ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റം എന്താണ്, എന്തായിരിക്കണം?
ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ.
നിത്യപയോഗ സാധനങ്ങളുടെ വില കൂട്ടി, ജീവിതച്ചിലവ് കൂട്ടി പാവം രാജ്യനിവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നത്.
കാരണം മറ്റൊന്നുമല്ല. രാജ്യം ഭരിക്കുന്നത് രാജ്യനിവാസികൾക്ക് വേണ്ടിയാവണം. അല്ലാതെ ഭരണാധികാരികളുടെ സുഭിക്ഷതക്കും ആഡംബരത്തിനും വേണ്ടിയാവരുത്.
****
രാജ്യം പിറകോട്ട് പോകുന്നതിനനുസരിച്ച് ഭരണാധികാരികൾക്ക് ഭരണസ്ഥിരതയും തുടർച്ചയും കിട്ടും. അതൊരു വസ്തുതയാണ്.
അങ്ങനെ ഭരണസ്ഥിരത കിട്ടുന്ന നാടാണ് നമ്മുടെ ഇന്ത്യ.
അന്നത്തിന് പകരം അല്പം വെറുപ്പും വിദ്വേഷവും അസൂയയും ശത്രുതയും നൽകിയാൽ മതി. അയൽവാസിയോടും അപരസമൂഹത്തോടും ഉള്ള വെറുപ്പും അസൂയയും ശത്രുതയും വിദ്വേഷവും. ഭരണസ്ഥിരത ഉറപ്പ്.
പിന്നെ സംഗതി എന്തും പറഞ്ഞ് പറ്റിക്കാം.
******
കാര്യമായ ഒരു പരിഹാരവും കയ്യിലില്ലാതെ, ആ നിലക്കുള്ള ക്രാന്ത ദർശിത്വവും ആശയക്കരുത്തും ഇല്ലാതെ, വെറും വാചകക്കസർത്തും വെറുപ്പ് വിതരണവും കൊണ്ട് മാത്രം ചിലർ അധികാരത്തിൽ വന്നാൽ നാട് ഇങ്ങനെയൊക്കെ ക്ലേഷിക്കും. പ്ലാറ്റ്ഫോം ടിക്കറ്റിന് വരെ മൂന്ന് രൂപയിൽ നിന്നും അമ്പത് രൂപയാവും.
****"
കള്ളൻ ഉള്ളിലായാൽ, ആ കള്ളൻ തന്നെ വീട്ടിന് കാവൽക്കാരനയാൽ, കാര്യങ്ങളങ്ങനെയാണ്.
കുറുക്കൻ കോഴിയെ കാക്കുന്നത് പോലെയാവും.
തൻ്റെ ആവശ്യത്തിന് വേണ്ട ഇല്ലാക്കഥകൾ ഉണ്ടാക്കിപ്പറഞ്ഞ് എന്തും എങ്ങനെയും ആവും.
ചുറ്റുവട്ടത്ത് സംഭവിക്കുന്നത് കോഴികൾ അറിയില്ല.
വില കൂടുന്നതും പാവപ്പെട്ടവൻ കഷ്ടപ്പെടുന്നതും പ്രശ്നമാകില്ല. കുറുക്കന് കോഴികൾ ഇല്ലാതാവാൻ മാത്രമുള്ളത്.
*****
നമ്മുടെ നാടും നാട്ടുകാരും
ജനാധിപത്യത്തിന് വേണ്ടി ഇപ്പോഴും വളർന്നിട്ടില്ല എന്ന സത്യമാണ് അധികാരികളുടെയും അവരുടെ രാഷ്ടീയ പാർട്ടികളുടെയും ഏക ധൈര്യം... ഈ നാട്ടുകാരെ എന്തും പറഞ്ഞ് പറ്റിക്കാമെന്ന അവരുടെ ഉറച്ച വിശ്വാസം അവിടെ നിന്ന് കിട്ടുന്നതാണ്.
അതുകൊണ്ടാണ് ഒന്നും അറിയാതെയും ഒന്നും ചെയ്യാതെയും നമ്മുടെ രാഷ്ട്രീയപാർട്ടികൾക്ക് കട്ട്മുടിച്ച് ഈ നാടിനെ നശിപ്പിച്ച് ഭരിക്കാൻ സാധിക്കുന്നത്. അവർക്കുള്ളതും അവർക്കും അവരുടെ പാർട്ടിക്കും വേണ്ടതും മുഴുവൻ നേടിക്കൊണ്ട്.
****
എന്ത്കൊണ്ട് വിലവർധനയും ജീവിതക്ലേശവും ഇന്ത്യക്കാരെ വീർപ്പ്മുട്ടിക്കുന്നില്ല?
എന്നതാണ് ഇപ്പോഴുണ്ടാവേണ്ട ഏറ്റവും വലിയ ചോദ്യം.
വർഗ്ഗീയതയും വെറുപ്പും പരമതശത്രുതയും കൊണ്ട് ജനങ്ങളുടെ മനസ്സ് മലീമസമായത് കൊണ്ട്. അങ്ങനെ വെറുപ്പും അസൂയയും കൊണ്ട് അവർ സംതൃപ്തി അടയുന്നത് കൊണ്ട്.
എന്നത് മാത്രം ഉത്തരം.
*****
ഒരു കാലത്തും ഇന്ത്യയിൽ ഇപ്പോഴുള്ളത് പോലുളള വില വർദ്ധനവ് ഉണ്ടായിട്ടില്ല. ആര് ഭരിച്ചിരുന്നപ്പോഴും. മുൻപൊക്കെ വില വർധിക്കുമ്പോൾ പരസ്പരമുള്ള വെറുപ്പും ശത്രുതയും അല്ലാത്ത പ്രതിഷേധം തന്നെ നാട്ടിൽ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പൊൾ പണ്ട് പ്രശ്നമായത് പോലെ വിലവർധന പ്രശ്നമാകുന്നില്ല.
കാരണം, ഇപ്പൊൾ രാജ്യസ്നേഹം എന്ന് പേര് വീണ അസൂയയിലും വേറുപ്പിലും ശത്രുതയിലും ജനങ്ങൾ ഇതിനെല്ലാം പകരം ഹരം കൊള്ളുന്നു. ഭരണാധികാരികൾ ആ വഴിയിൽ രക്ഷപ്പെടുകയും ഭരണസ്ഥിരത നേടുകയും സുഖം കൊള്ളുകയും ചെയ്യുന്നു.
******
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് തന്നെ അതിന് വലിയ തെളിവ്.
അവിടത്തെ ജനങ്ങൾക്ക് പൊതുവെ ഭരണത്തെ കുറിച്ച് ഒരഭിപ്രായവും ഉണ്ടായിരുന്നില്ല. വിലക്കയറ്റം താങ്ങാൻ കഴിയുന്നില്ലെന്നും ജീവിതം പ്രതിസന്ധിയിൽ ആണെന്നും അവിടത്തെ ജനങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ തുറന്ന് പറയുന്നുമുണ്ട്.
എന്നാലും ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിക്കുമ്പോൾ ഉത്തരം ഒന്നേുള്ളൂ അവർക്ക്. ബിജെപിക്ക്.
കാരണം എന്താണ്?
കാരണം ഒന്നേയൊന്ന്.
പരമത വിരോധം (അഥവാ മുസ്ലിം വിരോധം), പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, അവരിൽ നിന്നുള്ള രാജ്യരക്ഷ എന്നിങ്ങനെ.
ചൈന നമ്മുടെ ഭൂമി കൊണ്ടുപോയാലും, ഇനിയും എത്രയും കൊണ്ടുപോകുമെങ്കിലും യുപിയിലെ ജനങ്ങൾക്കും അവിടെ ഭരിക്കുന്ന പാർട്ടിക്കും പ്രശ്നമില്ല. കാരണം ചൈനയുമായി ബന്ധപ്പെട്ട കാര്യത്തിൽ മതവിരോധത്തിന് കോപ്പില്ല.
ഇതൊക്കെ കുത്തിവെക്കാൻ വേണ്ട തന്ത്രം മാത്രം മതി ഭരിക്കാനും ഭരണം പിടിക്കാനും, ഭരണം നിലനിർത്താനും എന്ന് നമ്മുടെ നാട് ഭരിക്കുന്ന രാഷ്ടീയ പാർട്ടിക്ക് കൃത്യമായും അറിയാം. അതവർ ഭംഗിയായി നടപ്പാക്കുകയും ചെയ്യുന്നു. ഭാരതം ഏക രാജ്യം ഭാരതീയർ മുഴുവൻ ഒന്നേയൊന്ന് എന്നതൊക്കെ മറന്നും കാറ്റിൽ പറത്തിയും.
ഇന്ത്യയുടെ ഇപ്പോഴത്തെ ഈയൊരു അവസ്ഥ തീർത്തും ഭാരതീയ വിരുദ്ധമായ വസ്തുതയും പരമാർത്ഥവും തന്നെയാണ്. ഇന്ത്യ ഇപ്പൊൾ വന്നുപെട്ട പരമാർത്ഥം.
ഈ മുസ്ലിം വിരുദ്ധ വികാരത്തിൻ്റെ ധൈര്യം തന്നെയാണ് യുപിയിൽ ബിജെപി കാണിച്ചത്, ബിജെപിയെ വിജയിപ്പിച്ചത്.
യുപിയിൽ ആകെ 24 കോടി ജനങ്ങൾ. അതിൽ 5 കോടി മുസ്‌ലിംകൾ. അഥവാ 20% മുസ്ലിംകൾ.
എന്നിട്ടും ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും ദേശീയ പാർട്ടിയായ ബിജെപി നിർത്താത്തതിൽ, അതിന് ആനുപാതിക ജനാധിപത്യ വിരുദ്ധമായ ധൈര്യം കാണിച്ചതിൽ അന്തമില്ലാത്ത ഈ വിഭജനവും വകതിരിവും വെറുപ്പും ശത്രുതയും ഉണ്ട്. അതും ബിജെപി ഇന്ത്യാരാജ്യം തന്നെ ഭരിക്കുന്ന, ഇന്ത്യയെ ഒരുമിച്ച് കൊണ്ടുപോകേണ്ട പാർട്ടി ആണെന്നിരിക്കെ. മറ്റെല്ലാ വിഭാഗങ്ങൾക്കും അവരുടെ അനുപാതം സീറ്റുകൾ കൊടുത്തിരിക്കെ.
******
പെട്രോൾ, ഡീസൽ വിലയുടെ കാര്യത്തിൽ കോർപറേറ്റ്കൾ അല്ല വില്ലന്മാർ.
നമ്മെ ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആണ് വില്ലന്മാർ.
കോർപറേറ്റ്കൾ നിശ്ചയിക്കുന്ന പെട്രോൾ വിലയുടെ 150% വരുന്ന സർക്കാർ നികുതിയാണ് പ്രശ്നം, വില്ലൻ.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കോർപ്പറേറ്റുകളെ കാണിച്ച് ജനങ്ങളെ വഞ്ചിക്കുന്നു.
*****
ഭരണത്തിലും ഭരണാധികാരിയിലും (എന്ന് വേണ്ട സ്വന്തം കുട്ടികളിലും മാതാപിതാക്കളിലും വരെ) ഉള്ള തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് യഥാർഥത്തിലുള്ള കപടമല്ലാത്ത രാജ്യസ്നേഹം.
തെറ്റ് കണ്ടാലും സുഖിപ്പിക്കൽ നടത്തുന്നവൻ (യാഥാസ്ഥിതിക മതവിശ്വാസികളെ പോലെ) നാടിനെ ദുഷിപ്പിക്കുക മാത്രം ചെയ്യും.
നിത്യജീവിതം പ്രധാനം. അതും സർക്കാർ തൊഴിലും വേദനവും ഇല്ലാത്ത പാവം സാധാരണക്കാരുടെ നിത്യജീവിതം.
എന്തിൻ്റെ പേരിലായാലും അക്കാര്യത്തിൽ നമ്മൾ അന്ധരായിക്കൂട.
ഭരിക്കേണ്ടത് നിത്യജീവിതം എളുപ്പമാക്കാൻ തന്നെ. പ്രത്യേകിച്ചും പെട്രോൾ വില എന്നല്ല എല്ലാ വിലയും കുറക്കുമെന്ന നെടുനീളൻ വാഗ്ദാനവും മറ്റുമൊക്കെ നൽകിയിട്ട് അധികാരത്തിൽ 2014ൽ വന്ന പാർട്ടിയും നേതാവും.
അതപ്പടി അങ്ങ് മറന്ന് മറ്റ് വിദ്യകൾ നടപ്പാക്കിയാൽ മതിയോ?
പെട്രോൾ, ഗ്യാസ്, മണ്ണെണ്ണ, പരിപ്പ്, കടല, ചെറുപയർ, ഓയിൽ, വെളിച്ചെണ്ണ എന്ന് വേണ്ട എന്തും വാങ്ങാൻ ചെന്ന് നോക്കുക.
ദിവസവും വില മുകളിലോട്ട് മാത്രം പോകുന്നത് കാണാം...
ബാക്കിയൊക്കെ അവകാശവാദങ്ങൾ മാത്രം.
*****
ആ നിലക്ക് 2014 മുതൽ നോക്കിയാൽ മനസിലാവും.
എന്തിനാണ് ഇവർ ഭരിക്കുന്നത്?
നിത്യോപയോഗ സാധനങ്ങളുടെ വില നിത്യവും കൂട്ടാൻ.
ജീവിതം പ്രയാസമുള്ളതാക്കാൻ.
ഇവിടെ നാട്ടുകാർക്ക് വയറ് നിറക്കാൻ രാജ്യസ്നേഹമെന്ന് പേരിട്ട വെറുപ്പും അസൂയയും ശത്രുതയും മതി എന്ന് ഭരണകൂടം തിരിച്ചറിയുന്നു.
****
പ്രശ്നം അവിടെയല്ല.
ഭരിക്കുന്ന പാർട്ടി (ബിജെപി) നല്ലതോ മോശമോ ആവട്ടെ.
പക്ഷേ ഈ ഇൻഡ്യയിൽ ആ പാർട്ടിയുമായി (ബിജെപിയുമായി) നേർക്കുനേർ എതിർത്ത് നിൽക്കാനും തോൽപിക്കാനും മാത്രം സത്യസന്ധതയും ആത്മാർഥതയും ആശായബലവും ഉള്ള മറ്റൊരു പാർട്ടിയും നേതൃത്വവും ഇല്ല. നല്ലതായാലും മോശമായാലും. അതും ആ ഭരിക്കുന്ന പാട്ടിക്കുള്ള ധൈര്യം, കരുത്ത്.
No comments:
Post a Comment