ഭാര്യവീട് സമ്പ്രദായത്തെ കുറിച്ച്.
(വിവാഹം നടക്കുന്ന സ്ഥിതിക്ക്, നിലനില്‍ക്കുന്ന സ്ഥിതിക്ക്)
ഭാര്യവീട്ടില്‍ ഭർത്താവ് (സ്വന്തം വീട് എടുക്കുന്നത് വരെ) താമസിക്കുന്ന സമ്പ്രദായത്തെ കുറിച്ച്.
വിവാഹത്തോടെ പെണ്ണിനെ നിര്‍ബന്ധമായും ഭർത്താവിന്റെ അമ്മയും പെങ്ങളും മറ്റുള്ളവരും ഒക്കെയുള്ള വീട്ടിലേക്ക് (എപ്പോഴെങ്കിലും അല്ലാതെ) എന്നെന്നേക്കുമായി കൊണ്ടുപോയി താമസിപ്പിക്കുന്നതിനെ കുറിച്ച്.
പെണ്ണിനെ നിര്‍ബന്ധമായും ഭർത്താവിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാത്ത, ഭർത്താവിന്റെ ആ വീടിനെ കല്യാണം കഴിഞ്ഞ സ്ത്രീയുടെ വീടാക്കി മാറ്റാത്ത സമ്പ്രദായത്തെ കുറിച്ച്.
അതിലെ ശരിയെയും നീതിയെയും കുറിച്ച്.
*****
(മുന്‍കൂട്ടി പറയാം : ഒരുപക്ഷേ, feministകളെ പോലും അസൂയപ്പെടുത്തുന്നത്ര സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്, ജീവിതം ആഘോഷമാക്കുന്നുണ്ട്, ഈ ഭാര്യവീട് സമ്പ്രദായത്തില്‍ ജീവിക്കുന്ന തലശ്ശേരി മാഹി പ്രദേശങ്ങളിലെ വിവാഹം കഴിഞ്ഞ സ്ത്രീകൾ.)
(ഈ സമ്പ്രദായത്തില്‍ ജീവിക്കുന്ന പുരുഷന്മാരും അപ്പടി തന്നെ. അവർ ഒന്നും നഷ്ടപ്പെടാതെ തന്നെ അനുഭൂതിയും ആസ്വാദനവും കൂട്ടുക മാത്രം ചെയ്യുന്നു. അതുകൊണ്ട് മാത്രം ചിലത് പറയാം.)
*****
ഈ വിഷയം പൊതുവെ ആരും സ്പര്‍ശിക്കാത്ത, കാണാതെ പോകുന്ന, വിഷയം.
എന്നാല്‍ ശരിയായി സ്പര്‍ശിക്കേണ്ട ഒരു നല്ല വിഷയം.
വിവാഹവും വിവാഹജീവിത സങ്കല്‍പവും ആത്യന്തികമായ ശരിയായത് കൊണ്ടല്ല. പകരം, ഇവിടെ ഏറെക്കുറെ നടക്കുന്ന സംഗതി ആയത് കൊണ്ട് മാത്രം.
ഭാര്യവീട് സമ്പ്രദായം, ഏറ്റവും ചുരുങ്ങിയത് വിവാഹാനന്തര ജീവിതത്തില്‍ സ്ത്രീസുരക്ഷ ഏറെ ഉറപ്പ് വരുത്തും എന്നതിനാല്‍.
അതേസമയം ഈ സമ്പ്രദായം പുരുഷന് അല്പവും അസ്വാതന്ത്ര്യമോ അരക്ഷിതത്വമോ ഉണ്ടാക്കുന്നില്ല എന്നതിനാലും. ജീവിത ആസ്വാദനവും വളര്‍ച്ചയും കുറച്ച് കൂടി കൂട്ടുക മാത്രമല്ലാതെ...
ഏതെങ്കിലും നിലക്ക് വിവാഹാനന്തര ജീവിതത്തില്‍ സ്ത്രീയെ പീഡിപ്പിക്കുന്ന ഭർത്താവിനും, ഭർത്താവിന്റെ വീട്ടുകാർക്കും, ഒരുനിലക്കും സ്ത്രീയെ പീഡിപ്പിക്കാന്‍ കഴിയില്ല ഈ സമ്പ്രദായത്തിൽ എന്നതിനാലും .
******
ഏത് സംസ്കാരമുള്ള സമൂഹത്തിലും സ്ത്രീ സുരക്ഷയാണല്ലൊ മുഖ്യം. അല്ലാതെ പുരുഷ സുരക്ഷയല്ലല്ലോ?
കാരണം സ്ത്രീയിലൂടെയാണ് ജീവിതം കാര്യമായും കൊരുക്കുന്നതും തളിര്‍ക്കുന്നതും.
ജീവിതത്തെ അവൾ കൊരുക്കുന്നതിനും തളിര്‍പ്പിക്കുന്നതിനും കാരണക്കാരന്‍ ആവാന്‍ മാത്രം പുരുഷൻ. ആ നിലക്ക് ശേഷം അതിന്റെ പേരില്‍ അവളെ സംരക്ഷിക്കാന്‍ മാത്രം പുരുഷൻ.
ആ നിലക്ക് പറഞ്ഞാലും അല്ലെങ്കിലും, സ്ത്രീ സുരക്ഷയാണല്ലൊ ഏതൊരു സമൂഹത്തിന്റെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും അളവുകോല്‍.
ഭാര്യവീട് സമ്പ്രദായം പുരുഷന് നല്‍കുന്നത് വല്ലാത്ത അംഗീകാരവും ബഹുമാനവും ആണ്. ഒരുപക്ഷേ ഈ സമ്പ്രദായം നടപ്പാക്കാത്ത ഒരു വലിയ വിഭാഗം മനസ്സിലാക്കിയിട്ടില്ലാത്ത വിധം അംഗീകാരവും ബഹുമാനവും പുരുഷന് നല്‍കിക്കൊണ്ട്.
അങ്ങനെ കൂടുതൽ അംഗീകാരവും ബഹുമാനവും നല്‍കിക്കൊണ്ട് ഈ സമ്പ്രദായം പുരുഷനെന്ന ഭർത്താവിനെ കൂടുതൽ ഉത്തരവാദിത്തബോധം ഉള്ളവന്‍ കൂടി ആക്കുന്നു. അങ്ങനെ പുരുഷന്‍ വളരുന്നവനും.
തലശ്ശേരി മാഹി പ്രദേശങ്ങളുടെ എക്കാലത്തെയും അഭിവൃദ്ധിക്ക് ഈയൊരു സമ്പ്രദായം അക്കോലത്തില്‍ കാരണവും ആയിട്ടുണ്ട്.
ഈ സമ്പ്രദായത്തില്‍ സ്ത്രീ അമ്മായി എന്ന നിലക്കും പുരുഷൻ പുതിയാപ്പിള എന്ന നിലക്കും എപ്പോഴും ബഹുമാനിക്കപ്പെടും.
ബഹുമാനം കൊതിക്കാത്തവരില്ല. ജീവിതത്തിൽ ഉത്സാഹവും ഊര്‍ജവും നല്‍കുന്ന ഒന്നാണ്, അതോടൊപ്പം ഉത്തരവാദിത്തബോധം കൂട്ടുന്ന ഒന്നാണ്, ഒരാൾക്ക് കിട്ടുന്ന ബഹുമാനം.
സ്വന്തം വീട്ടില്‍, അമ്മയുടെ ചിലവില്‍, ഒരു ബഹുമാനവും ഇല്ലാതെ, പുതുമ കണ്ടെത്താന്‍ സാധിക്കാതെ, അലസനാവുന്ന പുരുഷനെക്കാള്‍ എത്രയോ നല്ലത് ഇങ്ങനെ ബഹുമാനം കിട്ടി, പുതുമ നേടി ഉത്തരവാദിത്തമുള്ളവന്‍ ആകുന്ന, അങ്ങനെ ഏറെ വളരുന്ന ഈ സമ്പ്രദായത്തിലെ പുരുഷനാണ്.
ഭർത്താവിന്റെ വീട്ടില്‍ സ്ത്രീക്ക് അത്രക്ക് നല്ല സുരക്ഷിതാന്തരീക്ഷം, ഭർത്താവിന്റെ അമ്മയെയും വീട്ടുകാരെയും പേടിക്കാതെ, പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രശ്നം ഉയരാതെ, ഉണ്ടാവില്ല. ഭർത്താവിന്റെ അമ്മയും വീട്ടുകാരും എത്രയെല്ലാം നല്ലവരാണെന്ന് പറഞ്ഞാലും. കാരണം, കയറിവരുന്ന പെണ്ണിന് എത്രയായാലും അവർ നല്ലവരാണെന്ന് അറിയാനും ഉറപ്പിക്കാനും പറ്റില്ല.
എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ്, ആ നിലക്കുള്ള ഒരു പേടിയും ഇല്ലാത്തത് കൊണ്ട് തന്നെയാണ്, ഭാര്യാവീട് സമ്പ്രദായമുള്ള, വടക്കേ മലബാറില്‍, പ്രത്യേകിച്ചും മാഹി-തലശ്ശേരി ഭാഗങ്ങളില്‍, പാചകകല വല്ലാതെ വളര്‍ന്നത്.
കാരണം, ഭാര്യാവീട് സമ്പ്രദായത്തില്‍ ആഘോഷമുണ്ട്. അവള്‍ക്ക് അവിടെ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. മടുപ്പില്ല. പേടിയില്ല. പ്രതിഷേധമില്ല. പുതുമയുണ്ട്. ഭർത്താവിനെ കാത്തിരിക്കാം, വിഭവങ്ങള്‍ ഉണ്ടാക്കി അണിഞ്ഞൊരുങ്ങി നില്‍ക്കാം. ആരുടെയും കണ്ണുകൾ അപ്പോൾ അവള്‍ക്ക് നേരെ മിഴിക്കില്ല, തുറിക്കില്ല.
ഈ സമ്പ്രദായത്തിലെ സ്ത്രീയുടെ ജീവിതത്തില്‍ ഒന്നും, ഒരു കാര്യവും പാചകവും, ഡ്യൂട്ടി പോലെ ചെയ്യുന്നതല്ല. ആഘോഷം പോലെ ചെയ്യുന്നതാണ്. ആരെയും പേടിച്ചല്ലാതെ, ബോധിപ്പിക്കാനല്ലാതെ.
ഭാര്യവീട് സമ്പ്രദായമുള്ള ഇടങ്ങളില്‍ ജീവിതം ഒരു ബാധ്യതയല്ലാതെ, ആഘോഷം തന്നെയായത് അങ്ങനെയാണ്. പുരുഷന് (പിതാവിനായാലും ഭർത്താവിനായാലും) ചിലവ് കൂടും എന്നാരോപിച്ചാല്‍ പോലും.
ഈ സമ്പ്രദായത്തില്‍ പുരുഷന് (പിതാവിനായാലും ഭർത്താവിനായാലും) ചിലവ് കൂടുന്നതിനനുസരിച്ച് അവർ കൂടുതൽ ഉത്തരവാദിത്തം ബോധമുള്ളവരാവുകയും അതിനനുസരിച്ച് വളരുകയും ചെയ്യുന്നു എന്നതും ഈ സമ്പ്രദായത്തിന്റെ വേറൊരു മുഖം
ഭർത്താവിന്റെ വീട്ടിലെ ഭീതിതമായ അന്തരീക്ഷം ഒഴിവാക്കാനുള്ള മധുവിധുയാത്ര ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ഇടങ്ങളില്‍ നിര്‍ബന്ധമാണ്. കാരണം അവര്‍ക്ക് അവരുടേതായ സ്വകാര്യതയും സ്വാതന്ത്ര്യവും അവിടെ ഇല്ല.
വിവാഹം കഴിഞ്ഞാല്‍ സ്ത്രീ മറ്റെവിടെയോ പറിച്ചു നടപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇത്.
കുശുകുശുക്കാനും കഥ പറയാനും കുശലാന്വേഷണം നടത്താനും സ്വന്തമെന്നു വിചാരിച്ച ആരും ഇല്ലാത്ത, സ്വന്തം കൂട്ടുകാരികള്‍ പോലും ഇല്ലാത്ത ഒരിടത്ത് സ്ത്രീ എത്തുന്നു എന്ന ഒറ്റക്കാരണം കൊണ്ട്.
ഭാര്യവീട് സമ്പ്രദായം ഉള്ളിടത്ത് അങ്ങനെയൊരു മധുവിധു യാത്ര ആവശ്യമില്ലാതാകും വിധം ഭാര്യവീട് തന്നെ സുന്ദരമായ, സ്വാതന്ത്ര്യവും സ്വകാര്യതയും ഉള്ള, എല്ലാ നിലക്കും ഒരുങ്ങിക്കിടക്കുന്ന മധുവിധു ആഘോഷിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാവുന്നു.
******
അപ്പോൾ ഒരു ചോദ്യമുയരും :
ഭർത്താവിന്റെ അമ്മയും വീട്ടുകാരും പീഡിപ്പിക്കുന്നവരാണ് എന്നാര് പറഞ്ഞു?
ആ ആരോപണം തന്നെ തെറ്റല്ലേ?
എങ്കിൽ ആ ആക്ഷേപമാണ്, ആരോപണമാണ് ആദ്യം മാറ്റേണ്ടത്?
ഉത്തരം:
ശരിയാവാം. അത്തരമൊരു ആക്ഷേപവും ആരോപണവും മാറ്റാം.
പക്ഷേ ആ പീഡനത്തിനുള്ള സാധ്യത എപ്പോഴും ഏറെ ഇല്ലേ, അവിടെ?
അതിന് ചരിത്രം സാക്ഷിയല്ലേ?
ഭർത്താവിന്റെ വീട്ടില്‍ ഓരോ പെണ്ണും, പലപ്പോഴും അന്യയായി നിന്ന്, എപ്പോഴും പേടിക്കുന്നില്ലേ?
പേടിച്ച് വെറുത്തു ഭർത്താവിന്റെ ഉമ്മ മരിച്ചുപോകാൻ വരെ പ്രാര്‍ത്ഥിക്കുന്നവരുണ്ട്. ഈയുള്ളവന്റെ നേരിട്ടുള്ള അറിവില്‍.
ഭർത്താവിന്റെ അമ്മയും വീട്ടുകാരും എത്രയെല്ലാം നല്ലവരായാലും കയറിവരുന്ന പെണ്ണിന് സംശയവും പേടിയും എപ്പോഴും ബാക്കിയായിരിക്കും. അവരുടെ നോക്കിലും വാക്കിലും പെരുമാറ്റത്തിലും ഒക്കെ. എത്രയായാലും അവള്‍ക്ക് ആ നന്മ അറിയാനും ഉറപ്പിക്കാനും സാധിക്കില്ല.
ആ നിലക്ക് ഭർത്താവിന്റെ അമ്മയെ പേടിച്ച് ഗള്‍ഫില്‍ നിന്ന് അവധിക്കാലത്ത് നാട്ടില്‍ പോകാൻ പേടിക്കുന്ന പെണ്ണുങ്ങള്‍ വരെയുണ്ട് ഈയുള്ളവന്റെ അറിവില്‍.
പെണ്ണ് സ്വന്തം വീട് തന്നെയാണ് ആഗ്രഹിക്കുന്നത്.
അത് കൊണ്ടാണല്ലോ പ്രസവം അടുക്കുമ്പോള്‍ പെണ്ണിനെ അവളുടെ വീട്ടിലേക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും അയക്കുന്നത്?
ജോലിക്കും അല്ലാതെയും നാട് വിടുന്ന ഭർത്താവിനെ സംബന്ധിച്ചേടത്തോളം സ്വന്തം വീട് എന്നതില്ല. എവിടെയും അവന് വീട് തന്നെ. അത്കൊണ്ട് ഭാര്യ വീടും അങ്ങനെ വീട് തന്നെ.
ഭർത്താവിന്റെ അമ്മ അടുക്കളയില്‍ എത്തുന്നതിന് മുന്‍പ് അടുക്കളയില്‍ എത്തണം എന്നത് പല പെൺകുട്ടികൾക്കും ഒരു ഭാരിച്ച ഒരു ബാധ്യതയും പേടിയും ആണ്.
പെണ്‍കുട്ടികളോട് തന്നെ ചോദിച്ചാൽ മനസിലാവും, ആ കാര്യം.
പ്രത്യേകിച്ചും വിവാഹത്തോടെ ഒരു സുപ്രഭാതത്തില്‍ സ്വന്തക്കാരെയും, കുശുകുശുക്കാനും കഥ പറയാനുമുള്ള സ്വന്തം കൂട്ടുകാരേയും നഷ്ടപ്പെട്ട്, അറിയാത്ത ഏതോ ഇടത്ത്, വളരേ ദൂരത്ത് വന്ന ഓരോ പെണ്‍കുട്ടിയോടും.
പകല്‍ പുറത്ത് പോകുന്ന ആണുങ്ങള്‍ക്ക് ഇത് മനസിലാവില്ല. അവര്‍ക്ക് ആരെയും നഷ്ടപ്പെടുന്നില്ല. സുഹൃത്തുക്കളും കുടുംബവും ഒന്നും ആണുങ്ങള്‍ക്ക് നഷ്ടമാകുന്നില്ല.
എല്ലാ സമ്പ്രദായത്തിലും ആണുങ്ങള്‍ക്ക് എല്ലാം വിളിപ്പുറത്ത്. ഏത് സമ്പ്രദായത്തിലും ആണുങ്ങള്‍ വീട്ടിനുള്ളില്‍ കുടുങ്ങിയ ജീവിതം നയിക്കുന്നുമില്ല. ആ സ്ഥിതിക്ക് കൂടിയാണ് വിവാഹാനന്തരജീവിതത്തില്‍ സ്ത്രീസുരക്ഷ കൂടുതല്‍ പ്രസക്തമാവുന്നത്
പ്രത്യേകിച്ചും ഭാര്യവീട് സമ്പ്രദായം ഉള്ളിടത്ത് വിവാഹം നടക്കുന്നത് അടുത്ത പ്രദേശത്തുള്ളവർ തമ്മിലാണ് എന്നത് കൂടുതൽ എടുത്തുപറയേണ്ട കാര്യം കൂടിയാണ്.
ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമ്പ്രദായം ഉള്ളിടത്ത് നേരെ മറിച്ചും. സ്ത്രീ വളരേ ദൂരത്തേക്ക് പറിച്ചുനടപ്പെടുന്ന വിധം വളരേ ദൂരത്തേക്ക്, ദൂരത്തുള്ളവർ തമ്മില്‍ വരെയാണ് അവിടെ വിവാഹം നടക്കുന്നത്.
ഭാര്യക്ക് ഭർത്താവിന്റെ കൂടെ ഒന്ന് കൂടുതൽ ശൃംഗരരിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരവസ്ഥ സ്ത്രീക്ക്, പ്രത്യേകിച്ചും പുതിയ പെണ്ണിന്, ഭർത്താവിന്റെ വീട്ടില്‍ സാധ്യമാകുമോ?
അവിടെ എല്ലാവരുടേയും മുന്‍പില്‍ എപ്പോഴും അഭിനയിച്ച് പേടിച്ച് ജീവിക്കേണ്ടി വരില്ലേ പെണ്ണിന്? ഏറെക്കുറെ.
എന്തെങ്കിലും ഒന്ന് സ്പെഷ്യൽ തനിക്ക് സ്നേഹം തോന്നി ഭർത്താവിന് വേണ്ടി ഒരുക്കാന്‍ വിചാരിച്ചാല്‍ ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ വെച്ച് കഴിയുമോ?
ഇല്ല.
അത് കൊണ്ടാണ് അത്തരം ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്ന നാടുകളില്‍ പാചകകല തീരെ വളരാതെ പോയത്. അവിടെ പെണ്ണുങ്ങള്‍ എല്ലാം വെറും ഡ്യൂട്ടി ചെയ്യുന്നത് പോലെ മാത്രമായത് കൊണ്ട്.
ഭർത്താവിന് തിരിച്ചും ഭാര്യക്ക് വേണ്ടി എന്തെങ്കിലും സ്പെഷല്‍ ചെയ്യാൻ പറ്റുമോ, തന്റെ വീട്ടിലെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച്?
ഇല്ല.
എന്നാല്‍, ഭാര്യ വീട് സമ്പ്രദായത്തില്‍ സ്പെഷ്യല്‍ മാത്രമാണ് എപ്പോഴും. അങ്ങോട്ടും ഇങ്ങോട്ടും.
എപ്പോഴും പുതുക്കം.
ഭാര്യ വീട് സമ്പ്രദായത്തില്‍ പരസ്പരം ഒരുങ്ങി നില്‍ക്കുന്ന, പരസ്പരം മടുപ്പിക്കാത്ത ഭർത്താവും ഭാര്യയും മാത്രം എപ്പോഴും. ഏറെക്കുറെ.
ചരിത്രപരമായിതന്നെ അമ്മായിഅമ്മപ്പോരും അങ്ങനെയുള്ള സ്ത്രീ പീഢനവും ഭർത്താവിന്റെ വീട് കേന്ദ്രീകരിച്ച് ഉണ്ട് താനും. പെണ്ണ് ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമ്പ്രദായത്തില്‍.
പെണ്ണ് ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമ്പ്രദായം വെച്ച് നോക്കിയാല്‍ സ്ത്രീക്ക് സ്ത്രീയെക്കാൾ വലിയ ശത്രു ചരിത്രത്തില്‍ തന്നെ വേറെ ഉണ്ടാവുകയുമില്ല.
ഏതൊരു സമൂഹത്തില്‍ സ്ത്രീ സുരക്ഷിതമാകുന്നുവോ, മാനിക്കപ്പെടുന്നുവോ, ആദരിക്കപ്പെടുന്നുവോ, ആ സമൂഹമാണ് സുരക്ഷിതസമൂഹം.
ആ സമൂഹമാണ് സംസ്കാരമുള്ള സമൂഹം. പുരോഗമിച്ച സമൂഹം.
ആ നിലക്ക് ഭാര്യ വീട് സമ്പ്രദായമുള്ള സമൂഹവും.
*******
ഇനി കുറച്ച് കാര്യം :
ഭാര്യവീട് സമ്പ്രദായം വടക്കേ മലബാറിലെ കുറച്ച് പ്രദേശത്തെ മുസ്ലിംകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്നു എന്നതിനാല്‍, അവര്‍ക്ക് വേണ്ടി, ഇസ്ലാമികമായ കുറച്ച് കാര്യങ്ങൾ :
ഇസ്ലാം മതത്തെ ഈ ഭാര്യവീട് ആചാരത്തിനെതിരെ ഉദ്ധരിക്കുന്നവരോട്.
ഭൂരിപക്ഷം മറിച്ചാണല്ലോ പിന്തുടരുന്നത് എന്നത് ന്യായമാക്കുന്നവരോടും.
ശരിയുടെയും നീതിയുടെയും അടിസ്ഥാനം ഭൂരിപക്ഷമല്ല. ശരിയും നീതിയും തന്നെയും മാത്രവും ആണ്.
പ്രവാചകൻ തന്റെ (അഥവാ ഭർത്താവിന്റെ) തറവാടിലേക്ക് ഒരു ഭാര്യയേയും ഒരിക്കലും കൊണ്ടുവന്നിട്ടില്ല. ചരിത്രം പരിശോധിച്ചാല്‍ മനസിലാവും.
പ്രവാചക ശിഷ്യന്മാരും ഭാര്യമാരെ അവർ സ്വന്തമായി അവള്‍ക്കായി നിർമ്മിച്ച വീട്ടിലേക്കല്ലാതെ തറവാട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല.
അവരെല്ലാം ചെയ്തത് സ്വന്തം വീട്ടില്‍ (വീട് പുതുതായി എടുത്ത്, അവിടേക്ക്) കൊണ്ടുവരിക എന്നതാണ്.
അതിന് ഇസ്ലാമികമായ കാരണവുമുണ്ട്.
ഭർത്താവും ഭർത്താവിന്റെ അച്ഛനും അല്ലാത്ത ഭർത്താവിന്റെ വീട്ടിലെ ബാക്കി മുഴുവന്‍ പുരുഷന്മാരും ആ വിവാഹം കഴിച്ച് കൊണ്ടുവരുന്ന പെണ്ണിന് ഇസ്ലാമികമായി ഹറാം (മുഹറാം) (നിഷിദ്ധം) ആണ്.
പെണ്ണാണെങ്കിൽ വീട്ടിനുള്ളില്‍ ഭർത്താവിനെ പോലെ ആയിരിക്കില്ല.
അടുക്കള വേഷത്തിലും അലക്കുന്ന വേഷത്തിലും അടിച്ചുവാരുന്ന കോലത്തിലും ഒക്കെയാവും പെണ്ണ് സാധാരണഗതിയില്‍ വീട്ടില്‍ ഉണ്ടാവുക.
അവളുടെ ശരീരം മുഴുവന്‍ ഇസ്ലാമികമായി ഔറത്തും (കാണാന്‍ പാടില്ലാത്ത നഗ്നതയും) ആണ്. എന്നാല്‍ പുരുഷന് അതങ്ങനെയല്ല.
അറിയാമല്ലോ പെണ്ണ് 24 മണിക്കൂറും വീട്ടില്‍ തന്നെയായിരിക്കും.
പുരുഷന്മാർ അങ്ങനെയല്ല.
പുരുഷൻമാര്‍ മിക്കവാറും വിശ്രമിക്കാന്‍ മാത്രമേ വീട്ടില്‍ ഉണ്ടാവൂ. ബാക്കിയുള്ള സമയം ജോലി, സുഹൃത്തുക്കള്‍, പുറത്ത്.
മാത്രമല്ല, ഭാര്യ വീട് സമ്പ്രദായത്തില്‍ പൂതിയാപ്പിളമാര്‍ അവരുടെ മണിയറയില്‍ തന്നെ ആയിരിക്കും വീട്ടില്‍ വന്നാല്‍. ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന പുരുഷന് വീട് ചുറ്റിനടക്കേണ്ട വേറെ വീട്ട്ജോലി ഒന്നും വീട്ടില്‍ ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
പ്രവാചകനിലും ആകയാലുള്ള മാതൃക ഭാര്യവീട്ടില്‍ പോയി ഭർത്താവ് താമസിച്ചതിനാണ്.
പ്രവാചകൻ 25 വയസ്സ് മുതൽ 54 വയസ്സ് വരെ (നീണ്ട 30 വര്‍ഷം) ഭാര്യയായ ഖദീജയുടെ വീട്ടില്‍ ആയിരുന്നു താമസിച്ചത്, ജീവിച്ചത്.
പ്രവാചകന്റെ കാര്യം വിശ്വാസിയെ സംബന്ധിച്ചേടത്തോളം യാദൃശ്ചികം എന്ന് പറയാൻ പറ്റില്ല.
എല്ലാം കൃത്യമായ ദൈവനിശ്ചയം, ദൈവികമായ പദ്ധതി, പ്ലാൻ.
പ്രത്യേകിച്ചും പ്രവാചകന്റെ കാര്യത്തില്‍.
ഭർത്താവിന്റെ വീട്ടിലേക്ക് പ്രവാചകനും ശിഷ്യന്മാരും ഭാര്യമാരെ കൊണ്ട്‌വന്നതിന് ഒരു തെളിവും ഇല്ല. സ്വന്തം വീട് ഉണ്ടാക്കി വെച്ചിട്ടല്ലാതെ. അവിടേക്കല്ലാതെ.
അറബികള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യുന്നത്.
അവർ അങ്ങനെയല്ലാതെ ചെയ്യുന്നുമില്ല.
അവർ ചെയ്യുന്നത് സ്വന്തം വീട് വെച്ച്കൊണ്ട് പെണ്ണിനെ ആ വീട്ടിലേക്ക് കൊണ്ടുപോവുക എന്നതാണ്.
അതിനാലാണ് പുരുഷന്മാർക്ക് അവിടെ വിവാഹം ചിലവേറിയതാകുന്നതും വൈകുന്നതും.
അത്കൊണ്ട് കൂടിയാണ് അവർ ഇന്ത്യയിലെ ഹൈദരാബാദിലും മറ്റും ചിലവ് കുറച്ച് വിവാഹം ചെയ്യാൻ എത്തുന്നത്.
അതിനാലാണ് അറബ് നാടുകളില്‍ വിവാഹം ചെയ്യാന്‍ പുരുഷന് ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നതും.
പിന്നെ ഖുര്‍ആനില്‍ ഇത് സംബന്ധമായ രണ്ട് സൂക്തങ്ങളും ഭാര്യവീട്ടില്‍ ഭർത്താവ് ചെന്ന് ജീവിക്കുന്നതിന് അനുകൂലമാണ്.
'സ്ത്രീ നിങ്ങളുടെ കൃഷിയിടം ആണ്. നിങ്ങളുടെ കൃഷിയിടത്തിലേക്ക് നിങ്ങൾ എങ്ങിനെയും ചെന്ന് കൊള്ളുക' (ഖുര്‍ആന്‍). (ഈ സൂക്തത്തിലെ ലൈംഗികമായ അര്‍ത്ഥവും വ്യാഖ്യാനവും വിമര്‍ശനവും ഇവിടെ കൈകാര്യം ചെയ്യുന്നില്ല)
കര്‍ഷകന്‍ ആണല്ലോ പുരുഷൻ? കര്‍ഷകന്‍ ആണല്ലോ അങ്ങോട്ട് പോകേണ്ടവന്‍?
കർഷകന്‍ ചലിക്കുന്നവന്‍, അങ്ങോട്ട് പോകുന്നവന്‍, പോകേണ്ടവന്‍. കൃഷിയിടത്തിലേക്ക്.
കൃഷിയിടം നിശ്ചലസ്ഥാനത്തായിരിക്കുമല്ലോ?
കൃഷിയിടം ചലിക്കുകയില്ലല്ലോ?
സ്ത്രീയെന്ന കൃഷിയിടം ചലിച്ച് അങ്ങോട്ട് പോകേണ്ടതില്ല എന്നര്‍ത്ഥം.
രണ്ടാമത്തെ സൂക്തം.
'അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് നിങ്ങളില്‍ നിന്ന് (പുരുഷന്മാർരില്‍ നിന്ന്) തന്നെ നിങ്ങള്‍ക്ക് ഇണയെ സൃഷ്ടിച്ചു എന്നത്. എന്തിന് വേണ്ടിയെന്നാല്‍, നിങ്ങൾ (പുരുഷന്മാർ) അവളിലേക്ക് ചെന്ന് ശാന്തി തേടുവാൻ'. (ഖുര്‍ആന്‍)
ഇവിടെ ഖുര്‍ആന്‍ 'അവളിലേക്ക് അങ്ങോട്ട് ചെന്ന്' (ഇലയ്ഹാ) ശാന്തി (sukn) തേടുക (ലി തസ്കുനു ഇലയ്ഹാ) എന്ന് തന്നെ വ്യക്തമായി പറഞ്ഞു, സൂചിപ്പിച്ചു.
അങ്ങനെ സ്ത്രീയുള്ള, ശാന്തി വിളയുന്ന ഇടമാണ്' മാസ്കന്‍' എന്ന അറബി വാക്ക്. വീട് എന്ന് മലയാളത്തില്‍ അർത്ഥം.
അല്ലാതെ, ഭാര്യാവീട് സമ്പ്രദായത്തെ കുറിച്ച് എന്തോ തെറ്റിദ്ധരിച്ചല്ല നമുക്ക് അഭിപ്രായം ഉണ്ടാവേണ്ടതും,നമ്മൾ അഭിപ്രായം ഉണ്ടാക്കേണ്ടതും.
പുരുഷമേധാവിത്വ ചിന്ത വെച്ച് മാത്രം, ഈ ഭാര്യാവീട് സമ്പ്രദായത്തില്‍ പുരുഷന്മാർക്ക് എതിരായ എന്തോ മോശമായതുണ്ട് എന്ന് തെറ്റായി ധരിച്ച്കൊണ്ടല്ല, അനുഭവത്തില്‍ ഒന്നും ഇല്ലാതെയല്ല, ഇക്കാര്യത്തില്‍ നമ്മൾ ഒരഭിപ്രായം പറയേണ്ടതും രൂപപ്പെടുത്തി എടുക്കേണ്ടതും.
******
ആ നിലക്ക് feministകള്‍ പോലും എന്തുകൊണ്ട് ഇത്തരമൊരു ഭാര്യാവീട് സമ്പ്രദായത്തെ കുറിച്ച് പഠിക്കുന്നില്ല?
എന്തുകൊണ്ട് അവർ പോലും ഇത്തരം ഒരു ഭാര്യാവീട് സമ്പ്രദായത്തിന് വേണ്ടി ശക്തിയുക്തം നിലകൊള്ളുന്നില്ല?
No comments:
Post a Comment