Saturday, May 7, 2022

ഹിന്ദി ഐച്ചികമായും പ്രായോഗികതയായും പറയുന്നത് മനസിലാക്കാം.

 ഹിന്ദി ഐച്ചികമായും  ഉത്തരേന്ത്യൻ സാഹചര്യത്തിൽ പോകേണ്ടി വരുമ്പോഴുള്ള ആവശ്യമായും പ്രായോഗികതയായും പറയുന്നത് മനസിലാക്കാം. 


അപ്പോഴത് ശരിയാണ്. 


അങ്ങനെയെങ്കിൽ, അങ്ങനെയുള്ള കാര്യം എല്ലാ ഓരോ ഭാഷയ്ക്കും, അത് പഠിക്കുന്നതിനും ഒരുപോലെ ബാധകവും ആണ്.


പക്ഷേ, ഹിന്ദിയെ മാത്രം രാഷ്ട്രീയമായി, പ്രത്യേകിച്ചും ഒട്ടനവധി പ്രാദേശിക സംസ്കാരങ്ങളും ഭാഷകളും ശക്തമായി ഉള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ മാത്രമാണ്, അല്ലെങ്കിൽ അതിന് പദ്ധതി തയാറാക്കുമ്പോൾ മാത്രമാണ്, പ്രശ്നം.


ഹിന്ദി അടിച്ചേൽപ്പിക്കുമ്പോൾ അത് ഇവിടെയുള്ള സാസ്കാരികവും ഭാഷാപരവും ആയ വൈവിധ്യങ്ങളെ നശിപ്പിക്കും എന്നതിനാൽ. നാനാത്വത്തിൽ ഏകത്വം എന്നതിൻ്റെ കടയ്ക്കൽ കത്തി വെക്കും എന്നതിനാൽ.


ഹിന്ദി അടിച്ചേൽപ്പിക്കുമ്പോൾ അതൊരു അധിനിവേശം വേഷംകെട്ടി വരുന്നതാവും എന്നതിനാൽ.


ഇന്ന് നമ്മൾ കാണുന്ന ഇന്ത്യ സ്വയം ഒരു നാടായതല്ല. 


കുറേ കുഞ്ഞു നാട്ടുരാജ്യങ്ങൾ, കുറെ കുഞ്ഞു ദേശീയതകൾ ഒരുമിച്ച് ഇന്ത്യ എന്ന നാട് ആയതാണ്. കുറേ കുഞ്ഞു ദേശീയതകൾ ആ നിലക്ക് സ്വയം ഉപദേശീയതകളായി മാറി ഇന്ത്യ ആയതാണ്.


അതുകൊണ്ട് തന്നെ ഇന്ത്യയുടെ സൗന്ദര്യവും അൽഭുതവും ആയ അത്തരം ഉപദേശീയമായ പ്രാദേശിക ഭാഷകളെയും സംസ്കാരങ്ങളെയും മാനിച്ച് നിലനിർത്തലും സംരക്ഷിക്കലും നിർബന്ധമാണ്. ഹിന്ദിയുടെയും അത് വെച്ചുപുലർത്തുന്ന സംസ്കാരത്തിൻ്റെയും നീരാളിപ്പിടുത്തത്തിൽ നിന്ന് വരെ.


****


ഭൂമിശാസ്ത്രപരമായി ഇന്ത്യ ഒരു രാജ്യം തന്നെയാണ്. ഒരു ഉപഭൂഖണ്ഡ രാജ്യം. മറ്റുതരത്തിൽ വിഭജിക്കാൻ കഴിയാത്ത, ഇടയിൽ കടലും മലയും വിഭജിക്കാൻ ഇല്ലാത്ത ഒരു രാജ്യം.


എന്നിരുന്നാലും, വസ്തുതാപരമായി പറഞാൽ മുകുളൻമാർ വരുന്നത് വരെയും, പിന്നീട് ബ്രിട്ടീഷുകാർ വരുന്നത് വരേയും എല്ലാറ്റിനുമുപരി സ്വാതന്ത്ര്യം നേടി നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഒരു ഇന്ത്യ ആക്കുന്നത് വരെയും ഇന്ത്യ നമ്മൾ ഇപ്പൊൾ പറയുന്നത് പോലെ ഒരു രാജ്യം ആയിട്ടില്ല എന്നത് ഒരു നഗ്ന വസ്തുതയാണ്. 


ഇന്ത്യയെ കുറിച്ച് നാം പറയുന്ന ബാക്കിയുള്ളത് നമ്മുടെ സങ്കല്പവും വ്യാഖ്യാനവും മാത്രം. 


****


ഹിന്ദി ഒരു ഭാഷ എന്ന നിലക്ക് അതിന് മാത്രം ചരിത്രപരവും സാംസ്കാരികവുമായ പൈതൃകവും തഴക്കവും പഴമയും മൗലികതയും സാഹിതീയ ഭംഗിയും ഒപ്പം വലിയ സാഹിത്യചരിത്രവും  അവകാശപ്പെടാനുള്ള ഭാഷയല്ല. 


ഹിന്ദി എറ്റവും ചെറിയ ചരിത്രം മാത്രമുള്ള, ഏറ്റവും അടുത്ത് മാത്രം ജന്മം കൊണ്ട, ഒരു പുത്തൻ സങ്കരയിനം ഭാഷ.


ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനേക്കാൾ അർത്ഥം ഉണ്ടാവും ലോകത്തിലെ തന്നെ ഏറ്റവും പഴയ ഭാഷയായ, മൗലികതയും തഴക്കവും പഴക്കവും ഉള്ള തമിഴ് ഭാഷ അടിച്ചേൽപ്പിക്കുന്നത്.

No comments: