Friday, May 6, 2022

പുറമ്പോക്കിലാണ് ജീവിതം.

 പുറമ്പോക്കിലാണ് ജീവിതം. 


പുഴയോരത്ത് പതിയിരിക്കുന്ന പുറമ്പോക്ക്.


തോണി തുഴഞ്ഞു കുഴഞ്ഞ് മൗനമാകുന്ന പുറമ്പോക്ക്. 


നഗരമധ്യത്തിൽ പൊരിവെയിലിൽ കരിഞ്ഞുണങ്ങുന്ന പുറമ്പോക്ക്. 


കടൽക്കരയിലും നാട്ട്ഗ്രാമങ്ങളിലും കൗതുകം പൂണ്ട് കൊതിയൂറുന്ന പുറമ്പോക്ക്.


ആ പുറമ്പോക്കിലാണ് ജീവിതം. 


******


പുറമ്പോക്കിലെ ചെറിയ ബുദ്ധിയിലാണ് ജീവിതം.


അവിടെയാണ് ജീവിതം അതിൻ്റെ രഹസ്യം പറയുന്നത്.


ചെറിയ ബുദ്ധിയെ ഉള്ളൂ. 

ചെറിയ ബുദ്ധികൊണ്ട് മാത്രം ജീവിച്ചു 

എന്ന് കരുതപ്പെടുന്നവർ ജീവിച്ചു.

അവർ ജീവിതത്തിൻ്റെ ചുരുളഴിച്ചു


അവർക്ക് ചരിത്രമില്ല. 

ചരിത്രം അവരുടെതല്ല. 

ചരിത്രം ജീവിതത്തിൻ്റെതല്ല.

ചരിത്രം ജീവിതം നിഷേധത്തിൻ്റെതാണ്.


ചെറിയ ബുദ്ധിയുള്ളവർക്ക് സൗകര്യങ്ങൾ ഇല്ല. 

സൗകര്യങ്ങൾ അവർക്കുള്ളതല്ല.


എന്നിട്ടും അവർ ജീവിച്ചു. 

അവർ ജീവിതത്തെ എളുപ്പമാക്കി എടുത്തു ജീവിച്ചു


വലിയ ബുദ്ധിയുണ്ട്, വലിയ ബുദ്ധികൊണ്ട് മാത്രം ജീവിച്ചു എന്ന് കരുതപ്പെടുന്നവർ. 


അവർക്ക് ചരിത്രമുണ്ട്.

ചരിത്രം അവടുടെതാണ്.

ചരിത്രം ജീവിതത്തിൻ്റെതല്ല.

ചരിത്രം ജീവിതം അവർ നടത്തിയ നിഷേധത്തിൻ്റെതാണ്.


വലിയ ബുദ്ധിയുള്ളവർക്ക് സൗകര്യങ്ങൾ ഉണ്ട്. 

സൗകര്യങ്ങൾ അവർക്കുള്ളതാണ്. 

സൗകര്യങ്ങൾ അവരുടെതാണ്.


എന്നിട്ടും അവർ ജീവിതത്തെ എളുപ്പമാക്കി എടുത്തില്ല. അവർക്ക് ജീവിതം പ്രയാടപൂർണമായി, ചോദ്യചിഹ്നമായി.


ജീവിതം അവർക്ക്

യുദ്ധവും തത്വചിന്തയുമായി.

അന്വേഷണവും സന്യാസവുമായി.

അധികാരവും ഭരണവുമായി.

ആത്മഹത്യകൾ ചെയ്യേണ്ടതായി.

അങ്ങനെ ചരിത്രം എഴുതി ഉണ്ടാക്കിയതായി, അവർ ചരിത്രം എഴുതി ഉണ്ടാക്കേണ്ടവരായി.


*****


അവിടെയാണ് മുഖ്യധാരാ ജീവിതം മാത്രം പറഞ്ഞുതന്ന ചരിത്രം തെറ്റാവുന്നത്. 


ചരിത്രം ജീവിതം പറയുന്നില്ല. 

ചരിത്രം ജീവിതം വരച്ചു കാട്ടുന്നില്ല.


ചരിത്രം അടിച്ച ഗോളുകളുടെത് മാത്രം. 


ഗോളടിക്കാതെ പോയവൻ എവിടെയും ഇല്ലാത്തത് ചരിത്രം. 


കൈയും കാലും മുഖവും ചരിത്രത്തിലുണ്ട്. 


പക്ഷെ, കൈയും കാലും അല്ലാത്ത, കുറേ ചെയ്തികളുടെതല്ലാത്ത ചരിത്രം ഇല്ല. 


കയ്യിനെയും കാലിനെയും കയ്യും കാലുമാക്കി നിർത്തിയ വെറും ശരീരം ചരിത്രത്തിൽ എവിടെയും കാണില്ല. 


വലിയ പിന്നാമ്പുറം ചരിത്രത്തിൽ എവിടെയും കാണില്ല.


കളിയിലുടനീളം കളിയെ കളിയും ആവേശവുമാക്കിയ നൂറായിരം പാഴ്ശ്രമങ്ങൾക്ക് ചരിത്രമില്ല. 


ഗോളാവാതെ പോയ നല്ല നൂറായിരം ശ്രമങ്ങൾക്ക് വിലാസമില്ല, ചരിത്രമില്ല. 


അങ്ങനെയുള്ള നല്ല നൂറായിരം ബുദ്ധൻമാർക്കും കൃഷ്ണൻമാർക്കും മുഹമ്മദ്മാർക്കും വിലാസമില്ല, ചരിത്രമില്ല.


ചരിത്രം ആ നിലക്ക് അവകാശവാദം പറഞ്ഞവൻ്റെ വിലാസം മാത്രം.  


 ചരിത്രം അവകാശവാദം മാത്രമാകുന്ന പരസ്യവാചകം. പച്ചക്കളവ്.


****


ജീവിതം പുറമ്പോക്കിലാണ്. 


അധികാരവും ചിന്തയും തത്വശാസ്ത്രവും കൊണ്ട് നിഷേധിക്കപ്പെട്ട ജീവിതത്തിൻ്റെ കഥയാണ് ചരിത്രം. 


ജീവിതം നിഷേധിച്ചവൻ്റെയും കഥയാണ് ചരിത്രം.


ജീവിച്ച ജീവിതത്തിൻറെ കഥ പുറമ്പോക്കിലാണ്. 


അഭിനയിച്ച് അധികാരം നേടി സ്വന്തത്തിനും മറ്റുള്ളവർക്കും ജീവിതം നിഷേധിച്ചവരുടെ കഥ മാത്രം നാം വായിക്കുന്ന ചരിത്രം.


ചരിത്രം എന്ത്കൊണ്ടോ വിജയിച്ചവൻ്റെ കഥ മാത്രം. 


വിജയിക്കാൻ നിൽക്കാതെ ജീവിച്ചുപോയ നൂറായിരം ശ്രമങ്ങൾ ജീവിതമായ കഥ പുറമ്പോക്കിൽ. 


ജീവിതം ചരിത്രം തിരിഞ്ഞു നോക്കിയിട്ടില്ലാത്ത പുറമ്പോക്കിൽ.


*****


പുറമ്പോക്കിലെ അലഞ്ഞു തിരിയുന്ന മുഖത്താണ് ജീവിതത്തിൻ്റെ നവരസങ്ങൾ. 


കാപട്യവും അഭിനയവും ഇല്ലാത്ത നവരസങ്ങൾ നിറഞ്ഞ് തുളുമ്പുന്ന പുറമ്പോക്ക്. 


അർത്ഥവും അർത്ഥരാഹിത്യവും എന്തെന്ന് ചിന്തിക്കാൻ സമയം കാണാത്ത പുറമ്പോക്ക്.


ആ പുറമ്പോക്ക്  ജീവിതത്തിലാണ് എന്തിനെന്നില്ലാത്ത ജീവിതത്തിൻ്റെ ധൈര്യം. 


ഒരു നൂല് പോലും തുണയായില്ലാതെ,

അങ്ങനെയൊരു നൂല് പിടിക്കുന്ന കൈകൾ താഴെ ഇല്ലാതെ, 

ആകാശത്ത് പൊങ്ങിനിൽക്കുന്ന, പൊങ്ങിപ്പറക്കുന്ന 

ജീവിതത്തിൻ്റെ ധൈര്യം. 

അത് പുറമ്പോക്ക് ജീവിതം വരച്ച് കാണിച്ച് തരും.


പുറമ്പോക്ക് ജീവിതമാണ് പാക്കറ്റിനുള്ളിലെ യഥാർത്ഥ ബിസ്കറ്റ്. 

പാക്കറ്റില്ലാത്ത ബിസ്കറ്റ്. 

തൊലിക്കുള്ളിലെ പഴം.


പരസ്യം പറയാത്ത ബിസ്കറ്റ്. 


പുറമ്പോക്ക് ജീവിതം തൊലിക്കും ചികരിക്കും ചിരട്ടക്കും അപ്പുറത്തെ തേങ്ങ, വെള്ളം. 


ജീവിതം ജീവിതത്തിന് വേണ്ടി കാത്ത് വെക്കുന്നത് പുറമ്പോക്ക്. ഉഖ്യധാര എന്ന് കരുതപ്പെടുന്ന തൊലിയും ചകിരിയും ചിരട്ടയും ഉള്ളിലെ തേങ്ങയും വെള്ളവും തന്നെയായ പുറമ്പോക്ക് ജീവിതം വളർത്താനും സംരക്ഷിക്കാനും മാത്രം. അവരറിയാതെയും.


***


ചരിത്രം പറഞ്ഞുതരുന്ന മുഖ്യധാരാജീവിതം വെറും അഭിനയം, കാപട്യം. വെറും സുന്ദരമായ പാക്കറ്റ്. 


യഥാർത്ഥമായതിനെ മറച്ചു വെക്കുന്നത് ചരിത്രം. 


യഥാർത്ഥമായത് നിഷേധിച്ചുണ്ടാവുന്നത് ചരിത്രം.


ഉള്ളിലെ യഥാർത്ഥ ബിസ്കറ്റുമായി, ജീവിതവുമായി പുലബന്ധം ഇല്ലാത്ത പാക്കറ്റ് ജീവിതം ചരിത്രം.


ജീവിതം തോട്ടറിയാതെ, തോട്ടറിയാത്തവർ  ജീവിതത്തെ കുറിച്ച് സംസാരിക്കുന്നത് ചരിത്രം. 


വെറും അവകാശവാദങ്ങൾ, പരസ്യവാക്കുകൾ ചരിത്രം.


ചരിത്രം കാഴ്ചയിൽ സൗന്ദര്യം. 


പക്ഷേ ചരിത്രം പാക്കറ്റ് പോലെ കാഴ്ചയിൽ മാത്രം.

No comments: