Sunday, May 15, 2022

ഗീത ആഹ്വാനം ചെയ്തത് ഹിംസയുടെ വഴിയെങ്കിൽ....

ഗീത ആഹ്വാനം ചെയ്തത് ഹിംസയുടെ വഴിയെങ്കിൽ....


അഹിംസയല്ല വഴി. ശരി. 


എങ്കിൽ ഹിംസ മാത്രമാണ് വഴി എന്നർത്ഥമുണ്ടോ? 


അങ്ങനെയെങ്കിൽ ആര്, ആരെ ഹിംസിക്കുന്നതാണ് ഗീത പറയുന്ന വഴി, ധർമ്മം?


എല്ലാവരും എല്ലാവരേയും ഹിംസിക്കുന്നതോ ധർമ്മവും വഴിയും? 


എല്ലാവർക്കുമായിക്കൂടെ ഗീത വെച്ചുള്ള ഹിംസയും യുദ്ധവും?


ഗീത എല്ലാവർക്കും അവരുടെ ഹിംസയും യുദ്ധവും നടത്താനുള്ള ന്യായം തന്നെയല്ലേ? അക്രമിക്ക് വരെ. അവൻ്റെതായ ധർമ്മവും അധർമ്മവും പറഞ്ഞ് കൊണ്ട്. 


പറയാനാണെങ്കിൽ എല്ലാവർക്കും അവരുടേതായ ധർമ്മവും അധർമ്മവും ഉണ്ടാവുകയും ചെയ്യും.


എങ്കിൽ, ഗീത വെച്ചുള്ള യുദ്ധം നമ്മെ വഴി തെറ്റിക്കുന്ന, നമ്മിൽ വെറുപ്പും വിഭജനവും ഉണ്ടാകുന്നവർക്കെതിരെയും ആയിക്കൂടെ? ഭരണകൂടത്തിനെതിരെയും ആയിക്കൂടെ? 


രാജ്യദ്രോഹി എന്ന് നമ്മൾ പറയുന്നവന് വരെ അവൻ്റെ യുദ്ധത്തിന് അവൻ്റെതായ ധർമ്മവും ന്യായവും ഉണ്ടാവും. എങ്കിൽ ഗീത അവനും ന്യായമാവില്ലേ?


ഗീത, ചുരുങ്ങിയത്  മതപരമായ പരസ്പരമുള്ള ഹിംസയുടെയും യുദ്ധത്തിൻ്റെയും അഹ്വാനമല്ല നടത്തിയത് എന്നത് വ്യക്തം


കാരണം, മതങ്ങൾ ആ രീതിയിൽ അക്കാലങ്ങളിൽ ഉണ്ടായിരുന്നില്ല.


ഗീത എവിടെയും ഏതെങ്കിലും മതത്തെ പേരെടുത്ത് പ്രതിപാദിച്ചിട്ടും ഇല്ല. ഏതെങ്കിലും മതത്തെ പ്രതിരോധിക്കാനും സംരക്ഷിക്കാനും ആക്രമിക്കാനും.


ഗീത മറ്റ് മതങ്ങൾക്കെതിരെയുള്ള ഹിംസയുടെയും യുദ്ധത്തിൻ്റെയും ആഹ്വാനമല്ല. 


ഗീത ഹിന്ദു എന്ന പേരും മതവും അറിഞ്ഞ് പോലും നടത്തിയ ഒരു ആഹ്വാനമല്ല. 


ഹിന്ദു എന്ന പേരും മതവും പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകകളിലും എവിടെയും ഇല്ല, കാണില്ല. 


ഹിന്ദു എന്ന മതത്തിൻ്റെ ഗ്രന്ഥങ്ങൾ അല്ല ഗീതയും ഉപനിഷത്തുകളും പുരാണങ്ങളും. കാരണം, ആ നിലക്ക് ഹിന്ദു എന്ന മതം ഇല്ലാത്തത്, ഉണ്ടായിരുന്നില്ല. 


ഇന്ത്യയിൽ പലവഴിയിൽ, പല കാലഘട്ടങ്ങളിൽ ഉണ്ടായവയാണ് അവയെല്ലാം. എല്ലാം ഇന്ത്യൻ സംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഭാഗം മാത്രം.


ഗീത ആഹ്വാനം ചെയ്ത് നടന്ന യുദ്ധവും ഹിംസയും മതങ്ങൾ തമ്മിൽ ഉള്ളതല്ല. മതങ്ങളെ സംരക്ഷിക്കാനുള്ളതുമല്ല.


ഗീത ആഹ്വാനം ചെയ്ത് നടന്ന യുദ്ധവും ഹിംസയും ഏതെങ്കിലും പ്രത്യേക ദൈവത്തെ രക്ഷിക്കാനുള്ളതല്ല. അതിന് വേണ്ടി കൊലവിളി നടത്താനുള്ളതുമല്ല.


ഗീത സ്വന്തം കുടുംബക്കാർക്കെതിരെ വരെയുള്ള യുദ്ധമാണ് ആഹ്വാനം ചെയ്തത്. 


ഗീത ഭരണകൂട വർഗത്തിനെതിരെയുള്ള യുദ്ധം കൂടിയാണ് ആഹ്വാനം ചെയ്തത്. 


തെറ്റ് എവിടെയായാലും അവർക്കെതിരെയുള്ള ആഹ്വാനമാണ് ഗീതയിലെ യുദ്ധം. അത് രാജ്യദ്രോഹം എന്ന് മുദ്ര കുത്തപ്പെട്ടാൽ പോലും അത് ഗീത ആഹ്വാനം ചെയ്യുന്ന ധർമ്മയുദ്ധം തന്നെയാണ്.


അല്ലാതെ, ഭരണകൂടം അവരുടെ താൽപര്യത്തിന് വേണ്ടി നടത്തേണ്ട യുദ്ധവും ഹിംസയും അല്ല ഗീത ആഹ്വാനം ചെയ്ത ധർമ്മ യുദ്ധം.

No comments: