Tuesday, October 28, 2025

നിങ്ങൾക്ക് നിങ്ങളെ രക്ഷിക്കണമെങ്കിൽ നിങ്ങൾ പലതിനെയും പലരേയും ഒഴിവാക്കണം. അവഗണിക്കണം.

നിങ്ങൾക്ക് നിങ്ങളെ രക്ഷിക്കണമെങ്കിൽ നിങ്ങൾ പലതിനെയും പലരേയും ഒഴിവാക്കണം, അവഗണിക്കണം.


നിങ്ങൾ സ്വയമൊരു ന്യൂനമർദ്ദ മേഖലയായി മാറേണ്ട..


അങ്ങനെ സ്വയമൊരു ന്യൂനമർദ്ദ മേഖലയായി മാറി എല്ലാ വേണ്ടാത്തതും ഒരുമിച്ച് നിങ്ങളിലേക്ക് വലിച്ചെടുക്കേണ്ട.


അങ്ങനെ എല്ലാം വലിച്ചെടുത്ത് നിങ്ങളിൽ തന്നെ നിങ്ങൾ കൊടുങ്കാറ്റുകളെയും ചുഴലികളെയും സൃഷ്ടിക്കേണ്ട.


അവഗണിക്കണം. ഒഴിവാക്കണം. വേണ്ടാത്തതിനെയും ആവശ്യമില്ലാത്തതിനെയും.


അങ്ങനെ ഒഴിവാക്കുന്നതും അവഗണിക്കുന്നതും തീർത്തും സ്വാഭാവികവും പ്രകൃതിപരവുമായ സംഗതിയാണ്. 


എത്രവലിയ ഊർജ സ്രോതസ്സാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. 


മിന്നേറ് വരുമ്പോൾ കണ്ണടക്കും, അവഗണിക്കും. 


നട്ടുച്ചയിലെ കത്തിജ്വലിക്കുന്ന സൂര്യനിലേക്ക് നോക്കില്ല.


വലിയ വിലകൊടുത്തും വല്ലാതെ അദ്ധ്വാനിച്ചും വാങ്ങിയും നേടിയും ഉണ്ടാക്കിയും കുടിക്കുന്നതും ഭക്ഷിക്കുന്നതും മുഴുവൻ ശരീരം എടുക്കില്ല. 


ഭൂരിഭാഗവും ശരീരം തന്നെ അവഗണിച്ച് ഒഴിവാക്കും. 


അതേ നിയമം നിങ്ങളും നിങ്ങളുടെ ജീവിതത്തിൽ സൂക്ഷിക്കണം.


അവഗണിക്കുന്നതിനെയും ഒഴിവാക്കുന്നതിനെയും “ഞാൻ അവഗണിക്കുന്നു, ഒഴിവാക്കുന്നു” എന്ന് പറഞ്ഞ് തന്നെ, പ്രഖ്യാപിച്ച് തന്നെ, ശത്രുത വാങ്ങിയും ഉണ്ടാക്കിയും തന്നെ, ഒഴിവാക്കണം എന്നല്ല പറയുന്നത്. 


അറിയിച്ചും പ്രഖ്യാപിച്ചും തന്നെ ഒഴിവാക്കണമെന്നല്ല പറയുന്നത്.


പക്ഷേ ഒഴിവാക്കണം, അവഗണിക്കണം.


എടുക്കേണ്ടിയും കഴിക്കേണ്ടിയും വരുന്ന സന്ദർഭത്തിൽ നിങ്ങൾക്ക് ഫിൽറ്റർ ചെയ്ത് മാത്രം, പറ്റിയത് മാത്രമായെടുക്കാൻ ജീവിതത്തിൽ പറ്റിയെന്ന് വരില്ല. 


ശരിയാണ്, എല്ലാം ഒരുമിച്ചും ഇടകലർന്നും കയറിവരും.


നോക്കൂ: 

ഏത്ര നിർമ്മലമായ സംഗതിയാണ് ശ്വാസകോശം. 


എത്രമാത്രം ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന, എത്രമാത്രം ഭദ്രമായി സൂക്ഷിക്കപ്പെടേണ്ട സംഗതിയാണ് ശ്വാസകോശം. 


എന്നിട്ടും അതിലേക്ക് നാം എടുക്കുന്ന തുറന്ന അന്തരീക്ഷത്തിൽ നിന്നുള്ള ശ്വാസവായുവിനെ നോക്കൂ. 


ആ വായുവിൽ ശ്വാസകോശത്തിനോ നമുക്കോ വേണ്ടാത്ത എത്രയെത്ര കാര്യങ്ങൾ ഉണ്ട്. 


നൂറായിരം തരം അണുക്കളും പൊടിപടലങ്ങളും ഉണ്ട്. 


അവയൊക്കെയും ഒഴിവാക്കി മാത്രം നമുക്ക് ശ്വസിക്കാൻ പറ്റുമോ? 


ഇല്ല. 


പിന്നെന്താണ് ചെയ്യുക?


അങ്ങ് ശ്വസിക്കും. 


ഉള്ളിലേക്കെടുക്കും,.


അഥവാ ഉള്ളിലേക്ക് എടുത്തെന്ന് വരുത്തും. 


എന്നിട്ടോ? 


ആവശ്യമുള്ളത് മാത്രം എടുക്കും. 


ആവശ്യമില്ലാത്തത് മുഴുവൻ പുറംതള്ളും. 


എപ്പോഴെങ്കിക്കും ആവശ്യമില്ലാത്തത് പുറംതള്ളാൻ കഴിഞ്ഞില്ലെങ്കിൽ ശ്വാസകോശം രോഗിയാവും, നമ്മൾ രോഗിയാവും.


ഇതേ കാര്യം തന്നെയാണ് നാം കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും കാര്യത്തിലും സംഭവിക്കുന്നത്, ശരീരം സംഭവിപ്പിക്കുന്നത്. 


ആവശ്യമുള്ളത് മാത്രമെടുക്കും.


ഏറെയും ആവശ്യമില്ലാത്തത്.  


ആവശ്യമില്ലാത്തത് തള്ളും. 


കുറച്ച് ആവശ്യമുള്ളത് നേടാൻ ഒരുകുറെ ആവശ്യമില്ലാത്തതും കയറ്റേണ്ടിവരുന്നു എന്നത് വാസ്തവം. 


ആവശ്യമുള്ളത് മാത്രമായി പുറമേ നിന്നും ഫിൽട്ടർ ചെയ്ത് കയറ്റാൻ സാധിക്കില്ല എന്നർത്ഥം. 


വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ചൂടാക്കിയും ഫിൽറ്റർ ചെയ്തും അണുമുക്തമാണെന്നെങ്കിലും ഉറപ്പിക്കാൻ നമുക്ക് ഒരളവോളം സാധിക്കുന്നുണ്ട്. 


പക്ഷേ ഏറ്റവും സെൻസിറ്റീവ് ആയ ശ്വാസകോശത്തിലേക്കെടുക്കുന്ന ശ്വാസവായുവിനെ നമുക്ക് ചൂടാക്കിയും ഫിൽറ്റർ ചെയ്തും അണുമുക്തമാക്കിയും തന്നെ ഉള്ളിലേക്കെടുക്കാൻ കഴിയുന്നില്ല.


എന്നിട്ടും ശരീരം അങ്ങ് വഴങ്ങിക്കൊടുക്കുന്നുണ്ടോ?


ഒഴിവാക്കേണ്ടത് ഒഴിവാക്കുന്നില്ലേ?


എടുത്തതിൽ ഏറേയും ഒഴിവാക്കുക തന്നെയല്ലേ ചെയ്യുന്നത്?


അതേ..


കഷ്ടപ്പെട്ട്, വിലകൊടുത്ത് വാങ്ങി എടുത്തതല്ലേ എന്നത് കൊണ്ട് അവിടത്തന്നെ സൂക്ഷിക്കുന്നുണ്ടോ? 


ഇല്ല.


കഷ്ടപ്പെട്ട്, വിലകൊടുത്ത് വാങ്ങി എടുത്തതല്ലേ എന്നത് കൊണ്ട് ഒഴിവാക്കാതിരിക്കുന്നുണ്ടോ?


ഇല്ല.


ഏത്ര വിലകൊടുത്ത് വാങ്ങിയതാണെങ്കിലും, ഏത്ര അധ്വാനിച്ച് നേടിയതാണെങ്കിലും വേണ്ടാത്തത് വേണ്ടാത്തത് തന്നെ. ഒഴിവാക്കേണ്ടത് ഒഴിവാക്കേണ്ടത് തന്നേ.


വിലകൊടുത്ത് വാങ്ങിയതല്ലേ, വല്ലാതെ അധ്വാനിച്ച് നേടിയതല്ലേ എന്ന് കരുതി ഒഴിവാക്കാതെ, നഷ്ടപ്പെടാൻ തയ്യാറാവാതെ സൂക്ഷിക്കാനും നിലനിർത്താനുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഫലം ഒന്നുമാത്രം.


രോഗിയാവുക.


വേണ്ടാത്തത് പേറി ഭാരംതാങ്ങി രോഗിയാവുക.


അതുകൊണ്ടും വേണ്ടാത്തതും ആവശ്യമില്ലാത്തതും അവഗണിക്കുക, ഒഴിവാക്കുക.


അവഗണിക്കുന്നതും ഒഴിവാക്കുന്നതും വലിയൊരു ആത്മപ്രതിരോധ (self immunisation) രീതി.


അവഗണിക്കുന്നു എന്ന ബോധവും പറച്ചിലും ഉടനീളം വേണമെന്നില്ല.


അങ്ങനെ അവഗണിക്കുന്നു എന്ന ബോധവും പറച്ചിലും ഉടനീളം സൂക്ഷിക്കേണ്ടിയും നടത്തേണ്ടിയും വരുന്നുണ്ടെങ്കിൽ ഫലത്തിൽ നിങ്ങളത് അവഗണിക്കുന്നില്ല, ഒഴിവാക്കുന്നില്ല എന്ന അവസ്ഥ വരും. 


ഒഴിവാക്കിയിട്ടും അവഗണിച്ചിട്ടും കൊണ്ടുനടക്കുന്നു എന്ന അവസ്ഥ സംജാതമാകും.

No comments: