Friday, May 6, 2022

ദൈവം എന്നത് ഏറെ പഴകിപ്പൊളിഞ്ഞ വാക്കും പ്രയോഗവും സംജ്ഞയും അല്ലേ?

ചോദ്യം 1 : നന്മ തിന്മകളെയും നീതി അനീതിയെയും കുറിച്ച് സംസാരിക്കുമ്പോള്‍, താങ്കള്‍ ദൈവം എന്ന പദം ഉപയോഗിക്കുന്നത് എന്തിന്‌, എന്തുകൊണ്ട്‌?

ചോദ്യം 2 : ദൈവം എന്നത് ഏറെ പഴകിപ്പൊളിഞ്ഞ, കാലം ഉപേക്ഷിച്ച വാക്കും പ്രയോഗവും സംജ്ഞയും അല്ലേ?

ചോദ്യം 3 : ദൈവം എന്ന വാക്ക് ഉപയോഗിച്ചു കൊണ്ട്‌ താങ്കള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ?

ഉത്തരം :

ആവശ്യക്കാര്‍ തന്ന തുണി വെച്ച്, ആവശ്യക്കാരുടെ അളവ് വെച്ച് അവര്‍ക്ക് വേണ്ട വസ്ത്രം തുന്നുന്നു.

രോഗിക്ക് വേണ്ട മരുന്ന് കൊടുക്കുന്നത് പോലെ മാത്രം. പലപ്പോഴും വൈദ്യന്‍ അത് സേവിക്കാതെ. 

അത്കൊണ്ട്‌ തെറ്റിദ്ധരിക്കരുത്. 

ആ അളവിലും ആ തുണിയിലും കോലത്തിലും മാത്രമേ തുന്നുന്നവന് തുന്നാന്‍ അറിയൂ, അവന്‍ തുന്നുകയുള്ളൂ എന്ന് കരുതരുത്.

മരുന്നും പലതുണ്ട്.

മരുന്നേ വേണ്ടെന്നും ഉണ്ട്. 

കുഞ്ഞിന്‌ ഭക്ഷണം പാല്‍.

എന്ന് വെച്ച് എല്ലാവര്‍ക്കും അയാൾ /അവൾ ഭക്ഷണമായി നല്‍കുന്നത് പാല്‍ തന്നെ ആയിക്കൊള്ളണമെന്നില്ല.

അയാൾ / അവൾ സ്വയം കഴിക്കുന്നതും പാല്‍ തന്നെ ആയിക്കൊള്ളണം എന്നില്ല. 

ഒന്ന് കണ്ട് എല്ലാം അങ്ങനെ മാത്രമായിരിക്കും എന്ന് സാമാന്യവല്‍ക്കരിച്ച് മനസിലാക്കുന്നവന്‍ ഉണ്ടെങ്കിൽ, അവന്‍ സന്ദര്‍ഭവും സാഹചര്യവും അതിന്റെ തേട്ടവും അറിയാത്തവന്‍. ആപേക്ഷിക മാനം എന്തെന്ന് അറിയാത്തവന്‍. 

സന്ദര്‍ഭവും സാഹചര്യവും പറയുന്നതും പറയിപ്പിച്ചതും പറയിപ്പിക്കുന്നതും മാത്രമേ ബുദ്ധനും മാര്‍ക്സും മുഹമ്മദും യേശുവും ശങ്കരനും താങ്കളും ഈയുള്ളവനും പറയുന്നുള്ളൂ, പറഞ്ഞിട്ടുള്ളൂ. ചെയ്യുന്നുള്ളൂ, ചെയ്തിട്ടുള്ളൂ. 

അല്ലാതെ പറയാനുള്ളതും ചെയ്യാനുള്ളതും പറയാൻ ഉദ്ദേശിക്കാത്തതും ചെയ്യാൻ ഉദ്ദേശിക്കാത്തതും മുഴുവനും ആരും പറഞ്ഞതില്‍ ഇല്ല.

സാഹചര്യവും സന്ദര്‍ഭവും ചോദ്യവും മാറിയിരുന്നുവെങ്കിൽ അവർ പറഞ്ഞതും പറയുന്നതും മാറിയേനെ. 

അറിയാമല്ലോ, താലോലിക്കുന്ന അമ്മ തന്നെ മറ്റൊരു വേളയില്‍ കുട്ടിയെ ശിക്ഷിക്കുന്ന അമ്മയാവുന്നത് അങ്ങനെയാണ്.

നന്മ തിന്മകള്‍ക്കും ഇങ്ങനെയെല്ലാം തന്നെയേ അര്‍ത്ഥമുള്ളൂ.

ഒന്ന് തന്നെ തിരിച്ചും മറിച്ചും മാറി മാറി നന്മയും തിന്മയും ആയി ഭവിക്കും.

ഉദയസൂര്യൻ തന്നെ, ഒരേ സമയം അസ്തമയ സൂര്യനും മദ്ധ്യാഹ്നസൂര്യനും ഒക്കെയായി പല വ്യത്യസ്ത പ്രതലങ്ങളില്‍ നിന്നും കോണില്‍ നിന്നും കാണപ്പെടുന്നത് പോലെ. 

നന്മ തിന്മകളെ കുറിച്ച് പറയുന്ന സാഹചര്യത്തില്‍ ആയിരുന്നല്ലോ ഈയുള്ളവന്‍ ദൈവം എന്ന പ്രയോഗം ഉപയോഗിച്ചതും, താങ്കള്‍ അതേ കുറിച്ച് മേല്‍ പറഞ്ഞത് പോലെ ചോദിച്ചതും. 

മേല്‍പറഞ്ഞ അര്‍ത്ഥത്തില്‍, രോഗിക്ക് മരുന്ന് എന്ന സാഹചര്യത്തിന്റെയും സന്ദര്‍ഭത്തിന്റെയും തേട്ടം അറിയാത്തവന്‍ മറിച്ച് മനസിലാക്കിയാല്‍ ഒന്നും പറയാനില്ല. 

അതുകൊണ്ടറിയുക. തുന്നുന്നവന്‍ അവന്‍ തുന്നിയതും അതല്ലാത്തതും തുന്നും, ഒന്നും തുന്നാതെയും ഇരിക്കും.

അങ്ങനെയാണ് മുനികള്‍ ഉണ്ടാവുന്നത്.

അറിയാത്തത് കൊണ്ടല്ല. പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്‌.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ട്‌. 

എപ്പോഴെങ്കിലും എന്തുകൊണ്ടോ തുന്നിയ ഒന്ന് കണ്ട്, അത് വെച്ച് മാത്രം വിലയിരുത്തുന്നവന്‍ അങ്ങനെ തന്നെ അയാള്‍ക്കാവും പോലെ വിലയിരുത്തട്ടെ.

അപ്പോഴും അറിയണം. ദൈവം എന്നതൊക്കെ ഇവിടെ ലഭ്യമാവുന്ന ഒരു സംജ്ഞ, പ്രയോഗം, കോണി, ബിംബം. അനുവാചകന്റെ സൌകര്യത്തിനു വേണ്ടി ഉപയോഗിക്കുന്നത്. 

ദൈവം എന്നത് പദാര്‍ത്ഥം എന്നതിനും ഊര്‍ജം എന്നതിനും ഒന്നുമില്ലായ്മ എന്നതിനും ഒക്കെ പകരമായി ഉപയോഗിക്കുന്നത്.

ഇല്ലെങ്കില്‍ 'ഇല്ല' എന്നും ഉണ്ടെങ്കിൽ 'ഉണ്ട്' എന്നും പറയുന്ന വാക്കിലെ ബിംബമായ (ഇല്ല, ഉണ്ട്) പ്രയോഗം. വെറും നിസ്സഹായത കണ്ടെത്തിയ ഊന്നുവടിയായി മാത്രം.

ഈ ഇല്ല എന്നതും ഉണ്ട് എന്നതും ദൈവം പോലെ തന്നെ നില്‍ക്കുന്ന പ്രയോഗം. 

ദൈവം എന്നത് 'ഇല്ല' എന്നതും 'ഉണ്ട്' എന്നതും കൂടിക്കലര്‍ന്നുണ്ടായ, രണ്ടിനും പകരമായി നില്‍ക്കുന്ന പ്രയോഗം. 

പിശാചിനെ നിഷേധിച്ചാല്‍, പിശാച് ഇല്ലേല്‍ ഇല്ലാതാവുന്ന ദൈവം മാത്രമാണ് മതം പരിചയപ്പെടുത്തുന്ന ദൈവം. ആത്യന്തികത തൊട്ടുതീണ്ടാത്ത ദൈവം. തീർത്തും ആപേക്ഷികമായ പരികല്പനയുടേത്. 

ആ നിലക്ക് ആത്യന്തികമായ തിന്മ ഇല്ലെന്ന് വന്നാല്‍, പിശാച് ഇല്ലെന്ന് വന്നാല്‍, ആപേക്ഷിക മാനത്തില്‍ ഇല്ലാതാവുന്ന ആത്യന്തികമായ നന്മയും ദൈവവും മാത്രമേ ഇവിടെ ഉള്ളൂ. അതായിരുന്നു ഈയുള്ളവന്‍ അവിടെ പറയാൻ ശ്രമിച്ചത്. 

അറിയാമല്ലോ, പിശാചിലാണ് മതം നന്മയുടെയും കല്‍പനകളുടെയും മാത്രമായ ദൈവത്തിനുള്ള വേരും ന്യായവും ആഴ്ത്തിയിരിക്കുന്നത്. 

അതിനാല്‍ മാത്രം, ആ നിലക്ക് പ്രയോഗത്തിലുള്ള, പെട്ടെന്ന് മനസ്സിലാവുന്ന പ്രയോഗവും ബിംബവും വെച്ച് ദൈവം എന്ന് പറയുന്നു എന്ന് മാത്രം. ഒരു ഊന്നുവടി പോലെ മാത്രം.

കേള്‍ക്കുന്നവര്‍ക്ക് വേണ്ട, ആവശ്യക്കാരന് വേണ്ട ഊന്നുവടി.

പറയുന്നവന് നിര്‍ബന്ധം ഇല്ലാത്ത ഊന്നുവടി. 

ആ ഊന്നുവടി നല്‍കിക്കൊണ്ട് തന്നെ കേള്‍ക്കുന്നവനെ ഊന്നുവടി ആവശ്യമില്ലാത്ത അവസ്ഥയില്‍ എത്തിക്കുക ലക്ഷ്യം. നന്മ തിന്മ എന്നതിനെ നിഷേധിച്ചു കൊണ്ട്‌.

നന്മയും തിന്മയും വെറും ആപേക്ഷിക മാനത്തില്‍ മാത്രം, നമ്മൾ തന്നെ കൈകാര്യം ചെയ്യേണ്ട കോലത്തില്‍ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ്‌ കൊണ്ട്‌. 

യാഥാര്‍ത്ഥത്തില്‍ നന്മ തിന്മ ഇല്ല, ആപേക്ഷികമായ അര്‍ത്ഥത്തില്‍ മാത്രമേ ഉള്ളൂ, എന്ന് പറയുന്നതിനേക്കാള്‍ വലിയ ദൈവനിഷേധവും ദൈവവിശ്വാസവും ഏതാണുള്ളത്? (താങ്കളുടെ ആവശ്യം, അതിൽ ദൈവത്തെ നിഷേധിക്കുകയാണെങ്കിൽ.) 

നിഷേധവും വിശ്വാസവും ഒന്നാവുന്ന ഒരു പ്രതലമാണത്.

ശ്രമങ്ങൾ ആവശ്യം ഇല്ലാത്ത പ്രതലം.

പരാജയപ്പെടാനും വിജയിക്കാനും ഇല്ലാത്ത പ്രതലം. 

നിഷേധിക്കേണ്ടിയും വിശ്വസിക്കേണ്ടിയും വരാത്ത, ആയിരിക്കും പോലെ ആയിരിക്കാന്‍ കഴിയുന്ന ഒരു പ്രതലം.

No comments: