ഇസ്ലാം ജനാധിപത്യവിരുദ്ധമോ??
ജനാധിപത്യം കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ മാത്രം ജനങ്ങളെ ഭരിക്കുന്ന പ്രക്രിയ എന്നാണെങ്കിൽ ഇസ്ലാം ജനാധിപത്യപരമാണ്, ജനാധിപത്യപരം മാത്രമാണ്.
ജനാധിപത്യമാണ് ഏറ്റവും ഉദാത്തമായ അന്യൂനമായ രീതി എന്ന സങ്കല്പം വെച്ചാൽ മാത്രം.
ഇന്ത്യ പോലുള്ള രാജ്യത്തെ വെച്ച് പറയുമ്പോൾ ജനാധിപത്യമാണ് ഏറ്റവും ഉദാത്തമായ അന്യൂനമായ രീതി എന്ന് പറയാനാവുമോ എന്ന് ഓരോരുത്തരും നെഞ്ചിൽ കൈവെച്ച് ചോദിച്ചാൽ നന്ന്.
തെരഞ്ഞെടുക്കാൻ മാത്രം വളരാത്ത, യോഗ്യതയും വിവരവും ഇല്ലാത്ത ജനങ്ങൾ തെരജെടുക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിക്കൊണ്ട് അതേ ജനങ്ങൾ പൂർണമായും ചൂഷണം ചെയ്യപ്പെടുന്ന സംവിധാനത്തെ ജനാധിപത്യം എന്ന് വിളിക്കുന്നത് കൊണ്ട് മാത്രം ജനാധിപത്യമാകുമോ, നല്ലതാകുമോ എന്നത് പേർത്തും പേർത്തും ചിന്തിക്കേണ്ട വിഷയമാണ്.
ജനാധിപത്യത്തെക്കാളും മറ്റേതൊരു ഭരണരീതിയെക്കാളും കേമപ്പെട്ടതും സമ്പൂർണവും സമഗ്രമായതും ഇസ്ലാം ആണെന്ന വാദം ഇസ്ലാമിനും മുസ്ലിംകൾക്കും ഉണ്ടെന്നത് കൊണ്ട് കൂടിയാണ് ഈ ചോദ്യവും ഉത്തരവും പ്രസക്തമാകുന്നത്.
ജനാധിപത്യത്തേക്കാൾ നല്ലതെന്ന് അവകാശവാദമുന്നയിക്കുന്ന ഇസ്ലാം ജനാധിപത്യവിരുദ്ധമോ?
ആരും ആരേക്കാളും ഒന്നുകൊണ്ടും മുകളിലല്ലെന്ന് വിളംബരം ചെയ്യുന്ന,
മനുഷ്യന് മുകളിൽ വരുന്ന എല്ലാത്തരം ദേശ-വംശ-ഭാഷാ-ജാതി മേൽക്കോയ്മയേയും മുച്ചൂടും നിഷേധിക്കുന്ന,
മനുഷ്യനെ ഭരിക്കേണ്ടത് ആയുധവും ശക്തിയും കാണിച്ച് കൊണ്ടല്ല, ഭീഷണിപ്പെടുത്തിക്കൊണ്ടല്ല, പകരം സൂക്ഷ്മതാബോധവും പരലോവിചാരണഭയവും ആത്മവിചാരവും മാത്രം വെച്ചാവണം എന്ന് നിഷ്കർഷിക്കുന്ന,
അധികാരം അലങ്കാരവും ആർഭാടവും നടത്താനല്ല, പകരം അധികാരം (അമാനത്ത്) ബാധ്യതയാണ് , ഉത്തരവാദിത്തബോധമാണ് എന്നുണർത്തിയ,
മേലാളന്മാരും മധ്യസ്ഥരും ആവാൻ മനുഷ്യനായ ആർക്കും ഒപ്പം ഒരു പണ്ഡിതനും പുരോഹിതനും തന്ത്രിയും ഗുരുവും-അധികാരിയും പോലും പാടില്ലെന്ന് കൃത്യമായും വ്യക്തമായും ഉണർത്തുന്ന,
ഈ ജനകീയമതം, ഇസ്ലാം, ജനാധിപത്യപരം മാത്രമല്ലാതെ പിന്നെന്താണ്?
“നിങ്ങളെപ്പോൾ മുതൽ ജനങ്ങളെ അടിമപ്പെടുത്തിത്തുടങ്ങി, അവരുടെ മാതാക്കൾ അവരെ സ്വന്ത്രരായാണല്ലോ പ്രസവിച്ചത്?”
എന്ന് ഭരണാധികാരിയായ ഉമറിനെക്കൊണ്ട് സ്വയം പറയിപ്പിച്ച, തന്റെ ഒരു പ്രവിശ്യയിലെ ഗവർണറോട് ചോദിപ്പിച്ച മതം തീർത്തും ജനകീയവും ജനാധിപത്യപരവും മാത്രമല്ലാതെ പിന്നെന്താണ്?
ഒരുപക്ഷേ ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്നതും, ഒരുപക്ഷേ നാം കണ്ട് പരീക്ഷിച്ചുപോരുന്ന ജനാധിപത്യത്തേക്കാൾ ചൂഷണരഹിതവും ജനോപകാരപ്രദവും ഫലപ്രദവും പ്രായോഗികവും ആയ വഴി കൂടിയല്ലേ “നിങ്ങളുടെ സമ്പത്തിൽ അവസരം നിഷേധിക്കപ്പെട്ടവർക്കും ചോദിച്ചുവരുന്ന ആർക്കും അവകാശമുണ്ടെ”ന്ന് പറഞ്ഞ ഇസ്ലാം എന്ന് ചിന്തിച്ചുപോകും.
അങ്ങനെയല്ലാതെ, നാം നിലവിൽ ഏറ്റവും നല്ലതെന്ന് കണക്കാക്കുന്ന ജനാധിപത്യത്തിന് വിരുദ്ധമാകാനുള്ള, കൂടുതൽ കേമപ്പെടുത്തുന്നതല്ലാത്ത എന്താണ് ഇസ്ലാമിൽ ഉള്ളത്?
ഒരു ജനാധിപത്യപ്രക്രിയയിലും, ഒരു രാജ്യത്തും ജനങ്ങളെ ഭരിക്കാനുള്ള ഭരണഘടന ആ ജനത മുഴുവൻ പങ്കെടുത്ത് ഉണ്ടാക്കുന്നതല്ല, അപ്പപ്പോൾ ജനങ്ങൾ തീരുമാനിച്ചുണ്ടാക്കുന്നതല്ല, അപ്പപ്പോൾ ജനങ്ങൾ നിശ്ചയിക്കുന്നതല്ല.
ഏതൊരു ജനാധിപത്യപ്രക്രിയയിലും ഭരണഘടന ഏതോ ഒരു ഘട്ടത്തിൽ ആരൊക്കെയോ കൂടി ഉണ്ടാക്കിയത് മാത്രം. അതുകൊണ്ട് തന്നെ മുൻകൂട്ടി നൽകപ്പെട്ടത് മാത്രം.
ഇസ്ലാമിലും അപ്പടി.
ഭരിക്കുന്നത് ജനങ്ങൾ തന്നെ, ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ പ്രതിനിധികളെ വെച്ച് മാത്രം തന്നെ.
ഇസ്ലാമിലും ഏതൊരു ജനാധിപത്യപ്രക്രിയയിലും എന്ന പോലെ ഭരണഘടന മുൻപേ നൽകപ്പെട്ടത്. പ്രാപഞ്ചിക സംവിധാനം നിർവ്വഹിച്ച വന്റെ മാർഗ്ഗദർശനം വെച്ചും നിദാനമാക്കിയും എന്ന ചെറിയ, കുറച്ച് കൂടി നല്ല വ്യത്യാസത്തോടെ.
അല്ലെങ്കിലും എവിടെയും ഭരിക്കാനുള്ള ഭരണഘടന അതത് ജനങ്ങളല്ല, അപ്പപ്പോഴല്ല ഉണ്ടാക്കുന്നത്, നിശ്ചയിക്കുന്നത്. മുൻപേ നൽകപ്പെട്ടത് തന്നെയാണ് എവിടെയും ഭരണഘടന.
മുൻകൂട്ടി ഉണ്ടായ (ആരൊക്കെയോ കൂടി ഉണ്ടാക്കിയ) ഭരണഘടനയെ അപ്പപ്പോഴുള്ള ജനത അംഗീകരിക്കലും അംഗീകരിച്ചതായി കണക്കാക്കലും ആണ് ഏത് ജനാധിപത്യപ്രക്രിയയും രാജ്യഭരണവും.
ഇസ്ലാമികമായും ജനാധിപത്യപ്രക്രിയയും രാജ്യഭരണവും അങ്ങനെ തന്നെ.
മറ്റൊന്നുമല്ല കാരണം:
രാജ്യമെന്നത് ജനങ്ങൾ മുഴുവൻ ഒരുമിച്ചുനിൽക്കാൻ സമ്മതിച്ചു എന്ന് വരുന്ന, വരുത്തുന്ന ഭരണഘടന കൊണ്ട് മാത്രമാണ്.
രാജ്യമെന്നത് ഭരണഘടന ഉള്ളത് കൊണ്ട് മാത്രമാണ്.
അല്ലാതെ, രാജ്യം ഉണ്ടാക്കുന്നതല്ല ഭരണഘടന.
ഭരണഘടന രാജ്യത്തെയാണ് ഉണ്ടാക്കുന്നത്, ഉണ്ടാക്കിയത്.
ഭരണഘടന ഇല്ലെങ്കിൽ രാജ്യമില്ല.
രാജ്യം ഉള്ളതാവുന്നത് രാജ്യത്തെ രാജ്യമായി പിടിച്ചുനിർത്തുന്ന, നിലനിർത്തുന്ന ഭരണഘടന ഉള്ളത് കൊണ്ടും ആ ഭരണഘടനയെ ജനങ്ങൾ അംഗീകരിച്ചെന്ന് വരുന്നത് കൊണ്ടും മാത്രം.
ഒരർഥത്തിൽ രാജ്യത്തെ ജീവനുള്ള, ജീവിക്കുന്ന രാജ്യമായി പിടിച്ചുനിർത്തുന്ന, നിലനിർത്തുന്ന രാജ്യത്തിന്റെ ജീവനാണ്, ആത്മാവാണ് ഭരണഘടന.
ഭരണഘടനയെന്ന ജീവൻ (ആത്മാവ് ) ഇല്ലാതായാൽ രാജ്യം ചാവും.
ഭരണഘടനയില്ലാതാവുന്ന ഏത് രാജ്യവും ചിഹ്നഭിന്നമാവും.
രാജ്യം ചിഹ്നഭിന്നമാകുന്നതിന്റെ അടയാളമാണ്, ആഭ്യന്തര കലാപങ്ങളും പരസ്പരമുള്ളതല്ലുമായി പുഴുത്ത് നാറുക എന്നത്.
ഭരണഘടന (ജീവൻ) മുൻകൂട്ടി ഉണ്ടാക്കിവെച്ചത് അതാത് ജനത (ജനതയാണ് രാജ്യമെന്ന ശരീരത്തിലെ കോശങ്ങൾ) അപ്പപ്പോൾ അംഗീകരിച്ചതായി കണക്കാക്കലാണ്.
അങ്ങനെ അതാത് ജനത (രാജ്യമെന്ന ശരീരത്തിലെ കോശങ്ങൾ) അപ്പപ്പോൾ അംഗീകരിച്ചതായി കണക്കാക്കുമ്പോഴാണ് രാജ്യം ജീവനുള്ളതായി മാറുന്നത്, ജീവനോടെ ജീവിക്കുന്നത്, ഒറ്റക്കെട്ടായി ഒന്നായി ഒരു ശരീരം പോലെ നിലകൊള്ളുന്നത്.
എന്നാലോ?
മുൻകൂട്ടി നിശ്ചയിച്ചുവെച്ച ജീവനായ, ആത്മാവായ ഭരണഘടന കൊണ്ട് മാത്രം രാജ്യം ഭരിക്കപ്പെടുമോ, രാജ്യത്തിൻറെ നിത്യജീവിത കാര്യങ്ങൾ നടക്കുമോ?
ഇല്ല.
നിത്യജീവിത ഭരണസൗകര്യത്തിന് വേണ്ട മാറ്റങ്ങൾ (അമെന്റ്മെന്റുകൾ, അഡ്ജസ്റ്റ്മെന്റുകൾ) അപ്പപ്പോൾ തലച്ചോർ (പാർലമെന്റ്) ശരീരത്തിന് വേണ്ടി ശരീരത്തിൽ വരുത്തും, ശരീരത്തിലൂടെ തന്നെ വരുത്തും.
എങ്ങനെ?
ജീവന് കോട്ടം വരാത്തവിധം, ജീവനായ ഭരണഘടനയുടെ അടിസ്ഥാനശിലക്കും സ്വഭാവത്തിനും സങ്കല്പത്തിനും കോട്ടംതട്ടാത്തവിധം, രാജ്യമെന്ന ശരീരത്തിന്റെ ജീവൻ നഷ്ടപ്പെടുത്താത്ത വിധം, ശരീരത്തെ മുഴുവനും ശരീരമായി പിടിച്ചുനിർത്തും വിധം മാറ്റങ്ങൾ (അമെന്റ്മെന്റുകൾ) അപ്പപ്പോൾ തലച്ചോറ് ശരീരത്തെ മൊത്തം കണക്കിലെടുത്ത് കൊണ്ട്, മൊത്തം ശരീരത്തിനും വേണ്ടി വരുത്തും.
അങ്ങനെ മുൻപേ കിട്ടിയ ഭരണഘടന (ജീവനെ) വെച്ച് ഭരിക്കലും ഭരിക്കപ്പെടലും തന്നെയാണ് ജനാധിപത്യത്തിലും ഇസ്ലാമിലും ഒരുപോലെ രാജ്യഭരണം എന്നത്, ജനാധിപത്യപ്രക്രിയ എന്നത്.
എന്നുവെച്ചാൽ, മറ്റാരോ എപ്പോഴോ ഉണ്ടാക്കിവെച്ച ജീവൻ (ഭരണഘടന) തന്നെയാണ് ഏത് രാജ്യത്തിന്റെയും ഏതുതരം ജനാധിപത്യപ്രക്രിയയിലും അടിസ്ഥാനഭരണഘടന എന്ന് സാരം.
ഈ മറ്റാരോ എപ്പോഴോ ഉണ്ടാക്കിവെച്ച ജീവനുംആത്മാവുമായി കണക്കാക്കപ്പെടേണ്ട ഭരണഘടന എന്ന കാര്യത്തിൽ:
പണ്ടെന്നോ ജീവിച്ച കുറച്ച് മനുഷ്യർ ഉണ്ടാക്കി വെച്ചത് എന്നതിന് പകരം ഇസ്ലാം പ്രാപഞ്ചിക സംവിധാനം ഒരുക്കിയവൻ, ദൈവം ഉണ്ടാക്കി വെച്ചത്, തന്നത് എന്ന ഒരൊറ്റ വ്യത്യാസം ഉണ്ടാക്കുന്നു എന്ന് മാത്രം.
അല്ലാതെ, ഇസ്ലാമിലെന്ന പോലെ ഒരു ജനാധിപത്യ പ്രക്രിയയിലും ഒരു രാജ്യത്തെയും ഭരണഘടന അവിടത്തെ ജനങ്ങൾ മുഴുവൻ അപ്പപ്പോൾ ആലോചിച്ചും ചർച്ചയിൽ പങ്കുചേർന്നും പങ്കാളിയായും ഉണ്ടാവുന്നില്ല.
ജനങ്ങൾ മുഴുവൻ ആലോചിച്ചും ചർച്ചയിൽ പങ്കുചേർന്നും പങ്കാളിയായും ഭരണഘടന ഉണ്ടാക്കാൻ മാത്രം ഒരുകാലത്തും ഒരു രാജ്യത്തെയും ജനങ്ങൾ മുഴുവൻ അത്രക്ക് കെൽപ്പും വിവരവും ബോധവും ഉള്ളവരല്ല, ഉള്ളവരായിട്ടില്ല.
ചുരുങ്ങിയത് എല്ലാ കാലത്തും ജനങ്ങളിൽ മഹാഭൂരിപക്ഷവും ഒന്നിനും സാധിക്കാത്തവരും ‘കേട്ടു, അനുസരിച്ചു’ എന്ന് മാത്രം വരുംവിധം വിധേയരായി നിന്ന് ജീവിച്ച് ഭരിക്കപ്പെടുന്നവരുമാണ്. അവരാരും ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാവുന്നവരല്ല.
പലപ്പോഴും ജനാധിപത്യ വഴിതെറ്റിച്ച് ദുരുപയോഗം ചെയ്യുന്നവർക്ക് വേണ്ടി വോട്ടിടുന്ന അടിമകൾ മാത്രമാവുകയാണ് അവർ ഭൂരിപക്ഷവും.
ആ നിലയിൽ, ഇന്ത്യ പോലുള്ള രാജ്യം വോട്ട് ചെയ്യാൻ ജനങ്ങൾക്ക് കിട്ടുന്ന അവസരം ഒന്നുകൊണ്ട് മാത്രമാണ് ജനാധിപത്യ രാജ്യമെന്ന് കണക്കാക്കപ്പെടുന്നത്. എപ്പോഴും രാജ്യം ഭരിക്കുന്നത് സമ്പത്തും അധികാരവും കയ്യടക്കുന്നവരും ഉദ്യോഗസ്ഥപ്രഭുക്കളും തന്നെ.
ജനാധിപത്യ സങ്കല്പത്തിലെന്ന പോലെ ഇസ്ലാമും കുടുംബഭരണത്തെയോ, പ്രത്യേക പാരമ്പര്യത്തെയോ, ജാതി-വംശ- ദേശ മേൽക്കോയ്മയെയോ, ഉച്ചനീചത്വങ്ങളെയോ ഒരുനിലക്കും അംഗീകരിക്കുന്നില്ല, എല്ലാ നിലക്കും എതിർക്കുന്നു.
ഇസ്ലാം രാജാധിപത്യത്തിനും ഏകാധിപത്യത്തിനും തീർത്തും വിരുദ്ധമാണ്. കാരണം ഇസ്ലാം മനുഷ്യൻ മനുഷ്യന് കീഴ്പ്പെടരുത്, പ്രാപഞ്ചിക വ്യവസ്ഥ നിശ്ചയിച്ചവന് മാത്രമേ മനുഷ്യൻ ദൈവത്തിന് കീഴ്പ്പെടാവൂ, മനുഷ്യരെല്ലാവരും ഒന്നുപോലെ തുല്യരാണ്, ആർക്കും ആരുടെ മേലും ഒരുതരം ശ്രേഷ്ഠതയും ഇല്ല എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണമാണ്.
അതുകൊണ്ട് തന്നെ മനുഷ്യനല്ല, ഭരണഘടന മാത്രമാണ് ഇസ്ലാമികമായി മനുഷ്യനെ ഭരിക്കുന്നത്.
ജനാധിപത്യത്തിലും മനുഷ്യനെ ഭരിക്കുന്നത് ഭരണഘടന വെച്ച് മാത്രമാണ്, ഭരണഘടന നൽകുന്ന അധികാരം വെച്ച് മാത്രമാണ്, ഭരണഘടന നൽകുന്ന അധികാര പരിധിക്കുള്ളിൽ നിന്നാണ്.
ജനാധിപത്തിൽ അതിന്റെ പൂർണകായ സങ്കല്പ പ്രകാരം ജനങ്ങൾ എല്ലാവരും തന്നെയാണ് ഭരിക്കുന്ന ഭരണാധികാരി.
ഇസ്ലാമിലും ദൈവത്തിന്റെ ഖലീഫ എന്ന ഭരണാധികാരി മനുഷ്യർ മുഴുവനും ആണ്. മനുഷ്യരിൽ ആരെങ്കിലും മാത്രമല്ല. ഇപ്പോഴെന്നല്ല, എപ്പോഴും മനുഷ്യർ മുഴുവനും ഭരണാധികാരിയാണ്.
മനുഷ്യസൃഷ്ടി മുതൽ മനുഷ്യർ മുഴുവൻ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയായ ഭരണാധികാരിയാണ്.
“നാം മാലാഖകളോട് (ദേവീദേവന്മാരോട്, ദേവതകളോട്, പ്രപഞ്ച ചാലകശക്തികളോട് പറഞ്ഞ സന്ദർഭം: ഭൂമിയിൽ നാം ഒരു പ്രതിനിധിയെ ഉണ്ടാക്കാൻ പോകുന്നു” (ഖുർആൻ)
ജനാധിപത്യത്തിലെന്ന പോലെ ഇസ്ലാമിലും, പ്രതിനിധിക്ക് പ്രതിനിധിയായി അവനെ അയച്ച് ഘട്ടംഘട്ടമായി വളർത്തിക്കൊണ്ടുവന്നവൻ നൽകിയ ഭരണഘടന മുൻകൂട്ടി ഉള്ളത്.
മനുഷ്യരിലെ ചിലർ എല്ലാ കാലത്തേക്കും വരുന്ന മനുഷ്യർക്ക് വേണ്ടി ഉണ്ടാക്കുന്ന ഭരണഘടന എന്നതിന് പകരം ഇസ്ലാമിൽ അത് തീർത്തും ദൈവികമായ ഭരണഘടന ദൈവികമായി നൽകപ്പെട്ടത്.
ആ നിലക്ക് ഇസ്ലാം നടപ്പാക്കുന്നത് ദൈവിക ജനാധിപത്യം.
മനുഷ്യൻ മറ്റൊരു മനുഷ്യന്റെയും അടിമയല്ലെന്ന് വരുന്ന, വരുത്തുന്ന ദൈവിക ജനാധിപത്യം.
മനുഷ്യനെ മനുഷ്യൻ തെരഞ്ഞെടുക്കുന്നവർ തന്നെ ഭരിക്കുന്ന ദൈവിക ജനാധിപത്യം.
പക്ഷേ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും ഒരുപോലെ ദൈവിക നിയമങ്ങൾക്ക് വിധേയർ.
ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും മാർഗ്ഗനിർദ്ദേശങ്ങൾ കിട്ടുന്നതും നൽകുന്നതും ഒരേ ഉറവിടത്തിൽ നിന്ന്.
ഒരേ ഖുറാനിൽ നിന്ന്.
ആരും ആരേക്കാളും ഒന്നുകൊണ്ടും മുകളിലല്ല, ഭരിക്കേണ്ടത് ആയുധവും ശക്തിയും കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടല്ല എന്ന് കൃത്യമായും വ്യക്തമായും ഉണർത്തുന്ന ഒരേ ഉറവിടത്തിൽ നിന്നുള്ള ഒരേ മാർഗ്ഗനിർദ്ദേശങ്ങൾ വെച്ച് കൊണ്ട്.
*******

.jpg)
No comments:
Post a Comment