Saturday, May 7, 2022

ഹിജാബ്: മധുരിച്ചിട്ട് ഇറക്കണോ കയ്ച്ചിട്ട് തുപ്പണോ?

 ഹിജാബ്: മധുരിച്ചിട്ട് ഇറക്കണോ കയ്ച്ചിട്ട്  തുപ്പണോ? 


മതേതരവാദികൾക്കും മനസിലാവുന്നില്ല. 


അവരും കുടുങ്ങിയിരിക്കുന്നു. 


എവിടെ, ആരുടെ പക്ഷത്ത് നിൽക്കണം?


സ്കൂളിൽ ഹിജാബ് നിരോധിക്കണം. 


ശരിയാണ്.  


എന്തുകൊണ്ടെന്നാൽ സ്കൂളുകളും കുട്ടികളും മതം കയറ്റാനും പരീക്ഷിക്കാനുമുള്ള വേദിയല്ല.


അതൊക്കെ ശരിയാണ്. പക്ഷേ, അതിപ്പോൾ പറയുന്നതും ചെയ്യുന്നതും ബിജെപിയാണല്ലോ? 


അവിടെയാണ് അതിൻ്റെ പ്രശ്നം. തുപ്പാനും ഇറക്കാനും കഴിയാത്ത പ്രശ്നം.


എന്നാൽ മതേതരവാദികൾ അവർക്ക് എത്ര വലിയ അവസരം കിട്ടിയാലും ഇതൊക്കെ ചെയ്യുമോ, പറയുമോ? 


ഇല്ല.


എന്നല്ല, മതേതരവാദികൾ ചെയ്യേണ്ട, എന്നാൽ പ്രീണനനയം കൊണ്ടും അതുണ്ടാക്കുന്ന ഭയം കൊണ്ടും അവർ ചെയ്യാത്ത പലതും ബിജെപിയാണല്ലോ ഇപ്പോൾ ചെയ്യുന്നത്? 


അപ്പോൾ ഈ മതേതരവാദികൾ എന്ത് ചെയ്യും?  


മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട്  ഇറക്കാനും വയ്യ എന്ന പോലെ നിൽക്കും. രണ്ട് തോണിയിലും കാല് വെക്കും.


അപ്പോൾ പിന്നെ എന്താവും?

ശ്വാസം മുട്ടുക തന്നെ. കാലുകൾ രണ്ടും രണ്ടായി പിളർന്ന് പോകുക തന്നെ.


ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതരർക്ക് മുഴുക്കെയും പൊതുവെയും എന്ത് ചെയ്യണം എങ്ങിനെ പ്രതിരോധിക്കണം എന്നറിയാത്ത ശ്വാസം മുട്ട് തന്നെയാണ്. പിളർന്ന് പോക്ക് തന്നെ.


ചികിത്സ ഇല്ലാത്ത ശ്വാസം മുട്ട്, പിളർപ്പ്.


****


മതേതരത്വം എന്നാൽ ആർത്തിപൂണ്ട മതതീവ്രതയും മതാത്മകതയും മതമൗലികവാദവും മതവിഭജനവും വളർത്താനുള്ള മറയും തണലും എന്ന് കരുതിയ ജനതക്ക് കിട്ടിയ ശിക്ഷയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ടീയ ദുരന്തം.


പ്രതിപക്ഷം ഇല്ലാതാവുന്നത്ര വലിയ ദുരന്തം.


******


അത്കൊണ്ട് തന്നെ ആരും പറയുന്നിടത്തല്ല ശരി. 


ശരി എല്ലാറ്റിനും എല്ലാവർക്കും ഇടയിൽ എവിടെയോ.


*****


പൂർണാർത്ഥത്തിൽ ഉള്ള ഹിജാബ് നിരോധനം ശരിയല്ല, ജനാധിപത്യപരമല്ല. 


ഒന്നും നിരോധിക്കുന്നത് ജനാധിപത്യപരമല്ല. തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവും ഇല്ലാതാവും.


അങ്ങനെയൊരു  നിരോധനം ഇവിടെ ആരും നടത്തിയിട്ടില്ല, നടത്തുകയും ഇല്ല. 


അതേ സമയം നാം സമ്മതിക്കണം. കുഞ്ഞുകുട്ടികളെക്കൊണ്ട് വരെ ഹിജാബ് ധരിപ്പിക്കുന്നതും ശരിയല്ല.  വിശ്വാസവും തെരഞ്ഞെടുപ്പും കുഞ്ഞുങ്ങൾക്ക് ബാധകമല്ല.


ഒപ്പം, ഏതർത്ഥത്തിലും പൊതുഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിരോധിക്കേണ്ടതാണ്. 


കൊറോണ വന്നപ്പോൾ മാസ്ക് ധരിച്ചത് മുഖം മറയ്ക്കുന്നതിന് ന്യായവും അല്ല. അത് ആണും പെണ്ണും ഒന്നിച്ചാണ്, രോഗം പ്രതിരോധിക്കാനാണ് എന്ന് മനസിലാക്കിക്കൊണ്ട്.


*****


യഥാർഥത്തിൽ മുഖം മറച്ച് സ്കൂളിൽ വരണമെന്ന ചിലരുടെ നിഗൂഢമായ അജണ്ടയും വാശിയും മുസ്ലിം പെൺകുട്ടികളെ വെച്ചുള്ള തന്ത്രവും സംഗതി സ്കൂളുകളിൽ ഹിജാബ് തടയുന്നത് വരെ എത്തിച്ചു.


വടി കൊടുത്ത് അടി വാങ്ങുക. അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങുക. മുസ്‌ലിംകളും കപടമതേതരരും മനസിലാക്കുന്നില്ല.


വെറുതെ പ്രതിരോധിച്ച് പെരുപ്പിച്ച് വലുതാക്കിയതാണ് കാര്യങ്ങളെ. കൂക്കിവിളിച്ച് കുളിക്കുന്നത് ശ്രദ്ധയിൽ പെടുത്തി ഇരയാവുകയാണ് അവർ.


തീവ്രമുസ്ലിം വർഗീയത കൊണ്ട് ഇന്ത്യയിൽ മുസ്ലിംകൾക്ക് ഇവ്വിധം നഷ്ടം മാത്രം. ആ വകയിൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറ്റി മറിക്കുമാറ്. 


മനസിലാക്കേണ്ടവർ പക്ഷെ ഇത് മനസിലാക്കുന്നന്നില്ല. അവർ പിന്നെയും പിന്നെയും അവരുടെ ശത്രുക്കൾക്ക് വേണ്ട വഴിമരുന്നും വിത്തും ഇട്ട്കൊടുക്കുന്നു, ഇട്ടുകൊണ്ടിരിക്കുന്നു.


******


കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ ചോയിസ് അല്ല മതവും മതാചാരങ്ങളും.


അല്ലെങ്കിലും നരകം പറഞ്ഞ് പേടിപ്പിച്ച് നിര്ബന്ധിച്ച് ധരിപ്പിക്കുന്നതിന് എങ്ങിനെ ചോയ്സ് എന്ന പേര് വരും?


കുഞ്ഞുകുട്ടികൾക്ക് വിശ്വാസകാര്യങ്ങളിൽ ചോയ്സ് നടത്താൻ മാത്രം പ്രായവും പക്വതയും ഇല്ല.


എങ്കിൽ, കുഞ്ഞുകുട്ടികൾ പഠിക്കുന്ന pre University സ്കൂളുകളിൽ എന്തിന് ഹിജാബ്? അതും തീവ്രത കൂടിക്കൂടി മുഖം മറക്കുന്ന നിഖാബ് വരെ.


മുതിർന്നവർ പഠിക്കുന്ന കോളേജുകളിൽ അല്ല ഇവിടെ ഹിജാബ് തടയുന്നത്.


മുതിർന്നവർ പഠിക്കുന്ന കോളേജുകളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.


കുഞ്ഞുകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നതും ശരിയല്ലല്ലോ?


*******


ഹിജാബ് ഫാഷനായി കടന്ന് വരും, വിശ്വാസമായി കുടിയിരിക്കും, തീവ്രവാദമായി പരിണമിക്കും. 


ഹിജാബ് ധരിക്കുന്നവർ കുരങ്ങന്മാർ ചൂട്ചോറ് വാരുന്നത് പോലെ. 


അവർക്ക് തന്നെ എതിരെന്നാകിലും അവരത് ന്യായീകരിക്കുകയും ചെയ്യും.


*****


തലയും മുടിയും മുഖവും ആണിനും പെണ്ണിനും ഒരുപോലെ. 


കണ്ണും മൂക്കും നാക്കും ചെവിയും മുഖത്ത്. 


ഓരോരാളും വ്യത്യസ്തരായി തിരിച്ചറിയപ്പെടുന്നത് മുഖം കൊണ്ട്. 


എന്നിരിക്കേ, പെണ്ണ് മാത്രം തലയും മുടിയും, പിന്നെ മുഖവും മറക്കണമെന്ന് പറയുന്നതിലെ യുക്തി എന്ത്?


*****


ഇനി വേറൊരു കാര്യം പറയട്ടെ. 


കേരള/ഇന്ത്യൻ സാഹചര്യത്തിലെ പ്രായോഗികതയുമായി ബന്ധപ്പെട്ടത്.


ഹിജാബ് ധരിച്ചാൽ മുടിയിൽ നനവ് മാറില്ല. അതുകൊണ്ട് ദുർഗന്ധമുണ്ടാവും, പേൻ വർദ്ധിക്കും. 


ഇക്കാരണം കൊണ്ട് ഹിജാബ് ധരിക്കേണ്ടവർക്ക് കുളിച്ച് പുറത്ത് പോകാൻ സാധിക്കില്ല. 


ഹിജാബ് ധരിക്കുന്നവരധികവും ഇത് കൊണ്ട് തന്നെ കുളിക്കാതെ പുറത്ത് പോകാൻ നിർബന്ധിതരാവുന്നു. 


നനഞ്ഞ മുടിയും ഹിജാബും ഒത്തുപോകില്ല.


ഇക്കാര്യത്തിൽ നൂറ് പുരുഷന്മാർ അഭിപ്രായം പറയുന്നതിനേക്കാൾ കരുത്തും അർത്ഥവും ഉണ്ടാവും ഒരു സ്ത്രീ അഭിപ്രായം പറയുമ്പോൾ. പ്രത്യേകിച്ചും ഒരു മുസ്ലിം സ്ത്രീ. 


പക്ഷേ മുസ്ലിംസ്ത്രീ മുസ്ലിംപുരുഷന്മാരുടെ ചട്ടുകങ്ങൾ മാത്രമാകുന്നു. പുരുഷന്മാർ അവർക്ക് വേണ്ടി പറയുന്നത് സ്ത്രീയും അതുപോലെ പറയുന്നു. തത്തമ്മേ പൂച്ച പൂച്ച.


പക്ഷേ, മുസ്ലിം സ്ത്രീ പറയണം. സ്വതന്ത്രമായി, സ്വാധീനിക്കപ്പെടാതെ, പേടിയില്ലാതെ.


കാരണം മറ്റൊന്നുമല്ല.ഇത് നേരിട്ടനുഭവിച്ചറിയുന്നവർ അവരാണ്, ഇത് അവരെ മാത്രം ബാധിക്കുന്ന വിഷയവുമാണ്. 


അതിനാൽ തന്നെ അനുകൂലമായും പ്രതികൂലമായും അഭിപ്രായമുള്ള സ്ത്രീകൾ ഇതിൽ എങ്ങിനെ അഭിപ്രായം പറഞ്ഞാലും പൂർണ ബഹുമാനത്തോടെ നാമത് മനസിലാക്കും, മനസിലാക്കണം.


ഹിജാബ് ധരിക്കുന്ന സ്ത്രീപക്ഷത്ത് നിന്നും കാര്യങ്ങൾ ചോദിച്ചന്വേഷിച്ചറിഞ്ഞതിന് ശേഷം തന്നെയാണ് ഈയുള്ളവൻ ഈ അഭിപ്രായം പറഞ്ഞത്


കുളിച്ചാൽ ഓരോ സ്ത്രീയും മുടി ഉണക്കാൻ പാട്പെടുന്നു..... അതുകൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ കുളിക്കാതെ പോകാനും നിർബന്ധിതരാവുന്നു...... തിരിച്ചു വന്നതിന് ശേഷം കുളിക്കാം എന്ന വിചാരത്തോടെ.


മാത്രവുമല്ല, ഈർപ്പം കൂടുതലുള്ള, നന്നായി വിയർക്കുന്ന നമ്മുടെ നാട്ടിലെ പരിതസ്ഥിതിയിൽ നിന്ന് ചിന്തിച്ചും മനസ്സിലാക്കിയും തന്നെയാണ് മേൽഅഭിപ്രായം പറഞ്ഞത്.


നല്ലവണ്ണം മുടിയുള്ളവർക്ക് മുടി വൃത്തിയായി സൂക്ഷിക്കുക ഒരു ബാധ്യത തന്നെയാണ്. 


നനഞ്ഞ മുടി കെട്ടി വെച്ചാൽ പോലും പ്രശ്നമാണ്. 


എന്നിരിക്കേ, അത് ഹിജാബ് കൊണ്ട് മറച്ച് വെക്കുക കൂടി ചെയ്താലോ? 


നന്നായി കാറ്റ് കിട്ടില്ല. വിങ്ങും. വിങ്ങിയ മണം രൂപപ്പെടുകയും ചെയ്യും.


എന്തെല്ലാം ഉടക്ക് ന്യായം ഇതിനെതിരെ നാം ഉണ്ടാക്കി പറഞ്ഞാലും പേനും ദുർഗന്ധവും കൂടും. നനവും വിയർപ്പും കാരണം.


ഇത് ആണുങ്ങൾക്കും ഒരളവോളം ബാധകമാണ്. പക്ഷേ ആണുങ്ങൾക്ക് മതപരമായി തലയും മുടിയും മറയ്ക്കുക നിർബന്ധമല്ലല്ലോ?


****


ഹിജാബ് ധരിക്കാതെ മുടി കെട്ടിവെച്ചാൽ തന്നെ പ്രശ്നം ഉണ്ട്. അപ്പോൾ, ഹിജാബ് കൂടി ആവുമ്പോൾ ....?അത് ഇരട്ടിക്കുക മാത്രം ചെയ്യും. 


ഹിജാബ് തലയിലെ ചൂടും ഈർപ്പവും നനവും ദുർഗന്ധവും പേനും ഒക്കെയായി ബന്ധപ്പെട്ട പ്രശ്നത്തെ കുറക്കുകയല്ല ചെയ്യുക.


അല്ലെങ്കിലും ഒരു തെറ്റിന് അതിനേക്കാൾ വലിയ തെറ്റെങ്ങിനെ ന്യായവും പരിഹാരവുമാവും? 


പ്രശ്നത്തിൻ്റെ മേൽ പ്രശ്നം കൂട്ടുകയല്ലല്ലോ പ്രശ്നത്തിന് പരിഹാരം?


മുടി കെട്ടുന്നവർക്ക് സൗകര്യം പോലെ അത് കെട്ടാതിരിക്കാം.  മതപരമായ വിലക്കുകളും കല്പനകളും ഇല്ല. അവനവൻ്റെ സൗകര്യവും സാഹചര്യവും തേടുന്നത് ചെയ്യാം.


ഹിജാബ് അതുപോലെയല്ലല്ലോ? 


ഹിജാബ് വിശ്വാസരമായ പ്രശ്നമാണ്.


ഹിജാബ് മതപരമായ, സ്ത്രീകൾക്ക് നിർബന്ധമായ, നരകവും സ്വർഗ്ഗവുമായി ബന്ധപ്പെട്ട കാര്യമാണ്, തെരഞ്ഞെടുപ്പല്ല എന്നതാണ് പ്രശ്നം.


****


ഹിജാബ് ആ നിലക്ക് വെറും വെറുതെ വെറും ചോയ്സ് എന്ന് പറയാൻ പറ്റിയ ഒന്നല്ല.


അല്ലെങ്കിലും കുട്ടിപ്രായത്തിൽ നരകം പറഞ്ഞ് പേടിപ്പിച്ച്, നിര്ബന്ധിച്ച്, വിശ്വസിപ്പിച്ച്,  ശീലിപ്പിക്കുന്ന സംഗതി പിന്നീട് ചോയ്സ് എന്ന് പറയുന്നതിൽ  അർത്ഥമില്ല. 


കുട്ടി പ്രായത്തിൽ , ഒരു ചോയ്സ് അല്ലാത്ത ഘട്ടത്തിൽ, ഒരു തെരഞ്ഞെടുപ്പ് സാധിക്കാത്ത ഘട്ടത്തിൽ, ഉപബോധമനസിൽ തിരുകിയത് മഹാഭൂരപക്ഷത്തിനും പിന്നീട് തിരുത്താനും മാറ്റാനും സാധിക്കില്ല എന്നതാണ് വാസ്തവം.


അത് തന്നെയാണ് മതവും മതാചാരങ്ങളും മതപൗരോഹിത്യവും ഹിജാബ് കാര്യത്തിൽ വരെ, ചോയ്സ് എന്ന് ഇരയെക്കൊണ്ട് പറയിപ്പിക്കും വിധം വരെ,മേൽകൈ നേടുന്നതിൻ്റെ ന്യായവും.


തെരഞ്ഞെടുപ്പ് സാധിക്കാത്ത കുട്ടിപ്രായത്തിൽ എല്ലാം കയറ്റിവെക്കുന്നതിൻ്റെ കരുത്ത്, പിന്തുണ...


*****


മുസ്‌ലിംകൾക്കും മതേതരർക്കും മനസ്സിലാവാത്തത് ഇസ്ലാം അവരെ ഒരു ദ്വീപ് പോലെ ആക്കിയ കാര്യമാണ്.


എല്ലാറ്റിനേയും അകറ്റി, എല്ലാം തെറ്റ്, നമ്മൾ മാത്രം ശരി എന്ന് കരുതുന്ന കുറ്റമായ കാര്യം. 


മുഖ്യധാരയിൽ നിന്നും അകന്ന് വെള്ളത്തിൽ എണ്ണ പോലെ മാറി നിൽപിക്കുന്ന കുറ്റമായ, അപകടകരമായ കാര്യം

No comments: