Saturday, May 7, 2022

ചോദ്യം : റഹീം താങ്കള്‍ക്ക് മരിക്കേണ്ടെ?

 ചോദ്യം : റഹീം താങ്കള്‍ക്ക് മരിക്കേണ്ടെ? 


ഉത്തരം : അതേ മരിക്കണം...


മരിക്കുന്നതുകൊണ്ട് എന്താണ്‌..?


മരിക്കുന്നത് ജനിച്ച റഹീം അല്ല. 


മരിക്കാൻ മാത്രം, അല്ലെങ്കിൽ മരിക്കാതെ തുടരാൻ മാത്രം ഈ റഹീം ഇല്ല, സ്ഥിരമല്ല. ഞാന്‍ ഇല്ല.


ഉള്ള ഞാന്‍ ജീവിക്കുവോളം, അല്ലെങ്കിൽ മരിക്കുവോളം മാത്രം.


അതും സ്ഥിരമല്ലാതെ, മാറി മാറി, തലച്ചോറില്‍ മാത്രം.


ബാക്കിയുള്ളതും ബാക്കിയാകുന്നതും സ്ഥിരമായുണ്ടാവുന്നതും ജീവിതം മാത്രം. ദൈവം മാത്രം. 


അല്ലെങ്കിലും ജീവിച്ചുകൊണ്ടിരിക്കേ തന്നെ ഓരോ നിമിഷവും ഓരോരുത്തരും മരിച്ചുകൊണ്ടിരിക്കുന്നു.


നമ്മിലെ കുട്ടിയും ശിശുവും ഒക്കെ പണ്ടെപ്പോഴോ മരിച്ചു കഴിഞ്ഞു.


ജീവിതം, ഞാനും എന്റേതും വിട്ട്, വെറും ജീവിതം മാത്രമായിത്തീരുന്ന പ്രക്രിയയാണ് മരണം. കെട്ട്പൊട്ടി ഞാന്‍ ഇല്ലാതാവുന്ന പ്രക്രിയ.


അല്ലാതെ ഇല്ലാത്ത എന്നെ മറ്റൊരു ലോകത്ത് കൊണ്ടുപോകുന്ന പ്രക്രിയയല്ല മരണം. 


ഇനി മരണവും മരണാനന്തരവും താങ്കള്‍ പറയുന്നത്, മരണത്തിന്‌ ശേഷമുള്ള രക്ഷാ ശിക്ഷയെ കുറിച്ച് ധ്വനിപ്പിക്കാനാണോ?


ആ നിലക്ക് നിങ്ങളുടെ ദൈവം ശിക്ഷിക്കാന്‍ കാത്തു നില്‍ക്കുന്ന അല്പനാണോ? 


തന്തൂരി ആണോ മൂപ്പര്‍ക്ക് ഇഷ്ടം. നമ്മളെക്കൊണ്ട് പാചകം ചെയ്യാൻ പോകുന്ന വിഭവം അതാണോ?


വല്ലാത്ത അല്പനായ ദൈവം?


ഈ അല്പനായ ദൈവം, അല്പനായ മനുഷ്യനെ കുറെ പരിമിതികളുമായി അല്പനായി സൃഷ്ടിച്ചിട്ട് ആ അല്പത്തരത്തിന്റെ പേരില്‍ അതേ മനുഷ്യനെ ശിക്ഷിക്കുക. 


പോരാത്തതിന് ഈ അല്പനായ ദൈവം കോപിക്കുന്നു, നിരാശപ്പെടുന്നു, മാര്‍ക്കറ്റിംഗ്‌ ആവശ്യപ്പെടുന്നു, സ്കീമുകള്‍ പ്രഖ്യാപിക്കുന്നു, ഓഫറുകള്‍ നല്‍കുന്നു... സ്വര്‍ഗ്ഗവും നരകവും... 


വല്ലാത്ത, മനുഷ്യനെ പോലെ തന്നെയുള്ള, അല്പനായ ദൈവം.... 


അല്ലെങ്കിലും മരണത്തെ ചൂണ്ടിക്കാട്ടിയും ഭീഷണിപ്പെടുത്തിയും മാത്രമേ മതത്തില്‍ ആളെ കൂട്ടാൻ പറ്റൂ?


നരകത്തെ കുറിച്ച് പേടിപ്പിച്ചും സ്വര്‍ഗം വാഗ്ദാനം ചെയ്തും തന്നെയാണ് എന്തിനും തയ്യാറാകുന്ന തീവ്രവാദികളെ മതം ഉണ്ടാക്കുന്നത്.


അതിന്റെ ഭാഗമാണ് താങ്കളുടെ ഈ ചോദ്യവും.


താങ്കള്‍ക്ക് മരിക്കേണ്ടേ എന്ന ചോദ്യം.


*******


ചോദ്യം : അപ്പോൾ ദൈവത്തിനു പദ്ധതികള്‍ ഇല്ലേ, ഉണ്ടാവില്ലേ?


ഉത്തരം:


ഉണ്ടാവുമോ?


ഉണ്ടെങ്കില്‍ ഉണ്ടാവട്ടെ.


ഉണ്ടെങ്കിൽ ആ പദ്ധതി നടക്കാതെ പോകുമോ?


ആ പദ്ധതി നടത്താനും ദൈവത്തിന് കഴിയുമല്ലോ?


എങ്കിൽ അതേ കുറിച്ച് ഞാനും താങ്കളും അസ്വസ്ഥപ്പെടുന്നത് എന്തിന്‌?


നമ്മളോട് കൂടി ആലോചിച്ച് ഉണ്ടാക്കിയ പദ്ധതി ഒന്നുമല്ലല്ലോ ദൈവത്തിന്റെ പദ്ധതി?


നമ്മളോട് കൂടി ആലോചിക്കേണ്ട ഗതികേട് കൂടി ദൈവത്തിനുണ്ട് എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?


അതിനാല്‍ ദൈവത്തിന് പുറത്ത്‌ ദൈവത്തിന് ആ പദ്ധതി നടത്താൻ സഹായം തേടേണ്ടതുണ്ട് എന്നുമാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്? 


എറിയാല്‍ ആ പദ്ധതി നടത്തുന്ന, നടപ്പിലാക്കുന്ന, വഴിയിലെ ഉപകരണങ്ങൾ ആവാനല്ലേ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്ന ലോകത്തിലെ മുഴുവന്‍ സംഗതികള്‍ക്കും, അതിൽ എനിക്കും നിനക്കും, ആവാന്‍ പറ്റൂ?


അല്ലെങ്കിലും പദ്ധതികള്‍ ഉണ്ടാക്കി ദൈവത്തിന് എന്ത് നേടാൻ? 


ദൈവത്തിന് ദൈവം ആവുക എന്നതിനപ്പുറവും നേടാനും നഷ്ടപ്പെടാനും, ജയിക്കാനും പരാജയപ്പെടാനും ഉണ്ടോ?


അങ്ങനെ നേടാനും ജയിക്കാനും പലതും ബാക്കിയുള്ളവനാണോ, അങ്ങിനെയാകുമോ ദൈവം?


എന്തൊരു അസംബന്ധമാണ് താങ്കള്‍ ദൈവത്തെ കുറിച്ച് പറയുന്നത്, അഥവാ ആരോപിക്കുന്നത്? 


അഥവാ ദൈവത്തിന്, താങ്കള്‍ ആരോപിക്കുന്നത് പോലെ, പദ്ധതികള്‍ ഉണ്ടെന്ന് തന്നെ വെക്കുക.


ആ പദ്ധതി നിര്‍ബന്ധമായും മരണാനന്തരമുള്ള  ശിക്ഷ തന്നെ ആയിക്കൊള്ളണമെന്നുണ്ടോ?


ശിക്ഷിക്കുക എന്നത്‌ ദൈവത്തിന്റെ പദ്ധതി ആവുകയോ? 


പദ്ധതി പ്രകാരമുള്ള നരകത്തിലായാലും സ്വര്‍ഗത്തിലായാലും തുടരുന്നത് ജീവിതം തന്നെയല്ലേ?


എങ്കിൽ ദൈവത്തിന്റെ ആകയാലുള്ള പദ്ധതി ജീവിതം തന്നെയല്ലേ?


ഏതര്‍ത്ഥത്തിലായാലും നമ്മൾ ജീവിക്കുക എന്നത് തന്നെയല്ലേ അര്‍ത്ഥം, പദ്ധതി?


ദൈവം തന്റെ പദ്ധതി നടപ്പാക്കുന്നത് നമ്മുടെയെല്ലാം ജീവിതത്തിലൂടെ തന്നെ എന്നല്ലേ അതിന്റെ അര്‍ത്ഥം?

No comments: