Saturday, May 7, 2022

ദൈവമോ? ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?

 ദൈവമോ?


ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?


ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒരേ അവസ്ഥ.


നിഷേധവും വിശ്വാസവും ഒന്നാവുന്ന ഇടം ദൈവം


ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാത്തത്.


ഇല്ലേ എന്ന് ചോദിച്ചാൽ ഉള്ളത്.


ഇല്ല എന്ന വാക്ക് തന്നെ ഒരുണ്മയായി തീരുന്നത്.


ഉണ്ട് എന്ന വാക്ക് തന്നെ ഒരില്ലായ്മയായി തീരുന്നത്.


ദൈവമോ?


ഇല്ലാത്തതും ഉള്ളതുമായത്.


 ഇല്ലാത്തതും ഉള്ളതുമായ എന്തോ അത്. 


ഇല്ലാത്തതിലെ ഉണ്മ. 


ഇല്ല എന്ന് പറയുമ്പോൾ അത് സ്വയം മാറിത്തീരുന്ന ഉണ്മ.


ഉണ്മയിലെ ഇല്ലായ്മ.


ഞാനും നിങ്ങളും ഇല്ലെന്നറിയുമ്പോൾ ബാക്കിയാവുന്നത്.


ദൈവമോ?


എല്ലാം തന്നെ. 


ഞാനും നിങ്ങളുമായിരിക്കുന്നത് മുഴുവൻ. 


ഞാനും നിങ്ങളും അല്ലാത്ത മുഴുവൻ.


ഞാനും എൻ്റേതും ഞാനല്ല, എൻ്റേതല്ല എന്നറിയുമ്പോൾ ബാക്കിയാവുന്നത്.


എൻ്റെ വളർച്ചയും തളർച്ചയും എൻ്റെ തന്നെ പണിയല്ലെന്ന് വന്നാൽ ബാക്കിയാവുന്നത്.


ഇല്ലെന്ന് പറയാനും ഉണ്ടെന്ന് പറയാനും ഞാനാര് എന്ന് തോന്നുമ്പോൾ ആയിത്തീരുന്നത്.


ഞാനും നിങ്ങളും ജീവിച്ച് ചെയ്യുന്നത് മുഴുവൻ. 


ദൈവമോ?


ഞാൻ വേറെ ഇല്ല, ദൈവം വേറെ ഇല്ല.


ദൈവം വേറെയും ഞാൻ വേറെയും അല്ല.


എൻ്റെ അഹങ്കാരം എന്നിലെ ദൈവം.


എൻ്റെ അഹങ്കാരം ദൈവത്തിനുള്ള അംഗീകാരം. 


എൻ്റെ അഹങ്കാരം എന്നെ ഞാൻ അംഗീകരിക്കൽ, അതിനാൽ ദൈവത്തെയും.


എൻ്റെ അഹങ്കാരം ദൈവത്തിൽ ഞാൻ അഭിമാനം കൊള്ളൽ. എന്നത് കൊണ്ട് എന്നിൽ ഞാൻ അഹങ്കാരം കൊള്ളൽ. 


എൻ്റെ അഹങ്കാരം എനിക്ക് കിട്ടിയതിലും ഞാൻ ആയിത്തീർന്നതിലും സന്തോഷിക്കൽ. അഥവാ ഉണ്ടെങ്കിൽ ഉള്ള ദൈവം തന്നത് അംഗീകരിക്കൽ. 


ആയതിനാൽ എൻ്റെ വലുപ്പം ദൈവത്തിൻ്റെ തന്നെ വലുപ്പം. 


എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ വലുപ്പം. അത് എന്നിലൂടെ അംഗീകരിക്കൽ.


അത്രയേ ഉദ്ദേശിച്ചുളളൂ.


ദൈവം ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും സ്വാതന്ത്ര്യം. 


കാരണം നടക്കുന്നത് മുഴുവൻ നടക്കുന്നു. 


കാരണം നടക്കേണ്ടത് മുഴുവൻ നടക്കും. ഞാനെന്നും നീയെന്നും പേര് വീണാലും ഇല്ലേലും.


ഇനി ഒന്ന് കൂടി ഉറപ്പിച്ച് പറയട്ടെ....


അഹങ്കാരമുണ്ട്. ശരിയാണ്. എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരമാണ്. എന്നിലൂടെ അഹങ്കരിക്കുന്നത് ദൈവമാണ്. എൻ്റെ അഹങ്കാരം ദൈവത്തിനുള്ള പ്രകീർത്തനവും, മഹത്വപ്പെടുത്തലും കൂടിയാണ്.

No comments: