളള രണ്ട് പാർട്ടികൾ. 


തീർത്തും വ്യത്യസ്തമായ ധാരകളെ അവലംബിക്കുന്ന രണ്ട് പാർട്ടികൾ.


രണ്ട് കൂട്ടർക്കും തീർത്തും വ്യത്യസ്തമായ രണ്ട് രാഷ്ട്രസങ്കല്പങ്ങൾ. 


ഒന്ന് ഹിന്ദുരാഷ്ട്ര സങ്കൽപം. 


മറ്റേത് ഇസ്‌ലാമികരാഷ്ട്ര സങ്കൽപം.


*****


ഹിന്ദുരാഷ്ട്ര സങ്കൽപമുള്ള ആർഎസ്എസിന് അതെങ്ങിനെ ആയിരിക്കണം എന്നതിൽ ഒരു നിർബന്ധവും ഇല്ല, ഉണ്ടാവാൻ ഇടയില്ല. നിർബന്ധമായും പിന്തുടരേണ്ട ഭരണ രീതിയോ സാമ്പത്തിക ശാസ്ത്രമോ ഇല്ല. അപ്പപ്പോൾ തോന്നുന്ന എന്തും ആവാം.


ഇന്ത്യൻ ദേശീയതയും സംസ്കാരവും സംരക്ഷിക്കണം (അത് ഉളളിൽതട്ടി പറഞ്ഞാലും വെറും വെറുതെ പുറംനാക്ക് കൊണ്ട് പറഞ്ഞാലും) എന്നതിനപ്പുറം പുറത്തും ഉള്ളിലും പറയാൻ ഒന്നും യഥാർഥത്തിൽ ആർഎസ്എസിനുണ്ടാവില്ല. ഏറിയാൽ, ആ വഴിയിൽ ചരിത്രപരമായ പ്രതികരണവും പ്രതികാരവും അല്ലാതെ. അധികാരത്തിന് വേണ്ടി അപ്പപ്പോൾ എന്തോ ചെയ്യുന്നതും ചെയ്യാത്തതും അല്ലാതെ.


കാരണം, ദൈവരാഷ്ട്രം എന്ന സങ്കല്പമോ, അധികാരം ദൈവത്തിന് എന്ന സങ്കല്പമോ, ദൈവം പറഞ്ഞത് പോലെ ഭരിക്കണം എന്നോ, ഭൂമിയിൽ മനുഷ്യൻ ദൈവത്തിൻ്റെ പ്രതിനിധി എന്നോ, ഭരണത്തിന് നിർബന്ധമായും പിന്തുടരേണ്ട ഒരു ഗ്രന്ഥമോ മാതൃകയോ ചര്യയോ ഉണ്ട് എന്നോ അടിസ്ഥാനപരമായി ആർഎസ്എസിനില്ല. മരണാനന്തരത്തിലെ നരകവും സ്വർഗ്ഗവും വെച്ചല്ല, വെച്ചാവേണ്ടതില്ല ആർഎസ്എസിന് ഇവിടെയുള്ള പ്രവർത്തനവും ഭരണവും.


ഭരണം എങ്ങിനെ എന്തിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്ന കാര്യത്തിൽ ആർഎസ്എസിനെ നിർബന്ധമായും ഭരിക്കുന്ന വിലക്കുകളും നിർബന്ധങ്ങളും അരുതുകളും തിട്ടൂരങ്ങളും ഇല്ല. അവസാന വാക്കില്ല.


പാടില്ലാത്തതും പാടുള്ളതും നിശ്ചയിക്കുന്ന മുൻ ഗ്രന്ഥവും കല്പനകളും ആർഎസ്എസ്നില്ല. അവസാന വാക്കില്ല. ആർഎസ്എസ് എന്താവണം എങ്ങിനെയാവണം എന്ന് ആർഎസ്എസിന് നിശ്ചയിക്കാം.


അതുകൊണ്ട് തന്നെ വേണമെങ്കിൽ, വേണമെന്ന് വെച്ചാൽ ആർഎസ്എസിന് എപ്പോൾ വേണമെങ്കിലും മാറാം. ആർഎസ്എസ് ഇങ്ങനെ തന്നെ ആവണം എന്ന് നിർബന്ധിക്കുന്ന ഒരു വേദഗ്രന്ഥമില്ല, അങ്ങനെയുള്ള ആർഎസ്എസിൻ്റെ മാറ്റത്തെ തടുക്കുന്ന, പാടില്ലെന്ന് പറയുന്ന മറ്റൊന്നും അപ്പോൾ ഉണ്ടാവില്ല. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ഒക്കെ ആർഎസ്എസിന് ആ നിലക്ക് എപ്പോൾ വേണമെങ്കിലും ആവാം. അധികാരതാൽപര്യം അന്ധരാക്കിയിട്ടില്ലെങ്കിൽ, ലഹരി പിടിപ്പിച്ചിട്ടില്ലെങ്കിൽ.


ദേശീയത അടിസ്ഥാനമാക്കിയാൽ പിന്നെ ആയിക്കൂടാത്തതൊന്നും ഒന്നുമില്ല ആർഎസ്എസിന്.


*****


ഇസ്ലാമികരാഷ്ട്ര സങ്കൽപമുള്ള ജമാഅത്തെ ഇസ്ലാമിക്ക് അതെങ്ങിനെ ആയിരിക്കണം എന്നതിൽ  നിർബന്ധമുണ്ട്.


നിർബന്ധമായും പിന്തുടരേണ്ട, ഇസ്ലാമും ഖുർആനും മുഹമ്മദിൻ്റെ ചര്യയുമായ ഭരണരീതിയും സാമ്പത്തിക ശാസ്ത്രവും ഉണ്ട്. അപ്പപ്പോൾ തോന്നുന്ന എന്തും ആയിക്കൂടാ.


ഇന്ത്യൻ ദേശീയതയും സംസ്കാരവും ജമാഅത്തെ ഇസ്ലാമിക്ക് അടിസ്ഥാന പരമായി വിഷയമല്ല. ഇന്ത്യ അവർക്ക് ഇസ്ലാം നടപ്പാക്കാനുള്ള ഒരു തട്ടകം മാത്രം. ഇസ്ലാം നടപ്പാക്കാനുള്ള മറ്റുപല രാജ്യങ്ങളിൽ ഒരു രാജ്യം മാത്രം ഇന്ത്യ ജമാഅത്തെ ഇസ്ലാമിക്ക്. എന്നത് കൊണ്ട് തന്നെ പുറത്തും ഉള്ളിലും പറയാൻ പലതും ഉണ്ടാവും യഥാർഥത്തിൽ ജമാഅത്തെ ഇസ്ലാമിക്ക്. വെറും ചരിത്രപരമായ പ്രതികരണവും പ്രതികാരവും അല്ലാത്തത്.


കാരണം, ദൈവരാഷ്ട്രം എന്ന സങ്കല്പവും, അധികാരം ദൈവത്തിന് എന്ന സങ്കല്പവും, ദൈവം പറഞ്ഞത് പോലെ (ഖുർആൻ അനുസരിച്ച്, മുഹമ്മദ് നബി പറഞ്ഞത് പോലെ) ഭരിക്കണം എന്നും, ഭൂമിയിൽ മനുഷ്യൻ ദൈവത്തിൻ്റെ പ്രതിനിധി എന്നും, ഭരണത്തിന് നിർബന്ധമായും പിന്തുടരേണ്ട ഒരു ഗ്രന്ഥവും മാതൃകയും ചര്യയും ഉണ്ട് എന്നും ജമാഅത്തെ ഇസ്ലാമിക്കുണ്ട്. മരണാനന്തരത്തിലെ നരകവും സ്വർഗ്ഗവും വെച്ചാണ്, വെച്ചാവേണ്ടതുണ്ട് ജമാഅത്തെ ഇസ്ലാമിക്ക് ഇവിടെയുള്ള പ്രവർത്തനവും ഭരണവും.


അക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ ഭരിക്കുന്ന വിലക്കുകളും നിർബന്ധങ്ങളും അരുതുകളും തിട്ടൂരങ്ങളും ഒരെറെയുണ്ട്. അത് ഇന്ത്യൻ ഭരണഘടനയോ സോഷ്യലിസമോ മതേതരത്വമോ ജനാധിപത്യമോ ആയിക്കൂടാ. പകരം അത്തരം വിലക്കുകളും നിർബന്ധങ്ങളും അരുതുകളും തിട്ടൂരങ്ങളും പാടില്ലാത്തതും പാടുള്ളതും നിശ്ചയിക്കുന്ന മുൻഗ്രന്ഥവും കല്പനകളും ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ഖുർആനും പ്രവാചകചര്യയും മാത്രം. അവസാന വാക്കുണ്ട്. ജമാഅത്തെ ഇസ്ലാമി എന്താവണം എങ്ങിനെയാവണം എന്ന് ജമാഅത്തെ ഇസ്ലാമിക്ക് നിശ്ചയിക്കാൻ പറ്റില്ല.


അത്കൊണ്ട് തന്നെ ജമാഅത്തെ ഇസ്‌ലാമിക്ക് എപ്പോൾ വേണമെങ്കിലും മാറാൻ പറ്റില്ല. 


ജമാഅത്തെ ഇസ്ലാമി ഇങ്ങനെ തന്നെ ആവണം എന്ന് നിർബന്ധിക്കുന്ന ഒരു വേദഗ്രന്ഥമുണ്ട്. 


ജമാഅത്തെ ഇസ്ലാമിയുടെ മാറ്റത്തെ തടുക്കുന്ന, പാടില്ലെന്ന് പറയുന്ന മാറ്റ് പലതും പിന്നിലും ചരിത്രത്തിലും ഉണ്ടാവും. ഖുറാനും പ്രവാചകനും പ്രവാചകചര്യയുമുണ്ട്


അതുകൊണ്ട് തന്നെ ഒരു നിലക്കും ജനാധിപത്യവും മതേതരത്വവും ദേശീയതയും സോഷ്യലിസവും ഒന്നും ജമാഅത്തെ ഇസ്ലാമിക്ക് യഥാർത്ഥത്തിൽ പറ്റില്ല, പാടില്ല. 


ഇസ്ലാമും ഖുർആനും മുഹമ്മദും  അടിസ്ഥാനമാക്കിയാൽ പിന്നെ ആയിക്കൂടാത്തതായി പലതുമുണ്ട് ജമാഅത്തെ ഇസ്ലാമിക്ക്. അതവർ സാഹചര്യവശാൽ തുറന്ന് പറഞ്ഞാലും ഇല്ലെങ്കിലും. 


(തുടരും, തുടരണം.....)

No comments: