Saturday, May 7, 2022

ജീവിതത്തിന് അർത്ഥം എന്തെന്ന് ചോദിക്കുന്നു.

 ജീവിതത്തിന് അർത്ഥം എന്തെന്ന് ചോദിക്കുന്നു. 


ചിലരല്ല, ഒട്ടു മിക്കവരും.


എന്താണ് പറയുക? 


എന്ത് ഉത്തരമാണ് നൽകുക?  


ഞാനും നീയും തന്നെ ഇല്ല. 


എന്നറിയുന്നവൻ എന്തുത്തരം നൽകാൻ? എന്തർത്ഥം ഉണ്ടെന്ന് പറയാൻ? 


ഇല്ലാത്ത അർത്ഥം ഉണ്ടെന്ന് പറയാനോ? 


സത്യസന്ധമായി പറഞ്ഞാൽ ഒരർത്ഥവും ഇല്ലെന്ന് മാത്രമല്ലാതെ.


*****


ജീവിതത്തിന് അർത്ഥം എന്ത്?


വ്യക്തതയുള്ള, ബോധ്യപ്പെടുന്ന ഉത്തരം ആരുടെയും കയ്യിലില്ല.


ആർക്കും ശരിയായ ഉത്തരം അറിയില്ല, ആരുടെ കയ്യിലും ശരിയായ വ്യക്തതയുള്ള ഉത്തരം ഇല്ല എന്നത് കൊണ്ട് തന്നെ....., 


അങ്ങനെ ആർക്കും അറിയുന്ന ശരിയായ വ്യക്തതയുള്ള ഉത്തരം ആരുടെ കയ്യിലും ഇല്ല എന്നുറപ്പുള്ളവന്....,


തൻ്റേതായ ഒരുത്തരം, അതെന്തായാലും, ഉണ്ടാക്കിപ്പറയാവുന്നതെ ഉള്ളൂ. പച്ചക്കളവ് പോലെ.


അതാണ് സമർത്ഥരായ പല ഗുരുക്കന്മാരും പുരോഹിതരും ചെയ്യുന്നത്. 


യഥാർത്ഥ  തീർത്ഥം ആർക്കും അറിയില്ല, ആരും രുചിച്ചിട്ടില്ല, ആരുടെ കൈവശവും ഇല്ല  എന്നറിയുന്ന, എന്നുറപ്പുള്ള അവർ.....,


തങ്ങളുടെ  മൂത്രം കൊടുത്തും തീർത്ഥം എന്ന് പറയുന്നു, പറഞ്ഞ് വിശ്വസിപ്പിക്കുന്നു.


ആ നിലക്ക് ജീവിതത്തിന് എന്തർത്ഥം എന്ന ചോദ്യത്തിന് ആർക്ക് വേണമെങ്കിലും, എന്തുത്തരം വേണമെങ്കിലും നൽകുകയാവാം. മൂത്രം തീർത്ഥം എന്ന് പറയും പോലെ. 


ശിഷ്യരായ പൊതുജനം കഴുത എന്ത് ചെയ്യാൻ?


*****


ജീവിതത്തിന് എന്തർത്ഥം?


ഈ ചോദ്യത്തിന് ഉണ്ടെങ്കിൽ ഉള്ള അർത്ഥം പറയണം. 


ഇല്ലെങ്കിൽ ഇല്ലാത്ത അർത്ഥവും അർത്ഥരാഹിത്യവും പറയണം. 


ഉണ്ടെങ്കിൽ ഉള്ള അർത്ഥം ഇല്ലാതാക്കാനും, ഇല്ലെങ്കിൽ ഇല്ലാത്ത അർത്ഥം ഉണ്ടാക്കിക്കൊടുക്കാനുമല്ല ഉത്തരം പറയുന്നത്. 


ഉള്ളത് ഉണ്ട്. 

അത് ഉള്ളത് പോലെ പറയുകയാണ് ഉത്തരം.


ഇല്ലെങ്കിൽ ഇല്ല. അത് ഇല്ലാത്തത് പോലെ പറയുകയാണ് ഉത്തരം.


ഉത്തരം ഉണ്ടാക്കുന്നതല്ല. 

ഉത്തരം ഉണ്ടാകുന്നതാണ്, പറയുന്നതാണ്. 


ഉളളത് ചൂണ്ടിക്കാണിച്ച് പറഞ്ഞു വരുമ്പോൾ ഉണ്ടാവുന്നത് ഉത്തരം.


*****


ജീവിതത്തിന് അർത്ഥം എന്ത്?


ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം. 


എങ്ങിനെ ഏത് ഭാഗത്ത് നിന്ന് നോക്കിപ്പറഞ്ഞാലും ജീവിതത്തിന്, ജീവിക്കുന്നവന് ബോധ്യപ്പെടുന്ന ഒരർത്ഥവും ഇല്ല, ഉണ്ടാവാൻ തരമില്ല. 


ആപേക്ഷികമായി അവൻ സ്വയം ഉണ്ടാക്കുന്ന, ഉണ്ടെന്ന് കരുതുന്ന, ഉണ്ടെന്ന് വരുത്തുന്ന, തന്നെത്താൻ സ്ഥാപിക്കാനായി നടത്തുന്ന ശ്രമത്തിൻ്റെ അർത്ഥമല്ലാതെ ജീവിതത്തിന് അർത്ഥമില്ല. 


മനുഷ്യരുടെ കാര്യത്തിൽ മനുഷ്യ വംശം നിലനിർത്താനുള്ള മനുഷ്യരുടെ ശ്രമം മാത്രമല്ലാതെ (കൊറോണയുടെ കാര്യത്തിൽ കാണിച്ച ജാഗ്രത പോലെയല്ലാതെ) ഒരർത്ഥവും ജീവിതത്തിന് ഇല്ല. 


ആത്യന്തികതയിൽ ബാധകമല്ലാത്ത, യഥാർഥത്തിൽ ഒരു നിലക്കും ബാധകമല്ലാത്ത, മുഴുത്വത്തിൽ നിലനിൽക്കാത്ത ആ ആപേക്ഷികമായ  അർത്ഥം ഒഴികെ ഒരർത്ഥവും ജീവിതത്തിന് ഇല്ല. 


******


ജീവിതം എന്തോ അത്, എങ്ങനെയോ അങ്ങനെ. അത്രമാത്രം ജീവിതം. അത് മാത്രം ജീവിതത്തിൻ്റെ അർത്ഥം.


ജീവിതത്തിന് നാം മനസിലാക്കേണ്ട, നമുക്ക് മനസിലാക്കാനാവുന്ന അർത്ഥം ഇല്ലെന്ന് മൂന്ന് രീതിയിൽ പറയാം. 


അഥവാ നാം നമ്മുടെ ജീവിതത്തിൽ ആപേക്ഷികമായി ഉണ്ടാക്കുന്ന, അവിടെ തന്നെ തീരുന്ന അർത്ഥം മാത്രമേ ഉള്ളൂവെന്ന് മൂന്ന് രീതിയിൽ പറയാം.


മൂന്ന് രീതിയിൽ പറഞ്ഞാലും ജീവിതം അങ്ങനെ മാത്രം. ജീവിക്കുന്നവനെ സംബന്ധിച്ചേടത്തോളം ബാധ്യത പോലെ ഉണ്ടാക്കി വരുത്തിത്തീർക്കാനുള്ള  അർത്ഥം ഇല്ലാതെ. സംഭവിക്കുന്നത് പോലെ  സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജീവിതം മാത്രം.


1. ജീവിതം തനിയേ ഉണ്ടായതാണെന്ന് വെക്കുക. യാദൃശ്ചികം എന്ന്. 


ജീവിതം തീരുമാനിച്ചു സംവിധാനിവെച്ചുണ്ടാക്കിയ ഒരു ബോധവും ശക്തിയും അപ്പുറം ഇല്ലാതെ എന്ന് വെക്കുക.


ജീവിതം തനിയേ ഉണ്ടായതാണെങ്കിൽ, യാദൃശ്ചികമാണെങ്കിൽ പിന്നെ ജീവിതത്തിന് എന്തർത്ഥം ഉണ്ടാവാനാണ്? 


അർത്ഥം ഉണ്ടാവില്ല, ഉണ്ടാവേണ്ടതില്ല. എന്തോ അത്, എങ്ങിനെയോ അങ്ങനെ എന്ന് മാത്രമല്ലാതെ 


പ്രത്യേകിച്ച് അർത്ഥം നിശ്ചയിക്കാനും കൽപിക്കാനും ആരും പുറത്ത് ഇല്ലെന്നിരിക്കെ. ഏറിയാൽ തന്നെത്താൻ തോന്നുന്ന, തന്നെത്താൻ ഉണ്ടാക്കിയെടുക്കുന്ന അർത്ഥം മാത്രമല്ലാതെ.


കാരണം മറ്റൊന്നുമല്ല. ആരും എന്തെങ്കിലും  ലക്ഷ്യവും അർത്ഥവും വെച്ച് ഉണ്ടാക്കിയതല്ലല്ലോ ആ വിധം പറഞാൽ ജീവിതം? 


ആർക്കും എന്തെങ്കിലും ലക്ഷ്യവും അർത്ഥവും നേടാനുള്ളതും അല്ലല്ലോ ആ വിധം പറഞാൽ ജീവിതം? 


വെറും തനിയേ മാത്രം ഉണ്ടായ ജീവിതം. 


അങ്ങനെയെങ്കിൽ, ജീവിതം എങ്ങിനെയോ അങ്ങനെ എന്ന് മാത്രം മനസിലാക്കണം. 


നിങൾ നിങ്ങളുടെ ജീവിതം കൊണ്ട് ഉണ്ടാക്കുന്ന, വരുത്തിത്തീർക്കുന്ന അർത്ഥം ഉണ്ടായാലും ഉണ്ടെങ്കിലും പ്രശ്നമില്ലാത്ത ജീവിതം.


2. ജീവിതം ദൈവം ഉണ്ടാക്കിയതാണെന്ന് വെക്കുക. ദ്വൈത ചിന്തയിൽ പറയും പോലെ. 


തീരുമാനിച്ചു സംവിധാനിച്ചുണ്ടാക്കിയ ഒരു ബോധവും ശക്തിയും അപ്പുറം ഉളളത് പോലെ.


ജീവിതം (എന്നേയും നിന്നേയും) ദൈവം ഉണ്ടാക്കിയതാണെങ്കിൽ ജീവിതത്തിൻ്റെ അർത്ഥം ദൈവം മാത്രം അറിയുന്നു. 


ആ അർത്ഥം അതുണ്ടാക്കിയവൻ്റെ ബാധ്യത, ബോധ്യത.


ആ നിലക്ക് നിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം നീ  അറിയില്ല, അറിയേണ്ടതില്ല. അറിഞ്ഞാലും ഇല്ലെങ്കിലും ഫലം ഒന്ന്. 


അറിഞ്ഞാലും അറിഞ്ഞില്ലേലും, നീ ബോധപൂർവം ഉണ്ടാക്കിയാലും ഉണ്ടാക്കിയില്ലങ്കിലും ഉണ്ടാവേണ്ട അർത്ഥം ഉണ്ടാവും. നടക്കേണ്ട ധർമ്മം നടക്കും. നീ അറിയാതെയും നടക്കും നിൻ്റെ അർത്ഥം, ധർമ്മം. നിൻ്റെ സ്വഭാവമായിത്തന്നെ നടക്കും. എന്തോ അത് പോലെ. എങ്ങിനെയോ അങ്ങനെ ആയിത്തന്നെ.


കാരണം, ദൈവം ഉദ്ദേശിച്ച അർത്ഥം ഉണ്ടാവാതിരിക്കാൻ തരമില്ല. 


ദൈവം ദൈവം തന്നെയെങ്കിൽ നിന്നിലൂടെയും ജീവിതത്തിലൂടെയും ആ അർത്ഥം ഉണ്ടാക്കാൻ ദൈവം പ്രാപ്തനല്ലെന്ന് വരില്ല. 


എങ്കിൽ ഉച്ചരിക്കപ്പെട്ട ഒരു വാക്ക്. നീയും ഞാനും.  


ഉച്ചരിച്ചവനും അത് കേൾക്കുന്നവനും ആ വാക്കിൻ്റെ അർത്ഥം അറിയും. 


ഇവർക്ക് രണ്ട് പേർക്കുമിടയിൽ സഞ്ചരിക്കുന്ന ഉച്ചരിക്കപ്പെട്ട വാക്ക് (നീയും ഞാനും ജീവിതവും) അതിൻ്റ അർത്ഥം അറിയില്ല, അറിയാനും വരുത്താനും ബാധ്യസ്ഥനല്ല. 


സ്വയം അർത്ഥം അറിയാതെയും ആ വാക്ക് അർത്ഥം കൊടുത്ത് കൊണ്ടിരിക്കുമ്പോൾ തന്നെ. 


എങ്ങിനെയോ അങ്ങനെ ആയിക്കോണ്ട്. എന്തോ അതായിക്കൊണ്ട്.


അതുകൊണ്ട്, അപ്പോഴും ജീവിതം (ഒപ്പം നീയും ഞാനും) എങ്ങിനെയോ അങ്ങനെ, എന്തോ അത്.


3. ഇനി ദൈവം തന്നെയാണ് ഞാനും നീയും ജീവിതവും എന്ന് വെക്കുക. അദ്വൈതത്തിൽ പറയും പോലെ.


എങ്കിൽ അപ്പോഴും അറിയുക :   


ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന്. 


ദൈവത്തിന് എന്തർത്ഥമാണ് ഉണ്ടാവുക? 


ദൈവത്തിനു അർത്ഥം ഉണ്ടാവുക തരമില്ല. 


അഥവാ ദൈവത്തിന് ഒരു അർത്ഥം ഉണ്ടെൻകിൽ തന്നെ ആ അർത്ഥമാണ് നിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം


ദൈവം അല്ലാത്തതുണ്ടെങ്കിൽ മാത്രമല്ലേ ദൈവത്തിൻ അർത്ഥം ഉണ്ടാവുക? 


ദൈവം മാത്രമായാൽ എന്തർത്ഥം, എങ്ങിനെ അർത്ഥം, എന്തിന് അർത്ഥം? 


ദൈവത്തിന് ആരെ അറിയിക്കാനും ആരെ ബോധ്യപ്പെടുത്താനും ഉള്ള എന്തർത്ഥം ഉണ്ടാവാൻ? 


ദൈവം എന്നാൽ എന്തോ അത്, എങ്ങിനെയോ അങ്ങനെ എന്ന് മാത്രമല്ലാതെ. 


അപ്പോൾ, അതിനാൽ നീയും ജീവിതവും എന്തോ അത്, എങ്ങനെയോ അങ്ങനെ.


*****


ചിലർക്കെങ്കിലും എന്തുത്തരം നൽകിയാലും മതിയാവില്ല. 


കാരണം, ഉത്തരം എന്ത് നൽകി എന്നിടത്തല്ല കാര്യം. 


പകരം, ഉത്തരം കേൾക്കുന്ന ആൾ അതിൽ നിന്ന് എന്ത് കേട്ടു, എന്തെടുത്തു എന്നിടത്ത് കൂടിയാണ് കാര്യം.


ചിലപ്പോൾ അവർക്ക് വേണ്ട, അവർ ഉദ്ദേശിക്കുന്ന, നിങ്ങളുടെ അടുക്കൽ ഇല്ലാത്ത ഉത്തരം അവർ ആവശ്യപ്പെടും, എടുക്കും. പൂവിൽ നിന്ന് മധു തന്നെ എടുക്കണം എന്നില്ല. വിഷം എടുക്കുന്നവരും ഉണ്ട്.


അല്ലെങ്കിൽ പിന്നെ അത്തരം അവർ ആവശ്യപ്പെടുന്ന ഉത്തരം, അവരുടെ മുന്നിൽ കപടമായി പിടിച്ചുനിൽക്കാൻ  ഉണ്ടാക്കിക്കൊടുക്കേണ്ടി വരും. 


കാരണം, അവർ ആദ്യമേ മനസിൽ കണ്ട ഉത്തരം ആവുന്നത് വരെ, കിട്ടുന്നത് വരെ, അവർ തർക്കിക്കും. 


അല്ലെങ്കിൽ അവരുടെ മുൻപിൽ മിണ്ടാതിരിക്കുക നിർവാഹം. എന്നാലും നമ്മൾ സൗഹൃദം നടിച്ച് വെറും വെറുതെ മിണ്ടിക്കൊണ്ടിരിക്കും. 


അവർ മനസിൽ കണ്ട ഉത്തരം നൽകാനല്ലല്ലോ ഉത്തരം പറയുന്നവൻ ഉത്തരം പറയുന്നത്? 


പകരം, ഉത്തരം പറയുന്നവൻ്റെ ബോധ്യതയല്ലേ യഥാർഥത്തിൽ ശരിയായ ഉള്ളതല്ലേ അയാളുടെ ഉത്തരം ആവേണ്ടത്?


ചോദിക്കുന്നവരുടെ മനസിലുള്ള ഉത്തരം തന്നെ പറയാനാണ് ചോദിക്കുന്നവൻ ചോദ്യം ചോദിക്കുന്നതെങ്കിൽ പിന്നെന്തിനാണ് ചോദ്യം ചോദിക്കുന്നവൻ ആ ചോദ്യം ചോദിക്കുന്നത്? 


എന്നത് ഒരിക്കലും മനസ്സിലാക്കാൻ കഴിയാറില്ല. 


എന്നാലും അവരെ ചോദ്യം ചോദിക്കാൻ സമ്മതിക്കും. 


ആവുന്നത് പോലെ അവർക്ക് ഉത്തരവും നൽകും. 


ഉത്തരം അങ്ങനെയല്ല വേണ്ടത്, ഇങ്ങനെയല്ല വേണ്ടത്, നിങൾ ഉത്തരത്തിൽ അത് ഉപയിഗിക്കരുത്,  ഇത് ഉപയോഗിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങളും അത്തരം ഉത്തരം ചോദിക്കുന്നവരുടെ കൈവശം ഉണ്ടാവും. 


അവ വെച്ചുള്ള അവരുടെ കുറ്റപ്പെടുത്തലും ചോദ്യംചെയ്യലും നിറഞ്ഞ പുഞ്ചിരിയോടെ കേൾക്കുക മാത്രം.


കാരണം നിങൾ ഉണ്ടാക്കുന്നവനല്ല. ഉത്തരമായാലും അർത്ഥമായാലും. നിങൾ ഉളളത് ഉള്ളത് പോലെ മാത്രം പറയുന്നവനാണ്.

No comments: