വെറും ധൂളി പോലുളള ജോലി വർഷങ്ങൾ.
ജോലി ചെയ്യുന്നവനായാൽ ഈയുള്ളവനും വ്യത്യസ്തനല്ല. എല്ലാവരേയും പോലെ മാത്രം.
സ്വയം കരുതാത്തതും വിചാരിക്കാത്തതും ആർക്കോ വേണ്ടി, ആരോ പറയുന്നത് പോലെ ചെയ്യുക. ചെയ്തെന്നും ചെയ്യുന്നുവെന്നും വരുത്തുക. അതാണ് ജോലി.
ചെയ്യുന്ന ജോലി ഏതായാലും ആരായാലും ചെയ്യേണ്ടി വരുന്നതാണ്.
ജോലി എന്നാൽ ഉപജീവനം നേടാനും നടത്താനും വേണ്ടി മാത്രം നടത്തുന്ന വേഷംകെട്ടും വിധേയത്വവും. പിന്നെ ഏറിയാൽ ആർഭാടം നേടാനും നടത്താനും ......
ജോലി ചെയ്യുന്നത് ഈയുള്ളവനായാലും ഈയുള്ളവൻ്റെ മക്കളായാലും മറ്റാരായാലും അതങ്ങനെ തന്നെ. ഒരേ അർത്ഥം. ഏറക്കുറെ ആർക്കോ വേണ്ടി, എന്തോ ചെയ്യുക.
ജോലി എന്നാൽ ഒരുതരം പ്രച്ഛന്ന വേഷം കെട്ടി, വിധേയപ്പെട്ട് യാചിക്കുക തന്നെ.
ജോലി എന്നാൽ നേരേചൊവ്വേ അല്ലാതെ യാചിക്കുക.
ജോലി എന്നാൽ ഇല്ലാത്ത വാക്കും പ്രതീക്ഷയും കൊടുത്ത് യാചിക്കുക.
ജോലി ഏറെക്കുറേ ചെയ്യേണ്ടി വരുന്നത് കൊണ്ട് മാത്രം ചെയ്യുന്നത്.
ജോലി നിസ്സഹാതയുടെ ഭാഗമായി മാത്രം. ഉപജീവനം നേടാൻ.
****"
ശരിയാണ്.
ജോലിയിൽ ഉയർച്ച കിട്ടും.
വിധേയത്വത്തിൻ്റെയും വേഷംകെട്ടിൻ്റെയും കരുത്ത് പോലെ ജോലിയിൽ ഉയർച്ച കിട്ടും. സ്ഥാനമാനങ്ങൾ വരും. ജീവിതം കത്തിക്കരിച്ച് കിട്ടുന്ന ഭസ്മം ഈ സ്ഥാനമാനങ്ങൾ, സമ്പാദ്യങ്ങൾ.
മാനസാക്ഷി വിൽക്കപ്പെടുന്നതിനനുസരിച്ച്. സൂത്രവും ക്ഷമയും പോലെ ജോലിയിൽ ഉയർച്ച കിട്ടും. സ്ഥാനമാനങ്ങൾ വരും.
നേരിട്ടുള്ള യാചനയിൽ പ്രത്യേകിച്ച് ഉയർച്ചയും താഴ്ചയും ഇല്ല. സ്ഥാനമാനങ്ങൾ ഇല്ല.
കാരണം, നേരിട്ടുള്ള യാചനയിൽ ആരെയും പ്രത്യേകിച്ച് പേടിക്കാനും ആരുടെ മുമ്പിലും അഭിനയിക്കാനും ആരോടും വിധേയപ്പെടാനും ഇല്ല.
നേരിട്ടുള്ള യാചനയിൽ ആർക്കും പ്രതീക്ഷ കൊടുക്കാനും ആരുടെയും കല്പന അനുസരിക്കാനും ഇല്ല.
*****
ഇനി ഈയുള്ളവൻ്റെ കാര്യം. അങ്ങനെ ചോദിക്കുന്നവർക്ക്.
ഈ നാട്ടിൽ എതെങ്കിലും ജോലിക്ക് വേണ്ടി എവിടെയെങ്കിലും ഈയുള്ളവൻ ഇതുവരെയും ശ്രമിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ല.
അതുകൊണ്ട് തന്നെ, ശ്രമിക്കാത്തത് കൊണ്ട് തന്നെ, നേടാത്തത്തിൻ്റെയും കിട്ടാത്തതിൻ്റെയും പ്രശ്നം ഈയുള്ളവന് ഇല്ല, ഉദിക്കില്ല. ഉയർച്ചയായാലും സ്ഥാനക്കയറ്റമായാലും.
എങ്കിൽ അതുമൂലമുള്ള, അത്തരം ഉയർച്ചയും സ്ഥാനക്കയറ്റവും വിധേയപ്പെട്ട്, അധ്വാനിച്ച്, അഭിനയിച്ച്, പേടിച്ച് ജോലി ചെയ്യുന്ന മറ്റാർക്കെങ്കിലും കിട്ടുന്നുവെങ്കിൽ അതിൽ അസൂയയുടെയും അധമവിചാരത്തിൻ്റെയും പ്രശ്നം ഉണ്ടാവുന്ന പ്രശ്നവും ഉദിക്കുന്നില്ല.
എന്നാലും, പറയട്ടെ...
കുറച്ച് കാലം ഉപജീവനം നേടുക എന്ന നിലക്ക് ഈയുള്ളവനും ചില്ലറ ജോലി ചെയ്തിട്ടുണ്ട്, ചെയ്യുന്നതായി വേഷം കെട്ടിയിട്ടുണ്ട്. ഒട്ടും ആസ്വദിച്ചിട്ടില്ലാത്ത വെറും വേഷം കെട്ട്. ഇവിടെയല്ല. വിദേശത്ത്.
ഒരു സംശയവും വേണ്ട. വെറും പദാർത്ഥപരമായ ഉപജീവനം നേടാനുള്ള, അതുമൂലം അതിജീവനവഴിയിലെ കഷ്ടപ്പാട് ഒഴിവാക്കാനുള്ള വെറും വേഷംകെട്ട്, വിധേയപ്പെടൽ തന്നെയായിരുന്നു ഈയുള്ളവന് ജോലി.
ജോലി ആര് ചെയ്താലും, ജോലി ചെയ്യുന്നുണ്ടെങ്കിലും അത് തന്നെ.
ഇഷ്ടപ്പെട്ടത് ആസ്വദിച്ചു ചെയ്യുന്നതിന് പേര് ജോളി എന്നാണ്. ജോലി എന്നല്ല.
അതുകൊണ്ട് തന്നെ ജോലി വേണ്ടെന്നു വെക്കാൻ കഴിയുന്ന ആദ്യഘട്ടത്തിൽ തന്നെ വേണ്ടെന്ന് വെക്കണം.
ഈയുള്ളവൻ അങ്ങനെ ആദ്യഘട്ടത്തിൽ തന്നെ, പഥാർത്ഥപരമായി തെറ്റായാലും ശരിയായാലും, ഭാവിയിൽ ഖേദിക്കേണ്ടി വരുമെങ്കിലും ഇല്ലെങ്കിലും, ജോലി വേണ്ടെന്നു വെച്ച് രാജിവെച്ച് തിരിച്ചുവരികയും ചെയ്തു.
വെറും പന്ത്രണ്ട് കൊല്ലക്കാലം കൃത്യമായി അങ്ങനെ ജോലി ചെയ്യുന്നതായി ഈയുള്ളവനും അഭിനയിച്ചു, വേഷം കെട്ടി. വേറേ നിവൃത്തി ഇല്ലാത്തതിനാൽ.
അതുകൊണ്ട് തന്നെ ഇപ്പോഴും ഈയുള്ളവൻ ഉറച്ച് കരുതുന്നു, വിശ്വസിക്കുന്നു, പറയുന്നു:
ജോലി ജീവിക്കാൻ വേണ്ടി മാത്രം. ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയല്ല. ജോലി തരുന്ന വ്യക്തിത്വവും സ്ഥാനവും മാനവും ധർമ്മവും അല്ല. ജീവിതം തരുന്ന സ്ഥാനവും മാനവും വ്യക്തിത്വവും മാത്രം. അങ്ങനെ ജീവിതം നിങൾ അറിയാതെയും വരുത്തുന്ന ചെയ്യിപ്പിക്കുന്ന ധർമ്മവും അർത്ഥവും മാത്രം.
ജോലി ചെയ്ത ആ പന്ത്രണ്ട് കൊല്ലം മുഴുവൻ ചെയ്ത ജോലി ത്രാസിൽ ഇട്ട് തൂക്കിയാൽ ഒരേയൊരു പ്രാവശ്യം ഒരു ചെടി നനക്കുന്നതിൻ്റെ ഭാരം പോലും അതിന് വരില്ല.
വെറും ധൂളി പോലുളള ജോലി വർഷങ്ങൾ.
കാറ്റത്ത് പറത്തിയാൽ കാഴ്ചയ്ക്കും ശ്വാസത്തിനും അല്പസ്വല്പം ശല്യം ഉണ്ടാക്കുന്ന വെറും ധൂളിവർഷങ്ങൾ.
No comments:
Post a Comment